ദൈവവചനം കേട്ട് പാലിച്ചമാർത്തമറിയം

റവ . ഫാ . കുരൃാക്കോസ് എലിയാ വടക്കേത്ത്

മാർത്തമറിയത്തിന്റെ പിറവിത്തിരുനാൾ എട്ടുനോമ്പാചരണത്തോടെ കേരള സുറിയാനിസഭ ഭക്തിപൂർവ്വം ആഘോഷിക്കുകയാണ്. മാർത്തമറിയത്തോട് വളരെയേറെ ഭക്തിയും ബഹുമാനവും ഉള്ള സമൂഹമാണ് ഈ സഭ. എന്നാൽ നമ്മുടെ മരിയഭക്തി മറിയാനുകരണത്തിൽ ചെന്നെത്തുന്നുണ്ടോ എന്നു നാം പരിശോധിക്കേണ്ടതുണ്ട്. മറിയം ദൈവവചനം കേട്ട് അതു പാലിച്ചവളാണ്. നമ്മളും അവളെ അനുകരിച്ച് അപ്രകാരം ചെയ്‌തെങ്കിലേ നമ്മുടെ മെശയാനിക ജീവിതം അർത്ഥപൂർണ്ണമാകുകയുള്ളൂ.
ദൈവവചനം കേട്ട് പാലിച്ച് അനുഗൃഹീതയായവൾ
”കർത്താവ് അരുളിചെയ്തവ പൂർത്തീകരിക്കപ്പെടുമെന്ന് വിശ്വസിച്ചവൾ അനുഗൃഹീതയാകുന്നു” (ലൂക്ക. 1, 45). കർത്താവിനോടുള്ള അടുപ്പമാണ് മറിയത്തിന്റെ മഹത്ത്വം. മാർത്തോമ്മാശ്ലീഹാ ഏറ്റുപറഞ്ഞ ‘മാർവാലാഹ്’ എന്ന ദൈവംതന്നെയായ വചനത്തിന്റെ മാതാവാകുവാനുള്ളവളാണ് താൻ എന്ന് വിശ്വസിച്ചുകൊണ്ട് മറിയം മാലാഖ അരുളിചെയ്ത ‘കർത്താവ് നിന്നോടുകൂടെ’ എന്ന വചനത്തിനു സ്വയം ന്യാസം ചെയ്തു. ഈ വചനത്തിലുള്ള വിശ്വാസത്തിന്റെ അനുസരണമാണ് മറിയത്തെ അനുഗൃഹീതയാക്കിയത്. റൂഹാദ്ക്കുദശായാൽ നിറഞ്ഞവളായി വചനത്തിനു മാംസം നൽകുകവഴി മറിയം ”നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ” മാനവരാശിക്കു മുഴുവൻ കൈമാറി നമ്മെ അനുഗൃഹീതരാക്കി, ഒപ്പം സ്ത്രീകളിൽ അനുഗൃഹീതയായി മാറി (ലൂക്ക. 1, 42).
ദൈവം തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചതുകൊണ്ടാണ് (ലൂക്ക. 1, 48) താൻ അനുഗൃഹീതയായതെന്നു മറിയത്തിന്റെ കീർത്തനം വെളിപ്പെടുത്തുന്നു. മറിയത്തിന്റെ ഭാഗ്യം (അനുഗ്രഹം) അടങ്ങിയിരിക്കുന്നത് ദൈവവചനം കേട്ട് അതു പാലിക്കുന്നതിലാണ് എന്ന് കന്യാസുതൻ തന്നെ പ്രഖ്യാപിക്കുന്നു (ലൂക്ക 11, 28). മരിയഭക്തിയുടെ അടിസ്ഥാനം ഈ വചന പാലനമാണെന്ന് ഈശോ അരുളിച്ചെയ്യുന്നു.
മാതൃഭക്തർ ഭൗതിക നേട്ടങ്ങൾക്കുവേണ്ടി ഓടിനടക്കുന്നവരാകാതെ ദൈവവചനം
പാലിച്ച് അനുഗൃഹീതരാകണം.
