കൈത്താക്കാലം ആറാം വെള്ളിയാഴ്ച പൗരസ്ത്യസുറിയാനി പാരമ്പര്യത്തിൽപ്പെട്ട സഭകൾ വിശ്രുത സഹദായായ മാർ ശെമയോൻ ബർസബായുടെ ദുക്‌റാന ആദരപൂർവ്വം കൊണ്ടാടുന്നു. പേർഷ്യൻ സാമ്രാജ്യത്തിലെ ഇരട്ടനഗരങ്ങളായ സെലൂഷ്യ-സ്റ്റെസിഫോണിന്റെ കാതോലിക്കോസായിരുന്ന മാർ ശെമയോൻ ഒരു അപൂർവവ്യക്തിയായിരുന്നു. ഒരേ സമയം വിജാതീയനായ പേർഷ്യൻ ചക്രവർത്തി സാപ്പൂർ രണ്ടാമന്റെ ആത്മമിത്രമായിത്തീരാനുള്ള നയതന്ത്രവും, അതേ സമയം തന്നെ ഭരമേല്പ്പിച്ചിരിക്കുന്ന അജഗണത്തെ മിശിഹായുടെ ആലയിൽ ഒരുമിപ്പിച്ചുനിറുത്താനുള്ള ഇടയധർമ്മവും അദ്ദേഹത്തിന് ഒരുപോലെ വശമായിരുന്നു.
സെലൂഷ്യ-സ്റ്റെസിഫോണിലെ പ്രഥമ കാതോലിക്കോസായിരുന്ന ‘മാർ പാപ്പാ’യുടെ ആർച്ചുഡീക്കനായി ശുശ്രൂഷ ചെയ്തിരുന്ന കാലയളവിൽ പേർഷ്യയിൽ ചിതറിക്കിടന്നിരുന്ന സഭാസമൂഹങ്ങളെ പൊതു നേതൃത്വത്തിന് കീഴിൽ കൊണ്ടുവരാനുള്ള യത്‌നങ്ങളിൽ ശെമയോൻ മുഖ്യപങ്ക് വഹിച്ചിരുന്നു. പിന്നീട് ‘മാർപാപ്പാ’യുടെ പിൻഗാമിയായി അഉ 327-ൽ അദ്ദേഹം കാതോലിക്കോസായി സ്ഥാനമേറ്റു. പൗരസ്ത്യസുറിയാനിസഭയുടെ ആരാധനക്രമ
പരിഷ്‌ക്കർത്താക്കളിൽ ഒന്നാമനായി മാർ ശെമയോൻ പരിഗണിക്കപ്പെടുന്നു. ആരാധനാസമൂഹത്തെ രണ്ട് ഗണമായി തിരിച്ച് പ്രാർത്ഥനകൾ മാറി മാറി ചൊല്ലുകയും പാടുകയും ചെയ്യുന്ന രീതി നടപ്പിലാക്കിയത് അദ്ദേഹമാണ്. നമ്മുടെ ദൈവാരാധനാശുശ്രൂഷകളിൽ നിരന്തരം ആവർത്തിക്കപ്പെടുന്ന ഉത്ഥാനഗീതം (ലാകുമാറാ../സർവാധിപനാം കർത്താവേ…) അദ്ദേഹം രചിച്ചതാണന്ന് പറയപ്പെടുന്നുണ്ട്. മറ്റ് പല ആരാധനാഗീതങ്ങളുടെയും കർതൃത്വം അദ്ദേഹത്തിൽ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകളില്ല.
