നർസായ് (ca 400 – 503 AD)

ഒരു നൂറ്റാണ്ടിലധികം ഈ ഭൂമിയിൽ ജീവിക്കുവാൻ സവിശേഷ കൃപ സിദ്ധിച്ച നർസായ് പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രജ്ഞൻമാർക്കിടയിൽ തന്റേതായ ഉറച്ച നിലപാടുകൾ കൊണ്ട് വിഖ്യാതനായിതീർന്ന അപൂർവ്വ വ്യക്തിത്വത്തിനുടമയാണ്. പേർഷ്യയിലെ കൂർദ് മലകളുടെ സമീപത്തുള്ള ഐൻ ദുൽബ എന്ന സ്ഥലത്ത് ഏകദേശം AD 400 ൽ അദ്ദേഹം ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥനായിതീർന്ന നർസായ് ബേസ് സബ്‌ദൈയ്ക്കടുത്തുള്ള കേഫാർ – മാറി ദയറായുടെ ശ്രേഷ്ഠനായിരുന്ന തന്റെ മാതൃസഹോദരന്റെ പരിരക്ഷണത്തിലാണ് ബാല്യകാലം ചെലവഴിച്ചത്. ദയ്‌റായിൽ നിന്ന് നേടിയ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എദ്ദേസ്സായിലെ വിദ്യാപീഠത്തിൽ ചേർന്ന നർസായ് ദൈവശാസ്ത്രവിഷയങ്ങളിൽ ഉന്നതപ്രാവീണ്യം നേടി. പഠനശേഷം അവിടെതന്നെ അദ്ധ്യാപകനും പ്രധാനാദ്ധ്യാപകനുമായി നിരവധി വർഷങ്ങൾ സേവനം ചെയ്തു. അവിടെവച്ച് പ്രമുഖ അന്ത്യോക്യൻ ദൈവശാസ്ത്രജ്ഞനായ മൊപ്പ്‌സുവെസ്തിയായിലെ തെയദോറിന്റെ വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനശൈലിയിലും ദൈവശാസ്ത്രത്തിലും ആകൃഷ്ടനായ അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലും രചനകളിലുമെല്ലാം തെയദോറിന്റെ ദൈവശാസ്ത്രവീക്ഷണങ്ങൾ ഉയർത്തി
കാണിക്കാൻ ശ്രമിച്ചിരുന്നു. അന്ത്യോക്യൻ മിശിഹാ വിജ്ഞാനീയത്തിന്റെ പ്രചാരകരായതിനാൽ എദ്ദേസ്സായിലെ വിദ്യാപീഠത്തിന്റെ തലവനായ നർസായിയ്ക്കും കൂട്ടർക്കും ഏറെ എതിർപ്പുകൾ നേരിടേണ്ടിവന്നു. ഏകദ്ദേശം 470ൽ എദ്ദേസ്സായിൽ നിന്ന് പുറത്താക്കപ്പെട്ട അവർ നിസിബിസ്സിലെത്തി. അവിടുത്തെ മെത്രാപ്പൊലീത്തായായിരുന്ന ബർസൗമായുടെ സഹായത്തോടെ അവിടെ ഒരു ദൈവശാസ്ത്രപഠനകേന്ദ്രം ആരംഭിച്ചു. ഏകദേശം AD 489 -ൽ റോമൻ ചക്രവർത്തിയായ സെനോ എദ്ദേസ്സായിലെ വിദ്യാപീഠം നിർത്തലാക്കുകയും ചെയ്തു. അനുഗൃഹീത കവിയും ഉജ്ജ്വലവാഗ്മിയും ഉറച്ച ബോദ്ധ്യങ്ങളുള്ള മല്പാനുമൊക്കെയായിരുന്ന നർസായിയുടെ പ്രശസ്തിയും പ്രാഗത്ഭ്യവും ജനസമ്മതിയുമൊക്കെ അനേകരെ നിസിബസ്സിലേയ്ക്ക് ആകർഷിച്ചു. എദ്ദേസ്സായിലെ വിദ്യാപീഠത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളുമായിരുന്നവരൊക്കെ നിസിബിസ്സിലെത്തി. ചുരുക്കത്തിൽ എദ്ദേസ്സായിലെ വിദ്യാപീഠം നിസിബിസിലേയ്ക്ക് മാറ്റപ്പെടുകയായിരുന്നുവെന്ന് നമുക്ക് പറയാനാകും. ഒൻപതാംനൂറ്റാണ്ടുവരെ പേർഷ്യൻസഭയുടെ ബൗദ്ധിക
കേന്ദ്രമായിരുന്നു നിസിബിസ്സിലെ ഈ വിദ്യാപീഠം. അതിന്റെ സ്ഥാപകനും നെടുംതൂണുമായി അനേകവർഷങ്ങൾ അവിടെ മല്പാനായി തുടർന്ന നർസായ് തന്നെയാണ് ഈ വിദ്യാക്ഷേത്രത്തിന്റെ നിയമാവലി ചിട്ടപ്പെടുത്തിയതും. ചില
കാരണങ്ങളാൽ ഇടയ്‌ക്കൊക്കെ മെത്രാപ്പോലീത്തായായിരുന്ന ബർസൗമയുമായി
പിണങ്ങേണ്ടി വന്നെങ്കിലും മരിക്കുന്നതുവരെ നർസായ് അവിടെ പഠിപ്പിച്ചു.
സുറിയാനി ഭാഷയിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന നർസായിയുടെ
ഭാഷാശൈലിയുടെ സൗന്ദര്യം ഇന്നും ആസ്വാദകരിൽ ആദരവ് നിറക്കുന്നു. തന്റെ
ശ്ലീഹന്മാരിലൂടെ സഭയിൽ പ്രവർത്തനനിരതനായിരിക്കുന്ന കർത്താവിനെ എത്ര
മനോഹരമായാണ് നർസായി അവതരിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കൂ. കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാളിനെക്കുറിച്ചുള്ള തന്റെ പ്രസംഗത്തിൽ സ്വർഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്യുന്നതിനു മുൻപ്
ശ്ലീഹന്മാരെ സുവിശേഷ ദൗത്യവുമായി അയയ്ക്കുന്ന കർത്താവിന്റെ കരുതലുള്ള സ്‌നേഹം അവരിൽ സദാസന്നിഹിതനായി അവരിലൂടെ പ്രവർത്തിക്കുവാൻ സ്വർഗ്ഗാരോഹിതനായ മിശിഹായെ നിർബന്ധിക്കുന്നതായി നർസായ് വർണ്ണിക്കുന്നു.
‘ഞാൻ നിങ്ങളെ ഭൂമിയുടെ നാല് അതിരുകളിലേയ്ക്കും സന്ദേശവാഹകരായി അയയ്ക്കുന്നു. നിങ്ങൾ വിജാതീയരെ മാനസാന്തരപ്പെടുത്തി അബ്രാഹത്തിന്റെ ഭവനമായി അവരെ രമ്യപ്പെടുത്തൂ. നിങ്ങളെ പ്രകാശമാക്കി തിന്മയുടെ അന്ധകാരത്തെ ഞാൻ നിർമ്മാർജ്ജനം ചെയ്യും. അന്ധമായ ഈ ലോകത്തെ നിങ്ങളുടെ ജ്വാലകളാൽ ഞാൻ പ്രകാശിപ്പിക്കും. നിങ്ങളെ ഞാൻ അനേകരുടെ മുമ്പിൽ ഒരു ദർപ്പണമായി പ്രതിഷ്ഠിക്കും. പാപം മൂലം വികൃതമാക്കപ്പെട്ട തങ്ങളുടെ വ്യക്തിത്വം അവരതിൽ കാണട്ടെ. റൂഹായുടെ സമ്പന്നമായ നിക്ഷേപാലയം നിങ്ങളാൽ ഞാൻ തുറക്കും. പോകൂ…. മർത്ത്യർക്ക് ജീവന്റെ സ്വാതന്ത്ര്യം സൗജന്യമായി നൽകൂ. ഉപമകളുടെ പൊരുളുകൾ സർവ്വരുടെയും കാതുകളിൽ വ്യക്തമായി വിശദീകരിക്കൂ. നിങ്ങളിലൂടെ രഹസ്യങ്ങളും അടയാളങ്ങളും ഞാൻ പൂർണ്ണമാക്കും. നിങ്ങൾ വഴി ഭൂവാസികൾക്കായി സ്വർഗ്ഗത്തിലേയ്ക്കുള്ള വാതിൽ ഞാൻ തുറക്കും’. അദ്ദേഹമൊരു അനുഗൃഹീത കവിയായിരുന്നു. തന്റെ ദൈവശാസ്ത്ര ദർശനങ്ങൾ ആകർഷണീയമായ ഭാഷയിൽ ഒഴുക്കോടെ കാവ്യങ്ങളായി അവതരിപ്പിക്കുവാൻ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ‘റൂഹായുടെ
വീണ’യെന്നും ‘റൂഹായുടെ ഗീതം’മെന്നുമൊക്കെ ആളുകൾ വിളിച്ചിരുന്നു. പദ്യവും
ഗദ്യവും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങിയിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുറിയാനി ചരിത്രകാരനായ അബ്ദീശോയുടെ അഭിപ്രായത്തിൽ നർസായ് 360-ൽ പരം പ്രഭാഷണ (മെമ്രാ)ങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 81 പ്രഭാഷണങ്ങളുടെ കൈയ്യെഴുത്തുപ്രതികൾ മാത്രമേ നമുക്ക് ലഭിച്ചിട്ടുള്ളൂ. അവയിൽ 47 എണ്ണം 1905 -ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
മാർ അപ്രേമിന്റെയും തെയദോറിന്റെയും ദൈവശാസ്ത്രദർശനങ്ങളെ സമന്വയിപ്പിച്ചാണ് നർസായ് തന്റെ ദൈവശാസ്ത്രം രൂപപ്പെടുത്തിയത്. ‘കിഴക്കിന്റെ സഭ’ (Churchof the East) യുടെ ദൈവശാസ്ത്ര ദർശനങ്ങൾക്ക് ശാശ്വതമായ അടിത്തറപാകിയ ഈ ശ്രേഷ്ഠാചാര്യൻ ‘കിഴക്കിന്റെ നാവ്’,
‘കിഴക്കിന്റെ ആരാധ്യനായ മല്പാൻ’ തുടങ്ങിയ അപരനാമങ്ങളിൽ അറിയപ്പെട്ടതിൽ അതിശയിക്കാനില്ല. മഹാ പണ്ഡിതനായ അദ്ദേഹത്തെ ജനങ്ങൾ ആദരപൂർവ്വം
‘റമ്പാ’ (മഹാൻ) എന്നാണ് വിളിച്ചിരുന്നത്. നർസായ് രചിച്ച കൃതികളെല്ലാം
തന്നെ വിശുദ്ധലിഖിതങ്ങളിൽ ചാലിച്ചെടുത്തവയായിരുന്നു. പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും വ്യക്തികളും സംഭവങ്ങളും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ പ്രതിപാദന വിഷയങ്ങളായിരുന്നു. പഴയനിയമത്തിന്റെ ചരിത്രമൂല്യത്തിന് നർസായ് ഏറെ പ്രാധാന്യം കല്പിച്ചിരുന്നു.
