സീസറിന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും (1 )

സാമൂഹ്യജീവിതം നാൾക്കുനാൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്. അറിവു തേടിയുള്ള മനുഷ്യയാത്ര കാതങ്ങളേറെ പിന്നിടുന്തോറും വിവിധ വിഷയങ്ങളിലുള്ള അഭിപ്രായവൈവിധ്യവും ഏറിവരികയാണ്. ഒരു പൊതുസംവിധാനമെന്ന നിലയിൽ പലപ്പോഴും അവസാനവാക്ക് സർക്കാരിന്റേതാകാറുണ്ട്. അതിനാൽത്തന്നെ സർക്കാരുകൾ സർവ്വാധിപരെപ്പോലെ വർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. എതിർസ്വരങ്ങളുടെമേൽ അധീശത്വം സ്ഥാപിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ വഴി സർക്കാരുകളുടെ മേധാവിത്തം എല്ലാ മേഖലകളിലും നിർണ്ണായകമാവുകയാണ്; സർവ്വാധിപത്യം സാർവത്രികമാവുകയാണ്.
St. Xavier’s College Ahmedabad vs State of Gujarat എന്ന 1970 -കളിലെ സുപ്രസിദ്ധമായ കേസിൽ സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിതീർപ്പിൽ ജസ്റ്റിസ് കെ. കെ. മാത്യു കുറിച്ചിട്ട വാക്കുകൾ ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്: ‘When the modern state with its immense power embarks upon the mission of educating its children, the whole tendency is towards state monopoly’
ഇങ്ങനെ സർവ അധികാരവും കൈയാളിയിരുന്ന ഒരു വ്യക്തിയായിരുന്നു റോമിലെ
സീസർ ചക്രവർത്തി. സീസറിനു നികുതി കൊടുക്കുന്നവരുടെ ഭൗതികകാര്യങ്ങളിൽ മാത്രമല്ല ആത്മീയരംഗത്തുകൂടി ആധിപത്യം വേണമെന്ന നിഷ്‌ക്കർഷയാണു സീസർ മുൻപോട്ടു വച്ചത്. സീസറിനെ എല്ലാവരും ആരാധിക്കണമെന്നു നിയമമുണ്ടായിരുന്നു.
പക്ഷേ ക്രൈസ്തവർക്കതു സാധ്യമല്ലായിരുന്നു. അതുകൊണ്ടുതന്നെയാണു യഹൂദർ ഈശോയെ പരീക്ഷിക്കാൻ നാണയം കാട്ടിയുള്ള ചോദ്യമുന്നയിച്ചതും. തന്നെ കുടുക്കിലാക്കാനുള്ള കപടനീക്കത്തിനു ബദലായി ഈശോ ശ്രദ്ധയോടെ നല്കിയ ‘സീസറിന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും’ (മത്താ. 22, 21) എന്ന മറുപടിയാകട്ടെ മത- രാഷ്ട്രബന്ധത്തെക്കുറിച്ചുള്ള ഏറ്റം സുന്ദരമായ നിർവചനമായി കാലം ഇന്നും വായിച്ചെടുക്കുന്നു.
സീസറുമായുള്ള ബന്ധം ചരിത്രവഴികളിലൂടെ
ക്രൈസ്തവ ചരിത്രത്തിന്റെ ആദ്യനാളുകൾ റോമാ സാമ്രാജ്യത്തിൽ സീസറിന്റെ സർവ്വാധിപത്യത്തിന്റെ നാളുകൾ കൂടിയായിരുന്നു. സ്വയം ദൈവമായി അവതരിപ്പിച്ചു തന്നെ ആരാധിക്കാൻ ജനത്തെ നിർബന്ധിച്ച സീസറിന്റെ കല്പനകൾക്കു വഴങ്ങാതെ ഏകസത്യദൈവത്തിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ അനേകർ രക്തസാക്ഷിത്വ മകുടമണിഞ്ഞതും ഇതേ കാലഘട്ടത്തിൽത്തന്നെ. ഭൗതികരംഗത്തെ സീസറിന്റെ കല്പനകളല്ല, പ്രത്യുത ആത്മീയരംഗത്തെ സർവ്വാധിപത്യമാണു ക്രൈസ്തവർക്ക് അസ്വീകാര്യമായിരുന്നത്. കാരണം ദൈവത്തിനുള്ളതു സീസറിനു കൊടുക്കാനാകില്ലല്ലോ. അനേകർ ജീവൻ ബലിയായർപ്പിക്കുകയും മറ്റനേകം പേർ ക്രൂരപീഡകൾക്കു വിധേയരാവുകയും
ചെയ്ത ആ കാലത്തിനറുതി കുറിക്കപ്പെടാനാകട്ടെ കോൺസ്റ്റന്റൈന്റെ ഭരണത്തോളം കാത്തിരിക്കേണ്ടി വന്നു.
