”ആഭിചാര ക്രിയകൾ” സഭ എങ്ങനെ കാണുന്നു; ഇവ ദൈവജനത്തെ പ്രതികൂലമായി ബാധിക്കുമോ?
‘ആഭിചാരക്രിയകൾ’ യഥാർത്ഥ ക്രൈസ്തവജീവിതത്തിനു ചേർന്നതല്ല. അത് മറ്റുള്ളവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുവേണ്ടിയാണെങ്കിൽ പോലും
മതാത്മക സുകൃതജീവിതത്തിനു ചേർന്നതല്ല. ആരെയെങ്കിലും ദ്രോഹിക്കണമെന്ന ചിന്തയോടുകൂടിയാണെങ്കിൽ അത് ക്രിസ്തീയജീവിതത്തിനു കടകവിരുദ്ധവുമാണ്. ആഭിചാരവസ്തുക്കൾ ധരിക്കുന്നതും അപലപനീയമാണ്. അവ ദൈവജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നതിന് സംശയമില്ല.
പരി. കുർബാന മദ്ധ്യേ കാർമ്മികൻ സമാധാനം/ആശീർവ്വാദം നൽകുമ്പോൾ ദൈവജനം ഇടതുനിന്ന് വലത്തേയ്ക്കാണോ അതോ വലതുനിന്ന് ഇടത്തേയ്ക്കാണോ സ്ലീവായുടെ അടയാളം വരയ്‌ക്കേത്?
പരിശുദ്ധ കുർബാനമദ്ധ്യേ കാർമ്മികൻ സമാധാനം/ആശീർവാദം നല്കുമ്പോൾ ദൈവജനം വലതുനിന്ന് ഇടത്തേയ്ക്കാണ് സ്ലീവായുടെ അടയാളം വരയ്‌ക്കേണ്ടത്. സ്ലീവായുടെ അടയാളം ആശീർവാദസമയത്ത് വരയ്ക്കുന്നത്, ആശീർവാദം സ്വീകരിക്കുന്നതിന്റെ അടയാളമാണ്. കാർമ്മികൻ ആശീർവാദം നല്കുന്നത് അദ്ദേഹത്തിന്റെ ഇടത്തുനിന്നും വലത്തേയ്ക്ക് കുരിശുവരച്ചുകൊണ്ടാണ്. സ്വീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് വലത്തുനിന്ന് ഇടത്തേയ്ക്കാണ്. അതുകൊണ്ട് ആ വിധത്തിൽ സ്ലീവായുടെ അടയാളം വരച്ചുകൊണ്ട് ആശീർവാദം സ്വീകരിക്കുന്നത് കൂടുതൽ അഭികാമ്യമാണ്.
വിശുദ്ധരെ അനുഗ്രഹിക്കണമേ / കാത്തോണേ എന്ന പ്രാർത്ഥന മാദ്ധ്യസ്ഥ്യം ആണോ? എങ്ങനെയുള്ള പ്രാർത്ഥനകളാണ് വിശുദ്ധരെ ദൈവതുല്യരായി കാണുന്നു എന്നു പറയുന്നത്?
വിശുദ്ധരെ അനുഗ്രഹിക്കണമേ/കാത്തോണേ എന്ന പ്രാർത്ഥനയുണ്ടെങ്കിൽ അത് ശരിയായ പ്രാർത്ഥനാരൂപമല്ല. അതുപോലെ, വിശുദ്ധരോട് അനുഗ്രഹിക്കണമേ/കാത്തോണേ എന്നു പ്രാർത്ഥിക്കുന്നതും ശരിയായ മദ്ധ്യസ്ഥപ്രാർത്ഥനയല്ല. അത് വിശുദ്ധരെ ദൈവതുല്യരായി കാണുന്നതുപോലെയുള്ള തെറ്റിദ്ധാരണകൾ ഉളവാക്കുകയും ചെയ്യും. അതുകൊണ്ട് വിശുദ്ധരുടെ സഹായം അഭ്യർത്ഥിക്കുന്ന മദ്ധ്യസ്ഥപ്രാർത്ഥനകളാണ് അഭികാമ്യമായിട്ടുള്ളത്. വിശുദ്ധരോടുള്ള പ്രാർത്ഥന അവരോടുള്ള നമ്മുടെ ദൈവികകൂട്ടായ്മയുടെ പ്രകാശനമായിട്ടാണ് കാണേണ്ടതും, പ്രായോഗികമായി നടത്തേണ്ടതും. അവരെ ദൈവതുല്യരാക്കിക്കൊണ്ടുള്ള പ്രാർത്ഥനകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.