പൗരസ്ത്യ സഭയിലെ നാലു മഹാപിതാക്കന്മാരിൽ ഒരാളാണ് വിശുദ്ധ ജോൺ ക്രിസോസ്‌തോം (St. John Chrysostom). നിസ്തുലനായ ഈ വേദപാരംഗതന് ”ക്രിസോസ്‌തോം” എന്ന അപരനാമം ലഭിച്ചത് അദ്ദേഹത്തിന്റെ വാഗ്മിത്വത്തിന്റെ സൂചനയായിട്ടാണ്. ”സ്വർണ്ണ നാവുകാരൻ” എന്നാണ് ഇതിനർത്ഥം. എന്നാൽ അദ്ദേഹത്തിന്റെ വാഗ്‌വിലാസത്തെക്കാൾ എത്രയോ ഉപരിയായിരുന്നു അദ്ദേഹത്തിന്റെ ദൈവസ്‌നേഹവും വിശ്വാസതീക്ഷ്ണതയും ജീവിതവിശുദ്ധിയും ധീരതയും!
ജനനം, ബാല്യം, പൗരോഹിത്യം
വിശുദ്ധ ജോൺ 344-ൽ അന്ത്യോക്യായിൽ (Antioch) ജനിച്ചു. സിറിയായിലെ സൈന്യാധിപനായിരുന്ന സെക്കുന്തൂസിന്റെ ഏകപുത്രനായിരുന്നു അദ്ദേഹം. അമ്മയായ അന്തൂസയ്ക്ക് 20 വയസ്സുള്ളപ്പോൾ സെക്കുന്തൂസ് മരിച്ചു. എങ്കിലും ഭക്തയായ ആ സ്ത്രീ ഒരു പുനർവിവാഹത്തെപ്പറ്റി ചിന്തിച്ചതേയില്ല. തന്റെ ഏകപുത്രനെ ദൈവഭക്തിയിൽ വളർത്തുക മാത്രമായിരുന്നു ആ സാധ്വിയുടെ ലക്ഷ്യം. തന്നെ ചൂഴുന്ന ലോകത്തിന്റെ ആർഭാടങ്ങളിൽ നിന്നും ആകർഷണങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കാൻ ജോൺ ആഗ്രഹിച്ചു. ഏകാന്തതയായിരുന്നു അവനു പ്രിയംകരം. യൗവനത്തിൽ പരുപരുത്ത ഒരു വസ്ത്രമാണ് അവൻ ധരിച്ചിരുന്നത്. തന്റെ സമയത്തിന്റെ മുഖ്യപങ്കും അവൻ പ്രാർത്ഥനയ്ക്കും വിശുദ്ധ ഗ്രന്ഥ പാരായണത്തിനുമായി നീക്കിവച്ചു. അങ്ങനെ സദാ ദൈവൈക്യത്തിലും ജ്ഞാനത്തിലും വളർന്നു. അനുദിനം അവൻ ഉപവസിച്ചിരുന്നു. 26 വയസ്സായപ്പോഴേക്ക് അവൻ പൗരോഹിത്യത്തെപ്പറ്റി 6 നിസ്തുല ഗ്രന്ഥങ്ങൾ രചിച്ചുവത്രേ!
374-ൽ, മുപ്പതാമത്തെ വയസ്സിൽ, അവൻ അടുത്തുള്ള ഒരു മലയിലേക്കു താമസം മാറ്റി. 6 വർഷം അങ്ങനെ ഏകാന്തതയുടെ മാധുര്യം നുകർന്ന് ജീവിച്ചു. ക്രിസ്തീയമായ നിശ്ശബ്ദതയുടെ കല അഭ്യസിച്ചതിനുശേഷം അന്ത്യോക്യായിലേക്കു തിരിച്ചു
പോന്നു. 386-ൽ (398-ൽ എന്നും അഭിപ്രായമുണ്ട്) കോൺസ്റ്റാന്റിനോപ്പിളിലെ മെത്രാനായി ഫാദർ ജോൺ അഭിഷിക്തനായി. അതുവരെ നിരന്തരം അന്ത്യോക്യായിൽ തീക്ഷ്ണമതിയായ ഒരു പുരോഹിതനായി അദ്ദേഹം അദ്ധ്വാനിച്ചു.
