മാധ്യമങ്ങളുടെ മതപീഡനം

0
290

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മാധ്യമ
സ്വാതന്ത്ര്യത്തിന്റെയും മറവിൽ ലോകമെങ്ങും ക്രൈസ്തവസഭ അവഹേളിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
നമ്മുടെ കേരളത്തിൽ അടുത്തിടെ ക്രൈസ്തവസഭയ്‌ക്കെതിരേ പൊതുവായും സീറോ മലബാർ സഭയ്‌ക്കെതിരേ പ്രത്യേകമായും ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ആക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ചില ക്രൈസ്തവ നാമധാരികൾ അവർക്ക് ചൂട്ടുപിടിക്കുകയും ചെയ്യുന്നു. ക്രൈസ്തവരെ ആക്രമിക്കുന്നതിന്
നേതൃത്വം നൽകുന്നത് പ്രധാനമായും ഏഷ്യനെറ്റ് ന്യൂസ് ചാനലും, മാതൃഭൂമി ന്യൂസ് ചാനലും പത്രവുമാണ്. ചാനലുകളിലെ ‘അവതാരങ്ങളും’ പത്രത്തിലെ കൂലിയെഴുത്തുകാരും സഭയെ കശക്കിയെറിയാൻ കരുക്കൾ നീക്കുന്നു. ക്രൈസ്തവ
സമൂഹം പരിപാവനമായി കാണുന്നു വിശുദ്ധകുരിശിന്റെ ചിത്രം പിന്നിൽ പ്രദർശിപ്പിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് ലൈംഗിക അപവാദക്കേസുകൾ വിസ്തരിച്ചത്. മദ്രസകളിൽ കൂട്ടപീഡനം നടന്നപ്പോൾ ചന്ദ്രക്കലയോ, സ്വാമിമാരുടെ പീഡനങ്ങളിൽ ഓംകാരമോ വച്ചല്ല ഇവർ വാർത്ത അവതരിപ്പിച്ചത്. സമീപകാലത്ത് മാതൃഭൂമി ന്യൂസ് ചാനൽ അവരുടെ ‘സൂപ്പർ പ്രൈം ടൈം’ പരിപാടിയിൽ ചർച്ച ചെയ്ത വിഷയങ്ങളുടെ തലക്കെട്ടുകൾ ശ്രദ്ധിക്കുക. ‘കുമ്പസാരക്കൂടോ കൂട്ടബലാത്സംഗക്കൂടോ?’, ‘വൈദികരോ വേട്ടക്കാരോ?’, ‘തിരുസ്സഭയിൽ ചെകുത്താന്മാരോ?’ ഇത്ര പച്ചയായി കേരളത്തിലെ പ്രബലമായ ഒരു സമൂഹത്തിന്റെ വിശ്വാസ ചിഹ്നങ്ങളെ അവഹേളിക്കാൻ ഏഷ്യാനെറ്റിനും മാതൃഭൂമിക്കും ധൈര്യം പകർന്നത് ക്രൈസ്തവരുടെ നിസംഗതയിൽ അവർക്കുള്ള വിശ്വാസമാണെന്നു കരുതേണ്ടിയിരിക്കുന്നു. ഓർത്തഡോക്‌സ് വൈദികർ പ്രതികളായ കേസും, ലത്തീൻ ബിഷപ്പിനെതിരായ ആരോപണവുമെല്ലാം സീറോ മലബാർ സഭയുടെ മുകളിൽ കെട്ടിവയ്ക്കാനും തെറ്റിദ്ധാരണാജനകമാം വിധം വാർത്തകൾ നൽകാനും ചില പ്രമുഖ മാധ്യമങ്ങൾ ഉത്സാഹം കാണിച്ചത് നിർദ്ദോഷമായ വിവരക്കേടെന്നു കരുതി തള്ളിക്കളയാൻ സാധിക്കില്ല. ക്രിസ്ത്യാനികളുടെ മുഴുവൻ കുത്തകാവകാശം പേറിക്കൊണ്ട് തട്ടിക്കൂട്ടിയ ചില ‘ഗ്ലോബൽ’ സംഘടനകളുടെ പ്രതിനിധികൾ ചാനലുകാരെ സമീപിച്ച് ‘സഭയ്‌ക്കെതിരായ’ വിഷയം ചർച്ചചെയ്യാൻ മുൻകൈ എടുക്കുന്നത് സഭാസ്‌നേഹം കൊണ്ടാണെന്നും കരുതുകവയ്യ.
