പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ (ശൂനായത്തിരുനാൾ)

പരിശുദ്ധ കത്തോലിക്കാസഭയും ഓർത്തഡോക്‌സ് സഭയും ഒന്നുപോലെ, വലിയ ഭക്തിയോടും ആദരവോടുംകൂടി ആഘോഷിക്കുന്ന തിരുനാളാണ് ഓഗസ്റ്റ് 15-ാം തീയതി കൊണ്ടാടുന്ന മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുന്നാൾ. സീറോ മലബാർ സഭയുടെ പാരമ്പര്യമായ പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ച് മാതാവിന്റെ സ്വർഗ്ഗാരോപണത്തെ സൂചിപ്പിക്കുവാൻ ‘ശൂനായ’ എന്ന സുറിയാനി വാക്കാണ് ഉപയോഗിക്കുന്നത്. ഈ വാക്കിന്റെ അർത്ഥം ‘മാറ്റം’ എന്നാണ്. പരി.അമ്മയുടെ മരണശേഷം ഈശോ അവളുടെ ആത്മശരീരങ്ങൾ ഈലോകത്തിൽ
നിന്ന് പറുദീസായിലേക്ക് (സ്വർഗ്ഗത്തിലേക്ക്) മാറ്റിയതിനെയാണ് ഇവിടെ ‘ശൂനായ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാൽ സീറോ മലബാർ സഭാപാരമ്പര്യത്തിൽ ഈ തിരുനാളിനെ ശൂനായത്തിരുനാൾ എന്നു വിളിക്കുവാനാകും. ശൂനായത്തിരുനാൾ നാം സാഘോഷം കൊണ്ടാടുന്നുണ്ടെങ്കിലും, മാതാവിന്റെ സ്വർഗ്ഗാരോപണം എങ്ങനെ സംഭവിച്ചു എന്നുള്ളത് ഇന്നും പലർക്കും അഗ്രാഹ്യമായ ഒരു കാര്യമാണ്. ഇതു മനസ്സിലാക്കുവാൻ ഈ തിരുനാൾ ദിവസത്തെ പ്രത്യേക പ്രാർത്ഥനകൾ നാം ശ്രദ്ധിച്ചാൽ മതിയാകും. കാരണം സഭയുടെ വിശ്വാസമെന്ത് എന്നു മനസ്സിലാക്കുവാൻ ഏറ്റവും നല്ല മാർഗ്ഗം അവളുടെ പ്രാർത്ഥനകൾ ധ്യാനിക്കുക എന്നതാണ്. ഇതിനെ സഭ ‘lex orandi lex credendi” എന്നാണു പറയുന്നത്. അതായത്, ”പ്രാർത്ഥനയുടെ നിയമമാണ് വിശ്വാസത്തിന്റെ നിയമം”.
അതിനാൽ, മാതാവിന്റെ സ്വർഗ്ഗാരോപണത്തെ മനസ്സിലാക്കാൻ, നാം ഓഗസ്റ്റ് 15-ാം തീയതിയിലെ യാമപ്രാർത്ഥനകളിലൂടെ ഒരു ചെറു പ്രദക്ഷിണം നടത്തുകയാണ്. ഈ ദിവസത്തെ യാമപ്രാർത്ഥനയിലെ പ്രാർത്ഥനകളിലും ഗീതങ്ങളിലും 4-6
നൂറ്റാണ്ടുകളിൽ വളരെയധികം പ്രചാരത്തിലുണ്ടായിരുന്ന അപ്പോക്രിഫൽ ഗ്രന്ഥങ്ങളുടെയും, മറിയത്തിന്റെ സ്വർഗ്ഗാരോപണത്തെക്കുറിച്ചുള്ള സെറൂഗിലെ യാക്കോബിന്റെ ഒരു ഗീതത്തിന്റെയും സ്വാധീനം വളരെ വ്യക്തമായി കാണുവാൻ സാധിക്കും.