മെത്രാൻ പദവിയിൽ
ബിഷപ്പ് ജോണിന്റെ പ്രഭാഷണങ്ങൾ അത്ഭുതകരമായ ഫലങ്ങൾ ഉളവാക്കി. ആ വാഗ്‌ധോരണി ശ്രോതാക്കളുടെ ഹൃദയങ്ങളെ ഇളക്കിമറിച്ചു. വിശുദ്ധ കുർബാനയായിരുന്നു അദ്ദേഹത്തിന്റെ ജീവിതകേന്ദ്രം. എല്ലാവരും വിശുദ്ധ കുർബാനയിൽ പങ്കെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം അന്നുവരെ നിലവിലിരുന്ന ലിറ്റർജിയുടെ ദൈർഘ്യം കുറച്ചു. അങ്ങനെ ദിവ്യബലിയിൽ സംബന്ധിക്കുന്നതിനു തടസ്സമായിരുന്ന മുടന്തൻ ന്യായങ്ങളുടെ മുനയൊടിക്കാൻ അദ്ദേഹം ശ്രമിച്ചു. വിശുദ്ധൻ ബലി അർപ്പിക്കുമ്പോൾ വിശുദ്ധർ സ്വർഗ്ഗത്തിൽ നിന്ന്, തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ്, ഇറങ്ങിവന്ന് കുർബാനയെ ആരാധിക്കുന്നതായി കണ്ടുവെന്ന് വിശുദ്ധ നീലൂസ് (St. Nilus) സാക്ഷ്യപ്പെടുത്തിയി
ട്ടുണ്ട്. കോൺസ്റ്റാന്റിനോപ്പിളിൽ അദ്ദേഹം എല്ലാവർക്കും പ്രിയംകരനായിരുന്നു. എന്നാൽ തിന്മകളോട് നിരന്തരം പോരാടിയിരുന്ന അദ്ദേഹത്തിന്റെ ഭർത്സനങ്ങൾ നിരവധി ശത്രുക്കളെ സൃഷ്ടിച്ചു. അവർ അദ്ദേഹത്തെ നാടുകടത്താൻ കുതന്ത്രങ്ങൾ സ്വീകരിച്ചു. 403-ൽ ബിഷപ്പ് ജോൺ ആദ്യമായി നാടുകടത്തപ്പെട്ടുവെങ്കിലും താമസിയാതെ തിരിച്ചു വിളിക്കപ്പെട്ടു. എന്നാൽ അത് താൽക്കാലികമായ ഒരാശ്വാസം മാത്രമായിരുന്നു. അലക്‌സാണ്ഡ്രിയായിലെ ആർച്ചുബിഷപ്പായിരുന്ന തെയോഫിലസ്റ്റിനും എവുജോക്‌സിയ ചക്രവർത്തിക്കും എതിരായി ബിഷപ്പ് ജോൺ നടത്തിയ അഴിമതിയാരോപണങ്ങൾ അവരെ പ്രകോപിപ്പിച്ചു.
രണ്ടുപ്രാവശ്യം – 404-ലും 407-ലും – അവർ അദ്ദേഹത്തെ നാടുകടത്തിച്ചു. വിപ്രവാസത്തിൽ അദ്ദേഹം അർദ്ധപ്പട്ടിണിയും തണുപ്പും പലതരം കഷ്ടതകളും അനുഭവിച്ചു. ഇവയെല്ലാം അദ്ദേഹം സസന്തോഷം സഹിച്ചു. ഈ സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ പ്രസന്നതയ്‌ക്കോ മറ്റുള്ളവരോടുള്ള പരിഗണനയ്‌ക്കോ കുറവൊന്നുമുണ്ടായില്ല. വിപ്രവാസത്തിൽ തന്നെ 407-ൽ അദ്ദേഹം അന്തരിച്ചു.
ഉപസംഹാരം
വിപ്രവാസത്തിലെ കഷ്ടതകൾ ബിഷപ്പ് ജോണിന്റെ രോഗവർദ്ധനവിനു കാരണമായി.
ഇതിനിടയിൽ ഒരുദിവസം അദ്ദേഹം മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി വെള്ളവസ്ത്രം ധരിച്ച് തിരുപാഥേയം (Viaticum) സ്വീകരിച്ചു. ”സകലത്തിനും ദൈവത്തിനു സ്തുതി, ആമ്മേൻ” (Glory be to God for all things, Amen) എന്ന് പതിവായി ചൊല്ലാറുള്ള വാക്കുകൾ ഉച്ചരിച്ചുകൊണ്ട് അദ്ദേഹം തന്റെ അത്മാവിനെ ഈശോയുടെ കരങ്ങളിൽ സമർപ്പിച്ചു. പ്രശാന്തതയോടെ,പ്രസന്നതയോടെ, അദ്ദേഹം മരിച്ചു.
ഒരു ദിവസം നാം എന്തെല്ലാം സൽകൃത്യങ്ങൾ ചെയ്താലും, അവയെക്കാളൊക്കെ ഉയരത്തിലാണ് വിശുദ്ധ കുർബാനയിലെ ഭാഗഭാഗിത്വം എന്ന് ബിഷപ്പ് ജോൺ ഉറച്ചു വിശ്വസിച്ചിരുന്നു. വിശ്വാസികൾക്ക് അത് എളുപ്പമാക്കാൻ വേണ്ടതെല്ലാം അദ്ദേഹം ചെയ്തു. നമുക്കും വിശുദ്ധ കുർബാനയെ നമ്മുടെ ജീവിതകേന്ദ്രമാക്കാൻ ശ്രമിക്കാം.