വിശുദ്ധ അൽഫോൻസ (1910-1946) തിരുനാൾ: ജൂലൈ-28

നൊവിഷ്യേറ്റ്
അൽഫോൻസായുടെ രോഗം തുടർന്നാൽ നൊവിഷ്യേറ്റ് നടക്കുമോ എന്ന് അധികാരികൾ ശങ്കിച്ചു. നിത്യവ്രതവാഗ്ദാനത്തിനു മുമ്പുള്ള നൊവിഷ്യേറ്റ് അതികർക്കശവും അന്തിമവുമാണ്. ഒരു പൂർണ്ണ സന്ന്യാസിനിയാകാൻ ഈ കടമ്പ കടക്കണം. ഏതായാലും 1935 ഓഗസ്റ്റിൽ ചങ്ങനാശേരി ക്ലാരമഠത്തിൽ നടന്ന നൊവിഷ്യേറ്റിൽ അൽഫോൻസ ചേർന്നു. രോഗം വർദ്ധിച്ചു. അൽഫോൻസയെ തിരിയെ ഭരണങ്ങാനത്തിനു വിടണമോ എന്ന് അധികാരികൾ സംശയിച്ചു. നൊവിഷ്യേറ്റിൽ നിന്ന് ഒരാളെ തിരിച്ചയയ്ക്കണമെങ്കിൽ മെത്രാന്റെ അനുവാദം വേണം. അധികാരികൾ വിവരം കാളാശേരിപ്പിതാവിനെ അറിയിച്ചു. അവൾ അവിടെ
തുടർന്നുകൊള്ളട്ടെ എന്നായിരുന്നു പിതാവിന്റെ മറുപടി. ഈ നൊവിഷ്യേറ്റിൽ രോഗികളായി നാലു പേരാണുണ്ടായിരുന്നത്. മറ്റു മൂന്നു പേരെയും പിരിച്ചയച്ചു. അൽഫോൻസ തുടർന്നു.
ചാവറയച്ചൻ പ്രത്യക്ഷപ്പെടുന്നു
ഏഴെട്ടുമാസം രോഗിണിയായി മരണമാത്രയിലെത്തിയിരുന്ന അൽഫോസയ്ക്ക് ചികിത്സകളൊന്നും ഫലിച്ചില്ല. അവളുടെ ആദ്ധ്യാത്മിക നിയന്താവായിരുന്ന പെരുമാലിൽ ളൂയീസച്ചൻ (സി.എം.ഐ) അന്ന് ഒരു പുണ്യാത്മാവായി കരുതപ്പെട്ടിരുന്ന ചാവറയച്ചനോട് ഒരു നൊവേന പ്രാർത്ഥന തുടങ്ങാൻ അവളോടു നിർദ്ദേശിച്ചു. നൊവേനയുടെ അവസാനദിവസം പാതിരാവിൽ ചാവറയച്ചൻ പ്രത്യക്ഷപ്പെട്ട് അവൾക്ക് പൂർണ്ണസൗഖ്യം നൽകി. പിന്നീട് അവൾക്ക് രക്തസ്രാവം ഉണ്ടായതേയില്ല. ഇങ്ങനെ ഈ കഠിന രോഗത്തിൽ നിന്ന് വിമുക്തയായെങ്കിലും മറ്റു പല രോഗങ്ങളാൽ അവൾ പീഡിപ്പിക്കപ്പെടുമെന്ന് ചാവറയച്ചൻ അറിയിച്ചു. പിറ്റേന്ന് അൽഫോൻസ ചാപ്പലിൽ പോയി പരി. കുർബാനയിൽ സംബന്ധിച്ച്, ദിവ്യകാരണ്യം സ്വീകരിച്ചു. ഈ സംഭവം രഹസ്യമായി സൂക്ഷിക്കണമെന്ന് അവൾ തന്റെ ആഗ്രഹം വെളിപ്പെടുത്തി.
