ചോദ്യങ്ങൾക്കു മറുപടി

നിയമപരമായി വേർപെടുത്തപ്പെട്ട എന്നാൽ സാധുവായ വിവാഹത്തിലുള്ളവരുടെ ജീവിതാവസ്ഥ ‘സഭ ആധുനിക യുഗത്തിൽ’ എന്ന പാസ്റ്ററൽ കോൺസ്റ്റിറ്റിയൂഷനിൽ, ദമ്പതികളുടെയും സന്താനങ്ങളുടെയും സമൂഹത്തിന്റെയും നന്മ ലക്ഷ്യമാക്കിയുള്ള പവിത്രബന്ധമാണ് വിവാഹമെന്ന് പഠിപ്പിക്കുന്നുണ്ട് (cfr. GS 48). ദമ്പതികൾ, പരസ്പരമുള്ള ദാമ്പത്യ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ച്,
സഹവർത്തിത്വത്തിൽ ജീവിക്കുവാൻ തിരുസഭ അവരോട് ആവശ്യപ്പെടുന്നു. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ ഒന്നിച്ചുള്ള ജീവിതം അസാദ്ധ്യമാകുമ്പോൾ, തങ്ങളുടെ വിവാഹബന്ധം നിലനിർത്തിക്കൊണ്ട്, ദമ്പതികൾക്ക് വേർപെട്ട് ജീവിക്കുവാനുള്ള സാദ്ധ്യത സഭാനിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. സംയോഗത്തിലൂടെ പൂർണ്ണമാക്കപ്പെട്ട വിവാഹം വേർപെടുത്തുവാൻ സാധിക്കില്ലെങ്കിലും, ചില ഗുരുതരമായ കാരണങ്ങളാൽ ഒന്നിച്ചുള്ള ദാമ്പത്യ ജീവിതം അസാദ്ധ്യമാകുമ്പോൾ, അവരെ വേർപെട്ടു ജീവിക്കുവാൻ സഭ അനുവദിക്കാറുണ്ട്. ഉദാഹരണമായി, വ്യഭിചാരം, മാനസികരോഗം, ക്രൂരമായ പ്രവൃത്തികൾ മുതലായവമൂലം ഒന്നിച്ചുള്ള സഹവാസം അസാദ്ധ്യമാകുകയും, സാദ്ധ്യമായ അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്യുമ്പോഴാണ് ദമ്പതികളുടെ നിയമപരമായ വേർപെടുത്തലിനെ സംബന്ധിച്ച് പരിഗണിക്കേണ്ടത്. വൈവാഹിക കൂട്ടായ്മ പുനഃസ്ഥാപിക്കപ്പെടുന്ന കാലയളവിലേയ്ക്കാണ് സാധാരണ, വേർപെട്ടു ജീവിക്കാനുള്ള അനുവാദം നൽകുന്നത്. ഭരണപരമായ നടപടിവഴിയോ (administrative process), നീതിന്യായ നടപടിക്രമത്തിലൂടെയോ (judicial process), ദമ്പതികളുടെ വേർപെടുത്തൽ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യപ്പെടുന്നു. ഭരണപരമായ നടപടിയിൽ, രൂപതാമെത്രാന്റെ ഉത്തരവിലൂടെയാണ് വേർപെടുത്തൽ അനുവദിക്കപ്പെടുന്നത്. എന്നാൽ, സഭയുടെ ജുഡീഷ്യൽ സംവിധാനം അംഗീകരിക്കാത്ത ഒരു സിവിൽ നിയമം പ്രാബല്യത്തലുണ്ടെങ്കിൽ, സിവിൽ കോടതികളെ സമീപിക്കുവാനുള്ള അനുവാദം രൂപതാമെത്രാനു നൽകാം.
സ്വത്തു സംബന്ധമായ തർക്കങ്ങൾ, ജീവിതപങ്കാളിക്കു നൽകേണ്ട ഉപജീവന ചെലവ്, കുട്ടികളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച് സിവിൽ കോടതികളുടെ തീർപ്പിന് വിധേയമാകേണ്ടിവരും. സാധാരണ ഉയർന്നുവരുന്ന ഒരു ചോദ്യമാണ്, ഒരിക്കൽ നിയമപരമായി വേർപെടുത്തപ്പെട്ട ദമ്പതികളുടെ ഇടവകയെ സംബന്ധിച്ച്. ദാമ്പത്യ ജീവിതത്തിൽ നിന്നുള്ളവർപെടുത്തൽ, ദമ്പതികളുടെ ഒന്നിച്ചുള്ള വാസസ്ഥലത്തിനും മാറ്റം വരുത്തിയേക്കാം.
നിയമപരമായി വേർപെടുത്തപ്പെട്ടവരുടെ താല്ക്കാലികമോ, സ്ഥിരമോ ആയ അവരുടെ ഇപ്പോഴത്തെ വാസസ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് അവരുടെ ഇടവകയെയും രൂപതയെയും നിശ്ചയിക്കുന്നത്. സഭയുടെ നിയമപ്രകാരം, ജീവിതപങ്കാളിയുടെ അവിശ്വസ്തത മൂലമുള്ള വ്യഭിചാരപ്രവൃത്തി, തെറ്റു ചെയ്തിട്ടില്ലാത്ത കക്ഷിയ്ക്ക് നിയമപ്രകാരമുള്ള വേർപെടുത്തലിന് അപേക്ഷിക്കാൻ തക്ക കാരണമാണ്. എന്നാൽ, തെറ്റുകാരനല്ലാത്ത/തെറ്റുകാരിയല്ലാത്ത ജീവിത പങ്കാളിക്ക് ക്ഷമിക്കുവാനും, ഒന്നിച്ചുള്ള കുടുംബജീവിതം നയിക്കാനുമുള്ള സന്നദ്ധത കാട്ടുവാനുമുള്ള ബാദ്ധ്യത വിസ്മരിക്കുവാൻ പാടില്ല. ഒരു പങ്കാളിയുടെ മാനസികരോഗം, ഇതര ജീവിത പങ്കാളിയ്ക്കും കുട്ടികൾക്കും ജീവഹാനിക്കുതന്നെ വെല്ലുവിളി ഉയർത്തുമ്പോൾ നിയമപരമായ വേർപെടലിന് അപേക്ഷിക്കാവുന്നതാണ്. എന്നാൽ, ഒന്നിച്ചുള്ള കുടുംബജീവിതം ഇനിയും സാദ്ധ്യമാകുമെന്ന് ബോദ്ധ്യമായാൽ, ദമ്പതികൾ തങ്ങളുടെ കുടുംബ ജീവിതത്തിന്റെ ഭദ്രതയെ കരുതി, കുടുംബ ജീവിതം വീണ്ടും പുനരാരംഭിക്കണം.