അൻപു ഇല്ലം കരുണയുടെ കൂടാരം

ഭൂമിയിലെ ജലസ്രോതസുകൾ വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. ലോകംമുഴുവനുമുള്ള പരിസ്ഥിതിപ്രവർത്തകർ നമ്മെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ് ഇത്. ജീവന്റെ നിലനില്പ്പ് ദുഷ്‌കരമാകുമെന്നും ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്നും നാം ഭയപ്പെടുന്നു. എന്നാൽ ഇതിനേക്കാൾ ഭയപ്പെടേണ്ടതും ജീവന്റെ നിലനില്പ്പ് ദുഷ്‌കരമാക്കുന്നതുമായ മറ്റൊരു വരൾച്ചയുണ്ട്. അതു കരുണയുടെ വരൾച്ചയാണ്. നാം ജീവിക്കുന്ന സമൂഹത്തിൽ കരുണ വറ്റിക്കൊണ്ടിരിക്കുന്നു. കരുണയുടെ ദൗർലഭ്യം തന്നെയാണ് ശുദ്ധജലത്തിന്റെ ദൗർലഭ്യത്തെക്കാൾ നമ്മെ ഭീതിപ്പെടുത്തുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മധുവിന്റെ കൊലപാതകം. ഒരുപിടി അന്നത്തിനായി യാചിച്ചിട്ട് കിട്ടാതെ വന്നപ്പോൾ വിശപ്പു സഹിക്കാതെ അരി മോഷ്ടിച്ച മാനസികരോഗിയായ മധുവിനെ കരുണവറ്റിയ ഒരു സമൂഹത്തിന്റെ കരാള ഹസ്തങ്ങൾ കാലനിമഞ്ജനം വരുത്തി. കഴിഞ്ഞ വേനൽക്കാലത്ത് ഏറ്റവും ചൂടേറിയ ചർച്ച നടന്നത് വെള്ളമില്ലായ്മയെക്കുറിച്ചല്ല,
പകരം കരുണയില്ലായ്മയെക്കുറിച്ചായിരുന്നു. കാരണം അതായിരുന്നു നമ്മെ കൂടുതൽ ഭയപ്പെടുത്തിയത്. കരുണയെ ദാഹിക്കുന്നവർക്കായി കരുണയുടെ ഒരു ഉറവയെ പരിചയപ്പെടുത്തി തരുകയാണ് സത്യദർശനം ഈ ലക്കത്തിൽ. അത് അൻപു ഇല്ലമാണ്; കരുണയുടെ കൂടാരം.
ചെങ്കോട്ട എന്ന പട്ടണം
കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ഒരു ചെറിയ പട്ടണമാണ് ചെങ്കോട്ട. ചങ്ങനാശേരി അതിരൂപതയുടെ അതിർത്തി ഇടവകകളിൽ ഒന്നായ ആര്യങ്കാവ് സെന്റ് മേരീസ് പള്ളിയിൽ നിന്ന്
4 കിലോമീറ്റർ മാത്രമാണ് ഇങ്ങോട്ടുള്ളത്.
ചങ്ങനാശേരിയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ ദൂരം വരും. വളരെ പ്രകൃതി രമണീയമായ സ്ഥലമാണ്. പ്രസിദ്ധമായ കുറ്റാലം വെള്ളച്ചാട്ടം ഇവിടെയാണ്. റോഡുമാർഗ്ഗവും റെയിൽമാർഗ്ഗവും ഇവിടെ എത്തിച്ചേരാൻ സാധിക്കും. ഈയിടെ
നവീകരിച്ച് ഉദ്ഘാടനം ചെയ്ത പുനലൂർ-തെങ്കാശി പാതയിലൂടെയുള്ള ട്രെയിൻ യാത്രതന്നെ വളരെ മികച്ച ഒരു ‘പിക്‌നിക്’ അനുഭവമാണ്. വനങ്ങളും തേയിലത്തോട്ടങ്ങളും നദികളും തുരങ്കങ്ങളും കടന്നുള്ള പ്രകൃതിരമണീയമായ ഈ യാത്ര നമ്മെ ചെങ്കോട്ടയിലെത്തിക്കും.
ഇവിടുത്തെ ആളുകൾ വളരെ ദരിദ്രമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവരാണ്. നെൽ
കൃഷിയും ആടുമേയ്ക്കലുമാണ് പ്രധാന വരുമാനം. മിക്കവരും തന്നെ അന്നന്നത്തെ അന്നത്തിനായി പണിപ്പെടുന്നവരാണ്. ഇവിടുത്തെ ക്രൈസ്തവസമൂഹം തുലോം ശുഷ്‌കമാണ്. ആകെ ജനസംഖ്യയുടെ 1.77 ശതമാനം മാത്രമാണ് എല്ലാവിഭാഗത്തിലും കൂടിയുള്ള ക്രൈസ്തവർ. അത് ഏകദേശം 500-ൽ താഴെ ആളുകൾ വരും. ഇവിടെ തക്കല രൂപതയുടെ കീഴിൽ വരുന്ന മേക്കര സെന്റ് ജോർജ് ഇടവകയിൽ ആകെയുള്ളത് 15 കുടുംബങ്ങളാണ്. അതുതന്നെയും ബഹു. പീറ്റർ കിഴക്കയിൽ അച്ചന്റെ പ്രേഷിതതീക്ഷ്ണതകൊണ്ട് രൂപപ്പെട്ടതാണ്.
അൻപില്ലം എന്ന സ്ഥാപനം
ചെങ്കോട്ട പട്ടണത്തിലെ ‘വടകര’ എന്ന പ്രദേശത്താണ് അൻപില്ലം സ്ഥിതിചെയ്യുന്നത്. ഇത് തക്കല രൂപതയ്ക്കുള്ളിൽ ദിവ്യകാരുണ്യ മിഷനറി (MCBS) വൈദികരുടെ മേൽനോട്ടത്തിൽ നടക്കുന്ന സ്ഥാപനമാണ്. 2007 ജനുവരി 7-ന് അന്ന് തക്കല രൂപതയുടെ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരി പിതാവാണ് ഈ സ്ഥാപനം വെഞ്ചരിച്ചുകൊണ്ട് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നാന്ദികുറിച്ചത്. റവ. ഫാ. റോയി അകത്തേമറ്റത്തിൽ ആണ് ഇതിന്റെ സ്ഥാപക ഡയറക്ടർ. ഇപ്പോൾ റവ. ഫാ. രാജേഷ് വയലുങ്കലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. അദ്ദേഹത്തെ സഹായിക്കാൻ ഡൊറോത്തിയൻ സന്ന്യാസ സമൂഹത്തിൽ പെട്ട സിസ്റ്റേഴ്‌സും
ഉണ്ട്. തക്കല രൂപത മേത്രാൻ മാർ ജോർജ്  രാജേന്ദ്രൻ പിതാവ് പലപ്പോഴും ഈ സ്ഥാപനം സന്ദർശിക്കുകയും ഇവിടുത്തെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പ്രവർത്തനങ്ങൾ
”എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത്” (മത്താ 25,40) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിച്ചുകൊണ്ട്, മാനസികരോഗികൾക്കും തെരുവിൽ അലയുന്നവർക്കും വേണ്ടിയാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ആരുടെയൊക്കെയോ കുറ്റങ്ങളാൽ ആരാരുമില്ലാതായവർ, ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ മനസ്സിന്റെ താളം തെറ്റിയവർ തുടങ്ങി അനേകർക്ക് ഈ സ്ഥാപനം ആശ്രയമാകുന്നു. ഇവിടെ പ്രധാനമായും രണ്ടുതരത്തിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
1. അഭയകേന്ദ്രം