1. മാതാവിന് തന്റെ മരണത്തെക്കുറിച്ചുള്ള അറിയിപ്പ്
സ്വർഗ്ഗാരോപണത്തിരുനാളിലെ ലെലിയാ പ്രാർത്ഥനയിലെ ഒരു ഗീതത്തിൽ ദൈവജനം ഇങ്ങനെ പാടുന്നു:
”താതൻ ചാരെ ചെന്നെത്താൻ
സമയം ചാരേ വന്നെത്തീ മറിയം
മകനോടുണർത്തിച്ചു
ആരവരെ കൊണ്ടെത്തിക്കും
കേപ്പാ, തോമ്മാ, യോഹന്നാൻ
ദൂരത്തെങ്കിലും ആ സഭയിൽ
ശ്ലാമാ നൽകാൻ വന്നെത്തും
ജനകൻ ജനനിയെ അറിയിച്ചു.”
സഭയുടെ പാരമ്പര്യമനുസരിച്ച് ഗബ്രിയേൽ മാലാഖയാണ് മാതാവിന്റെ മരണ
സമയത്തെക്കുറിച്ച് മുന്നറിയിപ്പു നൽകുന്നത്. തന്റെ മരണവാർത്തയറിയുന്ന പരി.മറിയം തന്റെ ഒരു ആഗ്രഹം പുത്രനായ ഈശോയോടു ഉണർത്തിക്കുന്നു. ലോകത്തിന്റെ വിവധ കോണുകളിലേക്കു സുവിശേഷം പ്രസംഗിക്കുവാൻ പോയിരിക്കുന്ന ശ്ലീഹന്മാരെല്ലാവരും തന്റെ മരണക്കിടക്കക്കരുകിൽ വന്നുചേരണമെന്നുള്ളതായിരുന്നു മാതാവിന്റെ ആഗ്രഹം. ഈ ആഗ്രഹം താൻ സാധിച്ചുകൊടുക്കുമെന്ന് ഈശോ തന്റെ മാതാവിനോടു വാഗ്ദാനം ചെയ്യുന്നു.
2. ശ്ലീഹന്മാരുടെ സംഗമം
ലെലിയാപ്രാർത്ഥനയിലെ മുകളിൽ കണ്ട ഗീതം തുടരുന്നത് ഇപ്രകാരമാണ്:
ആദിമസഭയിൽ നിവ്യന്മാർ
പൂരിതമായൊരു റൂഹായാൽ
ശ്ലീഹന്മാരെ വിളിക്കുന്നു
യാത്രയയപ്പാൻ കന്യകയെ
എഫേസൂസൂസിൽ യോഹന്നാൻ
ഭാരതസഭയിൽ തോമ്മായും
റൂഹാ ക്ഷണമുൾക്കൊണ്ടവർ
യാത്ര പുറപ്പെട്ടാഗതരായ്
പരി. റൂഹാ സഭയിൽ പ്രവർത്തനനിരതനാണ് എന്നു വ്യക്തമായി സൂചിപ്പിക്കുന്നതാണ് മുകളിൽ ഉദ്ധരിച്ച ഗീതം. പരി. റൂഹാ ലോകത്തിന്റെ വിവധ ഭാഗങ്ങളിലായി സുവിശേഷപ്രഘാഷണം നടത്തുന്ന ശ്ലീഹന്മാരെ മറിയത്തിന്റെ ആഗ്രഹം അറിയിക്കുകയും അവരെ അത്ഭുതകരമായി മേഘങ്ങളിൽ മാതാവിന്റെ ചാരത്തണയ്ക്കുകയും ചെയ്യുന്നു. മൂന്നു ശ്ലീഹന്മാരുടെ കാര്യം മാത്രമേ നമ്മുടെ യാമപ്രാർത്ഥനയിൽ സൂചിപ്പിച്ചിട്ടുള്ളു. പത്രോസ്, തോമസ്, യോഹന്നാൻ എന്നിവരാണവർ. എന്നാൽ മറ്റു ശ്ലീഹന്മാർ എവിടെയൊക്കെ സുവിശേഷം പ്രസംഗിച്ചുവെന്നും, അവരെല്ലാം മാതാവിന്റെ മരണക്കിടയ്ക്ക് അരികിൽ എത്തിയെന്നും അപ്പോക്രിഫ ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
3. വാനാരൂപികളുടെയും പഴയനിയമ പ്രവാചകരുടെയും ആഗമനം
മറിയത്തിന്റെ മരണസമയത്ത് സ്തുതിഗീതങ്ങൾ ആലപിക്കുവാനാണ് സ്വർഗ്ഗവാസികൾ ഭൂമിയിലേയ്ക്ക് എഴുന്നള്ളുന്നത്. യാമപ്രാർത്ഥനകൾ വിവരിക്കുന്നതിങ്ങനെ:
വാനവദൂതർ സ്രാപ്പേന്മാർ
നാഥൻ കല്പന കൈക്കൊണ്ടു
വാനാരൂപികൾ താഴ്‌ന്നെത്തി
അമ്മയ്‌ക്കൊപ്പം നിലകൊണ്ടു
ആചാര്യന്മാർ നിവ്യന്മാർ
നീതി വിളങ്ങും മാനവരും
ഉയിർപ്രാപിച്ചിങ്ങാഗതരായ്
സ്തുതിഗീതങ്ങൾ പാടുന്നു.
