വി. യോഹന്നാൻ എഴുതിയ സുവിശേഷം-16

ഈശോ: പുനരുത്ഥാനവും ജീവനും (യോഹ 11, 1-57)

യോഹന്നാന്റെ സുവിശേഷം പതിനൊന്നും പന്ത്രണ്ടും അദ്ധ്യായങ്ങളിൽ ഈശോയുടെ മഹത്ത്വീകരണത്തിനൊരുക്കമായി നടന്ന സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനൊന്നാം അദ്ധ്യായത്തിൽ ലാസറിനെ ഉയിർപ്പിക്കുന്ന അത്ഭുതവും (11, 1-44) അതേത്തുടർന്ന് വളരെപ്പേർ ഈശോയിൽ വിശ്വസിച്ചതിന്റെ പശ്ചാത്തലത്തിൽ സാൻഹെദ്രീൻ സംഘം ഒരുമിച്ചുകൂടി ഈശോയെ വധിക്കാൻ തീരുമാനമെടുക്കുന്നതും വിവരിച്ചിരിക്കുന്നു (11,45-53). മനുഷ്യർക്കു ജീവനും പുനരുത്ഥാനവും നല്കുന്നതിന് ഈശോ ജീവൻ വെടിയേണ്ടിവരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു.
11,1-44 ലാസറിനെ ഉയിർപ്പിക്കുന്ന അത്ഭുതം
അത്ഭുതത്തെക്കുറിച്ച് രണ്ടു വാക്യങ്ങൾമാത്രം ഉൾക്കൊള്ളുന്ന വളരെ ചുരുങ്ങിയ വിവരണമാണുള്ളത് (11,43-44). അത് എന്തിന്റെ അടയാളമാണെന്നതിന്റെ വിശദീകരണമാണ് ബാക്കി ഭാഗം മുഴുവനിലുമുള്ളത്.
11,1-7 ലാസറിന്റെ രോഗവിവരം അറിയിക്കുന്നു:
ലാസർ രോഗിയാണെന്ന വിവരം ഈശോയെ അറിയിക്കുന്ന സഹോദരിമാർ ”അങ്ങു സ്‌നേഹിക്കുന്നവൻ രോഗിയായിരിക്കുന്നു” എന്നാണു പറഞ്ഞുവിട്ടത് (11,3). ദൈവം സ്‌നേഹിക്കുന്ന ഓരോ വിശ്വാസിയെയും ലാസർ പ്രതിനിധീകരിക്കുന്നു. ലാസറിനെ ജീവനിലേക്കു കൊണ്ടുവരുന്ന ഈ അത്ഭുതം തന്നിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും അവിടുന്നു ജീവൻ നല്കുന്നു എന്നതിന്റെ അടയാളമാണ്.
രണ്ടാമതായി, ലാസറിന്റെ രോഗം ”ദൈവത്തിന്റെ മഹത്ത്വത്തിനും അതുവഴി ദൈവപുത്രൻ മഹത്ത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്” (11,4) എന്ന് ഈശോ പറയുന്നുണ്ട്. ലാസറിനെ ഉയിർപ്പിച്ച സംഭവമാണ് ഈശോയുടെ മരണത്തിനു
പെട്ടെന്നു വഴിതെളിച്ചത്. ഈശോയുടെ മരണോത്ഥാനത്തിലൂടെയാണല്ലോ ഈശോ
മഹത്ത്വീകരിക്കപ്പെട്ടതും അതുവഴി ദൈവം മഹത്ത്വപ്പെട്ടതും.
