സ്വത്വം മറയ്ക്കപ്പെടുന്ന സന്ന്യാസവും പൗരോഹിത്യവും

അടുത്ത കാലത്തായി എല്ലാ മതങ്ങളിലെയും സന്ന്യാസ-പൗരോഹിത്യ-ആത്മീയനേതൃസ്ഥാനത്തുള്ളവരെ സംബന്ധിച്ചുള്ള വാർത്തകളാൽ ‘സമ്പന്ന’മാണ് മാധ്യമലോകം. ലൈംഗിക അപവാദങ്ങളും സാമ്പത്തിക അഴിമതിയുമാണ് മുഖ്യവിഷയങ്ങൾ. വാർത്തകളുടെ നിജസ്ഥിതി കാലം തെളിയിക്കട്ടെ. ഈ പശ്ചാത്തലത്തിൽ ഏറെ കളങ്കപ്പെടുന്ന സന്ന്യാസ-പൗരോഹിത്യ ജീവിതത്തെക്കുറിച്ചും ബ്രഹ്മചര്യത്തെക്കുറിച്ചും ചിന്തിക്കുന്നത് ഉചിതമെന്നു തോന്നുന്നു. ഒരു മനുഷ്യനിൽ സ്വാഭാവികമായി ഉണ്ടാവുന്നതാണ് സ്ത്രീ-പുരുഷ ആകർഷണവും ദാമ്പത്യബന്ധത്തിനുള്ള ആഗ്രഹവും. ലൈംഗികതയും ലൈംഗിക
തൃഷ്ണയും മനുഷ്യപ്രകൃതിയുടെ ഭാഗമാകയാൽ അതു ദൈവികവുമാണ്. സ്വാഭാവികവും ദൈവികവുമായ ഈ ആഗ്രഹങ്ങളെ ഒരു സാധാരണമനുഷ്യൻ അനുദിന ജീവിതത്തിൽ ജോലി, പഠനം, പൊതുപ്രവർത്തനം, ചികിത്സ തുടങ്ങി ഉപരിനന്മയ്ക്കായും നേട്ടങ്ങൾക്കായും മാറ്റി വയ്ക്കാറുണ്ട്. എന്നാൽ ജീവിതം മുഴുവൻ ഈ ആഗ്രഹത്തെ ഉപരിനന്മയ്ക്കായി മാറ്റി വയ്ക്കുന്നവരെയാണ് ബ്രഹ്മചാരികൾ (celibates) എന്നു വിളിക്കുന്നത്. എല്ലാ ബ്രഹ്മചാരികൾക്കും അറിയാവുന്നതു
പോലെ ഒരിക്കൽ വ്രതമെടുത്തു വേണ്ടെന്നുവച്ചാൽ വീണ്ടും ഉണ്ടാകാതിരിക്കുന്ന ആഗ്രഹവും ആകർഷണവുമല്ല സ്ത്രീ-പുരുഷ ആകർഷണവും ആഗ്രഹവും. അതുകൊണ്ടാണ് ‘vows can’t change nature’ എന്നു പറയുന്നതെന്നു തോന്നുന്നു.
കത്തോലിക്കാ സന്ന്യാസ ബ്രഹ്മചര്യത്തിന്റെ ചരിത്രവഴികളൊന്നും പരിശോധിക്കാതെതന്നെ ഒരു കാര്യം വ്യക്തമായി ആർക്കും പറയാൻ സാധിക്കും; പങ്കുവയ്ക്കുന്ന ജീവിതവും വിശ്വാസവും ഉള്ള ഒരു സമൂഹജീവിതത്തിന്റെ ഭാഗമായി ദൈവത്തോട് വ്യതിരിക്തമായ ഒരു ബന്ധമില്ലാതെ ഒരിക്കലും സന്ന്യാസ-പൗരോഹിത്യ ബ്രഹ്മചര്യത്തിന് ആകർഷണീയതയോ ഫലപ്രാപ്തിയോ ഉണ്ടാവുകയില്ല.
