കുമ്പസാരമെന്ന കൂദാശയുടെ അസ്തിത്വത്തെ ചോദ്യം ചെയ്തും പവിത്രതയെ അവഹേളിച്ചും വിശ്വാസികളുടെ ഉള്ളിൽ സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് സഭയെ ദുർബ്ബലപ്പെടുത്താനുള്ള ശ്രമങ്ങൾ എല്ലാത്തരം മാധ്യമങ്ങളിലൂടെയും നടന്നുകൊണ്ടിരിക്കുകയാണ്. ഈ അപവാദ പ്രചരണങ്ങളുടെ മുനയൊടിച്ച് സത്യവിശ്വാസം ഉയർത്തിപ്പിടിക്കണമെങ്കിൽ കുമ്പസാരത്തിന്റെ സ്ഥാപനത്തെക്കുറിച്ച് ബൈബിൾ എന്തുപറയുന്നു, സഭയുടെ ആരംഭംമുതൽ അനുവർത്തിച്ചുപോരുന്ന പാരമ്പര്യങ്ങളിൽ നാം എന്തുകാണുന്നു എന്നു വ്യക്തമായി പരിശോധിക്കേണ്ടതുണ്ട്. സത്യത്തോടു തുറവുണ്ടെങ്കിൽ ഈ അന്വേഷണം ചെന്നെത്തുന്നത് വിശ്വാസത്തിന്റെ ആഴങ്ങളിലായിരിക്കും.
ഈശോ സ്ഥാപിച്ച കൂദാശ
ഈശോ ഇങ്ങനെ ഒരു കൂദാശ സ്ഥാപിച്ചിട്ടില്ല എന്ന വാദമാണ് പലപ്പോഴും പ്രതിയോഗികൾ ഉയർത്തുന്നത്. എന്നാൽ ഈശോ കുമ്പസാരം എന്ന കൂദാശ സ്ഥാപിച്ചു എന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവ് സുവിശേഷങ്ങളിൽ കാണുന്ന ഈശോയുടെ പ്രവൃത്തികളാണ്. ഈശോ ശിഷ്യന്മാരെ വിളിച്ചതിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് പാപങ്ങൾ ക്ഷമിക്കുക എന്നതാണ് (പിശാചുക്കളെ ബഹിഷ്‌കരിക്കാൻ അധികാരം: മർക്കോ. 3, 15). സഭ സ്ഥാപിക്കുന്ന രംഗത്തിൽ ഈശോ പത്രോസിനോട് ”സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്കു ഞാൻ തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും” (മത്താ 16,19) എന്നു പറഞ്ഞുകൊണ്ട് വ്യക്തമായ അധികാരകൈമാറ്റം നടത്തുകയാണ്. സഭയിൽ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്ക് മിശിഹാ നൽകുന്ന അധികാരമാണ് പാപമോചനത്തിനുള്ള അധികാരം. പിന്നീട് മത്താ. 18, 15-20 ഭാഗത്ത് പാപമോചന അധികാരം ശിഷ്യഗണം മുഴുവനും സഭയ്ക്കുമായി ഈശോ കൈമാറുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ ”നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും (യോഹ 20, 23) എന്ന് അരുളിചെയ്തുകൊണ്ട് ഉത്ഥിതനായ ഈശോ വളരെ വ്യക്തമായി പാപമോചന അധികാരം ശിഷ്യർക്കു നൽകുന്നു.
ദൈവരാജ്യപ്രഘോഷണത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം നരകപിശാചായ സാത്താൻ ഈ ലോകത്ത് തീർക്കാൻ ആഗ്രഹിക്കുന്ന പാപത്തിന്റെ സംസ്‌കാരത്തെ ഇല്ലായ്മ ചെയ്യുക എന്നുള്ളാണ്. അതിനായി വൈദികർക്ക് പാപമോചന അധികാരം നൽകിയിരിക്കുന്നു എന്ന് ബൈബിൽ അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു.
