ഭാരതകമാകെ അജപാലന – പ്രേഷിത പ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യം – 7 (തുടർച്ച)

ചരിത്രത്തിൽ നിന്നു വേർപെടുത്തി ഒറ്റപ്പെട്ടയൊരു സംഭവമായി ഭാരതത്തിലെ നമ്മുടെ അജപാലന, സുവിശേഷപ്രഘോഷണ സ്വാതന്ത്ര്യത്തെ കണക്കാക്കേണ്ടതില്ല. സഭാചരിത്രത്തിന്റെ ആദ്യഘട്ടത്തിൽ പൗരസ്ത്യസഭകൾ ശക്തവും സജീവവുമായ ഘടകങ്ങൾ തന്നെയായിരുന്നു. പാത്രിയാർക്കീസുമാരെയെല്ലാം സമന്മാരായി കരുതിയിരുന്ന ആദ്യകാലത്തു റോമിലെ പാത്രിയാർക്കീസിനെ ‘First among equals’ ആയിട്ടാണു മറ്റുള്ളവർ പരിഗണിച്ചിരുന്നത്. എന്നാൽ മദ്ധ്യശതകങ്ങളിൽ പാശ്ചാത്യസഭ ശീഘ്രഗതിയിലുള്ള വളർച്ച നേടുന്നതിനു കാലം സാക്ഷിയായി. വ്യാപാരങ്ങളിൽ തുടങ്ങി അധികാരത്തിലേക്കു പാശ്ചാത്യ അധിനിവേശം ചുവടുമാറ്റിയപ്പോൾ ചിലയിടങ്ങളിലെങ്കിലും ഈ അധികാരത്തണലിൽ പാശ്ചാത്യസഭയുടെ വളർച്ചയും സുഗമമായി. ‘Trade followed the flag and religion followed the flag’ എന്ന പ്രസ്താവത്തിനാധാരവും ഇതു തന്നെ. തുർക്കികളുടെ നിഷ്ഠൂരചെയ്തികളും ചില പൗരസ്ത്യ ദേശങ്ങളിലെ വിശ്വാസിസമൂഹത്തെ നാമാവശേഷമാക്കുന്നതിനു നിമിത്തമായി. ദണ്ഡും ധനവും അധികാരവും
വഴിയായ അടിച്ചമർത്തലുകളിലൂടെ പൗരസ്ത്യദേശങ്ങളിലെ ക്രൈസ്തവ വിശ്വാസത്തെ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ വലിയൊരളവിൽ വിജയിച്ചുവെന്നു ചരിത്രം വ്യക്തമാക്കുന്നു. അംഗബലത്തിലും അധികാരത്തിലും മുൻപന്തിയിലായ പാശ്ചാത്യസഭയാണു സാർവത്രിക സഭയെന്നും മറ്റു സഭകൾ ആചാരാനുഷ്ഠാനങ്ങളിൽ മാത്രം വ്യത്യസ്തത പുലർത്തുന്ന സമൂഹങ്ങളാണെന്നുമുള്ള വികലമായ കാഴ്ചപ്പാടിനിടം ലഭിച്ചതും ഈയൊരു പശ്ചാത്തലത്തിലാണെന്നു പറയാം. പൗരസ്ത്യസഭകളെക്കുറിച്ചുള്ള വ്യക്തമായ അറിവു നേടുന്നതിൽ പാശ്ചാത്യർ ആദ്യകാലങ്ങളിൽ ഏറെ പരിശ്രമമൊന്നും നടത്തിയില്ലെന്നതും ഇവിടെ നിർണ്ണായകമായി. ഭാരതത്തിൽ ക്രൈസ്തവ പാരമ്പര്യം ഉണ്ടെന്ന ചിന്തപോലും അന്യമായിരുന്ന പാശ്ചാത്യർ തങ്ങളുടെ രീതികളോടിണങ്ങാത്തവയെ വേദവിപരീതമായി മുദ്ര കുത്തിയതിന്റെ ചരിത്രവും നമുക്കു സുപരിചിതമാണല്ലോ. എല്ലാ സഭകൾക്കും മീതെയാണു ലത്തീൻ സഭയെന്ന ചിന്തയാണ് അവരിൽ പ്രബലമായിരുന്നുവെന്നത് അവരുടെ പ്രവൃത്തികൾ പ്രകടമാക്കി.
