ഈശോ: നല്ല ഇടയനും ദൈവപുത്രനായ മിശിഹായും (യോഹ 10,1-42)
പ്രതിഷ്ഠാതിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഈ അദ്ധ്യായം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വിപ്രവാസകാലത്ത് വിഗ്രഹ പ്രതിഷ്ഠയിലൂടെ അസ്സീറിയാക്കാർ അശുദ്ധമാക്കിയ ദൈവാലയം ബി. സി. 164 ൽ, യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തിൽ പുന:പ്രതിഷ്ഠിക്കപ്പെട്ടു. അതിന്റെ ഓർമ്മയാചരണമാണ് പ്രതിഷ്ഠാതിരുനാൾ (1 മക്ക 4,59). ഈ പശ്ചാത്തലത്തിൽ ‘നീ മിശിഹായാണോ?’ എന്ന ചോദ്യവുമായി യഹൂദർ ഈശോയെ സമീപിച്ചു (10,22-25). മറുപടിയായി, താൻ പിതാവ് അഭിഷേകം ചെയ്ത് ലോകത്തിലേയ്ക്കയച്ച ദൈവപുത്രനാണെന്ന് ഈശോ വ്യക്തമായി പറയുന്നു (10,36-38). എന്നാൽ യഹൂദർ ഈശോയെ എറിയാൻ കല്ലെടുക്കുകയും (10,31) ബന്ധിക്കാൻ ശ്രമിക്കുകയും ചെയ്തു (10,39). അതേസമയം, മറ്റനേകർ ഈശോയിൽ വിശ്വസിച്ചു (10,42). യഹൂദർ തന്നിൽ വിശ്വസിക്കാത്തതിന്റെ കാരണം, അവർ തന്റെ അജഗണങ്ങളിൽപ്പെടാത്തവരായതുകൊണ്ടാണ് (10,26) എന്ന് ഈശോ പറയുന്നു. ഈ പശ്ചാത്തലത്തിൽ നല്ല ഇടയനെന്ന തന്റെ വ്യക്തിത്വത്തെക്കുറിച്ചും ഈശോ സംസാരിക്കുന്നു. ഈ അദ്ധ്യായത്തെ ഇപ്രകാരം വിഭജിക്കാം:
1. ഈശോ: നല്ല ഇടയൻ (10,1-18)
2. യഹൂദരുടെ പ്രതികരണം (10,19-21)
3. ഈശോ: ദൈവപുത്രനായ മിശിഹാ (10,22-39)
4. അനുകൂലപ്രതികരണം (10,40-42)
നല്ല ഇടയനും ആടുകളും (10,1-18. 26-29)
ഇടയനെക്കുറിച്ചുള്ള പരാമർശം പഴയനിയമത്തിലും പുതിയനിയമത്തിലും കാണുന്നുണ്ട്. സങ്കീർത്തനങ്ങളിൽ ദൈവമായ കർത്താവിനെത്തന്നെ ഇടയനായി ചിത്രീകരിച്ചിരിക്കുന്നു (സങ്കീ 23; 68,8). എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ ഇസ്രായേലിന്റെ നേതാക്കന്മാരായ ഇടയന്മാരെ കൃത്യവിലോപത്തിന്റെ പേരിൽ മാറ്റുകയും ദൈവംതന്നെ ഇടയദൗത്യം ഏറ്റെടുക്കുകയും ചെയ്യുന്നു (എസ 34,1-31). പുതിയനിയമത്തിൽ ഈശോതന്നെ ദൈവത്തെ ഇടയനായി അവതരിപ്പിക്കുന്നു (ലൂക്കാ 15,3-7). ”ഇടയനെ അടിക്കുകയും ആടുകൾ ചിതറുകയും ചെയ്യും” (മത്താ 26,31) എന്നു പറഞ്ഞുകൊണ്ട് ഇടയൻ താൻതന്നെയാണെന്ന് ഈശോ സൂചിപ്പിക്കുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ ”ഞാൻ നല്ല ഇടയനാണ്” എന്ന വ്യക്തമായ
പ്രബോധനം ഈശോ നല്കുന്നു.
നല്ല ഇടയന്റെ സവിശേഷതകൾ
1. വാതിലിലൂടെ പ്രവേശിക്കുന്നവൻ (10,1-2): പിതാവായ ദൈവത്താൽ അഭിഷിക്തനായി അയയ്ക്കപ്പെട്ടവനെന്ന നിലയിൽ ഈശോ നല്ല ഇടയനാണ്. ശ്ലൈഹികപിന്തുടർച്ചയുടെ ആധികാരികതയോടെ നിയമിക്കപ്പെടുന്ന സഭാശുശ്രൂഷകരും നല്ല ഇടയന്മാരാണ്.
