കൂനൻകുരിശ് സത്യത്തിനു ശേഷം (തുടർച്ച)

0
235

1653 ജനുവരി 3-ന് നടന്ന കൂനൻകുരിശ് സത്യത്തിനുശേഷം ആർച്ചുഡീക്കനും വൈദികരും ജനങ്ങളും ഇടപ്പള്ളിയിൽ സമ്മേളിച്ചു. അവിടെവച്ച് ആർച്ചുഡീക്കന്റെ ആലോചനക്കാരിൽ ഒരാളായ ഇട്ടിത്തൊമ്മൻ കത്തനാർ, ജനങ്ങളെ ഈശോസഭാ വൈദികരിൽ നിന്നും പിന്തിരിപ്പിക്കാനായി മാർ അഹത്തള്ളായുടെ പേരിൽ ഒരു കത്ത് വായിച്ചു. ഫെബ്രുവരി 5-ാം തീയതിയാണ് കത്ത് വായിച്ചത്. ഇതിലൂടെ ആർച്ചുഡീക്കന് താല്ക്കാലികമായി മെത്രാന്റെ ചില അധികാരങ്ങൾ മാർ അഹത്തള്ളാ നല്കിയിട്ടുണ്ടെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. അമ്പതുനോമ്പിനുശേഷം ഇടപ്പള്ളിയിൽ സമ്മേളിക്കാം എന്ന തീരുമാനത്തോടെയാണ്, ഇടപ്പള്ളി സമ്മേളനം പിരിഞ്ഞത്. ആലങ്ങാട്ടു ചേർന്ന എണ്ണായിരത്തോളം പേരുടെ യോഗം തോമ്മാ ആർച്ചുഡീക്കനെ, താല്ക്കാലിക മെത്രാനാക്കണമെന്ന നിഗമനത്തോടെ പിരിഞ്ഞു. മൂന്നു മാസത്തിനുശേഷം മെയ് 22-ാം തീയതി പെന്തക്കുസ്താ തിരുനാളിൽ ആലങ്ങാട്ടുപള്ളിയിൽ 12 വൈദികർ ചേർന്ന് ആർച്ചുഡീക്കനെ മെത്രാന്റെ അധികാരം ഔദ്യോഗികമായി ഏല്പിച്ചു. പാത്രിയാർക്കീസ്, ഇതിനുവേണ്ട അധികാരം നൽകുന്നതായുള്ള കത്ത്, ഇട്ടിത്തൊമ്മൻ കത്തനാർ പരസ്യപ്പെടുത്തി സംശയനിവാരണം നടത്തി. ഇട്ടിത്തൊമ്മൻ കത്തനാരുടെ കൈവശം ഉണ്ടെന്നു പറയുന്ന കത്തനുസരിച്ച് വൈവാഹിക കാര്യങ്ങളിലും, മറ്റ് സഭാ ശിക്ഷകളിൽനിന്ന് മോചനവും അനുവാദവും നൽകുവാനുള്ള ‘അധികാരം’ ആർച്ചുഡിക്കന് ഇതിനകം ലഭിക്കുന്നുണ്ട്.
ആർച്ചുഡീക്കൻ ‘മാർത്തോമ്മാ ഒന്നാമൻ’ 1653 മെയ് 2-ന് 12 വൈദികർ ചേർന്ന് ആർച്ചുഡീക്കൻ തോമസ് പറമ്പിലിന്റെ ശിരസ്സിൽ കൈകൾ വച്ച് മാർത്തോമ്മാ നസ്രാണികളുടെ ഭരണചുമതല ഔദ്യഗികമായി അദ്ദേഹത്തെ ഏല്പിച്ചു. ഈ കർമ്മം ഒരു മെത്രാഭിഷേകമായിരുന്നോ? വാഴിച്ച വൈദികർക്കോ വാഴിയ്ക്കപ്പെട്ട തോമ്മാ ആർച്ചുഡീക്കനോ ആർച്ചുഡീക്കൻ മെത്രാനാണെന്ന ബോദ്ധ്യം ഉണ്ടായിരുന്നോ? ഭരണ സംബന്ധമായ അധികാരങ്ങൾ ഒരാളിൽ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു. ആർച്ചുഡീക്കന് പരമ്പരാഗതമായുണ്ടായിരുന്ന അധികാരങ്ങൾ വീണ്ടും അദ്ദേഹത്തിൽ നിക്ഷേപിക്കുന്നതിന്റെ പ്രത്യേക ചടങ്ങ് മാത്രമായിരുന്നു ഈ കൈവയ്പ് എന്നു ചിന്തിക്കുന്നവരുമുണ്ട്. ഇട്ടിത്തൊമ്മൻ കത്തനാർ ഇടപ്പള്ളിയിൽ അഹത്തള്ളായുടേതായി കാണിച്ച എഴുത്തിലും ‘പട്ടം കൊടുക്കുക’ ‘വിശുദ്ധ തൈലം കൂദാശ ചെയ്യുക’ മുതലായ സ്ഥാനോചിത ശുശ്രൂഷകൾ നടത്തരുതെന്ന നിബന്ധനയോടുകൂടി താല്ക്കാലികമെത്രാനായി തോമ്മാ ആർച്ചുഡീക്കനെ നിയമിച്ചിരിക്കുന്നതായാണ് കാണുന്നത്. മിക്കവാറും എല്ലാ ഇടവകകളിലും തന്നെ ആർച്ചുഡീക്കനെ തങ്ങളുടെ വൈദിക മേലദ്ധ്യക്ഷനായി സ്വീകരിച്ചു. ആരെയും അനുകൂലിക്കാത്ത വേറൊരു ഗ്രൂപ്പും രൂപം കൊണ്ടു. ആർച്ച്ബിഷപ്പ് ഫ്രാൻസിസ് ഗാർസ്യായുടെ പിന്നിൽ വളരെ കുറച്ചുപേർ നിലകൊണ്ടു. ചില ഫ്രാൻസിസ്‌കൻ സന്ന്യാസികളും ആർച്ചുഡിക്കന്റെ പിന്നിലുണ്ടായിരുന്നു. ആർച്ചുഡീക്കന്റെ ‘മെത്രാൻ പട്ടം’ അസാധുവാണെന്ന ബോദ്ധ്യം എല്ലാവർക്കും ഉണ്ടായിരുന്നുവെന്നതാണ് പിന്നീടുള്ള ചരിത്രസംഭവങ്ങളിൽ നിന്നും നാം മനസ്സിലാക്കുന്നത്. (തുടരും…)