മറിയത്തിന്റെ കബറടക്കത്തിന്റെ ഒരുക്കങ്ങൾ നടത്തുന്നത് മർത്ത്യരല്ല, മറിച്ച് ഈശോ തന്നെയാണെന്ന് യാമപ്രർത്ഥനാഗീതങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈശോയുടെ കല്പനപ്രകാരം വാനാരൂപികളും മാലാഖവൃന്ദങ്ങളും ഭൂമിയിലേക്കു വരികയാണ്. അവരോടൊപ്പം പഴയനിയമത്തിലെ പ്രവാചകന്മാരും നീതിമാന്മാരും അണിചേരുന്നു. ഈറേന്മാരും സ്രാപ്പന്മാരും പ്രവാചകന്മാരും നീതിമാന്മാരും പൂർവ്വ
പിതാക്കന്മാരും അടങ്ങുന്ന സ്വർഗ്ഗീയവൃന്ദം സ്തുതിഗീതങ്ങൾ ആലപിച്ച് മാതാവിന് സ്വർഗ്ഗീയ അനുഭൂതി നൽകുന്നു.
4. രോഗികൾക്ക് സൗഖ്യം
രോഗങ്ങളിൽനിന്നും വ്യാധികളിൽ നിന്നും രക്ഷനേടാൻ മാതാവിന്റെ മാധ്യസ്ഥ്യം സഹായകരമാണ് എന്നു സൂചിപ്പിക്കുന്നത് അവളുടെ മരണക്കിടക്കയ്ക്കരുകിൽ നടന്ന ചില സംഭവങ്ങളാണ്.
വ്യാധികളെല്ലാം നീങ്ങുന്നു
രോഗികൾ ശമനം നേടുന്നു
നാകം പൂകും കന്യകതൻ
പ്രാർത്ഥന തുണയവർക്കേകുന്നു.
പരി. അമ്മയുടെ പ്രാർത്ഥനകൾ സഭാതനയർക്കു കോട്ടപോലെയാണ് എന്നു വ്യക്തമാക്കുകയാണ് ഈ ഗീതം. മറിയത്തിന്റെ മരണസമയത്ത് അവളുടെ അരികിൽ വന്ന് മാധ്യസ്ഥ്യം അപേക്ഷിച്ച രോഗികൾക്കെല്ലാം സൗഖ്യം ലഭിച്ചു എന്നാണ് മാതാവിന്റെ സ്വർഗ്ഗാരോപണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അപ്പോക്രിഫകളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്.
കന്യകാമറിയം സഭയിലുള്ള തന്റെ സകല മക്കൾക്കുംവേണ്ടി ഇന്നും മാധ്യസ്ഥ്യം അപേക്ഷിക്കുകയാണ്. അതുകൊണ്ടാണ് യാമപ്രാർത്ഥനകളിൽ അനേകം തവണ തിരുസുതന്റെ മുമ്പിൽ തങ്ങൾക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ എന്ന് ദൈവജനം അപേക്ഷിക്കുന്നത്.