11,8-16 ശിഷ്യന്മാരുടെ പ്രതികരണം:
ബഥാനിയായിലെത്താൻ യൂദയായിലേക്കു പോകാൻ ശിഷ്യന്മാരെ ക്ഷണിച്ചപ്പോൾ അവർ യഹൂദരെ ഭയപ്പെട്ട് പിന്മാറാനും ഈശോയെ പിന്തിരിപ്പിക്കാനും
ശ്രമിക്കുന്നു (11,8). അപ്പോൾ ‘പകൽ’, ‘രാത്രി’ എന്നീ പ്രതീകങ്ങൾ ഉപയോഗിച്ച്, ദൈവഹിതാനുസൃതം ജീവിക്കാൻ ഈശോ അവരെ പഠിപ്പിക്കുന്നു. ദൈവത്തിന്റെ പദ്ധതിക്കനുസൃതമായി നമുക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന ജീവിതകാലഘട്ടത്തെയാണ് ‘പകൽ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവത്തിന്റെ പദ്ധതിയോടു ചേർന്നാണു ജീവിക്കുന്നതെങ്കിൽ നാം പ്രകാശത്തിലാണു നടക്കുന്നത്; അവിടെ മരണഭയത്തിന് അടിസ്ഥാനമില്ല. ഈശോ ദൈവവചനമായിരുന്നു. ദൈവഹിതാനുസരണം ജീവിക്കുകയും ദൈവഹിതം മാനവരാശിക്ക് വെളിപ്പെടുത്തുകയും ചെയ്തവനെന്ന നിലയിൽ ഈശോ ലോകത്തിന്റെ
പ്രകാശമായിരുന്നു (9,4-5). തന്നെപ്പോലെയും തന്നോടൊപ്പവും ദൈവത്തിന്റെ വെളിപാടിന്റെ വെളിച്ചത്തിൽ നടക്കാൻ ഈശോ ശിഷ്യരെ ക്ഷണിക്കുകയാണിവിടെ. ഈ ക്ഷണത്തിനു മറുപടിയായി തോമ്മാശ്ലീഹാ നല്കിയ ധീരമായ വിശ്വാസത്തിന്റെ പ്രത്യുത്തരമാണ്, ”അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം” (11,16), എന്ന പ്രസ്താവന.
11,17-27 ഈശോ ലാസറിന്റെ കുടുംബത്തിൽ:
ലാസർ മരിച്ച് സംസ്‌കരിക്കപ്പെട്ടതിന്റെ നാലാം ദിവസമാണ് ഈശോയും ശിഷ്യന്മാരും ബഥാനിയായിൽ എത്തുന്നത് (11,17). ഒരാൾ മരിച്ചതിനുശേഷം മൂന്നു ദിവസങ്ങൾ കഴിഞ്ഞുമാത്രമേ ആത്മാവ് ശരീരത്തിൽ
നിന്നും പൂർണ്ണമായി വേർപെട്ടുപോവുകയുള്ളു എന്ന വിശ്വാസം യഹൂദരുടെയിടയിലുണ്ടായിരുന്നു. പീഡാനുഭവ പ്രവചനങ്ങളിലെല്ലാം ‘മൂന്നാം ദിവസം ഉയിർക്കും’ എന്നു പറയുന്നതിന്റെ കാരണം ഇതുതന്നെയാണ്.
ഈശോയും ശിഷ്യന്മാരും ബഥാനിയായിൽ എത്തിയപ്പോൾ മർത്താ ചെന്ന് അവരെ സ്വീകരിച്ചു. ഈശോയെ കണ്ടപ്പോൾ മർത്തായും മറിയവും ഒരേയൊരു കാര്യമാണ് ഈശോയോടു പറഞ്ഞത്: ”കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” (11,21.32). ഈശോ അവരെ ആശ്വസിപ്പിക്കാനുതകുന്ന സാന്ത്വനവാക്കുകൾ പറയുന്നു (11,23-27.33-34). അവസാനമായി, ലാസറിനെ ഉയിർപ്പിച്ച് അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റുന്നു. മർത്തായുമായുള്ള സംഭാഷണത്തിലാണ് ഈ അത്ഭുതത്തിന്റെ അർത്ഥം ഈശോ വിശദീകരിക്കുന്നത്. ഈശോ പറയുന്നു: ”ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല” (11,25-26). ഈശോയിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന ജീവൻ ശാരീരിക മരണത്തെ അതിജീവിക്കുന്ന ഒന്നാണ്. മാത്രമല്ല, ആ ജീവൻ നിത്യം നിലനില്ക്കുന്നതുമാണ്; ഉയിർപ്പിന്റേതായ മഹത്ത്വമാർന്ന ഒരു ജീവനുമാണ്.