പേർഷ്യൻ സഭയിലും സ്ഥിതി വിഭിന്നമായിരുന്നില്ല. നൂറ്റാണ്ടുകൾ നീണ്ട പീഡാനുഭവങ്ങളിലൂടെ വളർന്ന ചരിത്രമാണ് അവിടെയും സഭയുടേത്. അക്കാലത്തു റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നല്ലോ പേർഷ്യയും. പ്രഗത്ഭരായ ദൈവശാസ്ത്രജ്ഞരുടെയും ആത്മീയാചാര്യന്മാരുടെയും
നീണ്ട നിര ദൃശ്യമാണെങ്കിലും അവിടെ പീഡകൾക്കു തെല്ലും കുറവുണ്ടായിരുന്നില്ല. നാലാം നൂറ്റാണ്ടു മുതൽ എക്കാലവും ഇത്തരത്തിൽ ക്രൂരപീഡനങ്ങളേറ്റു വാങ്ങിയതിന്റെ കഥകൾ ഈ ദേശത്തെ സഭകളുടെ ചരിത്രത്തിന്റെ ഭാഗമാണ്.
ഭരണവർഗ്ഗത്തിന്റെ താത്പര്യങ്ങൾക്കപ്പുറം ദൈവഹിതത്തോടും ഭരണാധികാരികളുടെ ഇംഗിതങ്ങൾക്കപ്പുറം ധാർമ്മികതയോടുമുള്ള വിധേയത്വം ജീവിതം കൊണ്ടു പ്രഖ്യാപിച്ചവരാണു രക്തസാക്ഷികൾ. ദൈവേച്ഛയ്ക്കു വിരുദ്ധമായ തീരുമാനങ്ങൾ സർക്കാരുകൾ കൈക്കൊള്ളുമ്പോൾ വിധേയത്വത്തോടെ സ്വീകരിക്കാൻ ക്രൈസ്തവനു കഴിയുകയില്ല. വിശ്വാസത്തിനും ധാർമ്മികതയ്ക്കും എതിരായ നിയമങ്ങൾക്കു മുൻപിൽ തലകുനിക്കാൻ നമുക്കു കഴിയുകയില്ല. ജനാധിപത്യ രാജ്യത്തിൽ നിയമപരമായ മാർഗ്ഗങ്ങളിലൂടെത്തന്നെ അവയെ പ്രതിരോധിക്കാൻ നമുക്കു സാധിക്കേണ്ടതുണ്ട്. അതു ഫലപ്രദമാകുന്നില്ലെങ്കിൽ ദൈവഹിതം ലംഘിക്കുന്നതിനേക്കാൾ ശിക്ഷയേറ്റു വാങ്ങാൻ തയ്യാറാവണം. രക്തസാക്ഷികളെല്ലാം ഈ മാർഗ്ഗത്തെ ആവേശത്തോടും ആനന്ദത്തോടും
കൂടി ആശ്ലേഷിച്ചവരാണ്.
കേവലം ഭൗതികകാര്യങ്ങളിൽ സീസറിന്റെ (സർക്കാരിന്റെ) നിയമങ്ങൾ പാലിക്കാൻ നാം ബാദ്ധ്യസ്ഥരാണ്. പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ സുസ്ഥിതിയും സമാധാനവും ഉറപ്പു വരുത്താൻ അതു കൂടിയേ തീരൂ. സീസറിനുള്ളതു സീസറിനു നല്കണമെന്നുതന്നെയാണല്ലോ നമുക്കു
നല്കപ്പെട്ടിരിക്കുന്ന നിർദ്ദേശവും. സിവിൽ നിയമമനുസരിക്കാൻ നാം ബാദ്ധ്യസ്ഥരാകുമ്പോഴും ജനാധിപത്യരാജ്യങ്ങളിൽ നിയമ
നിർമ്മാണപ്രക്രിയയിൽ ഉത്തരവാദിത്വപൂർവ്വം പങ്കുചേരുവാനും തെറ്റായ നിയമങ്ങളെ എതിർക്കുവാനും പൗരന്മാർക്കു ഗൗരവമായ കടമയുണ്ട്. രാജഭരണത്തിൽ അതിനുള്ള സാധ്യതകൾ കുറവാണ്. എങ്കിലും തെറ്റായ നിയമങ്ങളെ ചെറുക്കാനുള്ള ധാർമ്മിക കടമ നിറവേറ്റാൻ അവിടെയും പരിശ്രമങ്ങളുണ്ടാകേണ്ടതാണ്.
