സഭയിലെ ശിക്ഷാനടപടികളും ക്രിമിനൽ സ്വഭാവമുള്ള കേസുകളും ചോദ്യങ്ങൾക്കു മറുപടി

പൗരസ്ത്യ സഭകളുടെ നിയമപ്രകാരം ശരിയായ നടപടികൾക്കുശേഷം കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ മാത്രമേ ഒരുവനു ശിക്ഷ നൽകാനാകൂ. ഔദാര്യത്തോടുകൂടി മാത്രമേ സഭ ശിക്ഷാനിയമങ്ങൾ വ്യാഖ്യാനിക്കുകയുള്ളു. കാരണം, സഭയുടെ ശിക്ഷകൾ ഔഷധമാണ് (medicinal penalties). ശിക്ഷാർഹന്റെ അനുതാപത്തിലേയ്ക്കുള്ള തിരിച്ചുവരവ് സഭ ആഗ്രഹിക്കുന്നു. തിരുത്തലും ശാസനയും വേണ്ട വിധത്തിൽ ഫലം ചെയ്യാതെ വരുമ്പോൾ ജീവിതത്തിൽ മാറ്റം വരുത്തുന്നതിന് സഭാപരമായ ശിക്ഷാനടപടികൾ ആവശ്യമാണ്. കുറ്റക്കാരൻ നവീകൃതനാകുകയും, പരിഹാരം വേണ്ടത്ര ചെയ്യുകയും, രാഷ്ട്ര നിയമമനുസരിച്ച് ആവശ്യത്തിന് ശിക്ഷിക്കപ്പെട്ടിരിക്കുകയോ, ശിക്ഷിക്കപ്പെടുമെന്ന് മുൻകൂട്ടി കാണപ്പെടുകയോ ചെയ്യുന്നുവെങ്കിൽ, ശിക്ഷ ചുമത്തുന്നതിൽ നിന്നും ഒഴിവാക്കുകയോ ലഘുവായ ശിക്ഷ ചുമത്തുകയോ ചെയ്യാം.
ക്രിമിനൽ സ്വഭാവമുള്ള കേസുകളെ സംബന്ധിച്ച് സഭയുടെ നിലപാടെന്താണ്? ഇത്തരം കേസുകളിൽ സഭാനിയമപരമായ നടപടികളും രാഷ്ട്ര നിയമ
മനുസരിച്ചുള്ള നടപടികളും ഒരുപോലെ സ്വീകരിക്കപ്പെടാം. ഉദാഹരണമായി, വൈദീക ശുശ്രൂഷിയായ ഒരാൾ നടത്തുന്ന നരഹത്യ (homicide) കേവലം സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതിൽ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. നിലവിലിരിക്കുന്ന നിയമം അനുസരിച്ച് അത്തരം വ്യക്തികൾ ശിക്ഷാനടപടികൾക്ക് വിധേയമാകേണ്ടിവരും. ദൈവജനത്തിന്റെ എല്ലാ കാര്യങ്ങളും സഭാ നിയമമനുസരിച്ചല്ല നിയന്ത്രിക്കപ്പെടുന്നത്. സഭാ നിയമങ്ങൾ ഒരിക്കലും ദൈവീകനിയമങ്ങൾക്ക് എതിരാകാൻ പാടില്ല.
സഭയിലെ ശിക്ഷകൾ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങൾ തക്കതായ ഭരണാധികാരിക്കു നൽകപ്പെടുന്ന ഒരു പരാതിയോടുകൂടി ആരംഭിക്കുന്നു. ഇതുതന്നെയാണ് രാഷ്ട്രനിയമപ്രകാരവും സംഭവിക്കുന്നത്. സർക്കാർ സംവിധാനങ്ങളായ പോലീസ് വിഭാഗം പോലുള്ള സംവിധാനങ്ങൾ സഭയ്ക്കില്ലാത്തതിനാൽ, രൂപതാമെത്രാൻ നേരിട്ടോ, മറ്റ് നിയമിതരാകുന്ന വ്യക്തികളിലൂടെയോ അന്വേഷണദൗത്യം നിർവ്വഹിക്കുന്നു. സഭാ നിയമപ്രകാരമുള്ള പല സംഗതികളും, രാഷ്ട്രനിയമമനുസരിച്ച് ക്രിമിനൽ സ്വഭാവം ഉള്ളതല്ല. പൊതു നന്മയെ കരുതി, രൂപതയിലെ വിശ്വാസസംരക്ഷകൻ (promoter of justice) കൊടുക്കുന്ന പരാതിപ്രകാരം സഭയിൽ ശിക്ഷാ നടപടികൾ ആരംഭിക്കാം. അന്വേഷണ തലം പൂർത്തിയാകുമ്പോൾ, വചാരണ നടപടികളിലേയ്‌ക്കോ ഭരണനിർവ്വഹണപരമായ നടപടികളിലേയ്‌ക്കോ രൂപതാ മെത്രാൻ പ്രവേശിക്കുന്നു. തെറ്റ് ആവർത്തിക്കപ്പെടാനുതകാത്തതും നവീകരണത്തിലേയ്ക്ക് തെറ്റു ചെയ്യുന്നവരെ നയിക്കുന്നതുമായ ഔഷധീയമായ ആത്മീയ ശിക്ഷയാണ് സഭ നൽകുന്നത്. ആത്മാക്കളുടെ രക്ഷയാണല്ലോ, സഭാനിയമത്തിന്റെ പരമമായ ലക്ഷ്യം.