മാർത്തോമ്മാ നസ്രാണി സഭാചരിത്രം -20

കൂനൻകുരിശ് സത്യം: നസ്രാണികൾ മാർപ്പാപ്പായെ ധിക്കരിച്ചോ?

മാർത്തോമ്മാ ഒന്നാമൻ (ആർച്ച്ഡീക്കൻ തോമസ് പറമ്പിൽ) തനിക്ക് സാധുവായ മെത്രാൻപട്ടം ലഭിച്ചിട്ടില്ല എന്ന് ബോദ്ധ്യം വന്നതിനാൽ 1665-ൽ അന്ത്യോക്യയിൽ നിന്ന് മാർ ഗ്രിഗോറിയോസ് എന്ന മെത്രാനെ വരുത്തി. എന്നാൽ അദ്ദേഹത്തിൽ
നിന്നും സാധുവായ മെത്രാൻപട്ടം ആർച്ചുഡീക്കൻ സ്വീകരിച്ചതായി തെളിവില്ല. ആദ്യം ഭൂരിഭാഗം മാർത്തോമ്മാ നസ്രാണികളും ആർച്ച്ഡീക്കന്റെ നിലപാട് ശരിയാണെന്നു കരുതി. എന്നാൽ പിന്നീട് പലർക്കും ഇതേക്കുറിച്ച് സംശയമുണ്ടായി. മാർപ്പാപ്പായുടെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കണം എന്നതായിരുന്നു പൊതുവേ ഉണ്ടായിരുന്ന ധാരണ. കൂനൻകുരിശ് സത്യം റോമിനും മാർപ്പാപ്പായ്ക്കും എതിരായിരുന്നുവെന്ന് ചിന്തിക്കുന്നവരുണ്ട്. പോർട്ടുഗീസ് പദ്രവാദോയുടെ അധികാരം മാർപ്പാപ്പാ നല്കിയതാണെന്നും പോർട്ടുഗീസ് പദ്രവാദോയുടെ പ്രതിനിധികളായിരുന്ന ഈശോസഭക്കാർക്കെതിരെ മാർത്തോമ്മാ നസ്രാണികൾ നടത്തിയ പ്രക്ഷോഭത്തിലൂടെ മാർത്തോമ്മാ നസ്രാണികൾ മാർപ്പാപ്പായെ ധിക്കരിക്കുകയായിരുന്നു എന്നുമാണ് ഇക്കൂട്ടർ നടത്തുന്ന വാദഗതി. ഈ വാദഗതിയിൽ യുക്തിയുണ്ടെന്നു തോന്നുന്നില്ല. ഒരു ഇടവകവികാരിയുടെ ദുർഭരണം ഇടവകക്കാരെ ചൊടിപ്പിക്കുകയും വികാരിയ്‌ക്കെതിരെ അവർ നിവേദനം സമർപ്പിക്കുകയും ചെയ്താൽ അത് രൂപതാമെത്രാനെ ധിക്കരിക്കുകയാണെന്ന് വാദിച്ചാൽ ശരിയാകുമോ? തത്തുല്യമായ ഒരു സംഭവമാണ് കൂനൻകുരിശ് സത്യത്തിലും നടന്നത്. കൂനൻകുരിശ് സത്യം മാർപ്പാപ്പായെ ധിക്കരിക്കാനായിരുന്നില്ല. കാരണം ശ്ലൈഹികപാരമ്പര്യമുള്ള മാർത്തോമ്മാ നസ്രാണി പൈതൃകത്തെ മാർപ്പാപ്പാ നശിപ്പിക്കുമെന്ന് അവർ ചിന്തിച്ചതേയില്ല. കൂനൻകുരിശ് സത്യം പോർട്ടുഗീസ് പദ്രവാദോ മേധാവിത്തത്തിനെതിരെയായിരുന്നു. തങ്ങൾക്കുവേണ്ടി അയച്ച ഒരു മെത്രാനെ പദ്രവാദോ അധികാരികൾ നാടുകടത്തുകയും ആദ്ദേഹത്തിന്റെ
നിയമനപത്രം പരിശോധിക്കുന്നതിനോ അദ്ദേഹത്തെ സന്ദർശിക്കുന്നതിനോ അനുവദിക്കാതിരിക്കുകയും ചെയ്ത് മാർപ്പാപ്പായോടും തങ്ങളുടെ സഭയോടും ചെയ്യുന്ന ധിക്കാരമായി നസ്രാണികൾ കരുതി എന്നാണ് ചിന്തിക്കേണ്ടത്. റോമിലെ
പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ ആർക്കൈവിൽ സൂക്ഷിക്കുന്ന ഒരു രേഖയിൽ കൂനൻകുരിശ് സത്യത്തിന്റെ വിവരണം ഇങ്ങനെയാണ്: ”ഞങ്ങളുടെ മനോവികാരങ്ങൾ ആഴത്തിൽ വ്രണപ്പെട്ടതിനാൽ ഞങ്ങൾ അവിടെയുള്ള ദൈവാലയത്തിൽ സമ്മേളിച്ചു. അവിടെ പ്രധാന അൾത്താരയുടെ മുമ്പിൽ സുവിശേഷ ഗ്രന്ഥത്തിലും ക്രൂശിതരൂപത്തിലും തൊട്ടുകൊണ്ട് ഞങ്ങൾ പ്രതിജ്ഞ ചെയ്തു. പാത്രിയാർക്കീസിനെ ബലാൽക്കാരമായി പുറന്തള്ളിയതുവഴിയും, അദ്ദേഹത്തിന്റെ വരവിന് മുമ്പുള്ള മറ്റ് പല സംഗതികളാലും ഞങ്ങളെ വേദനിപ്പിച്ച ദ്രോഹങ്ങൾക്കും അതിക്രമങ്ങൾക്കും അവർ പരിഹാരം ചെയ്യുന്നതുവരെ ഫ്രാൻസിസ് ഗാർസ്യായെയോ, ഈശോസഭയിൽ നിന്ന് മറ്റാരെയെങ്കിലുമോ അജപാലകനായി ഞങ്ങൾ അംഗീകരിക്കുകയില്ലെന്നും, ഈ സഭയിൽനിന്നുള്ള വൈദികരെ മലബാറിലോ ഞങ്ങളുടെ ദൈവാലയങ്ങളിലോ പ്രവേശിക്കാൻ മേലിൽ അനുവദിക്കുകയില്ലെന്നും” (Archives of Propaganda Fide (APF), SOCG 234, f 324).
പതിമൂന്ന് വൈദികരും മുപ്പത്തിയൊന്ന് അൽമായരും ചേർന്ന് കൊച്ചിയിലെ പോർട്ടുഗീസ് ക്യാപ്റ്റന് എഴുതിയ കത്തിന്റെ പ്രസക്തഭാഗം പഠിക്കുമ്പോൾ കൂനൻകുരിശ് സത്യം പ. സിംഹാസനത്തിനോ മാർപ്പാപ്പായ്‌ക്കോ എതിരല്ലായിരുന്നുവെന്ന് ചരിത്രം പഠിക്കുന്ന ഏവർക്കും മനസ്സിലാക്കാം: ”ഞങ്ങൾ സമ്മേളനങ്ങൾ നടത്തുകയും മാർപ്പാപ്പായുടെയും പരിശുദ്ധ റോമാ സഭാ മാതാവിന്റെയും കല്പനയെ അനുസരിക്കാത്തയാൾ ഞങ്ങളുടെ മെത്രാനല്ലെന്ന് തീരുമാനിക്കുകയും ചെയ്തു…”. കൂനൻകുരിശ് സത്യത്തെ തുടർന്ന് മലബാറിലെ സ്ഥിതിഗതികൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയുക്തനായ രണ്ട് പേരിൽ ഒരാളായ വിൻസെന്റ് ഹയാസിന്ത് എന്ന കർമ്മലീത്താ വൈദികന് ഗാർസ്യാ മെത്രാപ്പോലീത്ത നസ്രാണികളെപറ്റി ഇങ്ങനെ എഴുതി: ”…ബാഹ്യതലത്തിലെങ്കിലും നസ്രാണികൾ ഒരിക്കൽപോലും മാർപ്പാപ്പായോടുള്ള അനുസരണം നിഷേധിച്ചിട്ടില്ലെന്ന് എനിക്കറിയാം…”. ചുരുക്കത്തിൽ 1653 ജനുവരി 3-ന് നടന്ന കൂനൻകുരിശ് സത്യം നസ്രാണികൾ ഈശോസഭാ നേതൃത്വത്തിനെതിരെ നടത്തിയ പ്രക്ഷോഭം മാത്രമാണെന്നും അത് ഒരിക്കലും മാർപ്പാപ്പയെ ധിക്കരിക്കാനായിരുന്നില്ലെന്നും വസതുനിഷ്ഠമായി അനുമാനിയ്ക്കാം.