ഈശോസഭക്കാർ അഹത്തള്ളായെ കഴിവതും വേഗം നാടുകടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അദ്ദേഹം കേരളത്തിലെത്തിയാൽ മാർത്തോമ്മാ നസ്രാണികൾ അദ്ദേഹത്തെ സ്വീകരിക്കുകയും ഈശോസഭക്കാരുടെ അധികാരം നഷ്ടപ്പെടുകയും ചെയ്യും എന്നവർക്കറിയാമായിരുന്നു. ഈയവസരത്തിലാണ് കേരളത്തിൽ നിന്നും മൈലാപ്പൂരിലെത്തിയ ഏതാനും തീർത്ഥാടകരെ അഹത്തള്ള കണ്ടുമുട്ടുന്നത്. അവർവഴി തന്റെ ആഗമനോദ്ദേശ്യവും മറ്റും ഒരു കത്തിലൂടെ ആർച്ചുഡീക്കനെ അറിയിച്ചു. ആർച്ചുഡീക്കൻ അഹത്തള്ളായെ എത്രയും വേഗം മോചിപ്പിച്ച് കൊണ്ടുവരാൻ ശ്രമമാരംഭിച്ചു. ഈയവസരത്തിൽ പോർട്ടുഗീസുകാർ അഹത്തള്ളായെ കൊച്ചിവഴി പോർട്ടുഗലിലേയ്ക്ക് കൊണ്ടുപോകുവാൻ ആലോചനചെയ്തു. അഹത്തള്ള മാർത്തോമ്മാ നസ്രാണികൾക്കായി എഴുതിയതായി പറയപ്പെടുന്ന ഒരു കത്ത് അസ്സേമാനി എന്ന പണ്ഡിതൻ ഉദ്ധരിക്കുന്നുണ്ട്. അഹത്തള്ളാ എഴുതിയതായി പറയപ്പെടുന്ന ഈ കത്തിൽ അദ്ദേഹം, തന്നെ മൈലാപ്പൂരിൽ നിന്നും മോചിപ്പിക്കണമെന്ന് അപേക്ഷിക്കുന്നുണ്ട്. അഹത്തള്ളായെ കൊച്ചിവഴി ഗോവയിലേയ്ക്ക് കൊണ്ടുപോകുന്നുവെന്ന വാർത്തയറിഞ്ഞ് ആർച്ചുഡീക്കനും ജനങ്ങളും കൊച്ചിയിലെ രാഷ്ട്രീയാധികാരികളെയും സഭാധികാരികളെയും സമീപിച്ച് അഹത്തള്ളായെ കാണാനും അധികാരപത്രങ്ങൾ പരിശോധിക്കാനും അവസരമുണ്ടാക്കിത്തരണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ കൊടുങ്ങല്ലൂർ രൂപതയുടെ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന ഫ്രാൻസിസ് ഗാർസ്യാ അഹത്തള്ളായെ കാണാൻ പോലും ജനങ്ങൾക്ക് അവസരം നൽകിയില്ല. യാതൊരു കാരണവശാലും മാർത്തോമ്മാ നസ്രാണികൾക്ക് മാർ അഹത്തള്ളായെ സന്ദർശിക്കാൻ അവസരം കൊടുക്കരുതെന്ന് ഗാർസ്യാ കപ്പിത്താനെഴിതി. അഹത്തള്ളാ മെത്രാനെ മാർപ്പാപ്പാ അയച്ചതാണെങ്കിൽപ്പോലും കേരളത്തിൽ കാലുകുത്താൻ അനുവദിക്കയില്ലെന്ന് ഗാർസ്യാ പറഞ്ഞു. അതിനു കാരണമായി അദ്ദേഹം ഉന്നയിച്ചത് പോർട്ടുഗീസ് രാജാവിന്റെ അനുവാദം കേരളത്തിൽ വരുന്ന ഏതു മെത്രാനും അപരിത്യാജമാണെന്നായിരുന്നു. പല വൈദികരും ഗാർസ്യായെ സമീപിച്ചെങ്കിലും ഫലമുണ്ടയില്ല. നിരാശരായ ആർച്ചുഡീക്കനും ഏകദേശം 600 മാർത്തോമ്മാനസ്രാണികളും കപ്പൽ തുറമുഖത്തടുത്താൽ അഹത്തള്ളായെ രക്ഷപെടുത്താൻ ഒരുങ്ങി മട്ടാഞ്ചേരിയിൽ കാത്തിരുന്നു. കൊച്ചി തുറമുഖത്ത് കപ്പൽ അടുത്താൽ കൊച്ചി റാണിയ്ക്ക് പണം നൽകി അഹത്തള്ളായെ കാണാനുള്ള അനുമതി