ആനന്ദിച്ച് ആഹ്ലാദിക്കുവിൻ3 ഫ്രാൻസിസ് മാർപ്പാപ്പായുടെ പുതിയ ശ്ലൈഹിക പ്രബോധനം

വിശുദ്ധിയുംടെ രണ്ടു ദുർഗ്രഹ ശത്രുക്കൾ
രണ്ടാം അദ്ധ്യായത്തിന്റെ പ്രമേയം വിശുദ്ധിയുടെ രണ്ടു സൂക്ഷ്മ ശത്രുക്കളെക്കുറിച്ചാണ്. മാർപ്പാപ്പായുടെ വീക്ഷണത്തിൽ പഴയ രണ്ടു പാഷണ്ഡതകളാണിവ: ജ്ഞാനവാദവും പെലാജിയനിസവും. വിശുദ്ധിയുടെ രണ്ടു വ്യാജരൂപങ്ങളാണിവ. സഭയുടെ ജീവിതത്തിൽ ആദ്യനൂറ്റാണ്ടുകളിൽതന്നെ പ്രത്യക്ഷപ്പെട്ട രണ്ടു പാഷണ്ഡതകളുടെ പുനഃപ്രവേശനമാണു നാം ഇവയിൽ കാണുന്നത്.
ജ്ഞാനവാദം
ജ്ഞാനവാദം ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ദർശനങ്ങൾക്കു കടക വിരുദ്ധമായ നിലപാടാണ്. കാരണം, ക്രൈസ്തവ വിശ്വാസം സഭാത്മകമാണ്.
മാർപ്പാപ്പാ പറയുന്നതുപോലെ നാം വിശുദ്ധി പ്രാപിക്കുന്നതും രക്ഷിക്കപ്പെടുന്നതും ഒറ്റയ്ക്കല്ല. മറിച്ച് ദൈവത്തെ അംഗീകരിക്കുകയും വിശുദ്ധിയിൽ അവിടുത്തെ സേവിക്കുകയും ചെയ്യാൻകഴിയുന്ന ഒരു ജനതയെന്ന നിലക്കാണ്. അതുപോലെ മനുഷ്യൻ പൂർണ്ണത കണ്ടെത്തുന്നതും കൈവരിക്കുന്നതും ഒരു ജനതയുടെ ഭാഗമായി നില്ക്കുമ്പോഴാണ്. ഒരു വ്യക്തി തന്നെത്തന്നെ യഥാർത്ഥത്തിൽ കണ്ടെത്തുന്നതും പൂർണ്ണത നേടുന്നതും ഒരു ജനതയുടെ ഭാഗമായാണ്. ദൈവംതന്നെയും ഒരു ജനതയുടെ ജീവിതത്തിലേക്കും ചരിത്രത്തിലേക്കും പ്രവേശിച്ചാണ് രക്ഷാകരചരിത്രത്തിന്റെ പാത തുറന്നത് (6).