മാനസികരോഗികൾ ആയവർക്കും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവർക്കും ഈ സ്ഥാപനം അഭയകേന്ദ്രമായി മാറുന്നു. ഇവിടെ ഇപ്പോൾ 80 അന്തേവാസികളാണ് ഉള്ളത്. അതിൽ കിടപ്പുരോഗികളുണ്ട്, ഒന്നും ചെയ്യാൻ സാധിക്കാത്തവരുണ്ട്, ഭക്ഷണം ഉണ്ടാക്കുക, മറ്റു രോഗികളെ ശുശ്രൂഷിക്കുക, പുല്ലുപറിക്കുക, ആടുമേയ്ക്കുക തുടങ്ങിയ ജോലികൾ ചെയ്ത് സഹായിക്കുന്നവരുണ്ട്. ഇവരെല്ലാം ഇവിടെ വന്നപ്പോൾ തെരുവോരങ്ങളിൽ അലഞ്ഞു നടന്നിരുന്ന പ്രാകൃതരായിരുന്നു. ഇപ്പോൾ രൂപം മാറി, ഭാവം മാറി, രോഗങ്ങൾ നിയന്ത്രണവിധേയമായി. ചില മാനസികാരോഗ്യ കേന്ദ്രങ്ങളിലെപ്പോലെ മരുന്നും മർദ്ദനവുമല്ല ഇവരെ ഇപ്രകാരം ആക്കിയെടുത്തത്. പകരം മരുന്നിനൊപ്പം നൽകുന്ന സ്‌നേഹവും കരുണയും പരിഗണനയും പരിചരണവുമാണ്. മറ്റൊരു പ്രത്യേകത സാധാരണ മാനസികരോഗികളെ സെല്ലിലോ ചങ്ങലയിലോ ബന്ധിച്ചിടുമ്പോൾ ഇവിടെ എല്ലാവരും സ്വതന്ത്രരാണ് എന്നതാണ്. ഇവിടെ ഒരു സെല്ലുപോലുമില്ല. ദൈവം സൃഷ്ടിച്ച മനോഹരമായ ഈ പ്രപഞ്ചത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള എല്ലാവരുടെയും അവകാശം ഇവിടെ മാനിക്കപ്പെടുന്നു. ഇവരെ എല്ലാവരെയും കുറ്റാലം, ചെങ്കോട്ട, തെങ്കാശി, കന്യാകുമാരി, തിരുനൽവേലി തുടങ്ങി തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളിൽ നിന്നാണു ലഭിച്ചിരിക്കുന്നത്.
മാനസിക ഉല്ലാസത്തിലൂടെയാണ് ഇവരെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നത്. രാവിലെ 6 മണിക്ക് എണീറ്റ്, തുടർന്ന് വ്യായമങ്ങൾ, ഭക്ഷണം, ജോലികൾ, സൈക്കോളജി, സൈക്ക്യാട്രി ചികിത്സകൾ, കലാപരിപാടികൾ ഇവയിലൂടെ ഇവർ ഒരു തിരിച്ചുവരവിനു ശ്രമം നടത്തുന്നു.
ഇവിടുത്തെ അന്തേവസികളോടൊപ്പം ആയിരിക്കുന്നത് നമ്മുടെയും മനസ്സിനു താളം കൈവരിക്കാൻ ഉപകാരപ്പെടും. എത്രയേറെ ടെൻഷനും സ്ട്രസ്സും ആയിട്ടാണ്
നമ്മൾ ഇവിടെ വരുന്നതെങ്കിലും അവർ നമ്മെ ചിരിപ്പിക്കും. കൂടെ ആടാനും
പാടാനും നിർബന്ധിക്കും. നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന വലിയ തത്ത്വങ്ങൾ പഠിപ്പിക്കും. പണം കയ്യിൽ കൊടുത്താൽ പുച്ഛത്തോടെ നോക്കിയിട്ട് വലിച്ചെറിയുന്ന മാരിയപ്പനെക്കാൾ കൂടുതലായി സമ്പത്തിന്റെ വ്യർത്ഥത ഏതെങ്കിലും തത്ത്വങ്ങൾ നമുക്ക് മനസ്സിലാക്കി തന്നിട്ടുണ്ടോ. മധു കൊല്ലപ്പെട്ട അതേദിവസം തന്നെ ഇവിടെ എത്തപ്പെട്ട ലക്ഷ്മണന്റെ ഇപ്പോഴത്തെ പുഞ്ചിരി കാണുമ്പോൾ കരുണയുള്ളവരുടെ കരങ്ങളിലെത്തപ്പെട്ടിരുന്നെങ്കിൽ മധുവും ഇതുപോലെ പുഞ്ചിരിക്കുകയില്ലായിരുന്നോ എന്നു നാം തേങ്ങലോടെ ഓർത്തുപോകും. സെൽഫിയെടുക്കാൻ നിർബന്ധിക്കുന്ന മുത്തുലക്ഷ്മി മുതൽ, ഗാനകോകിലമായ രാധാമണിവരെ എത്ര എത്ര മുഖങ്ങൾ. ഇവരൊക്കെ ഇവിടെ എത്തപ്പെട്ടില്ലായിരുന്നുവെങ്കിൽ കരുണയെന്തെന്ന് അറിയുമായിരുന്നോ.