നിത്യവ്രതവാഗ്ദാനം
അങ്ങനെ ഏതാണ്ട് 26-ാം വയസ്സിൽ – 1936 ഓഗസ്റ്റ് 12-ാം തീയതി അൽഫോൻസയുടെ നിത്യവ്രതവാഗ്ദാനം ചങ്ങനാശേരി മഠത്തിന്റെ ചാപ്പലിൽ വച്ചു നടന്നു. അൽഫോൻസ തന്റെ ജീവിതലക്ഷ്യം നേടി. രണ്ടു ദിവസങ്ങൾക്കു ശേഷം മാതൃഭവനമായ ഭരണങ്ങാനം മഠത്തിൽ അവൾ എത്തിച്ചേർന്നു.
ലോകത്തിൽ അജ്ഞാതയായി അവൾ ജീവിച്ചു. സ്‌നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനും അവൾ ആഗ്രഹിച്ചില്ല. കീർത്തിയും ബഹുമാനവും നേടാൻ അവൾ ശ്രമിച്ചില്ല. ഈശോയുടെ തിരുഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാലയിലെ ഒരു പൊരിയായിത്തീരും വരെ തന്നെ എളിമപ്പെടുത്തേണമേ എന്നവൾ പ്രാർത്ഥിച്ചു. വിശുദ്ധ കുർബാനയോടുള്ള അവളുടെ ഭക്തി തീവ്രമായിരുന്നു. നീണ്ട മണിക്കൂറുകൾ ദിവ്യകാരുണ്യനാഥന്റെ മുമ്പിൽ അവൾ ചെലവഴിച്ചിരുന്നു. ഈശോയുടെ അമ്മയെ തന്റെ അമ്മയായി അവൾ സ്‌നേഹിച്ചു. ഭക്ഷണത്തിൽ മിതത്വം അവൾ പാലിച്ചു.
ജീവൻ നിലനിർത്താൻവേണ്ടതു മാത്രം അവൾ ഭക്ഷിച്ചു. അവളുടെ ഭക്തിയെല്ലാം കപടമാണെന്നു പറഞ്ഞവർക്കുവേണ്ടി അവൾ പ്രാർത്ഥിച്ചു. ശത്രുസ്‌നേഹത്തിന്റെ ഉദാത്തമായ മാതൃക. ഈശോയുടെ പാടുപീഡകളോട് ചേർത്ത് സ്വന്തം സഹനങ്ങൾ അവൾ കാഴ്ചവച്ചു.
പനിയും ചുമയും കഫവും
അവൾ വീണ്ടും രോഗത്തിന്റെ പിടിയിലായി: പനിയും ചുമയും കഫവും വിട്ടുമാറാതെ. ക്ഷയമെന്നുള്ള സംശയവും ഭയവും എല്ലാവർക്കുമുണ്ടായി. വിദഗ്ദ്ധ പരിശോധനയിൽ ക്ഷയമല്ലെന്നു തീർച്ചയായി. പിന്നെ, പ്രാർത്ഥന മാത്രം ശരണം. വിശുദ്ധ കൊച്ചുത്രേസ്യയോടും ചാവറയച്ചനോടുമുള്ള നൊവേനയുടെ അന്ത്യത്തിൽ
പൂർണ്ണ സുഖം ലഭിച്ചു. അവർ രണ്ടും പ്രത്യക്ഷപ്പെട്ട് തനിക്കു രോഗസൗഖ്യം നൽകിയെന്ന് അവൾ പറഞ്ഞു. രോഗാവസ്ഥയിലും തന്നെ സന്ദർശിക്കുന്നവരെ നോക്കി അവൾ സ്‌നേഹപൂർവ്വം പുഞ്ചിരിക്കുമായിരുന്നു. അവളുടെ പ്രസന്നത ഒരിക്കലും അവളെ വിട്ടകന്നില്ല.
കള്ളനെ കണ്ട് ഭയന്നു
1940 ഒക്‌ടോബറിലെ ഒരു സായംസന്ധ്യ, അൽഫോൻസാമ്മ തന്റെ മുറിയിൽ കടന്ന ഒരു കള്ളനെക്കണ്ട് പേടിച്ചരണ്ടുപോയി. മാനസികനില നഷ്ടപ്പെട്ട അവൾ പൂർവ്വസ്ഥിതിയിലെത്താൻ ഒരു വർഷമെടുത്തു. അപ്പോൾ ഇതാ ഒരത്ഭുതം! താൻ ഒരിക്കലും പഠിച്ചിട്ടില്ലാത്ത തമിഴ്ഭാഷ വായിക്കാനും വ്യാഖ്യാനിക്കാനും അവൾക്കു കഴിഞ്ഞു. പരിശുദ്ധാത്മാവിന്റെ ഒരു ദാനമായിരുന്നു ആ ഭാഷാവരം.
