മാർ തെയദോറിന്റെ കൂദാശയിലെ ചില ആദ്ധ്യാത്മിക വിചിന്തനങ്ങൾ-3

a) ഭാസുര നയനം (അയനാ ശപ്പീസാ)
നിർമ്മല ഹൃദയം സ്വന്തമാക്കിയ ഒരുവന് ലഭിക്കുന്ന ഉൾക്കാഴ്ചയെ വിവരിക്കാൻ ഉപയോഗിക്കുന്ന പ്രതിബിംബമാണ് ഭാസുര നയനം (luminous eye അയനാ ശപ്പീസാ). ‘വിശ്വാസത്തിന്റെ കണ്ണുകൾ’, ‘ഹൃദയത്തിന്റെ കണ്ണുകൾ’, ‘ആത്മാവിന്റെ ആന്തരിക നയനങ്ങൾ’ എന്നൊക്കെ ഇത് അറിയപ്പെടുന്നു. ശാരീരിക നയനങ്ങൾ
പ്രവർത്തിക്കണമെങ്കിൽ പ്രകാശം ആവശ്യമാണെന്ന് നമുക്കറിയാം. അതുപോലെതന്നെ ഹൃദയത്തിന്റെ നയനങ്ങൾക്ക് അഥവാ ഭാസുര നയനത്തിന് വിശ്വാസമാകുന്ന പ്രകാശം ആവശ്യമാണ്. ശാരീരിക നയനങ്ങൾക്ക് അദൃശ്യമായവ ഭാസുര നയനങ്ങൾക്ക് കാണാനാകുന്നു. സുറിയാനി എഴുത്തുകാരനായ സഹദോണ തന്റെ ‘പരിപൂർണ്ണതയുടെ ഗ്രന്ഥ’ത്തി (Book of Perfection)ൽ ഭാസുര നയനങ്ങളുടെ ഈ അതുല്യഭാഗ്യത്തെ ശ്ലാഘിക്കുന്നുണ്ട്:
”ഹൃദയത്തിന്റെ ഭാസുര നയനമേ നീ ഭാഗ്യവതി. സ്രാപ്പേന്മാർ ആരുടെ മുമ്പിൽ മുഖം മറയ്ക്കുന്നുവോ അവനെ തന്റെ പരിശുദ്ധിയിൽ വീക്ഷിക്കുവാൻ നിനക്കു കഴിഞ്ഞു.”
മനുഷ്യകരങ്ങളാൽ മനുഷ്യഭാഷയിൽ വിരചിക്കപ്പെട്ടിരിക്കുന്ന വി. ഗ്രന്ഥം ശാരീരിക നയനങ്ങൾക്ക് കേവലം അക്ഷരങ്ങളും ഭാഷാപ്രയോഗങ്ങളും മാത്രമാണ്. അവയിൽ നിഗൂഢമായിരിക്കുന്ന ദൈവിക സന്ദേശം വായിച്ചറിയാൻ ‘ഭാസുര നയനം’ കൂടിയേതീരൂ. പള്ളിയിൽ പരി. കുർബ്ബാനയർപ്പിക്കുമ്പോൾ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും നാം ആഘോഷിക്കുന്ന ദൈവികരഹസ്യങ്ങളുടെ പൊരുളുകളറിയാനും വിശ്വാസത്തിന്റെ നയനമുള്ളവനേ സാധിക്കൂ. അതില്ലാത്തവന് ദീർഘമായ പ്രാർത്ഥനകളും പ്രതീകാത്മകമായ ആചരണങ്ങളുമൊക്കെ വിരസത ജനിപ്പിക്കുന്ന അർത്ഥശൂന്യമായ ചെയ്തികൾ മാത്രമായേ അനുഭവപ്പെടൂ. സുറിയാനി പിതാവും മഹാ കവിയുമായ മാർ അപ്രേമും ഭാസുര നയനങ്ങളുടെ ശ്രേഷ്ഠതയെ പ്രകീർത്തിക്കുന്നുണ്ട്. ‘വിശ്വാസ ഗീത’ത്തിൽ അദ്ദേഹം പാടുന്നു:
”കർത്താവേ നിന്റെ പ്രതീകങ്ങൾ എല്ലായിടത്തുമുണ്ട്. എന്നാൽ നീ എല്ലാറ്റിൽ
നിന്നും മറഞ്ഞിരിക്കുന്നു. വി. ലിഖിതങ്ങൾ കണ്ണാടി പോലെ വയ്ക്കപ്പെട്ടിരിക്കുന്നു. ആരുടെ നയനങ്ങൾ ഭാസുരമാണോ അവന് അവിടെ ദൈവിക യാഥാർത്ഥ്യം കാണാനാകും.”