ഒരു മതവിഭാഗത്തോടുള്ള വിദ്വേഷം ദുരന്ത മുഖത്തുപോലും വച്ചുപുലർത്തത്തക്കവിധം ഒരുകൂട്ടം ‘പ്രകൃതിസ്‌നേഹികളും’ മാധ്യമപ്രവർത്തകരും അധഃപതിച്ചിരിക്കുന്നുവെന്നത് ഞെട്ടലോടെയാണ് കാണേണ്ടത്. കാഞ്ഞിരപ്പള്ളി രൂപതയിലെ കീരിക്കര ഇടവകക്കാരുടെ സ്വപ്നസാക്ഷാത്കാരമായിരുന്ന പള്ളി മണ്ണിടിച്ചിലിനെത്തുടർന്ന് തകർന്നപ്പോൾ ഇക്കൂട്ടർ സന്തോഷത്താൽ ആറാടുകയായിരുന്നു. അച്ചാറുവിറ്റും, പിടിയരിപിരിച്ചും തങ്ങൾ പണിതീർത്ത പള്ളി പ്രകൃതിദുരന്തത്തിൽ തകർന്നതിന്റെ വേദനയിൽ ഒരു ഗ്രാമം ഒന്നാകെ വിലപിക്കുമ്പോൾ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെ എതിർക്കാൻ നേതൃത്വം
കൊടുത്ത സഭയുടെ പള്ളി തകർന്നതിനെക്കുറിച്ച് ചർച്ച ചെയ്ത മാധ്യമങ്ങളുടെ മനസ്സിലിരുപ്പ് മനസ്സിലാക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ മാറിവരുന്ന കേരളത്തിൽ സാമൂഹ്യപരിസ്ഥിതിയിൽ അതിജീവനം നമുക്ക് അസാധ്യമാകുമെന്ന് ഒർക്കുന്നതു നന്ന്. ഈ നിസംഗത ഇനിയും തുടർന്നാൽ നമ്മുടെ വിശ്വാസങ്ങൾ അവഹേളിക്കപ്പെടുമ്പോഴും സ്വത്തുക്കൾ കൊള്ളചെയ്യപ്പെടുമ്പോഴും നപുംസകങ്ങളെപ്പോലെ നോക്കിനിൽക്കാനേ സാധിക്കൂ.
എറണാകുളം നഗരമധ്യത്തിൽ, മെട്രോ റയിൽ പാതയ്ക്കു സമീപം ‘പ്രമുഖ വസ്ത്ര
വ്യാപാര സ്ഥാപനത്തിന്റെ’ ബഹുനില കെട്ടിടം ഇടിഞ്ഞു താണപ്പോൾ എറണാകുളത്തിന്റെ ‘ലോലപരിസ്ഥിതിയെക്കുറിച്ച്’ ആരും അന്തിച്ചർച്ച് നടത്തിയില്ലെന്നു മാത്രമല്ല, കെട്ടിടം ആരുടേതെന്നുപോലും പൊതുജനത്തെ അറിയിച്ചില്ല. ചേർത്തല എറണാകുളം പാതയോരത്ത് ‘ഏഷ്യാനെറ്റ്’
പണിതുകൊണ്ടിരുന്ന ബഹുനില ഓഫീസ് കെട്ടിടം തകർന്നുവീണതും ‘നേരോടെ,
നിരന്തരം, നിർഭയം’ വാർത്തകൊടുക്കുന്നവർ മിണ്ടിയില്ല. ഈ സംഭവങ്ങളിലൊന്നും പണിയുന്ന കെട്ടിടത്തിന്റെ വലിപ്പമോ, സ്ഥലത്തിന്റെ ‘ലോലതയോ’ ആരും ചർച്ച ചെയ്തുമില്ല. കളർഫുൾ പരസ്യം നൽകി മലയാളികളെ വിഷം തീറ്റിച്ചുകൊണ്ടിരുന്ന ‘പ്രമുഖ ബ്രാൻഡുകളെ’ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ കൈയോടെ പിടികൂടിയതും മായം കലർന്ന ഉല്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചതും ഈ മാധ്യമങ്ങൾ പൊതുജനത്തോട് മിണ്ടിയില്ല. പക്ഷേ കീരിക്കരയിലെ പള്ളി തകർന്നത് ‘പ്രകൃതിദുരന്തം’ മൂലമല്ല ‘മനുഷ്യൻ സൃഷ്ടിച്ച ദുരന്തമെന്ന്’ സ്ഥാപിക്കാൻ ഇവർ മത്സരിക്കുന്നു. ‘പള്ളി തകർന്നതിനെക്കുറിച്ച്