2. ആടുകളെ പേരുചൊല്ലി വിളിക്കുന്നവൻ (10,3): തന്നിൽ വിശ്വസിക്കുന്ന ഓരോരുത്തരെയും നല്ല ഇടയനായ ഈശോ വ്യക്തിപരമായി അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അജപാലകരും ഇടവകജനങ്ങളും തമ്മിൽ ഇപ്രകാരം വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരിക്കണം.
3. ആടുകളെ പുറത്തേക്കു നയിക്കുന്നവൻ (10,3): നല്ല ഇടയനായ ഈശോ തന്നിൽ വിശ്വസിക്കുന്നവർക്ക് ജീവൻ സമൃദ്ധിയായി ഉണ്ടാകേണ്ടതിന് (10,10) ആവശ്യകമായ പരിപോഷണം നല്കുന്നു. അജപാലകരും അജഗണങ്ങളെ വചനവും കൂദാശകളും നല്കി പരിപോഷിപ്പിക്കുന്നവരാകണം.
4. ആടുകൾക്കു മുമ്പേ നടക്കുന്നവൻ (10,4):
”എന്നെ അനുഗമിക്കുക” എന്നു പറഞ്ഞ് ശിഷ്യന്മാരെ വിളിക്കുന്ന ഈശോ (മർക്കോ1,16-20) ”ശാന്തശീലനും വിനീതഹൃദയനുമാകയാൽ തന്നിൽനിന്നും പഠിക്കുവാനും” (മത്താ 11,29) അവരെ ആഹ്വാനം ചെയ്യുന്നു. അജപാലകരായ വൈദികരും നല്ല മാതൃക നല്കി ജനങ്ങളെ നയിക്കുവാൻ നിയോഗിക്കപ്പെട്ടവരാണ്.
5. ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നവൻ (10,11): നല്ല ഇടയനായ ഈശോ സ്വജീവൻ അർപ്പിച്ചുകൊണ്ട് നമ്മെ ഓരോരുത്തരെയും സ്‌നേഹിച്ചു (യോഹ15,13). അജഗണങ്ങളുടെ സുഖദുഃഖങ്ങളിൽ അവരോടൊത്തായിരിക്കുവാനും അവരെ സഹായിക്കുവാനും അജപാലകർക്കു കഴിയണം.
6. ആടുകളെ സ്വന്തമായി കരുതുന്നവൻ (10,12-13): ‘തനിക്കു സ്വന്തമായുള്ളവർ’ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ്, ശിഷ്യരോടുള്ള സ്‌നേഹം ഈശോ പ്രകടിപ്പിച്ചത് (13,1). ഈശോ ശിഷ്യരെ സ്‌നേഹിച്ചതുപോലെ അജപാലകരും അജഗണങ്ങളെ സ്‌നേഹിക്കണം.
7. ആടുകളെ അറിയുന്നവൻ (10,14-15): പരസ്പര സ്‌നേഹത്തിലും അറിവിലും കൂട്ടായ്മയിലുമുള്ള ബന്ധമാണ് ഈശോയും ശിഷ്യരും തമ്മിലുള്ളത്.
പിതാവും പുത്രനും തമ്മിലുള്ള സ്‌നേഹത്തിൽനിന്നും ബഹിർഗമിക്കുന്നതും അതിനു സദൃശ്യവുമാണ് ഈ സ്‌നേഹം.
അപ്രകാരമുള്ള ഒരു ബന്ധമാണ് അജപാലകരും അജഗണങ്ങളും തമ്മിലുണ്ടാകേണ്ടത്.
8. തൊഴുത്തിൽപ്പെടാത്ത ആടുകളുടെയും ഇടയൻ (10,16): ഈശോ സഭയാകുന്ന തൊഴുത്തിൽപ്പെടാത്ത ആടുകളുടെയും ഇടയനാണ്. അജപാലനശുശ്രൂഷയിൽ സഭൈക്യമാനം അജപാലകർ കാത്തുസൂക്ഷിക്കണം.
ആടുകളുടെ സവിശേഷതകൾ
1. ഇടയസ്വരം ശ്രവിക്കുന്നവർ (10,3.27): നല്ല ആടുകൾ ഇടയന്റെ സ്വരം കേൾക്കുന്നു. ശ്രവണാത്മകമായ പ്രാർത്ഥനാജീവിതത്തിലൂടെ ഇടയസ്വരം ശ്രവിക്കുന്നവർക്കേ ഇടയനെ അനുഗമിക്കുന്ന നല്ല ആടുകളാകാൻ കഴിയൂ.