ഈശോയുടെ ഈ വാക്കുകളെ ആദിമസഭ എപ്രകാരം മനസ്സിലാക്കി എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് 2 കൊറി 2, 10-ൽ നാം കാണുന്നത്: ”നിങ്ങൾ ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു. ഞാൻ എന്തെങ്കിലും ക്ഷമിച്ചിട്ടുണ്ടെങ്കിൽ അതു ക്രിസ്തുവിന്റെ നാമത്തിൽ നിങ്ങൾക്കുവേണ്ടിയാണ്”. ഇവിടെ ‘En Prosopo Christo’ എന്ന ഗ്രീക്ക് പദപ്രയോഗം വഴി പൗലോസ് ശ്ലീഹ പ്രസ്താവിക്കുന്നത് താൻ ഒരു വ്യക്തിയുടെ പാപങ്ങൾ ക്ഷമിക്കുന്നത് മിശിഹായുടെ സ്ഥാനത്തു നിന്നുകൊണ്ടാണ് എന്നാണ്. യാക്കോബിന്റെ ലേഖനം 5, 13-17 ഭാഗത്ത് ‘രോഗികൾ സൗഖ്യം പ്രാപിക്കാനായി പുരോഹിതന്റെ (ശ്രേഷ്ഠൻ-പ്രസ്ബിത്ത റോസ്) പക്കൽനിന്ന് തൈലാഭിഷേകം സ്വീകരിക്കുകയും പരസ്പരം പാപങ്ങൾ ഏറ്റുപറയുകയും പ്രാർത്ഥിക്കുകയും വേണം’ എന്നു കാണാൻ സാധിക്കും. ഈശോ പാപങ്ങൾ ക്ഷമിക്കാൻ ശിഷ്യന്മാർക്ക് അധികാരം കൊടുത്തു. ശിഷ്യന്മാർ അത് ഉപയോഗിച്ചു. സഭ തുടർന്നും ഈ അധികാരം ഉപയോഗിച്ചുപോരുന്നു. കുമ്പസാരം മിശിഹായാൽ സ്ഥാപിക്കപ്പെട്ട് ഇന്നും സഭയിൽ തുടരുന്നു.
വൈദികന്റെ അനിവാര്യത
പാപമോചനം എന്ന കൂദാശ വൈദികനിലൂടെ തന്നെ സംഭവിക്കണം എന്നു സഭ നിർബ്ബന്ധം പിടിക്കുന്നതെന്തിനാണ്, ദൈവത്തോട് നേരിട്ട് പറഞ്ഞാൽ പോരേ? ആറു നൂറ്റാണ്ടുകൾക്കുമുമ്പ് പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ
പ്രാരംഭകനായ മാർട്ടിൻ ലൂഥർ ചോദിച്ച ഈ ചോദ്യം പ്രതിയോഗികൾ ഇന്നും ആവർത്തിക്കുകയാണ്. എന്നാൽ പുരോഹിതൻ സഭയുടെ മധ്യവർത്തിയെന്നതിനെക്കാളുപരി ദൈവത്തിന്റെ ദൗത്യവാഹകനാണ്. മിശിഹാ
നൽകിയ പാപമോചക ദൗത്യത്തെ ആദിമസഭ എപ്രകാരം മനസ്സിലാക്കിയിരിക്കുന്നു എന്ന് അറിയണമെങ്കിൽ സഭാപിതാക്കന്മാരെ ശ്രവിക്കണം. അന്ത്യോക്യായിലെ വി.ഇഗ്നേഷ്യസ് (എ.ഡി 35-108) തന്റെ കൃതികളിൽ കുമ്പസാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എ.ഡി 230-ൽ എഴുതപ്പെട്ടു എന്നു കരുതുന്ന ”ഡിഡസ്‌കാലിയ അപ്പസ്തലോരും” (അപ്പസ്‌തോലന്മാരുടെ പ്രബോധനങ്ങൾ) എന്ന പൗരാണികഗ്രന്ഥം മെത്രാന്മാർക്കു നൽകുന്ന ഉപദേശത്തിൽ ഇപ്രകാരം പറയുന്നു: ”അല്ലയോ മെത്രാന്മാരേ, കെട്ടാനും അഴിക്കാനുമുള്ള അധികാരം ക്രിസ്തു നിങ്ങളെ ഭരമേൽപിച്ചിരിക്കുന്നതിനാൽ മാമ്മോദീസായ്ക്കുശേഷം വിശ്വാസികൾക്കു സംഭവിക്കുന്ന പാപങ്ങൾ കേട്ട് വിധി എഴുതി നിങ്ങൾ പരിഹാരം നിർദ്ദേശിക്കണം”. ആദിമ നൂറ്റാണ്ടുകളിൽ തന്നെ വൈദികന്റെ സാന്നിദ്ധ്യത്തിലുള്ള കുമ്പസാരം നിലവിൽ വന്നിരുന്നു എന്നതിന്റെ ശക്തമായ തെളിവാണ് ഇത്. മധ്യവർത്തിയെ സഭ നിയോഗിക്കുകയല്ല പകരം മിശിഹാ സഭയെ മധ്യവർത്തിയായി നിയോഗിക്കുകയാണ് ചെയ്തത്. പുരോഹിതൻ മധ്യവർത്തിയാകുന്നത് സഭയുടെ പ്രതിനിധി എന്ന നിലയിൽ മാത്രമാണ്.