സോഷ്യൽ മീഡിയയിൽ ചർച്ച മുറുകുന്നു’ എന്ന രീതിയിൽ മാതൃഭൂമി ചാനലിൽ വാർത്ത ഉയർത്തി നിർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ, പരസ്യപ്പണം കൊതിച്ച് ‘പ്രമുഖ ബ്രാൻഡുകളുടെ’ മായം കലർത്തലിനെക്കുറിച്ച് മിണ്ടാത്ത മാധ്യമങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നത് മാതൃഭൂമി കണ്ടിട്ടേയില്ല.
വാർത്തകൾ ‘സ്റ്റോറികൾ’ ആക്കപ്പെടുന്ന വർത്തമാന കാലഘട്ടത്തിൽ പൊതു
സമൂഹത്തന്റെ മാനസികാവസ്ഥയെ ഉടച്ചുവാർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. വൈദികരോടും സന്ന്യസ്തരോടുമുള്ള ബഹുമാനം ഇല്ലാതാക്കുക, കൂദാശകളിൽനിന്ന് വിശ്വാസികളെ അകറ്റുക, സഭയിൽ ഭിന്നത വിതയ്ക്കുക എന്നീ ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് ചില മാധ്യമങ്ങളിലെങ്കിലും ‘സ്റ്റോറികൾ’ രചിക്കപ്പെടുന്നത്. ശക്തമായി പ്രതിഷേധിക്കുന്ന വിഭാഗങ്ങളെ ഒഴിവാക്കി നിസംഗരായവരെ ആക്രമിച്ചു റേറ്റിംഗി കൂട്ടാൻ ‘പ്രമുഖ’ മാധ്യമങ്ങളും ‘കുപ്രസിദ്ധ’ ഓൺലൈൻ മഞ്ഞപ്പത്രങ്ങളും മത്സരിച്ചുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളെ കൈകാര്യം ചെയ്യാൻ അറിവും പാകതയുമുള്ള വ്യക്തികളെ സംഘടിപ്പിച്ച് ഒരു ‘പബ്ലിക് റിലേഷൻസ് പാനൽ’ എല്ലാ രൂപതകളിലും സീറോ മലബാർ സഭയ്ക്കു പൊതുവായും സ്ഥാപിക്കുകയും സഭയെ വിവിധ മാധ്യമങ്ങളിൽ പ്രതിനിധീകരിക്കാൻ പ്രസ്തുത പാനലിലെ അംഗങ്ങളെ ചുമതലപ്പെടുത്തി അത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്യുക എന്നത് നാം അടിയന്തിരമായി ചെയ്യേണ്ട ഒന്നാണ്. അല്ലാത്ത പക്ഷം സഭാ വിമർശകരും, സ്വാർത്ഥതാല്പര്യക്കാരും ചാനൽ ജഡ്ജിമാരും ചേർന്ന് സഭയുടെ മുഖം പൊതുസമൂഹത്തിൽ കൂടുതൽ വികൃതമാക്കിക്കൊണ്ടിരിക്കും. നിദ്രവിട്ടുണരേണ്ട മണിക്കൂർ ആണിത് എന്നു മാത്രം ഓർമ്മിപ്പിച്ചുകൊണ്ട് നിർത്തുന്നു. മിശിഹായുടെ കൃപ നമ്മെ സംരക്ഷിക്കട്ടെ.