2. ഇടയനെ അനുഗമിക്കുന്നവർ (10,4.27): ‘ഈശോയെ അനുഗമിക്കുക’ എന്നത് ശിഷ്യത്വത്തിന്റെ മുഖമുദ്രയാണ്. ഈശോയെ അനുഗമിക്കുക എന്നതിന്റെ അർത്ഥം ഈശോയെ എല്ലാറ്റിനും എല്ലാവരിലും ഉപരിയായി സ്‌നേഹിക്കുകയും, ജീവൻ
പോലും അവിടുത്തേക്കുവേണ്ടി സമർപ്പിക്കുവാൻ തയ്യാറാവുകയും ചെയ്യുക എന്നതാണ്.
3. ഇടയനെ അറിയുന്നവർ (10,5): ഇടയൻ ആടുകളുമായി സ്‌നേഹബന്ധം
സ്ഥാപിക്കുന്നതുപോലെ ആടുകൾ ഇടയനുമായി ആത്മാർത്ഥമായ സ്‌നേഹബന്ധം സ്ഥാപിക്കണം. ഇപ്രകാരമുള്ള ബന്ധമാണ് അജപാലകരും സഭാംഗങ്ങളും തമ്മിലുണ്ടാകേണ്ടത്.
ഈശോ: വാതിൽ (10,7-10)
ആടുകൾ ആലയുടെ അകത്തുകടന്ന് സുരക്ഷിതത്വം നേടുന്നതും, പുറത്തുകടന്ന് മേച്ചിൽസ്ഥലങ്ങളിൽ മേയുന്നതും വാതിലിലൂടെയാണ്. തന്നിൽ വിശ്വസിക്കുന്നവർക്ക് സമൃദ്ധിയായി ജീവൻ നല്കുന്ന ഈശോയാണ് ഈ വാതിൽ. ജീവനും മരണത്തിനും നിർണ്ണായകമായ വാതിൽ എന്ന നിലയിൽ ഈശോ ജീവന്റെയും മരണത്തിന്റെയും നാഥനായ വിധികർത്താവുമാണ്.
ഈശോ: ദൈവപുത്രനായ മിശിഹാ (10,22-39)
തന്റെ മെസിയാനിക വ്യക്തിത്വത്തെപ്പറ്റി യഹൂദർ ചോദിച്ച ചോദ്യത്തിന് ‘അതെ’ എന്ന് വ്യക്തമായി ഈശോ മറുപടി പറയുന്നു (10,35-36). ദൈവവചനവക്താക്കളെ ദൈവങ്ങളെന്നു വിശേഷിപ്പിക്കുന്ന സങ്കീർത്തനഭാഗം (82,6) ഉദ്ധരിച്ചുകൊണ്ടാണ് ഈ മറുപടി നല്കുന്നത്. അവരെ ദൈവങ്ങളെന്നു വിശേഷിപ്പിക്കുന്നെങ്കിൽ ദൈവവചനംതന്നെ മാംസമായി രൂപമെടുത്ത തന്നെ ദൈവപുത്രനായ മിശിഹായായി സ്വീകരിക്കുവാൻ അവർ തയ്യാറാകണമെന്ന് അവിടുന്നു വ്യക്തമായി പറയുന്നു. അതേത്തുടർന്ന്, താൻ തന്റെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നതിന്റെ പേരിലെങ്കിലും തന്നിൽ വിശ്വസിക്കുവാൻ ഈശോ അവരെ ആഹ്വാനം ചെയ്യുന്നു (10,37-38). പ്രതിഷ്ഠാതിരുനാളിന്റെ പശ്ചാത്തലത്തിലായതുകൊണ്ട് ദൈവത്തിന്റെ അഭിഷിക്തനെന്ന നിലയിൽ, പണിയുവാൻ നാല്പത്താറു സംവത്സരമെടുത്ത പഴയ ദൈവാലയത്തിന്റെ സ്ഥാനത്ത് മൂന്നു ദിവസം കൊണ്ട് പടുത്തുയർത്തപ്പെട്ട പുതിയ ദൈവാലയമാണ് ഈശോ (2,19-22) എന്ന വസ്തുതയും ഇവിടെ സൂചിപ്പിക്കുന്നുണ്ട്.