സൊരാസ്ട്രിയൻ മതവിശ്വാസക്കാരായിരുന്നെങ്കിലും പേർഷ്യൻ ചക്രവർത്തിമാർ തങ്ങളുടെ രാജ്യത്ത് സഭക്ക് സ്വാതന്ത്ര്യവും ക്രിസ്ത്യാനികൾക്ക് സംരക്ഷണവും നല്കി
പോന്നിരുന്നു. എന്നാൽ അവരുടെ ആജന്മശത്രുക്കളായിരുന്ന റോമൻ ചക്രവർത്തിമാർ നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സഭക്ക് സ്വാതന്ത്ര്യം നല്കുകയും ക്രൈസ്തവമതത്തെ റോമായുടെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ മാറി. പേർഷ്യയിൽ ക്രിസ്ത്യാനികൾ സാപ്പൂർ ചക്രവർത്തിമാരുടെ കണ്ണിൽ കരടായി. അവരെ വിദേശികളായും ശത്രുരാജ്യത്തിന്റെ ചാരന്മാരായും കരുതാനാരംഭിച്ച ചക്രവർത്തിമാർ അവരുടെ ജീവിതം ദുഃസഹമാക്കുവാൻ പലതരത്തിലും പരിശ്രമിച്ചു. പേർഷ്യൻ ചക്രവർത്തിയായിരുന്ന സാപ്പൂർ രണ്ടാമന്റെ ബാല്യകാല സുഹൃത്തും സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയായ സെലൂഷ്യ-സ്റ്റെസിഫോണിന്റെ കാതോലിക്കോസുമായിരുന്നിട്ടുപോലും മാർ ശെമയോൻ റോമാക്കാരുടെ ചാരനാണെന്ന ആരോപണം അവർ ശക്തമാക്കി. രാജസന്നിധിയിലേക്ക് അദ്ദേഹം വിളിക്കപ്പെട്ടു. തന്റെ മുന്നിലെത്തിയ കാതോലിക്കോസിനോട് സാപ്പൂർ രണ്ട് കാര്യങ്ങൾ ആവശ്യപ്പട്ടു. 1) തന്റെ സംരക്ഷണത്തിലുള്ള സഭാമക്കളിൽ നിന്ന് ഇരട്ട നികുതി പിരിച്ച് രാജഖജനാവിലെത്തിക്കുക 2) ഏകദൈവവിശ്വാസത്തിൽനിന്ന് സഭാവിശ്വാസികളെ പിന്തിരിപ്പിച്ച് സൂര്യദേവന്റെ ആരാധകരാക്കുക. ഈ രണ്ട് ഉത്തരവുകളും തൃണവത്ഗണിച്ച കാതോലിക്കോസ് താൻ രാജാവിന്റെ ചുങ്കം പിരിവുകാരനല്ല, മറിച്ച് കർത്താവിന്റെ അജഗണത്തിന്റെ ഇടയനാണന്ന് സധൈര്യം രാജസമക്ഷം പ്രഖ്യാപിച്ചു. തന്റെ സുഹൃത്തായ ചക്രവർത്തിക്ക് അദ്ദേഹം നല്കിയ മറുപടി നൂറ്റാണ്ടുകൾക്ക് ശേഷം ഇന്നും നമ്മിൽ തീക്ഷണതയുണർത്തും.
ദൈവത്തിന്റെ ജനമായ എന്റെ സഹോദരങ്ങളുടെമേൽ ഒരധികാരിയാകാൻ നീ എന്നെ നിർബന്ധിക്കരുതേ. എന്റെ അധികാരം ഭൗമികരാജാക്കന്മാരിൽനിന്നല്ല, മറിച്ച് സ്വർഗ്ഗീയ രാജാവിൽനിന്നാണ്…കഠിനവും കൈപ്പേറിയതുമായ നികുതിക്കുവേണ്ടി എന്റെ ജീവിതം മരണത്തിൽ നിന്ന് കാത്തുസൂക്ഷിക്കുവാനോ ദൈവത്തിന്റെ ദാസരുടെ ജീവിതം പണയം വയ്ക്കാനോ എനിക്ക് ഇടയാകാതിരിക്കട്ടെ. എന്റെ ജനത്തിനുവേണ്ടി ഞാനെന്റെ രക്തം നല്കും. എന്റെ ആടുകൾക്കുവേണ്ടി വാളിനുകീഴിൽ ഞാനെന്റെ കഴുത്ത് കുനിക്കാം.