2. റീച്ച് ഔട്ട് പ്രോഗ്രാം
ഫാ. രാജേഷ് തുടക്കം കുറിച്ച് ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകിക്കൊണ്ടിരിക്കുന്ന ശുശ്രൂഷയാണ് റീച്ച് ഔട്ട് പ്രോഗ്രാം. തെരുവോരങ്ങളിൽ അലഞ്ഞുതിരിയുന്ന പട്ടിണി പാവങ്ങൾക്ക് ഒരു നേരത്തെ ആഹാരമെങ്കിലും എത്തിക്കുക എന്നതാണ് ഈ ശുശ്രൂഷയുടെ ലക്ഷ്യം. പാതയോരങ്ങളിലൂടെ സഞ്ചരിച്ച് അനേകർക്ക് കരുണയും സ്‌നേഹവും പങ്കുവച്ചുനൽകിയ ഈശോയെ അനുകരിച്ച് ഈ വൈദികൻ വിശക്കുന്നവരേത്തേടി തെരുവുകളിൽ അലയുന്നു. കണ്ടെത്തി നിറപുഞ്ചിരിയോടെ
പാഥേയം കൈമാറുന്നു. അനേകർ ഇതിനായി കാത്തിരിക്കുന്നു. കരുണയുള്ള മറ്റാളുകൾ തങ്ങളെ തേടിവരുമെന്ന് അവർക്ക് അറിയാം. ഇത്രയും നാൾ ഓടകളിൽനിന്നും ഉച്ചിഷ്ടങ്ങളിൽ നിന്നും അവർ വയറുനിറച്ചു. ഇനി അതു വേണ്ടിവരില്ല എന്ന് അവർ പ്രത്യാശിക്കുന്നു. നിങ്ങളുടെ കുടെ ഞാനുണ്ട് എന്ന മിശിഹായുടെ പ്രതിപുരുഷന്റെ വാക്കുകളിൽ അവർ വിശ്വസിക്കുന്നു.
നിലവിൽ ദിവസവും ഉച്ചക്ക് 100 പൊതികളാണ് നൽകിക്കൊണ്ടിരിക്കുന്നത്. കൂടുതൽ പൊതികൾ നൽകണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എത്രയധികം പൊതികൾ നൽകിയാലും അതു തികയുകയില്ല. കാരണം, അത്രയധികമാണ് പട്ടിണി പാവങ്ങളുടെ എണ്ണം. ഇവർക്കാർക്കും റേഷനില്ല, ആധാറില്ല, ഇലക്ഷൻ ഐഡിയില്ല. ഇന്ത്യൻ പൗരന്മാരായിപ്പോലും ഈ സാധുക്കൾ പരിഗണിക്കപ്പെട്ടിട്ടില്ല. മിക്കവരും മാനസികരോഗികളാണ്. സ്വന്തം പേരുപോലും അറിയാത്തവരാണ്. ഇവർക്കു പൊതികൾ നൽകുമ്പോൾ ചിലർ ആക്രമിക്കും, തട്ടിപ്പറിക്കും, പൊതികൾ വലിച്ചെറിയും. എങ്കിലും അവരിലെല്ലാം മിശിഹായെ കാണാൻ രാജേഷ് അച്ചൻ പരിശ്രമിക്കുന്നു. ഈ പൊതി നൽകലിൽ അദ്ദേഹത്തിന് ഒരു ഗൂഢലക്ഷ്യം കൂടിയുണ്ട്. ഇവരെ ആകർഷിച്ച് അൻപില്ലത്തേക്ക് കൂട്ടിക്കൊണ്ടുപോകുക. അവിടെ കൊണ്ടുചെന്ന് പരിചരിച്ച് പുതിയ മനുഷ്യരാക്കിയെടുക്കുക. ആരെയും ബലം പ്രയോഗിച്ച് ഇവിടെ കൊണ്ടുവരാറില്ല. എല്ലാവർക്കും ദൈവം നൽകിയിരിക്കുന്ന സ്വാതന്ത്ര്യത്തെ ബഹുമാനിച്ചുകൊണ്ടാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ.