പഴയനിയമ പ്രവചനങ്ങളിൽ പ്രതീകങ്ങളും പ്രതിബിംബങ്ങളും മറഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സൃഷ്ടിയും,
കർത്താവിന്റെ പ്രധാനപ്പെട്ട തിരുനാളുകളും, സുവിശേഷത്തിലെ ഉപമകളുമൊക്കെ അദ്ദേഹത്തിന്റെ മെമ്രാകളുടെ വിഷയങ്ങളാണ്. ആരാധനക്രമവുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ച മെമ്രാകൾ പൗരസ്ത്യ സുറിയാനി സഭയിൽ മാമ്മോദീസായും പരിശുദ്ധ കുർബാനയുമൊക്കെ പരികർമ്മം ചെയ്യപ്പെട്ട രീതികളും
അവയുടെ ദൈവശാസ്ത്രവുമൊക്കെ ഭംഗിയായി വിവരിക്കുന്നു. മനുഷ്യർക്ക് ലഭിച്ച
പൗരോഹിത്യമെന്ന മഹാദാനത്തെക്കുറിച്ച് വിസ്മയപൂർവ്വം വിവരിക്കുന്ന നർസായിയുടെ സ്വർണ്ണനാവിന്റെ ചാതുര്യം അംഗീകരിക്കാതിരിക്കാൻ നമുക്കാവില്ല. ആ വിശ്രുത മല്പാൻ പുരോഹിതനെ നോക്കി പറയുന്നു.
”അഗ്നിയെ വഹിച്ചിട്ടും കത്തിയെരിയാത്ത ശാരീരിക ജീവിയേ!
മരണമുള്ളവനായിട്ടും ജീവൻ വിതരണം ചെയ്യുന്ന മർത്ത്യനേ!
അത്യന്ത ദയനീയ മൺതരിയേ!
അഗ്നിയെ എടുക്കാൻ ആരാണ് നിന്നെ അനുവദിച്ചത്.
ദരിദ്രപുത്രാ ജീവൻ വിതരണം ചെയ്യാൻ ആരാണ് നിന്നെ പ്രാപ്തനാക്കിയത്.
മാംസളമായ കൈയിൽ അഗ്നിയെ തടവിലാക്കാൻ ആര് നിന്നെ പഠിപ്പിച്ചു.
നിന്നിൽ നിന്ന് മറഞ്ഞിരിക്കുന്ന ജ്ഞാനശക്തിയെ ആര് നിനക്ക് വ്യാഖ്യാനിച്ചു തന്നു?
നിന്റെ കഴിവിനതീതമായ കാര്യങ്ങൾ ചെയ്യുന്നതു നീയല്ല. നിന്റെ അയോഗ്യതയെ ഉയർത്തിയെടുത്ത സകലത്തിന്റെയും നാഥനായ ദൈവത്തിന്റെ സഹായ ശക്തിയാണ്”. മഹാ പണ്ഡിതനായിരുന്ന നർസായ് കഠിന താപസികനുമായിരുന്നു. ദാരിദ്ര്യത്തെ സന്തോഷപൂർവ്വം ജീവിതത്തിൽ സ്വീകരിച്ച അദ്ദേഹത്തിന്റെ സമ്പാദ്യങ്ങൾ പുസ്തകങ്ങൾ മാത്രമായിരുന്നു. ലളിതമായ ജീവിതശൈലി സ്വീകരിച്ചിരുന്ന അദ്ദേഹം ഭക്ഷണത്തിലും വലിയ നിയന്ത്രണമായിരുന്നു പുലർത്തിയിരുന്നത്. പ്രാർത്ഥനയും തപസ്സും ഉപവാസവും വഴി ശുദ്ധമാക്കപ്പെട്ട അദ്ദേഹത്തിന്റെ ഹൃദയത്തിന് ദൈവികരഹസ്യങ്ങളുടെ പൊരുളുകളറിയാനായി. തന്റെ അറിവുകൾ ലിഖിതങ്ങളിലൂടെയും വാക്കുകളിലൂടെയും സർവ്വോപരി തന്റെ ജീവിത മാതൃകയിലൂടെയും തലമുറകളെ പഠിപ്പിച്ച ഈ ഉത്തമ മല്പാൻ പൗരസ്ത്യ സുറിയാനിസഭയുടെ നഭസ്സിൽ എന്നുമൊരു പൊൻ താരകമായിരിക്കും.