നാലാം ലാറ്ററൻ സൂനഹദോസ് (1215 എ. ഡി)
യൂറോപ്പിലെ ഫ്യൂഡൽ വ്യവസ്തിതിയിൽ വൈദിക മേൽക്കോയ്മ നിലനിർത്താൻവേണ്ടി 1215-ൽ നടന്ന നാലാം ലാറ്ററൻ സൂനഹദോസ് കണ്ടെത്തിയ കുതന്ത്രമാണ് കുമ്പസാരം എന്ന ഒരു തെറ്റിദ്ധാരണ പ്രതിയോഗികൾ പരത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വാസ്തവത്തിൽ കുമ്പസാരത്തെ തിരുസഭയുടെ അഞ്ച് കല്പനകളുടെ ഭാഗമാക്കിക്കൊണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും കുമ്പസാരിക്കണം എന്ന് നിയമം മൂലം നിർബ്ബന്ധമാക്കുകയാണ് ഈ സൂനഹദോസ് ചെയ്തത്. 1215-നു മുമ്പ് സഭയിൽ കുമ്പസാരം ഇല്ലായിരുന്നു എന്നു പറയുന്നത് 1860-ൽ ഇന്ത്യൻ പീനൽ കോഡ് നിലവിൽ വരുന്നതിനു മുമ്പ് ഇന്ത്യയിൽ കൊലപാതകം അനുവദനീയമായിരുന്നു എന്നു പറയുന്നതുപോലെയുള്ള ഒരു കുയുക്തിയാണ്.
രഹസ്യത്തിലേയ്ക്കുള്ള പരിണാമം
വൈദികന്റെ അടുത്തുപോയി രഹസ്യകുമ്പസാരം നടത്തുന്ന പതിവ് പൗരസ്ത്യ സഭകളിലാണ് ആദ്യം ആരംഭിച്ചത്. പിന്നീട് 7-ാം നൂറ്റാണ്ടിൽ ഐറിഷ് മിഷനറിമാർ ഈ ആശയം പാശ്ചാത്യനാടുകളിൽ പ്രചരിപ്പിച്ചു. അതുവരെ വൈദികൻ/മെത്രാൻ അദ്ധ്യക്ഷനായിരിക്കുന്ന സഭാസമൂഹത്തിന്റെ മുമ്പിൽ വന്ന് വിശ്വാസികൾ അവരുടെ പാപങ്ങൾ പരസ്യമായി ഏറ്റുപറയുന്ന രീതിയായിരുന്നു നിലവിലിരുന്നത്. ഈ നടപടിക്രമം പരിഹാസം, ദുരുപയോഗം തുടങ്ങി പല പ്രതിസന്ധികളും ഉളവാക്കി. ഇതിനെ തുടർന്നാണ് പാപങ്ങൾ വൈദികന്റെ പക്കൽ മാത്രം ഏറ്റുപറഞ്ഞാൽ മതിയെന്ന തീരുമാനമുണ്ടായത്. ആദിമ നൂറ്റാണ്ടുകളിലും പാപം ഏറ്റുപറഞ്ഞിരുന്നത് വൈദികന്റെ പക്കൽ തന്നെയായിരുന്നു. അതിനു ദൈവജനം സാക്ഷിയായിരുന്നു എന്നേയുള്ളു. ഈ സാക്ഷികളുടെ സാന്നിദ്ധ്യം ഒഴിവാക്കി എന്നതാണ് രഹസ്യ കുമ്പസാരത്തിൽ സംഭവിച്ചത്. ആദിമകാലം മുതൽ പാപം കേട്ടിരുന്നതും അതിനു തീർപ്പുകൾ കല്പിച്ചിരുന്നതും പരിഹാരം നിർദ്ദേശിച്ചിരുന്നതും പാപമോചനം നൽകിയിരുന്നതും ഈ സഭാസമൂഹത്തിന്റെ അദ്ധ്യക്ഷപദവി അലങ്കരിച്ചിരുന്ന വൈദികനോ മെത്രാനോ ആയിരുന്നു എന്നത് സുവ്യക്തമാണ്.
തിരുസഭയോളം പഴക്കം
കുമ്പസാരത്തിനു തിരുസഭയോളം തന്നെ പഴക്കമുണ്ട്. ആദിമ നൂറ്റാണ്ടുകളിൽ ക്രിസ്തീയ വിശ്വാസത്തിന്റെ നടപടിക്രമങ്ങളെ വിശദീകരിക്കുന്ന ഏറ്റവും ആധികാരിക ഗ്രന്ഥമായ ഡിഡാക്കെ (എ.ഡി. 130-140) കുമ്പസാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എ.ഡി. 325-ൽ കൂടിയ നിഖ്യാ സൂനഹദോസിന്റെ കാനോനകളിൽ മെത്രാൻ കുമ്പസാരം എന്ന കൂദാശ എപ്രകാരം പരികർമ്മം ചെയ്യണമെന്ന് വിവരിക്കുന്നുണ്ട്. എ.ഡി 459-ൽ ലെയോ ഒന്നാമൻ മാർപ്പാപ്പാ കുമ്പസാരത്തിന്റെ നടപടിക്രമങ്ങൾ വിശദീകരിച്ചുകൊണ്ട് കല്പന പുറപ്പെടുവിച്ചിട്ടുണ്ട.് ഇവയൊക്കെ കുമ്പസാരത്തിനു സഭാ പാരമ്പര്യത്തിലുള്ള സ്ഥാനം വെളിവാക്കുന്നു.