മതസ്വാതന്ത്ര്യം പൂർണ്ണമായും അംഗീകരിക്കുന്ന രാജ്യങ്ങളിൽ സർക്കാർ മതകാര്യങ്ങളിൽ ഇടപെടാറില്ല. മതപരമായ കാര്യങ്ങൾ മതങ്ങൾത്തന്നെ കൈകാര്യം ചെയ്യുന്നതാണ് ഇവിടെ പൊതുവിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന നിലപാട്. ഇത്തരം രാജ്യങ്ങളിൽ മതപരമായ കാര്യങ്ങളിൽ രാഷ്ട്രീയ ഭരണകർത്താക്കളുടെ കൈകടത്തലുകൾ വിരളമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. വിശ്വാസസംബന്ധിയായ കാര്യങ്ങളിന്മേലുള്ള കടന്നുകയറ്റങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അവയെ ചെറുക്കാനും നിയമങ്ങൾ രൂപീകൃതമായാൽ അവയ്ക്കു വിധേയരാകാതെ രക്തസാക്ഷിത്വം വരിക്കുവാനും ഒരുക്കമായിരുന്ന രീതിയാണു വിശ്വാസികൾ എന്നും സ്വീകരിച്ചിട്ടുള്ളത്.
ഇതിലൊരു മാറ്റം പ്രകടമായതു നവോ
ത്ഥാനകാലം മുതലാണ്. നവോത്ഥാന നേതാക്കളിൽ പലരും ദൈവനിഷേധികളായിരുന്നു. ഭൂരിപക്ഷ പ്രവണതകൾക്കനുസൃതമായി മതകാര്യങ്ങളും ക്രമീകരിക്കാനാണ് അവർ താത്പര്യപ്പെട്ടത്. ആപേക്ഷികതാവാദം (relativism) അടിസ്ഥാനപ്രമാണമായി കരുതുന്ന ഇക്കൂട്ടർ പൊതുജനാഭിപ്രായത്തിനാണു പ്രാമുഖ്യം നല്കിയത്. ദൈവവിശ്വാസമില്ലാത്തിടത്തു മതങ്ങളുടെ പ്രസക്തിയെക്കുറിച്ചു പറയേണ്ടതില്ലല്ലോ. മതവിശ്വാസങ്ങളെ അവഗണിച്ചുകൊണ്ടുള്ള നിയമനിർമ്മാണങ്ങളിലേക്കു രാഷ്ട്രീയാധികാരികൾ ചുവടുവച്ചതും ഇവിടെയാണ്.ഇതു തന്നെയാണ് ഇന്നത്തെ പല പ്രശ്‌നങ്ങളുടെയും അടിസ്ഥാനമെന്നും പറയാം. രാഷ്ട്രീയ തീരുമാനങ്ങളിൽ മതവും മതവിശ്വാസങ്ങളും അപ്രസക്തമാകുന്നിടത്ത് എല്ലാം സീസറിനു വിധേയമാവുകയാണ്. മതപരമായ ആചാരങ്ങളെയും ചിട്ടവട്ടങ്ങളെയും അവഗണിക്കുന്ന പ്രവണത അനുദിനം പ്രബലമാവുകയാണെന്നതാണു വാസ്തവം.
മതരഹിത സമൂഹമോ?