11,28-44 ഈശോ ലാസറിനെ ഉയിർപ്പിക്കുന്നു:
ലാസറിനെ ഉയിർപ്പിക്കുന്നതിനുമുമ്പ് ഈശോ പിതാവിനു നന്ദി പറഞ്ഞുകൊണ്ടു പ്രാർത്ഥിക്കുന്നു. മൂന്നു പ്രത്യേകതകൾ ഈ പ്രാർത്ഥനയിൽ കാണാം. 1. കൃതജ്ഞതാപ്രകാശനം, 2. തന്റെ പ്രാർത്ഥന ദൈവം കേൾക്കുമെന്ന ഉറപ്പ്, 3. ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തുന്ന പ്രാർത്ഥന. പ്രാർ
ത്ഥനയുടെ ഏറ്റം മഹോന്നത രൂപമാണ് കൃതജ്ഞതാസ്‌തോത്രപ്രാർത്ഥന. ദൈവവു
മായുള്ള ഐക്യം പ്രാർത്ഥനയുടെ ഫലദായകത്വത്തിന് അത്യന്താപേക്ഷിതമാണ്. ഇപ്രകാരം ദൈവൈക്യത്തിൽ ജീവിക്കുന്നവരുടെ പ്രാർത്ഥന ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തുകയും ചെയ്യും.
11,45-57: ഈശോയെ വധിക്കാൻ ആലോചനയും തീരുമാനവും:
ലാസറിനെ ഉയിർപ്പിച്ച സംഭവം രണ്ടു വിധത്തിലുള്ള പ്രതികരണങ്ങളാണ് ഉളവാക്കിയത്: യഹൂദരുടെ ഭാഗത്തുനിന്നുമുണ്ടായ വിദ്വേഷത്തിന്റെ പ്രതികരണവും (11,46-57), ലാസറിന്റെ സഹോദരിയായ മറിയത്തിന്റെ ഭാഗത്തുനിന്നുമുണ്ടായ സ്‌നേഹത്തിന്റെ പ്രതികരണവും (12,1-8). ഈ രണ്ടു പ്രതികരണങ്ങളും ഈശോയുടെ മരണത്തെക്കുറിച്ചുള്ള ബോധപൂർവകമല്ലാത്ത പ്രവചനങ്ങളായിരുന്നു. ”ജനം മുഴുവൻ നശിക്കാതിരിക്കാൻ ഒരുവൻ മരിക്കണം” (11,50) എന്ന് കയ്യാഫാസ് പറഞ്ഞത്,
പാപത്തിന്റെ ഫലമായി ദൈവത്തോടും പരസ്പരവുമുള്ള സ്‌നേഹവും കൂട്ടായ്മയും നഷ്ടപ്പെട്ട് ചിതറിക്കിടക്കുന്ന മനുഷ്യകുലത്തെ രക്ഷിച്ച് ഒന്നിപ്പിക്കാൻവേണ്ടി ഈശോ മരിക്കേണ്ടിയിരിക്കുന്നു എന്ന പ്രവചനമായിരുന്നു (11,51-52).
ചോദ്യങ്ങൾ
1. ഈശോ ലാസറിനെ ഉയിർപ്പിക്കുന്ന അത്ഭുതത്തിന്റെ അർത്ഥമെന്തെന്ന് വിശദീകരിക്കുക?
2. അത്ഭുതം വിവരിക്കുന്നതിനു മുമ്പുള്ള വാക്യങ്ങളിൽ അത്ഭുതത്തിന്റെ അർത്ഥത്തിലേക്ക് വിരൽചൂണ്ടുന്ന സൂചനകൾ ഏതെല്ലാം?
3. അത്ഭുതം പ്രവർത്തിക്കുന്നതിനുമുമ്പ് ഈശോ നടത്തിയ പ്രാർത്ഥന നമ്മെ എന്തെല്ലാം പഠിപ്പിക്കുന്നു?
4. ഈശോയെ വധിക്കാനെടുത്ത തീരുമാനം എപ്രകാരമാണ് അവിടുത്തെ രക്ഷാകര മരണത്തെ സൂചിപ്പിക്കുന്നത്?