1985-ൽ George Aschenbrenner എന്ന ഈശോസഭാവൈദികന്റെ ഒരു ലേഖനത്തിൽ സഭയിൽ ഒരു ബ്രഹ്മചാരിക്കുവേണ്ട മൂന്നു ബന്ധങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്: 1. ദൈവവുമായുള്ള സൗഹൃദം 2. സമൂഹജീവിതത്തിലുള്ള ബന്ധം 3.ശുശ്രൂഷയിലുള്ള ബന്ധം. ഈ മൂന്നു ബന്ധങ്ങളും മുൻഗണനാക്രമത്തിൽ ക്രമീകരിച്ചുപോകുമ്പോഴാണ് ബ്രഹ്മചര്യം അർത്ഥപൂർണ്ണമാകുന്നത്. ദൈവവുമായുള്ള ഒരു സന്ന്യാസിയുടെ ഏകാന്തത അയാളുടെ സമൂഹജീവിതമോ, ജോലിത്തിരക്കോകവരാൻ പാടില്ല. സമൂഹജീവിതത്തിലെ ഉത്തരവാദിത്വങ്ങളും
മറ്റു ജോലികളും പൂർണ്ണമായും ഇല്ലാതാക്കി വ്യക്തികേന്ദ്രീകൃത ആത്മീയതയായി മാത്രം ബ്രഹ്മചര്യത്തെ ചുരുക്കാനുംപാടില്ല.
ദൈവവുമായുള്ള ഏകത്വം സർവ്വപ്രധാനം
ബ്രഹ്മത്തിൽ ചരിക്കുന്നവൻ ബ്രഹ്മചാരിയെന്ന വാക്കിന്റെ അർത്ഥം തന്നെയാണ് ഇവിടെ വിവക്ഷിക്കുന്നത്. അതില്ലാതെ ബാക്കി എന്തൊക്കെ ഉണ്ടായാലും എന്തൊക്കെ ഉപേക്ഷിച്ചാലും, ഏതൊക്കെ ശുശ്രൂഷ ചെയ്താലും ബ്രഹ്മചര്യം എന്ന ജീവിതാന്തസ് പൂർണ്ണമാകില്ല. ഇന്നു പൊതുവേ കാണുന്ന ഒരു പ്രവണതയാണ് യഥാർത്ഥ ആത്മീയതയുടെ ഉറവിടമായ വ്യവസ്ഥാപിത മതങ്ങളെ ഉപേക്ഷിച്ച് ആളുകൾ ആത്മീയതയ്ക്കുവേണ്ടി പരക്കം പായുന്നത്. അതിനായി ആളുകൾ അഭയം തേടുന്നത് മാന്ത്രികവിദ്യകളിലും സെക്ടുകളിലും അസ്വാഭാവികമായ പ്രവൃത്തികളിലും എല്ലാം ലഭിക്കുന്ന അനുഭൂതികളിലാണ്. അതൊരിക്കലും മതത്തിന്റെ കുഴപ്പമല്ല മതത്തെ അതിനോടു ബന്ധപ്പെട്ട ആളുകൾ തെറ്റായി, സ്വാർത്ഥതയ്ക്കായി ഉപയോഗിച്ചതുകൊണ്ടുണ്ടായ കുഴപ്പമാണ്. ദൈവത്തെക്കുറിച്ച് അറിവു നല്‌കേണ്ട മതങ്ങൾ അതു മറന്ന് അമിതമായി ബാഹ്യമായ ആചാരാനുഷ്ഠാനങ്ങൾ, സ്ഥാപനവത്ക്കരണം, രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക നേട്ടങ്ങൾ ഇവയിലെല്ലാം കുരുങ്ങിക്കിടന്നപ്പോൾ ആത്മീയതയ്‌ക്കൊഴികെ മറ്റെന്തിനും മതങ്ങളെ സമീപിക്കാമെന്നായി. അങ്ങനെയാണ് മതങ്ങൾ രാഷ്ട്രീയക്കാരുടെയും മതതീവ്രവാദികളുടെയും മാധ്യമങ്ങളുടെയും കൈയിലെ കളിപ്പാവകളായത്. മതങ്ങൾക്ക് ആത്മീയശോഷണം സംഭവിച്ചതുപോലെ തന്നെയാണ് ആത്മീയാചാര്യന്മാർക്കും സംഭവിച്ചത്. മതനേതാക്കൾക്കും ആത്മീയാചാര്യന്മാർക്കും ആത്മീയത കൈമോശം വന്നപ്പോൾ ആളുകൾ ആത്മീയത തേടി ആൾ ദൈവങ്ങൾക്കുപുറകെ പോകാനാരംഭിച്ചു. നല്ലതിനു ക്ഷാമം നേരിടുമ്പോൾ വ്യാജൻ സുലഭമാകുന്നതുപോലെ. ലോകം മുഴുവനുമുള്ള മതങ്ങൾക്കും മതനേതാക്കൾക്കും സംഭവിച്ചു കൊണ്ടിരിക്കുന്ന ആത്മീയശോഷണം ഒട്ടും കുറയാതെ കുറെയൊക്കെ ക്രൈസ്തവമതത്തിനും സംഭവിച്ചിട്ടുണ്ട്. ക്രൈസ്തവമതം വെളിപ്പെടുത്തപ്പെട്ട മതമാണ്. സ്വയം വെളിപ്പെടുത്തിയ ദൈവത്തെക്കുറിച്ചുള്ള അറിവും അനുഭവവുമാണ് ക്രൈസ്തവവിശ്വാസത്തിന്റെ അനന്യത.