സ്വത്വബോധം നഷ്ടമാകുന്നു
സഭകൾ തങ്ങളുടെ തനിമയെ പാലിക്കുന്നതിലും സംരക്ഷിക്കേണ്ടതിലും പുലർത്തേണ്ട താത്പര്യത്തെക്കുറിച്ചും ജാഗ്രതയെക്കുറിച്ചും രണ്ടാം വത്തിക്കാൻ കൗൺസിൽ ശക്തമായി പറഞ്ഞുവയ്ക്കുന്നുണ്ട്. സഭകളെല്ലാം തുല്യരാണെന്നും അവയുടെ വ്യക്തിത്വം അഭംഗുരം കാത്തുസൂക്ഷിക്കേണ്ടതാണെന്നുമുള്ള നിലപാടിൽ പിതാക്കന്മാർക്കു വ്യത്യസ്താഭിപ്രായമുണ്ടായിരുന്നില്ല. ”എല്ലാ ക്രൈസ്തവരും സ്വന്തം നിയമാനുസൃതമായ ആരാധനക്രമരീതികളും ശിക്ഷണക്രമവും പാലിക്കണമെന്നും നൈസർഗ്ഗികവും ജീവാത്മകവുമായ പുരോഗതിയല്ലാതെ ഒരു വ്യതിയാനവും വരുത്തുവാൻ പാടില്ലെന്നും അറിയുകയും സുനിശ്ചിതമായി ബോധ്യപ്പെടുകയും വേണം. ഇക്കാര്യങ്ങൾ സംബന്ധിച്ച് അനുദിനം കൂടുതൽ അറിവു നേടുകയും പൂർണ്ണമായി ആചരിക്കപ്പെടുകയും വേണം. കാലങ്ങളുടെയും വ്യക്തികളുടെയും സാഹചര്യങ്ങളാൽ അനുചിതമായി വ്യതിചലിച്ചിട്ടുണ്ടെങ്കിൽ
പൂർവ്വിക പാരമ്പര്യങ്ങളിലേക്കു തിരികെപ്പോകാൻ അവർ തീവ്രയത്‌നം ചെയ്യട്ടെ” (OE5). സിറോ മലബാർ സഭയ്ക്കു വളരെ പ്രസക്തമായ ഒരു സന്ദേശമാണു കൗൺസിൽ പിതാക്കന്മാർ പങ്കുവച്ചതെന്നു നിസംശയം പറയാം. നമ്മുടെ വ്യക്തിത്വം നഷ്ടമാക്കിയ സാഹചര്യങ്ങളെക്കുറിച്ചു തികഞ്ഞ ബോധ്യം നമുക്കുണ്ട്. ഒരു സഭയുടെ വ്യക്തിത്വം അതിന്റെ ആരാധനക്രമം, ആദ്ധ്യാത്മികത, ദൈവശാസ്ത്രം, ശിക്ഷണക്രമം എന്നിവയിലധിഷ്ഠിതമായിരിക്കേ പോർട്ടുഗീസ് ഭരണകാലത്തു നമുക്ക് ഇവയുടെ തനിമ നഷ്ടമായെന്നതാണു യാഥാർത്ഥ്യം. തങ്ങളുടെ രീതികൾക്കനുഗുണമായി നമ്മെ പരിവർത്തിപ്പിക്കാനിണങ്ങുന്ന പരിശീലനമാണു നമ്മുടെ വൈദികർക്കും സന്ന്യസ്തർക്കും അവർ നല്കിയത്. നാലു നൂറ്റാണ്ടോളം തുടർന്ന ഈ പരിശീലനം നമ്മുടെ പൗരസ്ത്യ സഭാത്മകത നഷ്ടപ്പെടാൻ ഇടയാക്കിയെന്നതാണു വസ്തുത. ആചാരാനുഷ്ഠാന വിധികൾക്കൊപ്പം നമ്മുടെ മനോഭാവങ്ങളും പാശ്ചാത്യവത്ക്കരിക്കപ്പെടാൻ ഇടയായെന്നതാണ് ഏറ്റവും ഖേദകരം. ഒരു വ്യക്തിസഭയുടെ കൈമുതലായ ആരാധനക്രമവും അതിലധിഷ്ഠിതമായ ആദ്ധ്യാത്മികതയും ശിക്ഷണക്രമവുമെല്ലാംതന്നെ നമ്മെ