വൈദികന്റെ വിശ്വാസ്യത
ജീവിതവിശുദ്ധി ഓരോ വ്യക്തിയും സ്വയം ആർജ്ജിച്ചെടുക്കേണ്ട പുണ്യമാണ്. വൈദികരുടെ ആത്മീയ അവസ്ഥ കുമ്പസാരത്തിന്റെ സാധുതയെ ബാധിക്കുന്ന ഒരു ഘടകമല്ല. എന്നാൽ കുമ്പസാരത്തിന്റെ വിശ്വസ്തതക്കും പരിശുദ്ധിക്കും കളങ്കം വരുത്തിയാൽ ഗൗരവമായ ശിക്ഷകളാണ് എക്കാലവും സഭാനിയമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലെയോ ഒന്നാമൻ മാർപ്പാപ്പാ (എ.ഡി. 459) കല്പിച്ചിരിക്കുന്നത് ”കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്ന പുരോഹിതൻ ജീവതകാലം മുഴുവൻ എല്ലാവരാലും തിരസ്‌കൃതനായി അലഞ്ഞുനടന്നു മരിക്കട്ടെ” എന്നാണ്. അവന്റെ വൈദികവൃത്തി നഷ്ടപ്പെടുന്നു എന്നു മാത്രമല്ല ഒരു മനുഷ്യനായി പരിഗണിക്കപ്പെടാൻ പോലും സാധിക്കാത്തവിധം അത്ര മ്ലേശ്ചമായ പ്രവൃത്തിയാണ് അവൻ ചെയ്യുന്നത്. ഇന്ന് ഇപ്രകാരമുള്ള പ്രവൃത്തികൾ മാർപ്പാപ്പായ്ക്കു മാത്രം മോചിക്കാൻ കഴിയുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ പാപമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്ന വൈദികർ രാഷ്ട്രം അനുശാസിക്കുന്ന നിയമ നടപടികൾക്ക് വിധേയരാകണം എന്നുതന്നെയാണ് സഭയുടെ നിലപാട്.
ഉപസംഹാരം
സാധാരണയായി വൈദികരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടാകുമ്പോൾ വൈദിക ബ്രഹ്മചര്യത്തെക്കുറിച്ചുള്ള ചർച്ചകളാണ് നടക്കാറുള്ളത്. എന്നാൽ ഇവിടെ വിവാഹിതരായ വൈദികരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായി എന്ന് ആരോപിക്കപ്പെട്ടപ്പോൾ ചർച്ചകൾ കുമ്പസാരത്തിലേയ്ക്കു വഴിമാറി. എന്നാൽ കത്തോലിക്കാസഭയിൽ 21 നൂറ്റാണ്ടുകളായി കുമ്പസാരം നിലനിൽക്കുന്നു. നിലവിൽ ലോകം മുഴുവനുമായി 150 കോടി വിശ്വാസികൾ എത്രയോ വർഷങ്ങളായി കുമ്പസാരിക്കുന്നു. എന്നാൽ അവർക്ക് ആർക്കെങ്കിലും ഇപ്രകാരം ഒരു ആക്ഷേപം ഉന്നയിക്കാനുണ്ടോ? ഏതോ ഒരു വ്യക്തി ഇപ്രകാരം ചെയ്തു എന്ന് സംശയം ഉന്നയിക്കപ്പെട്ടു എന്നതിന്റെ പേരിൽ പരിശുദ്ധ കുമ്പസാരത്തെ ചെളിവാരി എറിയാനും അധിക്ഷേപിക്കാനും അത്രയേറെ ആവേശം കാണിക്കുന്നവരുടെ ആത്മാർത്ഥയും സഭാസ്‌നേഹവും സംശയാസ്പദമാണ്. ആവർ കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്ന വില്ലന്മാർ തന്നെ എന്നു പറയാതെ നിവർത്തിയില്ല.
(തലശേരി അതിരൂപതയുടെ ഇന്റർനെറ്റ് മിഷന്റെ പ്രതികരണവേദി എന്ന പരിപാടിക്കായി അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവ് നൽകിയ അഭിമുഖത്തിൽ നിന്നും അദ്ദേഹത്തിന്റെ അനുവാദത്തോടെ തയ്യാറാക്കിയ ലേഖനം. തയ്യാറാക്കിയത്: ഫാ. ജയിംസ് കൊക്കാവയലിൽ)