ദൈവവചനം കേട്ട് പാലിച്ച് സഭയുടെ അമ്മയായവൾ
മറിയം നസ്രത്തുമുതൽ ഗാഗുൽത്താവരെ വചനം പാലിച്ച് മിശിഹായെ അനുഗമിച്ചു. അതുകൊണ്ടാണ് ഈശോ തന്റെ സ്ലീവാനുഭവത്തിനിടയിൽ യോഹന്നാനെ മറിയത്തിനു മകനായും മറിയത്തെ യോഹന്നാന് അമ്മയായും നൽകിയത് (യോഹ. 19, 23-27). വിശുദ്ധ സ്ലീവാനുഭവത്തിലൂടെ തന്റെ ശരീരമായ സഭയ്ക്കു ജന്മം നൽകിയ മിശിഹാ യോഹന്നാനിലൂടെ തന്റെ അമ്മയെ സഭയ്ക്കു മുഴുവനും മാതാവായി നൽകി. ഈ അമ്മയോടുള്ള ഭക്തി സഭാംഗങ്ങളെ ഏക മദ്ധ്യസ്ഥനായ ഈശോമിശിഹായിലേയ്ക്കാണ് അടുപ്പിക്കേണ്ടത്
(1 തിമോ. 2, 5-6). ഈ മാതൃഭക്തിയിലൂടെ സഭാംഗങ്ങൾക്ക് ദൈവഹിതമായ വിശുദ്ധീകരണം (1 തെസ്. 4, 3) സാധ്യമാകും.
”ആത്മശരീരങ്ങളോടെ സ്വർഗ്ഗത്തിൽ മഹത്ത്വീകൃതയായിരിക്കുന്ന പരി. മറിയമാണ് ലോകാവസാനത്തിൽ പൂർത്തിയാകാനിരിക്കുന്ന കർത്താവിന്റെ സഭയുടെ പ്രതിഛായയും ആരംഭവും. അതുപോലെതന്നെ കർത്താവിന്റെ ദിവസം ഉദയം ചെയ്യുന്നതു വരെ (2 പത്രോ. 3, 10) മറിയം ഭൂമുഖത്തു തീർത്ഥാടനം ചെയ്യുന്ന ദൈവജനത്തിനു സുനിശ്ചിതമായ പ്രതീക്ഷയുടെയും സമാശ്വാസത്തിന്റെയും അടയാളമായി പ്രകാശിച്ചുകൊണ്ടിരിക്കും (വത്തിക്കാൻ കക തിരുസഭ 68). വചനം കേട്ട് പാലിച്ച മറിയമാണ് ഈശോയുടെയും സഭയുടെയും അമ്മ. പരി. അമ്മ സഭാംഗങ്ങളായ നമ്മുടെ ഓരോരുത്തരുടെയും അമ്മയാകാനുള്ള വ്യവസ്ഥ നമ്മളും അമ്മയെപ്പോലെ നമ്മോടുകൂടിയുള്ള ദൈവത്തെ ലോകത്തിനു നൽകണമെന്നുള്ളതാണ്. അതിനായി നമ്മുടെ ശരീരവും മനസ്സും മനഃസാക്ഷിയുമെല്ലാം ദൈവവചനത്താൽ പ്രശോഭിതമാകണം. എലിസബത്തിനെ ശുശ്രൂഷിച്ച സഭയുടെ അമ്മയെപ്പോലെ വചനത്താൽ പ്രേരിതമായ സഹോദരസ്‌നേഹത്താൽ ജീവിതം ധന്യമാകുമ്പോൾ സഭാംഗങ്ങളായ നാമും വചനംകേട്ട് പാലിക്കുന്നവരായി മാറും.
