മഹാനായ മാർ ബാബായ് (551 – 628 AD)

മഹാനായ മാർ ബാബായ ്! പൗരസ്ത്യസുറിയാനി സഭയിലെ അതികായരായ ദൈവശാസ്ത്രജ്ഞരിൽ പ്രമുഖൻ! മനുഷ്യബുദ്ധിക്ക് അഗ്രാഹ്യങ്ങളായ ഉന്നതരഹസ്യങ്ങൾ ദർശിക്കുവാൻ വിശ്വാസത്തിന്റെ അകക്കണ്ണ് ദാനമായി ലഭിച്ചവൻ! സങ്കീർണ്ണങ്ങളായ ദൈവശാസ്ത്ര തത്ത്വങ്ങളെ ലളിതമായ ഭാഷയിൽ വ്യാഖ്യാനിക്കാൻ കഴിഞ്ഞ പ്രതിഭാശാലി! മനുഷ്യാവതാരം ചെയ്ത ദൈവസുതനായ ‘മിശിഹാ’ എന്ന രഹസ്യത്തിന് വിസ്മയത്തിൽ ചാലിച്ച് ഭാഷ്യം രചിച്ച മഹാൻ! ദൈവശാസ്ത്രജ്ഞനും, വിശ്വാസസമർത്ഥകനും, വാഗ്മിയും, മല്പ്പാനും, മേല്പ്പട്ടക്കാരൻ ഇല്ലാതെ അലഞ്ഞ അജഗണത്തിന്റെ ഉത്തമ അജപാലകനും
കഠിനതാപസികനും ആശ്രമശ്രേഷഠ്‌നുമൊക്കെയായിരുന്ന മാർ ബാബായ് വിവിധ
തുറകളിൽ പ്രാമുഖ്യം തെളിയിച്ച ഒരു ബഹുമുഖപ്രതിഭയായിരുന്നു. തന്റെ കർമ്മം
കൊണ്ടും സിദ്ധികൾകൊണ്ടും ‘മഹാൻ’ എന്ന പേരിന് അർഹനായിരുന്ന അദ്ദേഹം പക്ഷേ അപ്രകാരം അറിയപ്പെട്ടത് മറ്റൊരു കാരണം കൊണ്ടാണ്. അദ്ദേഹത്തിന്റെ സമകാലികനായി നിസിബിസിൽ നിന്നു തന്നെയുള്ള വേറൊരു ബാബായ് ‘ചെറിയ ബാബായ്’ എന്ന പേരിൽ അക്കാലത്ത് ജീവിച്ചിരുന്നു. അദ്ദേഹത്തിൽനിന്ന് വേർതിരിച്ചുകാണിക്കുവാനാണ് ജനങ്ങൾ ബാബായിയെ ‘മഹാൻ’/’വലിയവൻ’ (റമ്പാ) എന്ന് വിളിച്ചിരുന്നത്. ഏകദേശം 84-ഓളം വരുന്ന അദ്ദേഹത്തിന്റെ കൃതികളിൽ ഏറിയ പങ്കും മിശിഹാവിജ്ഞാനീയപരമാണ്. താപസിക-മൗതിക വിഷയങ്ങളും ആരാധനക്രമസംബന്ധമായ വിഷയങ്ങളും അദ്ദേഹത്തിന്റെ കൃതികളിൽ പ്രതിപാദനവിഷയമായിട്ടുണ്ട്. ടൈഗ്രീസിനടുത്തുള്ള ബേത്‌സയ്ദായിൽ AD 551-ൽ ബാബായ് ജനിച്ചു. നിസിബിസിലുള്ള കലാലയത്തിൽ ചേർന്ന് ദൈവശാസ്ത്രം അഭ്യസിച്ച അദ്ദേഹംപിന്നീട് തന്റെ 20-മത്തെ വയസ്സിൽ ഇസ്ലാമലയിലുള്ള മാർ അബ്രഹാമിന്റെ വലിയ ആശ്രമത്തിൽ ചേർന്നു. എന്നാൽ താമസിയാതെ അദ്ദേഹം ഇസ്ലാമലയുപേക്ഷിച്ച് ബേത്‌സയ്ദായിൽ തന്റെ ഭവനത്തിന് സമീപം