ചങ്ങനാശേരിയിൽ നിന്ന് ചെങ്കോട്ടയിലേയ്ക്ക്
ഇത് ഫാ. രാജേഷ് വയലുങ്കൽ തന്റെ ജീവിതംകൊണ്ട് നടത്തുന്ന തീർത്ഥാടനമാണ്. ചങ്ങനാശേരിയിലുള്ള വെരൂർ സെന്റ് ജോസഫ് ഇടവക കാരുണ്യ പ്രവർത്തനങ്ങളിൽ വളരെ മുൻപന്തിയിലാണ്. സത്യദർശനം മാസികയ്ക്ക് ഏറ്റവും അധികം വരിക്കാരുള്ളതും ഈ ഇടവകയിൽ നിന്നുതന്നെയാണ്. വെരൂർ ഇടവക വയലുങ്കൽ ജോസഫ്-റോസമ്മ ദമ്പതികളുടെ മകനായി 1976 ഓഗസ്റ്റ് 9-ന് ഫാ. രാജേഷ് ജനിച്ചു. വിദ്യാഭ്യസ കാലഘട്ടത്തിനുശേഷം അദ്ദേഹം ബിസിനസ് മേഖലയിലേയ്ക്കു തിരിഞ്ഞു. ഈ അവസരത്തിൽ ഫാത്തിമാപുരത്ത് എസ്.ഡി. സിസ്റ്റേഴ്‌സ് നടത്തുന്ന സ്‌നേഹ നിവാസിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് തെരുവുകളിൽ നിന്ന് കുട്ടികളെ എടുത്തു സംരക്ഷിക്കാൻ സഹായിച്ചുപോന്നു. ഈ പ്രവർത്തനങ്ങൾ തന്റെ ദൈവവിളി തിരിച്ചറിയുന്നതിന് അദ്ദേഹത്തിനു പ്രചോദനമായി. തുടർന്ന് ദിവ്യകാരുണ്യ മിഷനറി സഭയിൽ ചേർന്ന് 2015 ഡിസംബർ 29-ന് തന്റെ ഇടവക ദൈവാലയത്തിൽ വച്ച് മാർ തോമസ് ഇലവനാൽ പിതാവിന്റെ കൈവയ്പുവഴി പൗരോഹിത്യംസ്വീകരിച്ചു. പിന്നീട് അദ്ദേഹം തന്റെ പ്രേഷിത ഭൂമിയിലേയ്ക്ക് യാത്രതിരിക്കുകയാണ്. അങ്ങനെ ചെങ്കോട്ട പട്ടണത്തിലെ കരുണയുടെ കൂടാരം വളർന്നു. അനേകർക്ക് ആലംബമായി, അന്നമായി അത് അവിടെ തുടരുന്നു.
അദ്ദേഹത്തിന് നമ്മോട് പങ്കുവയ്ക്കാനുള്ളത് കരുണയുടെ ദൈവശാസ്ത്രമാണ്. ഈശോയുടെ പ്രവർത്തനം ദൈവാലയത്തിൽ മാത്രം ഒതുങ്ങിനിന്നില്ല. അവൻ തെരുവോരങ്ങളിലൂടെ സഞ്ചരിക്കുയായിരുന്നു. അവിടെ അവൻ പഠിപ്പിച്ചു, സുഖപ്പെടുത്തി, മാനസാന്തരപ്പെടുത്തി, ഭക്ഷണം നൽകി, അനേകരെ ആശ്വസിപ്പിച്ചു. അങ്ങനെ അവൻ ദിവ്യകാരുണ്യമായി മാറി. ഈശോ ഇന്നും ദിവ്യകാരുണ്യമായി അവതരിക്കുന്നത് ദൈവാലയത്തിൽ മാത്രമല്ല, ഈ തെരുവുകളിലുമാണ്. കർത്താവിന്റെ കരുണ പങ്കുവച്ചു കൊടുക്കുക എന്നത് ഓരോ ക്രിസ്ത്യാനിയുടെയും ദൗത്യമാണ്. അതിനെ ഒരു ഔദാര്യമായിട്ടല്ല നമ്മൾ കാണേണ്ടത്. ദാനമായി ലഭിച്ചതിൽ നിന്നും ദാനമായി നൽകാൻ നമുക്കു കടപ്പാടുണ്ട്.