ആ ദൈവത്തെ അടുത്തറിയുന്നതും അവിടുത്തെ കല്പനകൾ പാലിക്കുന്നതും ദൈവസ്‌നേഹത്തിൽ വസിക്കുന്നതുമാണ് ക്രൈസ്തവ ആത്മീയത. വ്യത്യസ്തമായ തലങ്ങളിലും രീതിയിലും ഒരാൾക്ക് ഈ ആത്മീയത ജീവിക്കാനാകും. വിവാഹം, പൗരോഹിത്യം, സന്ന്യാസം, സമർപ്പണ ജീവിതം എല്ലാം ക്രൈസ്തവവിശ്വാസജീവിതത്തിലെ വ്യത്യസ്തമായ ജീവിതാന്തസുകളാണ്. ജീവിതം മുഴുവനും ദൈവത്തിനും ദൈവജനത്തിനും സമർപ്പിച്ച് വ്രതബദ്ധമായ ജീവിതത്തിലൂടെ ത്യാഗപൂർവ്വം ജീവിക്കാനുള്ള വിളിയാണ് പൗരോഹിത്യ സന്ന്യാസ ജീവിതം. ദൈവസ്‌നേഹത്തിൽ ആഴപ്പെട്ട് അതിൽനിന്ന് ഉരുത്തിരിയുന്ന സ്‌നേഹവും സന്തോഷവുമാണ് ഓരോ പുരോഹിതന്റെയും സന്ന്യാസിയുടെയും
സമൂഹജീവിതത്തിലും ശുശ്രൂഷയിലും പ്രതിഫലിക്കേണ്ടത്. ദൈവവുമായുള്ള ഗാഢമായ ഏകാന്തതയാണ് പൗരോഹിത്യസന്ന്യാസത്തിന്റെ കാതൽ. അതുതന്നെയാണ് ബ്രഹ്മചര്യജീവിതത്തിന്റെയും കാതൽ. അതിനു പകരം വയ്ക്കാൻ മറ്റു കുറുക്കുവഴികളോ എളുപ്പവഴികളോ ഇല്ല.
ഈശോസഭയുടെ ഇരുപത്തിയെട്ടാമത്തെ സുപ്പീരിയർ ജനറാളായിരുന്ന പെദ്രോ
അരൂപെ 1967 ഡിസംബർ 12-ന് അമേരിക്കയിലെ കാലിഫോർണിയ പ്രോവിൻസിലെ പ്രൊവിൻഷ്യളച്ചന് എഴുതിയ കത്ത് പ്രസിദ്ധമാണ്. സന്ന്യാസപൗരോഹിത്യജീവിതത്തിൽ സ്ത്രീകളുമായി കൂടുതൽ ബന്ധം
സ്ഥാപിക്കാനും അങ്ങനെ ബ്രഹ്മചര്യജീവിതം കൂടുതൽ എളുപ്പമാക്കാനും ഒരു ‘third way’ അനുവദിക്കണമെന്ന ആവശ്യത്തിന് മറുപടിയാണ് പ്രസ്തുത കത്ത്. ‘Third way’ അല്ലെങ്കിൽ ‘മൂന്നാം മാർഗ്ഗം’ എന്നാൽ ദാമ്പത്യബന്ധമൊഴികെ വളരെ പ്രത്യേകമായ ഗാഢസൗഹൃദവും വ്യക്തിബന്ധവും ഒരു സ്ത്രീയോട് പുലർത്തി അവരുമായി അടുത്തിടപഴകി സന്ന്യാസിയായി ജീവിക്കുക. മാനസികവൈകാരിക
പക്വതയ്ക്ക് അത്തരം ബന്ധങ്ങൾ ആവശ്യമാണത്രേ. സ്ത്രീയും പുരുഷനും തമ്മില്ലുള്ള സൗഹൃദവും ബന്ധവും എല്ലാ മേഖലയിലും അത്യന്താപേക്ഷിതമാണ്. എന്നാൽ ഒരു ബ്രഹ്മചാരി അവിഭക്തമായ ഹൃദയത്തോടെ ദൈവത്തെ സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യണമെങ്കിൽ അവന്റെ ഹൃദയവും ബന്ധവും അടിസ്ഥാനപരമായി ദൈവത്തിലായിരിക്കണം. അരൂപെയുടെ മറുപടിക്കത്തിൽ ”മൂന്നാം മാർഗ്ഗം” ഒഴിവാക്കാനാവാത്ത ആവശ്യമാണെങ്കിൽ പൗരോഹിത്യ-സന്ന്യാസമുപേക്ഷിക്കാനാണ് ഉപദേശിക്കുന്നത്. ചുരുക്കത്തിൽ ഒരു യഥാർത്ഥ ബ്രഹ്മചാരിക്ക് ദൈവത്തിനുപകരം മറ്റൊരു ബന്ധവും ചേരില്ല.
