വിവാഹത്തിനൊരുക്കമായുള്ള അന്വേഷണ ഫോറം പൂരിപ്പിക്കാനുള്ള ഉത്തരവാദിത്വം ആർക്ക്?

വിവാഹ കർമ്മത്തിനുമുമ്പ് പാലിക്കേണ്ട എല്ലാ കാര്യങ്ങളെയും സംബന്ധിച്ച് സഭയുടെ നിയമം വിശദമായ നിബന്ധനകൾ നല്കുന്നുണ്ട്. ആധുനികലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അസ്വാസ്ഥ്യങ്ങൾ തരണം ചെയ്യുവാൻ കുടുംബജീവിത സംവിധാനം പ്രേരകമായി തീരുന്നുവെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു (ഏട. 47). വിവാഹത്തിനൊരുക്കമായി മൂന്നു തലങ്ങളിൽ നടപ്പാക്കേണ്ട ഒരുക്കത്തെ സംബന്ധിച്ച് 1996-ൽ കുടുംബങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ ഒരു പ്രമാണരേഖ പ്രസിദ്ധീകരിച്ചു. അതിൽ, വിവാഹ ഒരുക്കത്തെ ‘വിശ്വാസത്തിന്റെ യാത്ര’യെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
വിവാഹ ഒരുക്ക നടപടികൾ വിവാഹ കർമ്മത്തോടെ അവസാനിപ്പിക്കേണ്ടതല്ലെന്നും ദമ്പതികളുടെ പരിശീലനം ജീവിതത്തിലുടനീളം നടക്കേണ്ടതാണെന്നും
പ്രസ്തുത രേഖ വ്യക്തമാക്കുന്നു. വിവാഹത്തിനുമുമ്പ് നടത്തപ്പെടുന്ന പരിപാടികൾ ഏറ്റവും ഫലവത്താകുന്നത് വിവാഹിതരാകുന്നവരെ പ്രത്യേകമായും, വ്യക്തിപരമായി വിലയിരുത്തപ്പെടുന്ന ഒരു സംവിധാനം ഉണ്ടാകുമ്പോഴാണ്. അതിന് ഫലപ്രദമായി പങ്കുവഹിക്കുന്നവരാണ് ദമ്പതികളുടെ വികാരിമാർ.
വിവാഹിതരാകുന്നവരെ സംബന്ധിച്ച് ഗൗരവപൂർണ്ണമായ ഒരു വിലയിരുത്തൽ ലഭിക്കുന്ന സംവിധാനമാണ് വിവാഹത്തിനുമുമ്പ് അവർ പൂരിപ്പിച്ചു നല്‌കേണ്ട
”വിവാഹത്തിനൊരുക്കമായുള്ള അന്വേഷണ ഫോറം”. ഇത് ഉത്തരവാദിത്വത്തോടെ പൂരിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നത് ഓരോ ഇടവകവികാരിയുമാണ്. അദ്ദഹത്തിന്റെയോ, നിശ്ചയിക്കപ്പെട്ട മറ്റു വൈദികന്റെയോ സാന്നിദ്ധ്യത്തിൽ വേണം മേൽ പറഞ്ഞ ഫോറം പൂരിപ്പിക്കുവാൻ. എന്നാൽ, സ്വയം അത് നിർവ്വഹിക്കാൻ സാധിക്കാതെവന്നാൽ വികാരിയച്ചൻ നേരിട്ടോ, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം മറ്റു വൈദികരോ ഈ ഉത്തരവാദിത്വം നിർവ്വഹിക്കുന്നു. എന്നാൽ മേൽ പറഞ്ഞവരുടെ സാന്നിദ്ധ്യത്തിലല്ലാതെ ഫോറം പൂരിപ്പിക്കുന്ന രീതി ഒരിയ്ക്കലും ഉണ്ടാകരുത്. വിവാഹിതരാകുന്നതിൽ ഒരാൾ അകത്തോലിക്കനോ അക്രൈസ്തവനോ ആണെങ്കിൽ, കത്തോലിക്കാ ജീവിതപങ്കാളിയുടെ വികാരിയ്ക്ക് അത്തരം വ്യക്തികളെ സംബന്ധിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. പൂരിപ്പിക്കപ്പെട്ട ഫോറം ഇടവകയിൽ ഭദ്രമായി സൂക്ഷിക്കപ്പെടുന്ന സംവിധാനം ഉറപ്പാക്കപ്പെടണം. ”വിവാഹത്തിനൊരുക്കമായുള്ള അന്വേഷണഫോറം” പുരിപ്പിച്ചു നല്കുന്നതിന്റെ ഉദ്ദേശ്യം ഓരോ വിവാഹവും സാധുവായും നിയമാനുസൃതമായും നടത്തപ്പെടുന്നു എന്ന് ഉറപ്പാക്കാനാണ്. നിയമപരമായ തടസ്സങ്ങൾ ഒന്നും ഇല്ലാതെ, സ്വതന്ത്രമായും സത്യസന്ധമായും വിവാഹസമ്മതം കൈമാറപ്പെടണം. വികാരിമാർ വ്യക്തിപരമായി വിവാഹ ഒരുക്കധ്യാനം നേരിട്ട് നടത്തുന്നില്ലെങ്കിൽ കൂടി, സാധുവായ വിവാഹത്തിന് തടസ്സമായി എന്തെങ്കിലും നിലനില്ക്കുന്നുവെങ്കിൽ അക്കാര്യം അദ്ദേഹത്തെ അറിയിക്കുവാൻ ഓരോ സഭാംഗത്തിനും കടമയുണ്ട്. സാധുവെന്നും,
നിയമാനുസൃതമെന്നും ഉത്തമബോധ്യമുള്ള സന്ദർഭത്തിൽ മാത്രമേ നിയമപ്രകാരമുള്ള കുറികൾ വിവാഹ കർമ്മത്തോടനുബന്ധിച്ച് നൽകപ്പെടുകയുള്ളു.