മറ്റൊരു ആശ്രമം സ്ഥാപിച്ചു. AD 604 -ൽ വീണ്ടും ഇസ്ലാമലയിൽ തിരിച്ചെത്തിയ അദ്ദേഹം ആശ്രമശ്രേഷ്ഠനായി മരണംവരെ അവിടെ തുടർന്നു. മാർ ബാബായ് മഹാതാപസികനും ഒപ്പം വളരെ കർക്കശ സ്വഭാവമുള്ളവനുമായിരുന്നുവെന്ന് പറയപ്പെടുന്നു. ഇസ്ലാമലയിൽ ശ്രേഷ്ഠനായിരുന്ന നാളുകളിൽ ദയറാജീവിതത്തിന് ചിട്ടയും ക്രമവും വരുത്തുവാൻ അദ്ദേഹം ഏറെ യത്‌നിച്ചു. വിവാഹിതരെപ്പോലെ ജീവിച്ച് സന്ന്യാസജീവിതം നയിക്കുന്ന ഒരു പ്രത്യേകരീതി ഇസ്ലാമലയിലെ ദയറായിലെ ഒരു പതിവായിരുന്നു. മാർ ബാബായ് വളരെ കാർക്കശ്യത്തോടെ ഈ പതിവിന് അറുതി വരുത്തുവാൻ പരിശ്രമിച്ചു. അതിൽ അതൃപ്തി തോന്നിയ പലരും ബാബായിയുടെ ആശ്രമം വിട്ടിറങ്ങി മറ്റാശ്രമങ്ങൾക്ക് തുടക്കമിട്ടു. കിഴക്കിന്റെ സഭയുടെ(Church of the East) കാതോലിക്കോസായിരുന്ന ഗ്രിഗറി ഒന്നാമൻ AD 608 -ൽ മരിച്ചെങ്കിലും പിൻഗാമിയായി മറ്റൊരാളെ വാഴിക്കുന്നതിന് പേർഷ്യൻ ചക്രവർത്തി ഖുസ്രാ രണ്ടാമൻ സഭാംഗങ്ങളെ അനുവദിച്ചില്ല. ഇപ്രകാരം രാഷ്ട്രീയകാരണങ്ങൾകൊണ്ട് പാത്രിയാർക്കീസിന്റെ ത്രോണോസ് ഏറെക്കാലം ഒഴിഞ്ഞു കിടന്നു. മേല്പ്പട്ടക്കാരനില്ലാതിരുന്ന ഈ കാലയളവിൽ വടക്കൻ മെസപ്പൊട്ടാമിയായിലെ ആശ്രമങ്ങളിൽ നിരീക്ഷണസന്ദർശനം നടത്തുവാൻ മാർ ബാബായ് മെത്രാന്മാരാൽ നിയമിതനായി. ‘മെസാലിയനിസം’ പോലെയുള്ള അബദ്ധപ്രബോധനങ്ങളുടെയും ഒരിജൻ, എവാഗ്രിയൂസ് തുടങ്ങിയവരുടെ വികലമായ ചില ചിന്താഗതികളുടെയും സ്വാധീനത്തിൽപ്പെട്ട വളരെയേറെ സന്ന്യാസിമാർ അക്കാലത്തുണ്ടായിരുന്നു. അവരെ ശരിയായ വിശ്വാസജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ മാർ ബാബായിക്ക് സാധിക്കുമെന്ന് മെത്രാന്മാർ വിശ്വസിച്ചിരുന്നു. മെസാലിയൻ ചിന്താഗതിക്കാർ സഭയിൽ ദീർഘകാലം ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. എപ്പോഴും പ്രാർത്ഥിക്കുന്നവർ തങ്ങളാണെന്ന് അവകാശപ്പെട്ട ഈ കൂട്ടർ, സഭയുടെ വ്യവസ്ഥാപിത സംവിധാനങ്ങളെയും, കൂദാശകളെയും എതിർത്തിരുന്നു. നിരന്തരപ്രാർത്ഥനയിലൂടെ മാത്രമേ രക്ഷനേടാനാകൂ എന്ന് അവകാശപ്പെട്ട അവർ പ്രാർത്ഥനയ്ക്ക് തടസ്സമാകുമെന്നതിനാൽ കായികാദ്ധ്വാനം പാടെ ഉപേക്ഷിച്ച് അലസരായി ചുറ്റിനടന്നിരുന്നു. സുവിശേഷ ദർശനങ്ങളും ആത്മീയപ്രാർത്ഥനയുടെ പരകോടിയും തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് അവർ വീമ്പു മുഴക്കിയിരുന്നു. ഇവരുടെ ചിന്താരീതികളിൽ നിന്ന് വിശ്വാസസമൂഹത്തെയും സന്ന്യാസികളെയും സംരക്ഷിച്ച് സഭയോടുചേർത്തുനിർത്താൻ ബാബായ് അക്ഷീണം പരിശ്രമിച്ചു. ശ്രേഷ്ഠ