താനും തന്റെ ജനവും സത്യദൈവത്തെ തള്ളിപ്പറഞ്ഞ് സൂര്യനെ ആരാധിക്കണമെന്നുള്ള രാജകല്പനയും മാർ ശെമയോൻ വിഗണിച്ചു. അദ്ദേഹം രാജാവിനോട് ഇപ്രകാരം പറഞ്ഞു: ”ഞങ്ങൾ ഞങ്ങളുടെ ശരീരങ്ങളും വസ്തുക്കളും വീടുകളും നിങ്ങൾക്ക് തരാം. എന്നാൽ ഞങ്ങളുടെ ആത്മാക്കളെ തരില്ല”. കോപിഷ്ടനായ ചക്രവർത്തി ”ആടിന്റെ ചൂരുള്ള ഇടയനാ”ണ് മാർ ശെമയോനെന്ന് തിരിച്ചറിഞ്ഞ് കാതോലിക്കോസിന്റെ മനസ്സിളക്കാനായി അവസാനത്തെ അടവും പ്രയോഗിച്ചു. ജനത്തിനുവേണ്ടി അവരുടെ ഇടയനായ മാർ ശെമയോൻ മാത്രം സൂര്യനെ ആരാധിച്ചാൽ ജനത്തെ താൻ സ്വതന്ത്രമാക്കാമെന്ന് ചക്രവർത്തി ഉറപ്പ് നല്കി. എന്നാൽ സൂര്യാരാധന തന്റെ യുക്തിക്ക് തെല്ലും നിരക്കാത്തതാണന്ന് കാതോലിക്കോസ് ധൈര്യപൂർവം മറുപടി നല്കി.
എന്റെ നാഥനായ രാജാവേ എന്റെ എല്ലുകൾ ചുട്ടുചാമ്പലാക്കാനുള്ള കല്പന അങ്ങ് പുറപ്പെടുവിച്ചാലും ഈ കല്പന ഞാൻ അനുസരിക്കില്ല. ബുദ്ധിയുള്ള ഞാൻ ബുദ്ധിയില്ലാത്ത ഒന്നിനെ ആരാധിക്കില്ല. ജീവനുള്ള ഞാൻ മരിച്ച ഒന്നിനെ ആരാധിക്കില്ല. രാജകോപത്തിനിരയായ കാതോലിക്കോസിന്റെ കൺമുൻപിലിട്ട് അദ്ദേഹത്തിന്റെ അഞ്ച് സഹോദരമെത്രാന്മാരെയും നൂറിലധികം വൈദികരേയും ശിരഛേദം ചെയ്യാൻ രാജാവ് കല്പന പുറപ്പെടുവിച്ചു. കാതോലിക്കോസാകട്ടെ അതിശക്തമായ പ്രബോധനത്തിലൂടെ തന്റെ സഹോദരരെ വിശ്വാസത്തിലുറപ്പിച്ച് രക്തസാക്ഷിത്വം വരിക്കാൻ ധൈര്യം പകർന്നു. മാർ ശെമയോൻ തന്റെ അജഗണങ്ങളെ മുഴുവൻ വിളിച്ചുകൂട്ടി പറഞ്ഞു: ഭയപ്പെടരുത്… നിങ്ങൾക്ക് വേണ്ടി കർത്താവീശോ സഹിച്ച നിന്ദനങ്ങൾ കാണുവിൻ. അവന്റെ സ്ലീവായെ
പരിഗണിക്കുവിൻ. ഒരിക്കലും കൊടുത്തുവീട്ടാൻ കഴിയാത്ത കടമാണ് നിങ്ങൾക്കവനോടുള്ളത്. അതുകൊണ്ട് കഴിവുള്ളടത്തോളം നമുക്കത് കൊടുത്തുവീട്ടാം. തികച്ചും അപര്യാപ്തമെങ്കിലും നമ്മുടെ മരണം അവന്റെ മരണത്തിന് പകരമായി നല്കാം. തങ്ങളുടെ ഇടയന്റെ ധീരനേതൃത്വത്തിൽ ധൈര്യം കൈവരിച്ച ആ സഭാസമൂഹത്തിലെ മെത്രാന്മാരും വൈദികരും ഉൾപ്പെടുന്ന നൂറോളം പേർ കാതോലിക്കോസ് നോക്കിനിൽക്കെ AD 341 ലെ പെസഹാവ്യാഴാഴ്ച രക്തസാക്ഷിത്വം വരിച്ചു. തന്റെ ഊഴം കാത്തിരുന്ന കാതോലിക്കോസാകട്ടെ പിറ്റേന്ന് പീഡാനുഭവ വെള്ളിയാഴ്ചയായതിനാൽ മിശിഹായുടെ മരണത്തിൽ അവൻ മരിച്ച അതേ സമയത്ത് പങ്കുചേരാനാഗ്രഹിച്ചുകൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു: ”നീ സഹിച്ച