എന്നാൽ ജ്ഞാനവാദം അടിസ്ഥാനപരമായി വ്യക്തിനിഷ്ഠമായ വിശ്വാസമാണ്. ഈ ചിന്താധാര ഒരു വ്യക്തിയെ സ്വന്തം ചിന്തകളിലും വികാരങ്ങളിലും തളച്ചിടുന്നു. ജ്ഞാനവാദികളെ സംബന്ധിച്ചിടത്തോളം ‘അറിവാണ്’ എല്ലാത്തിനും മാനദണ്ഡമാകുന്നത്. മറ്റുള്ളവരെ വിധിക്കുന്നതിനും ദൈവത്തിന്റെ നിഗൂഢ പദ്ധതികളെ തള്ളിക്കളയുന്നതിനും അറിവിന്റെ അഹന്തയാൽ നയിക്കപ്പെടുന്ന ഇവർ പ്രലോഭിതരാകുന്നു. ജ്ഞാനവാദത്തിനു വഞ്ചനാത്മകമായ ഒരു ആകർഷണീയത ഉണ്ട്; കാരണം അതിനു കാർക്കശ്യത്തിന്റെയും (strict) വശ്യതയുടെയും ഒരു മൂടുപടമുണ്ട് (38). എന്നാൽ യാഥാർത്ഥത്തിൽ ഇത്തരക്കാർ മതത്തെ സ്വന്തം കാര്യസാധ്യത്തിനായും മനഃശാസ്ത്രപരമോ ബൗദ്ധികമോ ആയ സ്വന്തം സിദ്ധാന്തങ്ങളെ വളർത്താൻവേണ്ടിയും ഉപയോഗിക്കുന്ന വ്യാജ പ്രവാചകരായിരിക്കാം. അവർക്ക് ഈശോമിശിഹായെക്കൂടാതെ ദൈവവും സഭയെക്കൂടാതെ മിശിഹായും ജനതയെക്കൂടാതെ സഭയും പ്രിയപ്പെട്ടതാകാം (37). ”അറിവില്ലാത്ത ജനക്കൂട്ടത്തെക്കാൾ” തങ്ങൾ മെച്ചപ്പെട്ടവരാണെന്നു ചിന്തിക്കുന്ന ജ്ഞാനവാദികൾക്കു രക്ഷയുടെ മാർഗ്ഗം ജ്ഞാനത്തിന്റെ – അറിവിന്റെ ആഴമാണ്, ദൈവസ്‌നേഹത്തിന്റെയും പരസ്‌നേഹത്തിന്റെയും മാനദണ്ഡമല്ല (37). എന്നാൽ ശരിയായ അറിവ് ദൈവസ്‌നേഹത്തോട് കൂടുതൽ ക്രിയാത്മകമായി പ്രത്യുത്തരിക്കാൻ ഒരുവനെ പ്രചോദിപ്പിക്കുന്നതാകണം. കാരണം, അറിവ്
ജീവിതത്തെ പൂർണ്ണമാക്കുവാൻ സഹായിക്കുന്നതാകണം. അതുകൊണ്ടുതന്നെ മാർപ്പാപ്പാ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: ”നിങ്ങൾ ജീവിക്കുവാൻവേണ്ടിയാണ് പഠിക്കുന്നത്; ദൈവസ്‌നേഹവും വിശുദ്ധിയും അവിഭാജ്യഘടകങ്ങളാണ്” (45). വി. ബൊനവന്തൂരയെ (Bonaventure) ഉദ്ധരിച്ചുകൊണ്ട് പാപ്പാ സമർത്ഥിക്കുന്നു: യഥാർത്ഥ ക്രൈസ്തവ ജ്ഞാനം പരസ്‌നേഹത്തിന്റെ പ്രമാണത്തിൽനിന്ന് ഒരുവനെ വേർപെടുത്തുന്നില്ല. കാരണം, ”സാധ്യമായ ഏറ്റവും വലിയ ജ്ഞാനം നമുക്കു നല്കാവുന്നതു ഫലപ്രദമായി പങ്കുവയ്ക്കുകയെന്നതാണ്. …കാരുണ്യപ്രവർത്തനങ്ങളും ഭക്തിയുംപോലെ, ധ്യാനത്തോട് ഐക്യപ്പെട്ട്, അതിനെ തടയാതെ അതു സുഗമമാക്കുന്ന പ്രവർത്തനങ്ങളുണ്ട്” (46).