നിർമ്മല ഹൃദയമുള്ളവന് ഭാസുര നയനമുണ്ട്. അവൻ തന്നിലും തന്റെ ചുറ്റുമുള്ളവരിലും, വി. ഗ്രന്ഥത്തിലും പ്രപഞ്ചത്തിലും സഭയിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ദൈവത്തെ സദാ ദർശിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തെ നോക്കിയിരിക്കുന്ന അവൻ അഗ്നിയിൽ വയ്ക്കപ്പെട്ട ഇരുമ്പ് അഗ്നി സമാനം ശോഭിക്കുന്നതുപോലെ തന്നിൽ ദൈവിക സത്തയെ പ്രതിഫലിപ്പിക്കുന്ന നിർമ്മല ദർപ്പണമായി പ്രശോഭിക്കുന്നു. അതുകൊണ്ട് ഭാസുര നയനത്തോടു ചേർത്ത് പിതാക്കന്മാർ എപ്പോഴും ‘നിർമ്മല ദർപ്പണ’ത്തെക്കുറിച്ചും പ്രതിപാദിക്കാറുണ്ട്.
b) നിർമ്മല ദർപ്പണം
ഭാസുര നയനത്തോട് ഏറെ ചേർന്നുപോകുന്ന പ്രതിബിംബമാണ് നിർമ്മല ദർപ്പണം. പുരാതന കാലത്തെ കണ്ണാടികൾ നമ്മുടെ ആറന്മുള കണ്ണാടി പോലെ ലോഹം
കൊണ്ട് നിർമ്മിച്ചവയായിരുന്നു. അവ എത്രയധികമായി തേച്ചുമിനുക്കി സൂക്ഷിക്കുന്നുവോ അത്രകണ്ട് അതിൽ നോക്കുന്നവന്റെ മുഖം ശരിയായി പ്രതിഫലിപ്പിക്കുവാൻ അതിന് കഴിഞ്ഞിരുന്നു. ആന്തരിക ദർപ്പണം തേച്ചുമിനുക്കി നിർമ്മലമായി കാത്തു സൂക്ഷിക്കുക എന്നത് ഒരു വ്യക്തിയുടെ ആത്മീയ ജീവിതത്തിൽ ഹൃദയനൈർമ്മല്യം കാത്തുസൂക്ഷിക്കാൻ അവൻ നടത്തുന്ന യത്‌നങ്ങൾ തന്നെയാണ്. നിർമ്മല ദർപ്പണം എന്ന പ്രതിരൂപത്തിന്റെ അടിസ്ഥാനം മനുഷ്യൻ ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്. എന്നാൽ പാപം ചെയ്ത മനുഷ്യൻ ഈ ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. വിരൂപമാക്കപ്പെട്ട മനുഷ്യഛായയ്ക്ക് ദൈവത്തെ പ്രതിഫലിപ്പിക്കുവാൻ സാധ്യമല്ല. അതുകൊണ്ട് താൻ സൃഷ്ടിക്കപ്പെട്ട ആദിമ പരിശുദ്ധിയിലേയ്ക്ക് ഒരുവൻ കടന്നുചെന്നാൽ മാത്രമേ അവന് ഒരു നിർമ്മല ദർപ്പണമായി ദൈവിക ഛായയെ പ്രതിഫലിപ്പിക്കാനാകൂ.
മാമ്മോദീസായിൽ നമ്മിൽ ആദിമ പരിശുദ്ധി പുനഃപ്രതിഷ്ഠിക്കപ്പെടുന്നുണ്ട്. ആ പരിശുദ്ധിയിൽ നിലനിൽക്കാനായി വ്യക്തി നടത്തുന്ന എല്ലാ പ്രയത്‌നങ്ങളും ആന്തരിക ദർപ്പണത്തെ നിർമ്മലമായി സൂക്ഷിക്കാനുള്ള തേച്ചുമിനുക്കലുകളാണ്. പരി. കുർബ്ബാനയിലെ വചനശുശ്രൂഷയിൽ ലേഖനം വായിക്കുന്ന മ്ശംശാനയ്ക്ക് ആശീർവാദം നൽകി കാർമ്മികൻ പ്രാർത്ഥിക്കുന്നു:
”അവിടുന്ന് തന്റെ കൃപാതിരേകത്താൽ നിന്നെ നിർമ്മല ദർപ്പണമാക്കുകയും ചെയ്യട്ടെ.”