നായ അജപാലകന്റെയും, രാഷ്ട്രീയനയതന്ത്രജ്ഞന്റെയും ദൗത്യം ഒരേ സമയം അതിന്റേതായ തന്മയത്വത്തോടും മാന്യതയോടും കൂടി നിർവ്വഹിച്ച മാർ ബാബായ് അഗാധ വിശ്വാസവും തികഞ്ഞ ദൈവസ്‌നേഹവും ഉറച്ച സഭാസ്‌നേഹവും നിറഞ്ഞു
തുളുമ്പിയിരുന്ന വലിയ സഭാപിതാവായിരുന്നു.
മിശിഹാ ഒരേ സമയം ദൈവവും അതേസമയം മനുഷ്യനുമായിരിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുവാൻ അന്നും ഇന്നും ദൈവശാസ്ത്രജ്ഞന്മാർ ക്ലേശിക്കുന്നു. മിശിഹാരഹസ്യത്തെക്കുറിച്ചുള്ള തങ്ങളുടെ വിശദീകരണങ്ങളുടെ തനതാത്മകത നിലനിറുത്താനുള്ള വ്യഗ്രതയിൽ അവർ സഭയിൽ വലിയ പിളർപ്പുകൾപോലും സൃഷ്ടിച്ചിട്ടുണ്ട് എന്നത് സഭാചരിത്രത്തിലെ ദുഃഖസത്യമാണ്. മാർ ബാബായ് ഉൾപ്പെട്ടിരുന്ന കിഴക്കിന്റെ സഭ (Church of the East) ‘നെസ്‌തോറിയൻ സഭ’ എന്നറിയപ്പെട്ടിരുന്നത് ഇപ്രകാരമുള്ള തർക്കങ്ങളുടെയും ഭിന്നിപ്പിന്റെയും പശ്ചാത്തലത്തിലായിരുന്നു. സ്വന്തം സഭയുടെ ‘മിശിഹാദർശനം’ തന്റെ സുപ്രധാന കൃതിയായ ഐക്യത്തിന്റെ ഗ്രന്ഥ (Liber de Unione) ത്തിൽ അദ്ദേഹം വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. അമ്മനുവേൽ ഏകനും അവിഭാജ്യനും ദൈവവും മനുഷ്യനുമാണെന്ന സത്യം അദ്ദേഹം ആവർത്തിച്ച്
പഠിപ്പിച്ചു. ‘ക്യാന’, ‘ക്‌നോമ’, ‘പർസോപ്പാ’, തുടങ്ങിയ സാങ്കേതിക ദൈവശാസ്ത്ര പദപ്രയോഗങ്ങൾ ഉപയോഗിച്ചും അല്ലാതെയും രണ്ടു സ്വഭാവങ്ങളോടു കൂടിയ ഈശോമിശിഹാ ഏകനാണെന്നും അവനിൽ ഒരിക്കലും രണ്ട് പുത്രന്മാർ (two Sons) ഇല്ല, ഒറ്റ പുത്രൻ (one Son) മാത്രമേയുള്ളൂവെന്നും പഠിപ്പിക്കുന്നതിൽ മാർ ബാബായ് വിജയിച്ചു. മാനുഷികബുദ്ധിയുടെ വൈഭവവും തത്ത്വചിന്തയുടെ കൃത്യതയുമൊന്നുമല്ല മനുഷ്യാവതാരം ചെയ്ത മിശിഹായുടെ രഹസ്യം വിശദീകരിച്ചുനല്കാൻ മാർ ബാബായ്ക്ക് തുണയായത്; മറിച്ച് ആഴമേറിയ വിശ്വാസം സമ്മാനിച്ച ഉൾക്കാഴ്ചയായിരുന്നു. വിശ്വാസം കൂടാതെ ഈ മഹാരഹസ്യത്തെ അദ്ദേഹം ഒരിക്കലും സമീപിച്ചിരുന്നില്ല. ദൈവത്തിന്റെ സർവ്വാധീശത്വവും ചിന്മയത്വവും ഒന്നിച്ചുകൊണ്ടു പോകുവാൻ അദ്ദേഹത്തിനായി. ഇന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ബാബായിയുടെ മിശിഹാദർശനത്തെ
നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം:
‘ഈശോമിശിഹാ നമ്മുടെ കർത്താവും, ദൈവവും, ജീവനും, രക്ഷയുടെ നാഥനുമാണ്. മനുഷ്യാവതാരം ചെയ്ത ആദ്യനിമിഷംമുതൽ അവന്റെ മനുഷ്യത്വം ദൈവത്വവുമായി വ്യക്തിതലത്തിൽ ഐക്യപ്പെട്ടിരിക്കുന്നു. ഉത്ഭവത്തിന്റെ ആദ്യനിമിഷംമുതൽ എന്നേക്കും മനുഷ്യത്വം ദൈവത്തിന്റേതാണ്. കൂടിക്കുഴച്ചിലോ, വേർപാടോ, വിഭജനമോ, വേർതിരിക്കലോ, കൂടിക്കലരലോ കൂടാതെ ദൈവത്വവും മനുഷ്യത്വവും പുത്രനിൽ സ്ഥിതിചെയ്യുന്നു. അങ്ങനെ വചനം മാംസമായി, ദൈവത്തിന്റെ ഏകജാതൻ കന്യകയുടെയും ഏകജാതനായി’.
പാത്രിയാർക്കീസിന്റെ അഭാവത്തിൽ മെത്രാനടുത്ത ശുശ്രൂഷകൾ അദ്ദേഹം 20 വർഷത്തോളം നിർവ്വഹിച്ചു. പുതിയ പാത്രിയാർക്കീസിനെ വാഴിക്കുവാൻ തടസ്സം
നിന്നിരുന്ന ഖുസ്രാ രണ്ടാമൻ രാജാവ് AD 628-ൽ കൊല്ലപ്പെട്ടപ്പോൾ പുതിയ കാതോലിക്കോസിനെ തിരഞ്ഞെടുക്കുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പ്രസ്തുത സിംഹാസനത്തിലേയ്ക്ക് ഇക്കാലമത്രയും ഒരു മെത്രാനെപ്പോലെ തങ്ങളെ ശരിയായ വിശ്വാസത്തിൽ വളർത്തിയ, ദൈവികരഹസ്യങ്ങൾ ഹൃദയംകൊണ്ട് ഗ്രഹിക്കാൻ
പഠിപ്പിച്ച താപസവര്യനായ മാർ ബാബായ് അഭിഷിക്തനാകണമെന്ന് മെത്രാന്മാരും ജനങ്ങളും ആഗ്രഹിച്ചു. എന്നാൽ തന്റെ പ്രായാധിക്യം ഈ ദൗത്യനിർവഹണത്തിന് തടസ്സമാകരുതെന്നാഗ്രഹിച്ച ബാബായ് അതിനു തയ്യാറായില്ല. തുടർന്ന് മാർ ഈശോയാബ് പാത്രിയാർക്കീസ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. ബാബായിയാകട്ടെ തന്റെ ദയറായിൽ തിരിച്ചെത്തി ശിഷ്ടകാലം അവിടെ തുടരാൻ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം മാനിച്ച പുതിയ കാതോലിക്കോസും സഹമെത്രാന്മാരും ദയറായിലേക്ക് അദ്ദേഹത്തെ അനുയാത്ര ചെയ്തു. അദ്ദേഹത്തെ ദയറായിലാക്കി സമാധാനത്തോടെ അവർ തിരിച്ചുപോയി.