സമൂഹജീവിതത്തിലും ശുശ്രൂഷയിലും വേണ്ട ബന്ധം
ഒരു സമൂഹത്തിന്റെയോ പ്രാദേശിക സഭയുടെയോ ഭാഗമായി ഏല്പിക്കപ്പെടുന്ന ശുശ്രൂഷകൾ നിർവ്വഹിക്കുന്നതും വിശ്വാസം ജീവിക്കുന്നതും പൗരോഹിത്യ-സന്ന്യാസ ജീവിതത്തിന്റെ പ്രത്യേകതയാണ്. സമൂഹജീവിതവുമായി ബന്ധമില്ലാത്ത ഒരു ബ്രഹ്മചാരിയുടെ ജീവിതം വ്യക്തികേന്ദ്രീകൃതമാകും. വ്യക്തികേന്ദ്രീകൃത ആത്മീയത പലപ്പോഴും സ്വാർത്ഥവും അമിതമായ ആത്മീയ പ്രവൃത്തികളിലേയ്ക്ക് നയിക്കുന്നതമായിരിക്കും.
ശുശ്രൂഷയ്ക്ക് (ministry) ഒരു ബ്രഹ്മചാരിയുടെ ജീവിതത്തിൽ ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്. അതേസമയം ചെയ്യുന്ന ജോലിയല്ല പൗരോഹിത്യ-സന്ന്യാസജീവിതം എന്നും തിരിച്ചറിയേണ്ടതുണ്ട്. പണ്ടുകാലത്ത് ഒരു പുരോഹിതനോ സന്ന്യാസിയോ ചെയ്തിരുന്ന എല്ലാ ജോലികളും ഇന്ന് അത്മായരും കൂടുതൽ കാര്യക്ഷമമായി ചെയ്യുന്നുണ്ട്. സ്‌കൂൾ നടത്തിപ്പ്, ആശുപത്രിനടത്തിപ്പ്, സാമൂഹിക പ്രവർത്തനം,
കാരുണ്യ പ്രവൃത്തികൾ, സുവിശേഷപ്രസംഗം, രോഗീപരിചരണം, കൂദാശകളിലെ സജീവമായ ശുശ്രൂഷ, ഇടവകയിലെയും സ്ഥാപനങ്ങളിലെയും അഡ്മിനിസ്‌ട്രേഷൻ എന്നീ രംഗങ്ങളിലെല്ലാം ഇന്ന് കൂടുതൽ അത്മായർ മനോഹരമായി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് പുരോഹിതനും സന്ന്യാസിയും മനസ്സിലാക്കേണ്ടത് തങ്ങളുടെ സ്വത്വം തങ്ങൾ ചെയ്യുന്ന ഏതെങ്കിലും ജോലിയേക്കാൾ വളരെ ആഴമുള്ളതാണ് എന്ന വസ്തുതയാണ്. സമൂഹജീവിതത്തിലെ സജീവമായ പങ്കാളിത്തവും കൃത്യതയും, ചെയ്യുന്ന ജോലിയുടെ പൂർണ്ണതയും വിജയവും സന്ന്യാസ-പൗരോഹിത്യ ജീവിതത്തിന്റെ ശ്രേഷ്ഠതയുടെ അളവുകോലായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ലാഭകരമായി സ്ഥാപനങ്ങൾ നടത്തുന്നതും ധാരാളം അദ്ധ്വാനിക്കുന്നതും എപ്പോഴും തിരക്കിലാകുന്നതും ഒരു പ്രൊഫഷണലായി തോന്നുന്നതും വലിയ ഡിഗ്രികൾ സമ്പാദിക്കുന്നതുമെല്ലാം നല്ല
പുരോഹിതന്റെയും നല്ല സന്ന്യാസിയുടെയും ലക്ഷണമായി നിർഭാഗ്യവശാൽ വ്യാഖ്യാനിക്കപ്പെടുന്നു. സന്ന്യാസത്തിന്റെയും പൗരോഹിത്യത്തിന്റെയുമെല്ലാം സ്വത്വം മറ്റെന്തിലൊക്കെയോ കുരുങ്ങിക്കിടക്കുന്നു, മറ്റെന്തൊക്കെയോ ആയി വ്യാഖ്യാനിക്കപ്പെടുന്നു. ഫുൾട്ടൻ ജെ. ഷീന്റെ വാക്കുകൾ ഓർത്താൽ: ‘if you do not live like you believe, you will begin to believe as you live”. ഈ വാക്കുകളെ ഇപ്രകാരം മാറ്റിപ്പറയാം. സന്ന്യാസിയും പുരോഹിതനും സന്ന്യാസിയായും പുരോഹിതനായും ജീവിക്കുന്നില്ലെങ്കിൽ അവർ ജീവിക്കുന്നതാണ് സന്ന്യാസ ജീവിതവും പൗരോഹിത്യ ജീവിതവുമെന്ന് ആളുകൾ വിശ്വസിക്കും.