സംബന്ധിച്ചിടത്തോളം പാശ്ചാത്യവത്ക്കരണം വഴിയായി കൈമോശം വന്നുവെന്നു പറയാതെ വയ്യ. മനോഭാവത്തിൽപ്പോലും സംഭവിച്ച ഈ വ്യതിയാനം മൂലമാണു വത്തിക്കാൻ കൗൺസിലും പൗരസ്ത്യ തിരുസ്സംഘവും നമ്മുടെ പാരമ്പര്യത്തിന്റെ നിർദ്ദേശങ്ങളും പലർക്കും അസ്വീകാര്യവും അനഭിമതവുമാക്കിത്തീർത്തത്. നമ്മുടെ തനതു വ്യക്തിത്വത്തെക്കുറിച്ചുള്ള ജ്ഞാനംപോലും നമുക്കു നഷ്ടമായി. 1930 -കളിൽ ലത്തീൻ പൊന്തിഫിക്കൽ സുറിയാനിയിലാക്കി നമുക്കു നല്കിയാൽ മതിയെന്ന ആവശ്യമാണു പതിനൊന്നാം പീയൂസ് മാർപ്പാപ്പാ മുൻപാകെ നമ്മുടെ പിതാക്കന്മാർ സമർപ്പിച്ചത്. എന്നാൽ പിന്നീടു മാർപ്പാപ്പാമാർ നമ്മുടെ പാരമ്പര്യങ്ങളുടെ അനന്യതയും ശ്രേഷ്ഠതയും തിരിച്ചറിഞ്ഞതുകൊണ്ടാണു തദനുസൃതം റോമിലെ കമ്മറ്റികൾ ടെക്സ്റ്റുകൾ തയ്യാറാക്കിയത്. പക്ഷേ അവയെ നാം തിരസ്‌ക്കരിക്കയാണുണ്ടായത്. പരി. കുർബാന ചെറുതായിരിക്കണമെന്നും കാഴ്ചവയ്പു പ്രദക്ഷിണം (ലത്തീൻ രീതിയിൽ) വേണമെന്നും സ്വയംകൃത പ്രാർത്ഥനകൾക്ക് ഇടം നല്കണമെന്നുമൊക്കെയുള്ള നിലപാടുകളായിരുന്നു ഇവിടെ പലർക്കുമുണ്ടായിരുന്നത്. ഇവയെല്ലാം ചരിത്രത്തിൽ സംഭവിച്ച ലത്തീനീകരണത്തിന്റെ അനന്തരഫലങ്ങൾ തന്നെയാണെന്നതാണു വാസ്തവം. ഈ പശ്ചാത്തലത്തിലാണു സെൻട്രൽ ലിറ്റർജിക്കൽ കമ്മറ്റിയിലെ ശക്തമായ വാദപ്രതിവാദങ്ങൾക്കു ശേഷം നാം തന്നെ 1968-ലെ തക്‌സ തയ്യാറാക്കിയത്. തിടുക്കത്തിൽ റോമിൽ നിന്ന് അംഗീകാരവും വാങ്ങി ആ ടെക്സ്റ്റ് നടപ്പിലാക്കി. കൗൺസിലിൽ റൃമള-േനെ എതിർത്തവർപ്പോലും ടെക്സ്റ്റിലെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. നമ്മുടെ സ്വത്വബോധം പാടെ നഷ്ടമായെന്ന ചിന്ത പ്രബലമായ കാലഘട്ടമായിരുന്നു അത്.