ക്രിസ്തീയ വിശ്വാസവും പൗരോഹിത്യവും വളരെയേറെ അവമതിക്കപ്പെടുകയും അപകീർത്തിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ കരുണയുടെ തീർത്ഥാടനം നടത്തുന്ന ഈ വൈദികൻ ലോകത്തിനുമുമ്പിൽ യഥാർത്ഥ ക്രിസ്തുസാക്ഷ്യമായി മാറുന്നു.
ചെങ്കോട്ടയിലെ ചെങ്കടലുകൾ
മരുഭൂമിയിലൂടെ കടന്നുപോയ ഇസ്രായേൽ ജനത്തിന് ചെങ്കടൽ ഒരു വെല്ലുവിളിയായി നിന്നതുപോലെ ഫാ. രാജേഷിന്റെ ചെങ്കോട്ടയിലെ പ്രവർത്തനങ്ങൾ ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട്. കേരളത്തിൽ പ്രവർത്തിക്കുന്ന കെയർ ഹോമുകളിൽ
നിന്നു വ്യത്യസ്തമായ ചെങ്കോട്ടയിൽ ഒരു ക്രൈസ്തവസമൂഹത്തിന്റെ സാന്നിധ്യമില്ല എന്നത് വളരെയേറെ ബുദ്ധിമുട്ടുകൾക്കു കാരണമാകുന്നുണ്ട്. പോലീസും സർക്കാർ ഉദ്യോഗസ്ഥരുമൊക്കെ പപ്പോഴും ഒരു സംശയദൃഷ്ടിയോടെയാണ് കാര്യങ്ങളെ വീക്ഷിക്കാറുള്ളത്. അവർക്ക് സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ല. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ സഹായിക്കാൻ സാമൂഹിക രാഷ്ട്രീയ സംവിധാനങ്ങൾ തയ്യാറാകാറില്ല. കേരളത്തിലെ ശുശ്രൂഷകളിൽ അൽമായർ ധാരാളമായി പങ്കുചേരുകയും സഹായിക്കുകയും ചെയ്യാറുണ്ട്. സംഭാവനകൾ നൽകുന്നവരും സമീപത്തുള്ള സദനങ്ങളെയാണ് സാധാരണ ശ്രദ്ധിക്കാറുള്ളത്. ഇപ്രകാരം വിദൂരങ്ങളിലുള്ളവയെപറ്റി ആരും അറിയാറു പോലുമില്ല. ചെങ്കോട്ടപോലെ ദരിദ്രമായ ഒരു പ്രദേശത്ത് സഹായം നൽകാൻ സാധിക്കുന്നവരെക്കാൾ സ്വീകരിക്കാൻ അർഹതയുള്ളവരാണ് കൂടുതൽ.
ഉപസംഹാരം
ഈ വെല്ലുവിളികളുടെ നടുവിലും ഇസ്രായേലിനെ ചെങ്കടൽ കടത്തിയ ദൈവത്തിലാശ്രയിച്ചുകൊണ്ട് ചെങ്കോട്ടയിലെ ശുശ്രൂഷയെ മുമ്പോട്ടു കൊണ്ടു
പോകാൻ ഫാ. രാജേഷിനു കഴിയുന്നുണ്ട്. കരുണയുടെ കണ്ണുകളുമായി അദ്ദേഹം തെരുവിലൂടെ അലയുമ്പോൾ കരുത്തുറ്റ കരങ്ങളുമായി കർത്താവ് കൂടെ തന്നെയുണ്ട്. അദ്ദേഹത്തിന്റെ ശുശ്രൂഷകളിൽ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അദ്ദേഹത്തെ വിളിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ ഫോൺ. 9744503066
മാതാപിതാക്കൾ കുട്ടികളെ സുഭിക്ഷതയുടെ നടുവിൽ മാത്രം വളർത്താതെ അവരെയും കൊണ്ട് ഇവിടെയോ ഇതുപോലെയുള്ള മറ്റു സ്ഥലങ്ങളിലോ തീർച്ചയായും പോകണം. ജീവിതത്തിന്റെ മറുവശം അവരെ കാണിച്ചുകൊടുക്കണം. ഇതും വിശ്വാസ പരിശീലനത്തിന്റെ ഒരു ഭാഗംതന്നെയാണ്.