നവോത്ഥാനത്തിനു മുൻപു മതനിഷ്പക്ഷതയായിരുന്നു പല ജനാധിപത്യരാജ്യങ്ങളുടെയും നിലപാട്. വിവിധ മതങ്ങളുടെ സംഗമഭൂമിയായ നമ്മുടെ രാജ്യവും ഭരണഘടനാപരമായിത്തന്നെ മതനിഷ്പക്ഷതയ്ക്ക് ഊന്നൽ നല്കുന്നു. മതം രാഷ്ട്രീയത്തിലിടപെടുന്നതു നമ്മുടെ മതേതരത്വ കാഴ്ചപ്പാടുകൾക്കിണങ്ങുന്നതല്ല. രാഷ്ട്രീയ അധികാരം മതകാര്യങ്ങളിൽ കൈകടത്തുന്നതാകട്ടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനു വിരുദ്ധവുമാണ്. ഇന്നിപ്പോൾ ഏറിവരുന്ന ദൈവനിഷേധവും ആപേക്ഷികതാവാദവുമൊക്കെ ആളുകളെ ആഴത്തിൽ സ്വാധീനിക്കുകയും മതവിരുദ്ധതയിലേക്കു നയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്. വിഭിന്ന അഭിപ്രായങ്ങളിൽ അവസാനതീർപ്പു കല്പിക്കാനുള്ള അവകാശം സർക്കാരുകളെ ഭരമേല്പിച്ചുകൊണ്ട് സകലതിനേയും രാഷ്ട്രീയാധികാരവിധേയമാക്കാനുള്ള ചില തത്പരകക്ഷികളുടെ ത്വര അപകടകരമാണെന്നു പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. വിശ്വാസകാര്യങ്ങളിൽ മതങ്ങളുടെയും വിശ്വാസികളുടെയും താത്പര്യങ്ങൾക്കാണു പ്രഥമ പരിഗണന നല്‌കേണ്ടത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഭൗതികവാദം മതപരമായ കാര്യങ്ങളോടുള്ള ബഹുമാനവും ആദരവും നഷ്ടമാക്കുന്നതിനിടയാക്കുന്നു. ഭരണകർത്താക്കൾ മാത്രമല്ല നിയമജ്ഞർപോലും നിയമത്തിനു പുനർവ്യാഖ്യാനങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണല്ലോ. മാധ്യമ അതിപ്രസരവും സ്വാധീനവും ഭൗതികതയ്ക്കു നല്കുന്ന വലിയ പ്രോത്സാഹനവും കണ്ടില്ലെന്നു നടിക്കാനാവില്ല. മതന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന മാധ്യമങ്ങളുടെ രഹസ്യ അജണ്ടകൾ രാജ്യത്തിന്റെ ഭരണഘടന നല്കുന്ന സ്വാതന്ത്ര്യങ്ങളെപ്പോലും മാനിക്കുന്നില്ലെന്നതും ഖേദകരമാണ്. ന്യൂനപക്ഷമതവിഭാഗങ്ങളുടെ ആരാധനാലയങ്ങളടക്കം ആക്രമിക്കപ്പെടുകയും ഗോവധത്തിന്റെ പേരിൽ അനേകരുടെ ജീവൻ ഹനിക്കപ്പെടുകയും ചെയ്യുന്ന വാർത്തകൾക്കിന്നു പഞ്ഞമില്ല. മതവിശ്വാസങ്ങളുടെ പേരു പറഞ്ഞാണ് ഈ അക്രമങ്ങളെങ്കിലും മതത്തിന്റെ മറപിടിച്ചുള്ള കപടരാഷ്ട്രീയം ഇതിനു പിന്നിലുണ്ട്. രാഷ്ട്രീയ അധികാരം നേടിയെടുക്കാനും നിലനിർത്താനുമുള്ള കുത്സിതനീക്കമെന്നോണം മതവർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടു വിശ്വാസകാര്യങ്ങളെപ്പോലും വലിച്ചിഴയ്ക്കുന്ന പ്രവണത ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് ഒട്ടും യോജിച്ചതല്ല. മുത്തലാക്ക്, ശബരിമലയിലെ സ്ത്രീ പ്രവേശനം തുടങ്ങിയവയെല്ലാം ഗവൺമെന്റ് ചർച്ച ചെയ്യുകയാണല്ലോ. കുമ്പസാര രഹസ്യവുമായി ബന്ധപ്പെട്ടു സഭാനിയമങ്ങൾക്കുപരിയായി സർക്കാർ
നിയമം കൊണ്ടുവരണമെന്ന ആവശ്യങ്ങളും ചിലർ പ്രകടമാക്കിയിട്ടുണ്ട്.
ഇങ്ങനെയുള്ള കാര്യങ്ങൾ മതവിശ്വാസികൾ ചർച്ചചെയ്യുകയും ശരിയായ നിലപാടു
കൾ ഉറപ്പിക്കുകയും അവയ്ക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടതാണ്. മതസ്വാതന്ത്ര്യം മൗലികാവകാശമാണെന്നും അതിനുവേണ്ടി എന്നും നിലകൊള്ളുമെന്നും നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതാണ്.
(തുടരും…)