മാർ ബാബായ് ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ മഹാവിശുദ്ധനായിരുന്നെന്നും ദൈവത്തിന്റെ വലതുകരം സദാ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നെന്നും വ്യക്തമാക്കാനായിരിക്കണം ‘അധികാരികളുടെ ഗ്രന്ഥം’ (Book of Governors) അദ്ദേഹത്തിന്റെ ദയറായിലേക്കുള്ള പുനഃപ്രവേശന അവസരത്തിൽ ലഭിച്ച ഒരു ദർശനത്തെക്കുറിച്ച് ഹൃദയസ്പർശിയായ രീതിയിൽ വിവരിക്കുന്നത്. ദയറായിലേക്ക് അദ്ദേഹത്തെ അനുയാത്ര ചെയ്ത പുതിയ കാതോലിക്കോസും സഹമെത്രാന്മാരും തിരിച്ചുപോയിക്കഴിഞ്ഞയുടനെ ബാബായ് തന്നെ കാണാൻ നില്ക്കുന്ന ഒരുവനെ ശ്രദ്ധിച്ചു. വെള്ളക്കുതിരയുടെ പുറത്ത് അഗ്നിമയമായ വാളേന്തി നില്ക്കുന്ന ഒരു ഭടന്റെ രൂപത്തിലായിരുന്നു അദ്ദേഹം. ദയറായിൽ മാർ ബാബായിയുടെ അറയുടെ കവാടത്തിലെത്തി ഭവ്യതയോടേ അദ്ദേഹം പറഞ്ഞു: ‘കാതോലിക്കോസിന്റെ ദൗത്യം അങ്ങ് സ്വയം വേണ്ടന്ന് വച്ചതിനാലും മറ്റൊരാൾ ആ സിഹാസനത്തിലേയ്ക്ക് നിയമിതനായതിനാലും അദ്ദേഹത്തെ അനുഗമിക്കുവാൻ അങ്ങ് എന്നെ അനുവദിച്ചാലും’. ഇതുകേട്ട മാർ ബാബായ് വിസ്മയത്തോട് ‘അങ്ങ് ആരാണ് പ്രഭോ?’ എന്ന് ചോദിച്ചു. മറുപടിയായി അദ്ദേഹം പറഞ്ഞു: ‘കിഴക്കിന്റെ കാതോലിക്കോസിന്റെ സിഹാസനത്തിന് ശുശ്രൂഷ ചെയ്യുവാനായി ദൈവം അയച്ചിരിക്കുന്ന മാലാഖായാണ് ഞാൻ. ഇക്കാലമത്രയും കാതോലിക്കോസിന്റെ വികാരിയായി മേല്പ്പട്ടക്കാരനടുത്ത ശുശ്രൂഷ നിർവഹിച്ചിരുന്ന അങ്ങ് ഈ ദൗത്യം ഏറ്റെടുത്ത ആദ്യദിനം മുതൽ ഇന്നുവരെയും ഞാൻ എന്നും അങ്ങയോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ ശുശ്രൂഷ ഏറ്റെടുത്ത പുതിയ കാതോലിക്കോസിന്റെ ശുശ്രൂഷയ്ക്കായി പോകേണ്ടത് എന്റെ ചുമതലയാണ്. അങ്ങ് അതിന് എന്നെ അനുവദിച്ചാലും’. ദൈവത്തിന്റെ കരുതലുള്ള സ്‌നേഹത്തിന്റെയും വലിയ സംരക്ഷണത്തിന്റെയും മാധുര്യം രുചിച്ച ബാബായ് വിസ്മയത്തോടെ വികാരഭരിതനായി ഇപ്രകാരം പറഞ്ഞു: ‘അങ്ങ് എന്നോടൊപ്പമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും ഈ വലിയ ദൗത്യം ഞാൻ ഏറ്റെടുത്തേനേ. എന്നാൽ അങ്ങ് ഇപ്പോൾ സമാധാനത്തിൽ പോകുക. എനിക്ക് വേണ്ടിയും പ്രാർത്ഥിക്കുക’. താമസിയാതെ മാലാഖാ അദ്ദേഹത്തെ വിട്ടു
പോയി. ജീവിതകാലം മുഴുവൻ ദൈവത്തിന്റെ മാലാഖയാൽ അനുഗതനാകുവാൻ കൃപ സിദ്ധിച്ച ഈ വിശുദ്ധ താപസികൻ അതിന്റെ കാരണം തന്റെ സഹസന്ന്യാസിമാർക്കുള്ള ഉപദേശങ്ങളിലൊന്നിൽ വ്യക്തമാക്കുന്നുണ്ട് :
”കപ്പലില്ലാതെ നീ കടലിലിറങ്ങരുത്. തിരമാലകൾ നിനക്കെതിരായി ശക്തമായി ഉയരുമ്പോൾ ഈശോയെ വിളിച്ചു നീ കരയുക. യാത്ര തുടരാനാകാത്ത പങ്കായമില്ലാത്ത കപ്പൽപോലെയാണ് ഹൃദയത്തിന്റെ അനുതാപവും ശരീരത്തിന്റെ
തപസ്സും ഉളവാക്കുന്ന പൂർണ്ണതയില്ലാത്തവൻ. അതുകൊണ്ട് ഓരോ നാഴികയിലും നിന്റെ ഹൃദയത്തിന്റെ നയനങ്ങൾ കപ്പിത്താനിൽ പതിക്കണം. അദ്ദേഹം എന്ത് കല്പിച്ചാലും താമസം കൂടാതെ അത് നീ പാലിക്കുക. അദ്ദേഹം നിന്നെ ജീവന്റെ തുറമുഖത്തേയ്ക്ക് നയിക്കും. അങ്ങനെ നീ നിന്റെ നഗരവും വിശ്രമവും കണ്ടെത്തും.” സദാസമയവും തന്റെ ജീവിതനൗകയിൽ കപ്പിത്താനെ ദർശിച്ച് അദ്ദേഹത്തിന്റെ ആജ്ഞകൾ അനുസരിച്ച് ജീവിച്ചുപോന്ന ബാബായിയെ കപ്പിത്താനായ ഈശോതന്നെ സമാധാനത്തിന്റെ നിത്യതുറമുഖത്തേയ്ക്ക് നയിച്ചു. ദയറായിൽ തിരിച്ചെത്തി അധികനാൾ കഴിയുന്നതിനുമുൻപ് 628-ൽ അദ്ദേഹം നിത്യതീരത്തണഞ്ഞു. ഇന്നും മഹാനായ മാർ ബാബായിയുടെ പ്രാർത്ഥനകൾ പൗരസ്ത്യസുറിയാനിസഭകളിൽ ഉയർന്ന കോട്ടയായി നിലകൊണ്ട് സഭാ
മക്കൾക്ക് സംരക്ഷണവലയമേകുന്നു.