ദൈവവചനം കേട്ട് പാലിച്ച് വ്യാകുല മാതാവായവൾ
അമലോത്ഭവമാതാവ് ദൈവവചനം കേട്ട് പാലിച്ചതുവഴി വ്യാകുലമാതാവായിത്തീർന്നു. ശിമയോൻ നടത്തിയ പ്രവചനം ഇപ്രകാരമായിരുന്നു: ”ഈ കുഞ്ഞ് ഇസ്രായേലിൽ അനേകരുടെ വീഴ്ചക്കും ഉയർച്ചയ്ക്കുമായി വയ്ക്കപ്പെട്ടരിക്കുന്നു. ഇവൻ തർക്കത്തിന്റെ അടയാളമായിരിക്കും. അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. ഒരു വാൾ നിന്റെ ഹൃദയത്തെ ഭേദിക്കുകയും ചെയ്യും (ലൂക്ക. 2, 35). ഈശോ ജീവിതകാലം മുഴുവൻ തർക്കത്തിന്റെ അടയാളമായിരുന്നു. ഇത് അവിടുത്തെ സ്ലീവാനുഭവത്തിലേയ്ക്കു നയിച്ചു. അവിടുത്തെ സ്ലീവാനുഭവം പിതാവ് അനുവദിച്ചതും; ”എന്തെന്നാൽ തന്റെ പുത്രനെ നൽകുവാൻ തക്കവണ്ണം ദൈവം ഈ ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3, 16) എന്നതുകൊണ്ടാണ്. മറിയത്തിന്റെ ഹൃദയത്തിലൂടെ ഒരു വാളായി കടന്നുപോയ ഈ സ്ലീവാനുഭവം മനഷ്യന് നിത്യജീവനു കാരണമായിത്തീർന്നു. ”ഇതാ കർത്താവിന്റെ ദാസി അങ്ങയുടെ വചനംപോലെ എന്നിൽ ഭവിക്കട്ടെ (ലൂക്ക. 1, 38) എന്നുപറഞ്ഞുകൊണ്ട് മറിയം തന്റെ ശരീരവും ആത്മാവും ചേതനയും എല്ലാം വചനത്തിനു പൂർണ്ണമായിന്യാസം ചെയ്തതുവഴിയാണ് ഇതു സംഭവിച്ചത്. ദൈവപുത്രനായ ഈശോ സഹനദാസനാണെങ്കിൽ അവിടുത്തെ അമ്മ സഹനദാസിയായി മിശിഹാനുഗമനം നടത്തി. മിശിഹാനുഗമനത്തിനുള്ള വ്യവസ്ഥയായ ”സ്വയം പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” (ലൂക്ക. 9, 24) എന്ന വചനം കേട്ട് പാലിച്ച് മറിയം അമലോത്ഭവ അനുഭവത്തിൽനിന്ന് വ്യാകുല അനുഭവത്തിലേയ്ക്ക് തീർത്ഥയാത്ര നടത്തി.
ദൈവവചനം കേട്ട് പാലിച്ച് സഹകാരിണിയായവൾ ദൈവത്തിന്റെ പരിത്രാണപദ്ധതിയിൽ (മദ്ബറാനൂസ) ഏറ്റവും പൂർണ്ണമായി സഹകരിച്ചവളാണ് മാർത്തമറിയം. ആദിമാതാവായ ഹവ്വാ ദൈവവചനം അനുസരിക്കാതെ മനുഷ്യരാശിയെ ദൈവത്തിൽ നിന്ന് അകറ്റി. രണ്ടാമത്തെ ഹാവായായ മാർത്തമറിയം വചനം പാലിച്ചുകൊണ്ട് ദൈവത്തോടുള്ള ബന്ധം പുനഃസ്ഥാപിച്ചു. ഈശോയ്ക്കു ജന്മം നൽകുന്നതിനു മുമ്പുതന്നെ മറിയം ദൈവകൃപ നിറഞ്ഞവളായിരുന്നു (ലൂക്ക. 1, 28). അതായത് ബാവാതമ്പുരാനുമായി അവൾക്ക് ഗാഢമായ ബന്ധമുണ്ടായിരുന്നു. റൂഹാദ്ക്കുദശായുടെ ആവാസംവഴി അവൾക്കു റൂഹായുമായും ബന്ധമുണ്ടായി. ഈശോയുടെ മനുഷ്യാവതാരം മൂലം അവൾ ഈശോയുമായും ഗാഢബന്ധം പുലർത്തി. അവൾ ശിശുവിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ധ്യാനിച്ചുകൊണ്ടിരുന്നു (ലൂക്ക. 2, 20). ഈശോയുടെ അമ്മയോടു ഭക്തി പുലർത്തുന്നവർ നിരന്തരം ദൈവവചനധ്യാനത്തിലൂടെ കൂടുതൽ ഭാഗ്യപ്പെട്ടവരും ദൈവത്തിന്റെ പരിത്രാണ പദ്ധതിയിൽ സഹകാരികളും ആയി സ്വർഗ്ഗരാജ്യം അനുഭവിക്കുന്നവരാകണം.