ഈ ദിനത്തിൽ, ഈ നാഴികയിൽ തന്നെ ഈ കാസ സ്വീകരിക്കുവാനും ഇതിൽ നിന്ന് കുടിക്കുവാനും എനിക്ക് യോഗ്യത നല്കണമേ. കർത്താവിന്റെ ദിനത്തിൽ അവൻ കൊല്ലപ്പെട്ടുവെന്ന് തലമുറകൾ പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”. ശെമയോന്റെ പ്രാർത്ഥനകൾ കേൾക്കപ്പെട്ടു. അവന്റെ ദൈവത്തെപ്പോലെ അവനും നീസാൻ മാസം 14-ാം തീയതി വെള്ളിയാഴ്ച 9-ാം മണിക്കൂറിൽ സ്വന്തം ജനത്തിനുവേണ്ടി തന്റെ ജീവൻ നല്കി. സഹദായായിതീർന്ന തങ്ങളുടെ മെത്രാൻ സത്യവിശ്വാസത്തിന്റെ ഉരകല്ലാണെന്ന് തിരിച്ചറിഞ്ഞ ജനം അദ്ദേഹത്തിൽ ശെമയോൻ കേപ്പായെ ദർശിച്ചു. അവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു, ”ഞങ്ങളുടെ ശെമയോൻ കേപ്പാ ഞങ്ങളിൽനിന്ന് എടുക്കപ്പെട്ടു. നിന്നെപ്പോലൊരു മേല്പ്പട്ടക്കാരനെ ഞങ്ങൾക്ക് ഇനി ആര് നൽകും?” അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിക്കപ്പെട്ട ആ നാഴികയിൽ ഈശോയുടെ മരണത്തിൽ സംഭവിച്ചതുപോലെതന്നെ സൂര്യൻ മറയ്ക്കപ്പെടുകയും ഭൂമിയിൽ ഇരുൾ വ്യാപിക്കുകയും ചെയ്തു. വിജയിച്ചുകൊണ്ടല്ല, പരാജയപ്പെട്ടുകൊണ്ട് വിജയപ്രഭതൂകിയ, കൊന്നുകൊണ്ടല്ല മറിച്ച് മരിച്ചുകൊണ്ട് സ്വന്തം ജനത്തെ സ്വതന്ത്രമാക്കിയ, ഈ വിശ്രുത സഹദാ പൗരസ്ത്യസുറിയാനി സഭയുടെ ഹൃദയത്തിലെ ജ്വലിക്കുന്ന സ്മരണയാണ്. നമ്മുടെ ആരാധനക്രമത്തിൽ നാം ഉപയോഗിക്കുന്ന ചില ഉദറാന (സഹായാഭ്യർത്ഥന)കളിൽ നാം ഈ മേല്പ്പട്ടക്കാരന്റെ മാദ്ധ്യസ്ഥ്യം തേടുന്നുണ്ട്. ‘ബർ- സബാ’ എന്ന വാക്കിന്റെ അർത്ഥം ‘വസ്ത്രങ്ങൾക്ക് നിറം പൂശുന്നവരുടെ മകൻ’ എന്നാണ്. ശെമയോന്റെ മാതാപിതാക്കൾ ഒരു പക്ഷേ രാജാക്കന്മാർക്ക് ചുവപ്പ് പട്ടുവസ്ത്രങ്ങൾ നിർമ്മിച്ച് നല്കുന്നവരായിരുന്നിരിക്കും. എന്നാൽ മാർ ശെമയോനാകട്ടെ തന്റെ ആത്മാവിന്റെ അങ്കികൾ തന്റെ തന്നെ രക്തത്തിൽമുക്കി സ്വർഗ്ഗരാജ്യത്തിനുവേണ്ടി ശോഭയാർന്നവയാക്കി. മിശിഹായ്ക്ക് സാക്ഷ്യം വഹിക്കേണ്ടത് എങ്ങനെയെന്ന് സ്വന്തം പേരും, ജീവിതവും, മരണവുമാകുന്ന മഹാഗ്രന്ഥങ്ങൾ തുറന്നുവച്ച് സഭാമക്കളെ ഇന്നും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന വിശ്രുത മല്പാനായ ഈ മേല്പ്പട്ടക്കാരന്റെ ഓർമ്മകൾ വിശ്വാസത്തിനുവേണ്ടി ഇന്നും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സഭയിലെ പുത്തൻതലമുറകളിൽ ആവേശവും, ആദരവും നിറക്കുന്നു.