പരുവും വ്രണവും
വീണ്ടും രോഗം. ഉദരഭാഗത്തുണ്ടായ ഒരു പരു വ്രണമായി പരന്നു. അസഹനീയമായ
വേദന. ഇടയ്ക്കിടെ ഛർദ്ദിയും. ഭക്ഷണം പോലും കഴിക്കാനാവാതെ അൽഫോൻസാമ്മ തീരെ അവശനിലയിലായി. 1941 സെപ്റ്റംബർ 30-ന് അവൾ തനിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു. വി. കൊച്ചുത്രേസ്യയുടെ ചരമദിനത്തിലുണ്ടായ ഈ രോഗശാന്തി അവൾ നേരത്തെ പ്രവചിച്ചിരുന്നതാണ്. അതും ഒരത്ഭുതമായിരുന്നു. ഇതുപോലുള്ള അത്ഭുതങ്ങളും അവളുടെ പ്രാർത്ഥനാസഹായം തേടിയിരുന്നവർക്കു ലഭിച്ചുകൊണ്ടിരുന്ന അനുഗ്രഹങ്ങളും അവളിൽ കുടികൊണ്ടിരുന്ന ദൈവിക ശക്തി വെളിപ്പെടുത്തി. അവളുടെ ആദ്യത്തെ ആദ്ധ്യത്മികനിയന്താവായിരുന്ന ളൂയീസച്ചനും പിന്നീടുവന്ന റോമുളൂസച്ചനും കൂടിയാണ് പുണ്യപൂർണ്ണതയുടെ പാതയിൽ അവളെ നയിച്ചത്. രണ്ടുപേരും കർമ്മലീത്ത വൈദികരായിരുന്നു.
ളൂയീസച്ചൻ നേരത്തെ അന്തരിച്ചു. അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി
പ്രഖ്യാപിക്കുന്നത് കേൾക്കാനുള്ള ഭാഗ്യം റോമുളൂസച്ചനുണ്ടായി.
കഠിനമായ പാരവശ്യം
അവസാനകാലത്ത് തുടരെ അൽഫോൻസാമ്മയ്ക്ക് പാരവശ്യമുണ്ടാവുക പതിവായി.
സന്തോഷവും അവൾ അനുഭവിച്ചിരുന്നു. ”എനിക്കു സഹിക്കുവാൻ ശക്തിയില്ല” എന്ന് ഒരിക്കൽ അവൾ സങ്കടപ്പെട്ടു പറഞ്ഞു. ”വേഗം മരിക്കാൻ വേണ്ടി പ്രാർത്ഥിക്കട്ടെയോ” എന്ന് റോമുളൂസ് അച്ചനോട് അവൾ ചോദിച്ചു. ”ദൈവഹിതം അതാണെങ്കിൽ” എന്ന് കൂട്ടിച്ചേർത്തു പ്രാർത്ഥിക്കാൻ അദ്ദേഹം പറഞ്ഞു.
വിടവാങ്ങൽ
1946 ജൂലൈ 28 ഞായർ. അന്നു രാത്രിയിലത്തെ അന്തിമപാരവശ്യത്തോടെ താൻ മരിക്കുമെന്ന് അൽഫോൻസാമ്മ മുൻകൂട്ടി പറഞ്ഞിരുന്നു. രാത്രി 12 മണി. ഭിത്തിയിലെ വ്യാകുലമാതാവിന്റെ രൂപത്തിൽ നോക്കി, ”എന്റെ മാതാവേ, എന്റെ അമ്മേ” എന്ന് അവൾ ഉരുവിട്ടു. മരണാസന്നയുടെ മുഖം പ്രഭാപൂരിതവും പ്രസന്നവുമായി. ”എനിക്കു പോകാനുള്ള സമയമായി. നല്ല ഉടുപ്പ് എന്നെ അണിയിക്കുവിൻ” എന്ന് സുബോധത്തോടെ അവൾ ആവശ്യപ്പെട്ടു.
വൈദികൻ അന്ത്യലേപനം നൽകി. ഒരു ചിറകടി ശബ്ദവുമില്ലാതെ അവളുടെ ആത്മാവ് സ്വർഗ്ഗത്തിലേക്ക് പറന്നുയർന്നു.
ഒരു പ്രവചനം നിറവേറുന്നു
സംസ്‌കാരച്ചടങ്ങുകളുടെ ഭാഗമായി ബഹു, റോമുളൂസച്ചൻ ചെയ്ത പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു: ”ഇവൾ വസിച്ച കന്യാമഠം ഭാഗ്യപ്പെട്ടത്. ഇവളുടെ പൂജ്യശരീരം അടക്കം ചെയ്യപ്പെടുന്ന ഈ ഭരണങ്ങാനം ഗ്രാമം ഭാഗ്യപ്പെട്ടത്. ദൈവം തിരുമനസ്സാകുന്നെങ്കിൽ ഈ ഭരണങ്ങാനം ഭാരതത്തിലെ ലിസ്യൂ ആയി പരിണമിക്കും. കേരളത്തിന്റെ എന്നല്ല, ഭാരതത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് തീർത്ഥാടകർ ഇവിടെയെത്തും. ഭാരതത്തിലെ മെത്രാന്മാരെന്നല്ല, കർദ്ദിനാളന്മാർ തന്നെ ഇന്ന് അജ്ഞാതമായ ഈ കന്യകയുടെ കുഴിമാടം സന്ദർശിച്ചു പ്രാർത്ഥിക്കും.”
ഈ പ്രവചനം അക്ഷരംപ്രതി നിറവേറിക്കഴിഞ്ഞു. ഭരണങ്ങാനം ഭാരതലിസ്യൂ ആയി മാറിക്കഴിഞ്ഞു. ഇന്ന് അവൾ സ്വർഗ്ഗത്തിൽ നിന്ന് അനുഗ്രഹങ്ങൾ ചൊരിയുന്നു. 1986 ഫെബ്രുവരി 8-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ കോട്ടയത്തുവച്ച് അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2007 ജൂൺ 1-ന് ബനഡിക്റ്റ് 16-ാമൻ മാർപ്പാപ്പാ അൽഫോൻസാമ്മയെ വിശുദ്ധയാക്കുന്ന രേഖയിൽ ഒപ്പുവച്ചു. 2008 ഒക്‌ടോബർ 12-ാം തീയതി അവൾ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.
ഉപസംഹാരം
സ്‌നേഹത്തോടെയുള്ള സഹനം – ഇതായിരുന്നു അൽഫോൻസാമ്മയുടെ വിശുദ്ധിയുടെ രഹസ്യം. അവൾ ഒരു മിസ്റ്റിക്കായിരുന്നു. സ്‌നേഹിക്കുക എന്നതാണ് തന്റെ ദൈവവിളിയെന്ന് അവൾ മനസ്സിലാക്കി. തന്റെ ഹൃദയം മുഴുവൻ സ്‌നേഹമാണെന്ന് അവൾ പറയുമായിരുന്നു. അവൾ ദൈവത്തെയും മനുഷ്യരെയും അകമഴിഞ്ഞു സ്‌നേഹിച്ചു. തന്റെ സ്വർഗ്ഗീയ മണവാളന്റെ പീഡാസഹനം അവളെ ആഴത്തിൽ സ്പർശിച്ചു. അവിടുത്തെപ്രതി എത്ര വേണമെങ്കിലും സഹിക്കാൻ അവൾ ആഗ്രഹിച്ചു. മറ്റുള്ളവരുടെ സഹനങ്ങൾ ഏറ്റെടുക്കാനും അവൾ തയ്യാറായി. എളിമ സുകൃതങ്ങളുടെ രാജ്ഞിയാണെന്ന് അവൾ മനസ്സിലാക്കി. ജീവിതം മുഴുവൻ അവൾ പ്രാർത്ഥനായജ്ഞമാക്കി. സർവോപരി, അവൾ നിഷ്‌കളങ്കയും നിർമ്മലയുമായിരുന്നു. നമുക്ക് അവളുടെ മാദ്ധ്യസ്ഥ്യം യാചിക്കാം, വിശുദ്ധ
ജീവിതം നയിക്കാം.