വാങ്ങാമെന്ന് അവർ കരുതി. കൊച്ചിയിലെ പോർട്ടുഗീസ് ക്യാപ്റ്റൻ സിൽവൈര മെനേസിസിന് ഗാർസ്യാ ഒരു കത്തെഴുതി. അതനുസരിച്ച് യാതൊരു കാരണവശാലും ആർച്ചുഡീക്കന്റെയോ മാർത്തോമ്മാ ക്രിസ്ത്യാനികളുടെയോ അഭ്യർത്ഥന സ്വീകരിക്കരുതെന്നും ഹത്തള്ളായെ നേരെ ഗോവയിലേയ്ക്ക് അയയ്ക്കുകയാണ് വേണ്ടെതെന്നും ശക്തവും പരുഷവുമായ ഭാഷയിൽ എഴുതിയിരുന്നു. അതിനാൽ കപ്പൽ തുറമുഖത്തടുക്കുവാൻ ക്യാപ്റ്റൻ അനുവദിച്ചില്ല. അഹത്തള്ള രക്ഷപെട്ടാൽ കപ്പലിന്റെ ക്യാപ്റ്റനും ശിക്ഷാർഹനായിരിക്കുമെന്ന് അറിയിപ്പു കിട്ടി. തന്മൂലം കപ്പൽ രണ്ടുദിവസം പുറങ്കടലിൽ കിടന്നശേഷം നേരെ ഗോവയിലേയ്ക്കു പോയി. ഈയവസരത്തിൽ പോർട്ടുഗീസുകാർ അഹത്തള്ളായെ മുക്കിക്കൊന്നുവെന്ന് ഒരു കിംവദന്തിപരന്നു. ധിക്കാരിയായ ആർച്ചുബിഷപ്പ് ഗാർസ്യായിൽ നിന്ന് പരുഷമായ ഒരു പ്രതികരണമാണ് മാർത്തോമ്മാ നസ്രാണികൾക്കു ലഭിച്ചത്. മാർത്തോമ്മാ നസ്രാണികളുടെ ധർമ്മരോഷം ആളിക്കത്തി. നിരാശരായ ജനക്കൂട്ടം മട്ടാഞ്ചേരിയിൽ സമ്മേളിച്ചു. തങ്ങൾക്കായി അയയ്ക്കപ്പെട്ട അഹത്തള്ള മെത്രാനെ കാണാൻപോലും അനുവദിക്കാതിരുന്ന ഗാർസ്യാ മെത്രാപ്പോലീത്തായെയും അദ്ദേഹത്തിന്റെ സന്ന്യാസ സമൂഹത്തിൽപ്പെട്ട ഈശോസഭാ വൈദികരെയും പുറന്തള്ളി തോമ്മാ ആർച്ചുഡീക്കനെ മലബാർസഭയുടെ ഗവർണ്ണറായി പ്രഖ്യാപിക്കണമെന്ന് ഒരു കൂട്ടം അഭിപ്രായപ്പെട്ടു. അസംതൃപ്തരായ ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനായി
മറ്റൊരുകൂട്ടർ ഗാർസ്യായെ മട്ടാഞ്ചേരിയിലേയ്ക്ക് ക്ഷണിച്ചു. മെത്രാപ്പോലീത്ത എത്തിയില്ല. രോഷാകുലരായ ജനങ്ങൾ മട്ടാഞ്ചേരി പള്ളിയിലും സമീപത്തുമായി ഒന്നിച്ചുകൂടി. വേദന നിറഞ്ഞ ഹൃദയത്തോടെ അവർ പള്ളിയിൽ കയറി. വ്യാകുലമാതാവിന്റെ നാമത്തിലുള്ള പള്ളിയായിരുന്നു അത്. തിരികൾ കത്തിച്ചശേഷം അവർ വേദപുസ്തകവും കുരിശും പിടിച്ചുകൊണ്ട് ഒരു സത്യം ചെയ്തു: തങ്ങളും തങ്ങളുടെ സന്തതികളും ഉള്ളിടത്തോളം കാലം ഈശോസഭക്കാരെ ഒരിക്കലും അനുസരിക്കയില്ലെന്നും തങ്ങളുടെ ആർച്ചുഡീക്കനെ ഭരണകർത്താവായി സ്വീകരിക്കുമെന്നും. 1653 ജനുവരി 3-ാം തീയതി നടന്ന ഈ സംഭവമാണ് കൂനൻ കുരിശു സത്യം എന്ന പേരിലറിയപ്പെടുന്നത്. ആർച്ചുഡിക്കനും
പുരോഹിതരും ദൈവാലയത്തിനുള്ളിലായിരുന്നുവെന്നും ജനങ്ങൾ ദൈവാലയത്തിനു മുമ്പിലുണ്ടായിരുന്ന കുരിശിൽ ഒരു വടം വലിച്ചുകെട്ടി അതിൽ പിടിച്ചുകൊണ്ടാണ് സത്യം ചെയ്തതെന്നും പറയപ്പെട്ടുന്നു.
(തുടരും…)