എന്നാൽ നമ്മുടെ സ്വത്വബോധം വീണ്ടെടുക്കുവാനും വളർത്തിയെടുക്കുവാനുമുള്ള പരിശ്രമങ്ങൾ അതിനു മുൻപേ ആരംഭിച്ചിരുന്നു. അതിനു തുടക്കം കുറിച്ചതു ബ.പ്ലാസിഡച്ചനായിരുന്നു എന്നതിൽ സംശയമില്ല. കർദ്ദിനാൾ ടിസ്സറാങ് ഇക്കാര്യത്തിൽ വലിയ പിന്തുണ നല്കുകയും ചെയ്തു. പിന്നീടു ബ. ജേക്കബ് വെള്ളിയാൻ, ബ. സേവ്യർ കൂടപ്പുഴ, ബ. ചാൾസ് പൈങ്ങോട്ട്, ബ. എമ്മാനുവൽ തെള്ളി തുടങ്ങിയവരുടെ ശക്തവും സമയോചിതവുമായ ഇടപെടലുകളും പ്രവർത്തനങ്ങളും അക്കാലത്തു നമ്മുടെ സ്വത്വബോധം വളർത്താൻ സഹായകമായി.
ഭാരതത്തിലെങ്ങും അജപാലനസ്വാതന്ത്ര്യമുണ്ടായിരുന്ന നമ്മുടെ പൂർവ്വകാലത്തെപ്പറ്റി പലരും അഭിപ്രായൈക്യം പുലർത്തിയിരുന്നു. പക്ഷേ നമ്മുടെ ശ്ലൈഹിക പാരമ്പര്യത്തിലൂന്നിയ ആരാധനക്രമവും അതിനെ അടിസ്ഥാനമാക്കിയുള്ള ആദ്ധ്യാത്മികതയുമെല്ലാം സ്വായത്തമാക്കണമെന്നും വളർത്തിയെടുക്കണമെന്നുമുള്ള വ്യക്തമായ ബോധ്യമുള്ളവർ വിരളമായിരുന്നു. അവിടെയാണു നമ്മിൽ പലരും ഇപ്പോഴും ഭിന്നചേരികളിലാകുന്നത്. ഒരു വ്യക്തിസഭയ്ക്ക് അതിന്റേതായ ആത്മീയപൈതൃകം കൂടിയേ തീരൂ. പക്ഷേ അതിനുള്ള തടസ്സമായി പാശ്ചാത്യവത്ക്കരണം നമ്മിൽ സൃഷ്ടിച്ച മനോഭാവം ഇന്നും നിലകൊള്ളുന്നു.
സ്വാതന്ത്ര്യം വളർച്ചയ്ക്ക് ഇടയാകണം
‘സഭയിലെ വൈവിധ്യം ഐക്യം ഹനിക്കുകയല്ല; പ്രത്യുത, അതിനെ കൂടുതൽ സമ്പുഷ്ടമാക്കുകയാണ്. ഓരോ വ്യക്തിസഭയുടെയും പാരമ്പര്യങ്ങൾ ഭദ്രമായും അഭംഗുരമായും നിലനില്ക്കണമെന്നതാണു കത്തോലിക്കാസഭയുടെ ലക്ഷ്യം’ (OE 2). കൗൺസിൽ പിതാക്കന്മാരുടെ ദൃഢമായ ഈ പ്രഖ്യാപനം പലരും വേണ്ടത്ര മനസ്സിലാക്കിയില്ലെന്നതാണു വിവിധ വ്യക്തിസഭകളുടെ സാന്നിധ്യത്തെ എതിർക്കുവാനുള്ള അടിസ്ഥാനകാരണം. എല്ലാ സഭകൾക്കും തുല്യമഹിമയാണുള്ളത് (OE 2) എന്ന പ്രഖ്യാപനവും ഇക്കൂട്ടരെ അലോസരപ്പെടുത്തുന്നുണ്ട്. ഈ ഭീതിയാണു CBCI -യിലെ ചർച്ചകളിൽ പലപ്പോഴും പ്രകടിതമായതും.
വൈവിധ്യം സമ്പന്നമാകണമെങ്കിൽ വിവിധ രൂപങ്ങൾ അവയുടെ തനിമ സംരക്ഷിക്കുകയും വ്യക്തമാക്കുകയും ചെയ്യണം.