രോഗങ്ങളിൽനിന്നും ആപത്തുകളിൽ നിന്നും രക്ഷനേടുന്നതിനും, ഫലസമൃദ്ധമായ വിളവു ഭൂമി പ്രദാനം ചെയ്യുന്നതിനും, ആത്മരക്ഷയ്ക്കുതകുന്ന രീതിയിൽ സദ്മാർഗ്ഗത്തിൽ ചരിക്കുന്നതിനും പരി. അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിക്കുന്നത് സഭയുടെ ആദിമപാരമ്പര്യങ്ങളിലൊന്നാണ്.
ദൈവവചനം ഹൃദയത്തിലും ശരീരത്തിലും ഉൾക്കൊണ്ട മറിയത്തിന്റെ പ്രാർത്ഥന പുത്രനായ മിശിഹാ ഉപേക്ഷിക്കുകയില്ല എന്ന വിശ്വാസമാണ് ഈ പാരമ്പര്യത്തിനടിസ്ഥാനം.
5. മാതാവിന്റെ മരണവും കബറടക്കവും
1951 നവംബർ 1-ന് 12-ാം പീയൂസ് മാർപ്പാപ്പാ സ്വർഗ്ഗാരോപണം വിശ്വാസ
സത്യമായി പ്രഖ്യപിച്ചപ്പോൾ, മാതാവിന്റെ സ്വർഗ്ഗീയയാത്ര അവളുടെ മരണം സംഭവിച്ചതിനുശേഷമാണോ, അതോ മരണം സംഭവിക്കാതെയാണോ നടന്നതെന്നു പറയുന്നില്ല. കാരണം ഈ വിശ്വാസപ്രഖ്യാപനത്തിന്റെ പ്രഥമലക്ഷ്യം മാതാവിന്റെ സ്വർഗ്ഗാരോപണമായിരുന്നു, അല്ലാതെ അവളുടെ മരണമായിരുന്നില്ല.
എന്നാൽ സീറോ മലബാർ സഭയുടെ യാമപ്രാർത്ഥനകൾ മർത്ത് മറിയത്തിന്റെ മരണത്തെക്കുറിച്ചും അവളുടെ കബറടക്കത്തെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
രക്ഷകഗാത്രം സംസ്‌കാരം
ചെയ്യും നിക്കൊദെമൂസിൻ
മാതൃക പിഞ്ചെന്നെത്തുകയായ്
യൗവനയുക്തൻ യോഹന്നാൻ
മുകിലിൻ നിരകൾ വാഴ്ത്തുന്നു
നാകം സോദരിയാകുന്നു
ശ്ലീഹർ മേനിയെ ഏറ്റുന്നു
നിവ്യഗണം തുണയേകുന്നു.
മറിയത്തിന്റെ മരണശേഷം നടക്കുന്ന കർമ്മങ്ങളാണ് ഈ ഗീതത്തിൽ വിവരിക്കുന്നത്. ഈശോയുടെ തിരുശരീരം കുരിശിൽ നിന്ന് ഇറക്കിയശേഷം, നിക്കൊദെമൂസ് ആ ശരീരം പൂജ്യമായി സുഗന്ധദ്രവ്യങ്ങൾ പൂശികച്ചകൊണ്ട് മൂടിയതുപോലെ, യോഹന്നാൻ (ഈശോയുടെ മരണശേഷം മറിയത്തെ സംരക്ഷിച്ചത് യോഹന്നാൻ ആണെന്ന് വി. ഗ്രന്ഥവും വി. പാരമ്പര്യവും സാക്ഷ്യപ്പെടുത്തുന്നു), മറിയത്തിന്റെ ദിവ്യശരീരം മൂടുന്നു. ഇതിനുശേഷം ശിഷ്യന്മാരും പ്രവാചകന്മാരും അവളുടെ പാവനശരീരം പ്രദക്ഷിണമായി കല്ലറയിലേയ്ക്കു സംവഹിക്കുന്നു. ഈ സമയം വാനവഗണങ്ങൾ അവളെ വാഴ്ത്തുന്നു. സ്വർഗ്ഗം അവളെ സഹോദരിയായി കാണുന്നു. സ്വർഗ്ഗവും ഭൂമിയും സ്വർഗ്ഗവാസികളും ഭൂവാസികളും ഒത്തൊരുമിച്ച് മറിയത്തിന്റെ മരണത്തിനും കബറടക്കത്തിനും വലിയ ആദരം നൽകുന്ന കാഴ്ചയാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്. എത്ര മനോഹരമായാണ് ഈശോ തന്റെ മാതാവിന്റെ സംസ്‌കാരം ക്രമീകരിച്ചിരിക്കുന്നത്!
6. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേക്കുള്ള മാറ്റം (ശൂനായ)
തന്റെ അമ്മയുടെ ദിവ്യശരീരം ഈ ഭൂമിയിൽ അഴിയുവാൻ ഈശോ അനുവദിച്ചില്ല.
ജീവൻവിളയും മണവറയിൽ
മേനിയുമാത്മാവിനോടൊപ്പം
പ്രഭതൻ വസ്ത്രവുമണിയിച്ച്
സുതനാം നാഥൻ ചേർക്കുന്നു.
നമ്മുടെ കർത്താവായ ഈശോമിശിഹാ പരി. കന്യകാമറിയത്തെ ശരീരത്തോടും ആത്മാവോടും കൂടി സ്വർഗ്ഗീയമണവറയിൽ പ്രവേശിപ്പിച്ചു എന്നാണ് മുകളിൽ ഉദ്ധരിച്ച ഗീതം സൂചിപ്പിക്കുന്നത്. ”മണവറ” എന്ന സ്വർഗ്ഗത്തേയും ”പ്രഭതൻ വസ്ത്ര”മെന്നത് മത്താ. 22,1-14-ൽ കാണുന്ന വിവാഹവിരുന്നിന്റെ ഉപമയിലെ വിവാഹവസ്ത്രത്തെയുമാണ് അർത്ഥമാക്കുന്നത്. സ്വർഗ്ഗീയപ്രവേശനത്തിന്റെ പ്രഭയുടെ/മഹത്ത്വത്തിന്റെ വസ്ത്രം ആവശ്യമാണ്. ആ വസ്ത്രം മാതാവിനു ലഭിച്ചത് ഈശോയുടെ മനുഷ്യാവതാരത്തിലാണ്.
7. സ്വർഗ്ഗീയ രാജ്ഞി
സ്വർഗ്ഗത്തിലേക്കു പ്രവേശിച്ച മറിയത്തിനായി മാലാഖമാർ മഹത്ത്വത്തിന്റെ
കിരീടം ഒരുക്കി. ഇന്നവൾ സ്വർഗ്ഗീയ രാജ്ഞിയായി വിരാജിക്കുന്നു. അഗതികളായ സഭാതനയർക്കുവേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കുന്നതിൽ നിരതയായിരിക്കുകയാണ് ഇന്ന് നമ്മുടെ കർത്താവിന്റെ അമ്മയായ മർത്ത് മറിയം.
ഉപസംഹാരം
ദൈവപുത്രനായ മിശിഹായുടെ അമ്മയായ പരി. മറിയത്തിന്റെ, ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേക്കു മാറ്റപ്പെട്ടതിന്റെ തിരുനാൾ (ശൂനായത്തിരുനാൾ) നാം ഓഗസ്റ്റ് 15-ാം തീയതി സാഘോഷം കൊണ്ടാടുമ്പോൾ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്: കന്യകാമറിയത്തിന്റെ ജീവിതത്തിൽ വിളങ്ങിയിരുന്ന പുണ്യങ്ങളായ വിശ്വാസം, സമർപ്പണം, ദൈവഭയം, എളിമ എന്നിവ സ്വർഗ്ഗപ്രാപ്തിക്കായി നമ്മുടെ ജീവിതത്തിലും അനിവാര്യമാണ് എന്ന സത്യം.