ചിലപ്പോഴെങ്കിലും സമൂഹത്തിൽ ലഭിക്കുന്ന പ്രത്യേകമായ സ്ഥാനമോ സവിശേഷമായ അധികാരമോ മറ്റാനുകുല്യങ്ങളോ പദവികളോ യാഥാർത്ഥത്തിൽ പൗരോഹിത്യ സന്ന്യാസ ജീവിതത്തിന്റെ സ്വത്വം മറയ്ക്കപ്പെടുന്നതിനു കാരണമാകുന്നുണ്ട്. ഇതൊരു ദൈവിക ശുശ്രൂഷയാണെന്ന കാര്യം വിസ്മരിക്കാനും മാനുഷിക അംഗീകാരവും പദവികളും പൗരോഹിത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നു തെറ്റിദ്ധരിക്കാനും സമൂഹത്തിലെ പൗരോഹിത്യത്തിന്റെ അമിത അധികാരപ്രയോഗവും അതിനു ലഭിക്കുന്ന അമിത പ്രാധാന്യവും കാരണമാകുന്നുണ്ടെന്നു പറയാതെ വയ്യാ.
പ്രതിസംസ്‌ക്കാരം രൂപപ്പെടണം
ദാമ്പത്യബന്ധം ഒഴിവാക്കി എന്നതുകൊണ്ടു മാത്രം ഒരാളെ ബ്രഹ്മചാരി എന്നു
വിളിക്കാൻ പറ്റുമോ? നിസ്വാർത്ഥമായി ധാരാളം നന്മചെയ്യുന്ന, ധാരാളം പ്രാർത്ഥിക്കുന്ന, യാമപ്രാർത്ഥന ചൊല്ലുന്ന, ദാനധർമ്മം ചെയ്യുന്ന നീണ്ട കുപ്പായം ഇട്ട ഒരാളെ പുരോഹിതനെന്നോ സന്ന്യാസിയെന്നോ വിളിക്കാൻ പറ്റുമോ? നാം പുറമെ കാണുന്ന ബാഹ്യമായതൊന്നുമല്ല സന്ന്യാസവും പൗരോഹിത്യവും. അതെല്ലാം അതിന്റെ ചില ഘടകങ്ങൾ മാത്രം.
പൗരോഹിത്യവും സന്ന്യാസവും ഒരു വിളിയും ദാനവുമാണ്. ആ ജീവിതത്തിന്റെ കേന്ദ്രം ദൈവവുമായുള്ള ഗാഢമായ ഏകത്വമാണ്. അതിന്റെ പ്രകാശനമാണ് സമൂഹജീവിതത്തിലും ശുശ്രൂഷാജീവിതത്തിലും പ്രതിഫലിക്കേണ്ടത്. ലോകം
പ്രതീക്ഷിക്കുന്നതുപോലെയല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെയാണ് സന്ന്യാസവും പൗരോഹിത്യവും ജീവിക്കേണ്ടത്. ഇന്നത്തെ ലോകത്തിലെ പലവിധ വ്യഗ്രതകളാൽ മറയ്ക്കപ്പെട്ടു കിടക്കുന്ന പൗരോഹിത്യ-സന്ന്യാസ ജീവിതത്തിന്റെ യഥാർത്ഥ സ്വത്വം വീണ്ടെടുത്ത് ഒരു പ്രതി സംസ്‌ക്കാരം രൂപപ്പെടുത്തുകയാണ് ഈ കാലഘട്ടത്തിന്റെ പൗരോഹിത്യ-സന്ന്യാസ ജീവിതത്തിനെതിരെയുള്ള വെല്ലുവിളികൾക്കൊരു പ്രതിവിധി.