അതോടൊപ്പം മറ്റുള്ളവയെ ആത്മാർത്ഥമായി അംഗീകരിക്കാനുള്ള തുറവും കൂടിയേതീരൂ. ഐക്യത്തിനായി വൈവിധ്യങ്ങളെ തുടച്ചുനീക്കുന്നതോ വൈവിധ്യങ്ങളുടെ പേരിൽ അകന്നു മാറിനില്ക്കുന്നതോ അഭിലഷണീയമല്ല. വിഭാഗീയതയും വിഘടനവാദങ്ങളും ശക്തിപ്പെടുന്ന ആധുനികകാലത്തു വൈവിധ്യത്തിലും ഐക്യം പുലർത്തുന്ന ഒരു സമൂഹമെന്ന നിലയിൽ ലോകത്തിനു സാക്ഷ്യം നല്കാൻ ക്രൈസ്തവ സഭകൾക്കു കഴിയേണ്ടതുണ്ട്.
ആരാധനക്രമത്തിലെ വൈവിധ്യമാണു ഏറെ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടേണ്ടത്.
മറ്റുള്ളവരുടെ ശ്രദ്ധ ആദ്യം പതിയുന്നതും ഈ വിശ്വാസത്തിന്റെ ആഘോഷങ്ങളിലേക്കാണെന്നതും മറന്നു കൂടാ. ശ്ലൈഹികപാരമ്പര്യങ്ങളിൽ നിന്നു രൂപം കൊണ്ട ആരാധനക്രമം നമ്മുടെ വിശ്വാസപാരമ്പര്യത്തിന്റെ മഹത്തായ സാക്ഷ്യമാണ്. റാറ്റ്‌സിംഗർ പിതാവ് ഒരിക്കൽ പറഞ്ഞുവച്ചതുപോലെ ‘ലിറ്റർജിക്കു വേണ്ടതു പൈതൃകത്തുടർച്ചയാണ്. അതിലൂടെ ഞാൻ സഹസ്രാബ്ദങ്ങളെ സ്പർശിക്കുന്നു. അപ്പോൾ ഞാൻ നിത്യതയെത്തന്നെയാണു സ്പർശിക്കുന്നത്
‘(Salt of the Earth (trans. p. 258). നമ്മുടെ ആരാധനക്രമം ഇതിന്റെ മഹത്തായ സാക്ഷ്യമാണ്. അതിനോടു ചേർന്നു പോകേണ്ടതാണു നമ്മുടെ ആദ്ധ്യാത്മികതയും ദൈവശാസ്ത്രവും. അങ്ങനെയാവുമ്പോൾ വിശ്വാസം അതിന്റെ തനിമയിൽ ജീവിക്കുവാനും മഹത്തായ ക്രൈസ്തവസാക്ഷ്യം നല്കുവാനും നാം പ്രാപ്തരാവുകയാണ്. പാരമ്പര്യത്തനിമയിൽ വിശ്വാസം ജീവിക്കാനുള്ള ആഗ്രഹവും ആർജ്ജവവും സ്വന്തമാക്കാനാണു നാം പരിശ്രമിക്കേണ്ടത്. ആദ്യമുണ്ടായിരുന്നതും ഒരു കാലത്തു നഷ്ടമായതുമായ അജപാലന സ്വാതന്ത്ര്യം വീണ്ടും ലഭ്യമാകുമ്പോൾ പ്രേഷിതരംഗത്തു
കൂടുതൽ സജീവമാകാനുള്ള ദൈവികമായ ദൗത്യമാണു നാമേറ്റെടുക്കുന്നതെന്നു മറക്കാതിരിക്കാം. നമ്മുടെ മൂന്നു വ്യക്തിസഭകളും തങ്ങളുടെ പൈതൃകങ്ങൾ വ്യക്തമാക്കും വിധം വൈവിധ്യങ്ങൾ അവതരിപ്പിക്കുകയും ഐക്യത്തിൽ ജീവിക്കുകയും ചെയ്യുമ്പോൾ സഭയിലെ വൈവിധ്യം സത്യാന്വേഷികൾക്കു കൂടൂതൽ സാദ്ധ്യത നല്കുകയാണ്. ഇന്നു ലഭിച്ചിരിക്കുന്ന അജപാലന സ്വാതന്ത്ര്യം വലിയൊരു പ്രേഷിതമുന്നേറ്റത്തിനു വഴി തെളിക്കട്ടെ.