ദൈവവചനം കേട്ട് പാലിച്ച് നിത്യകന്യകയായവൾ
”കർത്താവ് അരുളിചെയ്തവ പൂർത്തീകരിക്കപ്പെടുമെന്ന് വിശ്വസിച്ചവൾ അനുഗൃഹീതയാകുന്നു” എന്ന തിരുവചനത്തെ മറിയത്തിന്റെ നിത്യ കന്യകാത്വവുമായി ബന്ധപ്പെടുത്തിയാണ് അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസും അത്തനാസ്യോസും മറ്റും വ്യാഖ്യാനിക്കുന്നത്. അതായത് ദൈവത്തിലുള്ള വിശ്വാസത്തിന്റെ കലർപ്പില്ലായ്മയാണ് നിത്യകന്യാത്വത്തിന്റെ ചൈതന്യം. ഈ
നിത്യകന്യാത്വം മാതൃഭക്തിയുടെ കാര്യത്തിലും പ്രസക്തമാണ്. ദൈവവചനത്തിന് മനുഷ്യസ്വഭാവം നൽകുകയും മനുഷ്യപുത്രന്റെ അമ്മയായി തീരുകയും ചെയ്ത മാർത്തമറിയം നിത്യകന്യകയായി തീർന്നതുപോലെ ഈശോയിൽ വിശ്വസിക്കുന്നവർ തങ്ങളുടെ വിശ്വാസ പരിശുദ്ധി കാത്തു സൂക്ഷിക്കുമ്പോഴാണ്, മാതൃഭക്തിയുടെ
ഫലം സ്വർഗ്ഗീയാനുഭവത്തിൽ എത്തിച്ചേരുന്നത്. തന്റെ ഏകജാതനിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ അവർക്കു നിത്യജീവൻ ഉണ്ടാകേണ്ടതിനാണല്ലോ അവൻ നിത്യകന്യകയിൽ നിന്ന് ജന്മമെടുത്തത്. ഈ നിത്യജീവനായിരിക്കണം മരിയഭക്തർ ലക്ഷ്യമാക്കേണ്ട ഉദ്ദിഷ്ടകാര്യം.
സമാപനം
മാതൃഭക്തിക്ക് ദൈവവചനവുമായുള്ള ബന്ധം പൗരസ്ത്യ സഭകളിൽ വളരെ വ്യക്തമാണ്. പൗരസ്ത്യ സഭകളിൽ മരിയഭക്തി നിലകൊള്ളുന്നത് സഭയുടെ ദൈവാരാധനക്രമത്തിന് അനുസൃതമായിട്ടാണ്. കാരണം, ദൈവാരാധനയിലൂടെയാണു ദൈവവചനം കേട്ട് പാലിക്കേണ്ടത്. എല്ലാ ബുധനാഴ്ചകളിലെയും യാമപ്രാർത്ഥനകളിൽ മരിയ രഹസ്യങ്ങളാണ് പൗരസ്ത്യർ ധ്യാനവിഷയമാക്കുന്നത്. ആണ്ടുവട്ടം മുഴുവനിലും ആരാധനക്രമപാരമ്പര്യമനുസരിച്ച് ഇരുപത്തിയഞ്ചു നോമ്പ്, പതിനഞ്ചു നോമ്പ്, എട്ടു നോമ്പ്, മുന്നു നോമ്പ് തുടങ്ങിയ മാതൃഭക്തികളും പൗര്യസ്ത്യർ പാലിക്കുന്നു. മാതാവിനോടുള്ള പ്രാർത്ഥനാസംഗ്രഹമായ മാതൃസ്തവങ്ങൾ (ദനഹാ സർവ്വീസ്, എം ഓ സി, മാങ്ങാനം) എന്ന ഗ്രന്ഥം വിശ്വാസികളുടെ ഉപയോഗത്തിന് വളരെ പ്രയോജനപ്രദമാണ്. മിശിഹായുടെ പെസഹാരഹസ്യത്തിന്റെ ഏകാന്ത വൈശിഷ്ട്യം നിലനിർത്തിക്കൊണ്ടുമാത്രമാണ് മാതൃഭക്തി പൗരസ്ത്യർ പുലർത്തുന്നത്. മാർത്ത
മറിയത്തെപ്പോലെ വചനപാലനം നമ്മൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയെങ്കിലേ നമ്മുടെ മെശയാനിക ജീവിതം അർത്ഥവത്താകുകയുള്ളൂ. നമ്മുടെ മാതൃഭക്തി വെറും ഉദ്ദിഷ്ടകാര്യങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതാകാതെ മാർത്തമറിയത്തെപ്പോലെ ദൈവഹിതം തേടാനും അതു ജീവിതത്തിൽ അനുവർത്തിക്കാനുമുള്ള
പരിശ്രമമായി മാറണം. ദൈവപരിപാലനവഴി ദൈവമഹത്ത്വീകരണവും മാനവപവിത്രീകരണവും തേടണം. അപ്പോൾ ഈ എട്ടുനോമ്പാഘോഷവും മരിയഭക്തിയുടെ ഇതര പ്രകടനങ്ങളും നമ്മുടെ ജീവിതത്തിൽ അർത്ഥവത്തായി മാറും.