സമകാലീന പെലാജിയനിസം
വിശുദ്ധ ജീവിതത്തെ തടസ്സപ്പെടുത്തുന്നതും ഇന്നത്തെ മനുഷ്യനെ വഴിതെറ്റിക്കുന്നതുമായ രണ്ടാമത്തെ കാര്യം/പാഷണ്ഡത സമകാലീന പെലാജിയനിസമാണ്. അബദ്ധ സിദ്ധാന്തമായ ജ്ഞാനവാദത്തിന്റെ മറ്റൊരു പതിപ്പാണിത്. കാരണം, ജ്ഞാനവാദം മനുഷ്യബുദ്ധിയിൽ രക്ഷയുടെ അടിസ്ഥാനം കണ്ടെങ്കിൽ പെലാജിയനിസം മാനുഷിക ഇച്ഛാശക്തിയിൽ (will) രക്ഷയുടെ ആധാരം കണ്ടെത്തുന്നു. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ദൈവിക
രഹസ്യങ്ങളുടെയും കൃപാവരത്തിന്റെയും പ്രവൃത്തികളെക്കാളുപരി സ്വന്തം ശക്തിയും പ്രവൃത്തികളുമാണു രക്ഷയുടെ അടിസ്ഥാനം. പാപ്പായുടെ കാഴ്ചപ്പാടിൽ നവീന പെലാജിയന്മാർ സ്വന്തം കർമ്മങ്ങളെ നീതീകരണത്തിന്റെ ഉറവിടമാക്കുകയും മനുഷ്യന്റെ ഇച്ഛയെയും കഴിവുകളെയും രക്ഷാകരമായി കരുതി ആരാധിക്കുകയും ചെയ്യുകയാണ്. ഇതിന്റെ ഫലം, ദൈവസ്‌നേഹത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും അഭാവത്തിൽ, സ്വാർത്ഥകേന്ദ്രീകൃതവും വരേണ്യബോധപരവുമായ ഒരു ആത്മസംതൃപ്തിയാണ് (49,57).
സഭയുടെ പ്രബോധനങ്ങളുടെയും പാരമ്പര്യങ്ങളുടെയുംവെളിച്ചത്തിൽ പെലാജിയനിസത്തിന്റെ പൊള്ളത്തരം പാപ്പാ വ്യക്തമാക്കുന്നു. കാരണം, മനുഷ്യന്റെ പ്രവൃത്തികൾകൊണ്ടോ പരിശ്രമങ്ങൾകൊണ്ടോ അല്ല, മറിച്ച് എപ്പോഴും മുകൈ എടുക്കുന്ന കർത്താവിന്റെ കൃപാവരം മൂലമാണു നാം നീതീകരിക്കപ്പെടുന്നത് (52). എന്തെന്നാൽ ”ശൂദ്ധീകരിക്കപ്പെടാനുള്ള ആഗ്രഹം
പോലും നമ്മിൽ ഉണ്ടാകുന്നത് പരിശുദ്ധാത്മാവിന്റെ പ്രവാഹവും പ്രവർത്തനവും വഴിയാണ്” (53). കാരണം, കൃപാവരദാനം മാനുഷിക ബുദ്ധിയേയും ഇച്ഛാശക്തിയേയും അതിശയിക്കുന്നു. പെലാജിയനിസമെന്ന അപകടത്തെ, അതു ഏതു രൂപം സ്വീകരിച്ചാലും, നാം അതിജീവിക്കണമെങ്കിൽ സുവിശേഷത്തിന്റെ ഹൃദയമായ സ്‌നേഹത്തിന്റെ നിയമത്തിലധിഷ്ഠിതമായ ജീവിതം നയിക്കണം (60). കാരണം, സർവ്വ നിയമങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും രണ്ടു മുഖങ്ങൾ കാണുവാനാണ് സുവിശേഷം ഒരുവനെ ക്ഷണിക്കുന്നത്: ദൈവപിതാവിന്റെയും സഹോദരന്റെയും മുഖങ്ങൾ. ഒരു പടികൂടി കടന്നു പാപ്പാ പറയും: ”കൂടുതൽ നന്നായി പറഞ്ഞാൽ, ഒറ്റമുഖം, അതായത്, അനേകം മുഖങ്ങളിൽ പ്രതിഫലിക്കുന്ന ദൈവത്തിന്റെ മുഖം” (61). ഈലോക ജീവിതത്തിൽ ഒരുവൻ സ്വന്തമാക്കേണ്ടതും കാത്തു സൂക്ഷിക്കേണ്ടതുമായ സമ്പത്ത് കർത്താവും ഒരുവന്റെ അയല്ക്കാരനുമാണ്!
(തുടരും…)