4. അധരങ്ങളുടെ ഫലമായ സ്‌തോത്ര ബലി:
മാർ തെയദോറിന്റെ അനാഫൊറയിലെ നാലാമത്തെ ഗ്ഹാന്തായിൽ തന്നെ കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: ”കർത്താവേ ആരാധ്യനായ ദൈവമേ ഞങ്ങളുടെ അധരങ്ങളുടെ ഫലമായ ഈ സ്‌തോത്രബലി കാരുണ്യപൂർവ്വം സ്വീകരിച്ച് ഞങ്ങളിൽപ്രസാദിക്കണമേ.”
എന്താണ് ഈ അധരങ്ങളുടെ ഫലമായ സ്‌തോത്രബലി?
എ.ഡി. 70-ൽ ഓറശ്ലേം ദൈവാലയം നശിപ്പിക്കപ്പെട്ടതോടെ ദൈവാലയത്തിലെ ബലിയർപ്പണം നിലച്ചു. മൃഗങ്ങളുടെ രക്തബലികൾക്ക് പകരം യഹൂദർ പ്രാർത്ഥന ബലിയായി കരുതാൻ തുടങ്ങി (സങ്കി. 141,2). യഹൂദ സ്വാധീനമുണ്ടായിരുന്ന സുറിയാനി പിതാക്കന്മാരിൽ പലരും പ്രാർത്ഥന ബലിയാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. ബലിയർപ്പിക്കണമെങ്കിൽ ബലിപീഠം/മദ്ബഹാ ആവശ്യമാണ്. എന്നാൽ പ്രാർത്ഥനയാകുന്ന അധരങ്ങളുടെ ഫലമായ സ്‌തോത്രബലി അർപ്പിക്കപ്പെടേണ്ട മദ്ബഹാ എവിടെയാണ്? പിതാക്കന്മാരുടെ ഭാഷ്യമനുസരിച്ച് പ്രാർത്ഥിക്കുന്നവന്റെ ഹൃദയമാണ് മദ്ബഹാ. പള്ളിയിലെ മദ്ബഹായിൽ അർപ്പിക്കപ്പെടുന്ന പരി.കുർബ്ബാനയോട് ബന്ധപ്പെടുത്തിയാണ് ഹൃദയത്തിൽ നടക്കുന്ന ഈ ബലിയർപ്പണത്തെ പിതാക്കന്മാർ വ്യാഖ്യാനിക്കുക.
പള്ളിയിലെ മദ്ബഹായിൽ അപ്പവും വീഞ്ഞും അർപ്പിക്കപ്പെടുമ്പോൾ കർത്താവിന്റെ റൂഹാ ഇറങ്ങി ആ അർപ്പണം പൂർത്തിയാക്കി അവയെ ഈശോയുടെ ശരീരരക്തങ്ങളാക്കുന്നു, ഇതുപോലെ ഒരു വ്യക്തി തന്റെ ഹൃദയമാകുന്ന മദ്ബഹായിൽ പ്രാർത്ഥനയാകുന്ന രക്തരഹിതബലി അർപ്പിക്കുമ്പോൾ ദൈവം തന്റെ റൂഹായെ ഹൃദയമാകുന്ന മദ്ബഹായിലേയ്ക്ക് ഇറക്കി പ്രാർത്ഥിക്കുന്ന തന്റെ ആരാധകനെ തന്റെ സാന്നിദ്ധ്യം കുടികൊള്ളുന്ന പള്ളിയാക്കി മാറ്റുന്നു. ഒപ്പം അവന്റെ ഹൃദയത്തെ സ്വർഗ്ഗീയ പള്ളിയിലേയ്ക്ക് ഉയർത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് പരിശുദ്ധമായ ഹൃദയം കർത്താവിന്റെ മണവറയാണെന്ന് പിതാക്കന്മാർ വ്യാഖ്യാനിക്കുന്നത്. അധരങ്ങളുടെ സ്‌തോത്രബലി ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യമാക്കുന്നത് പ്രാർത്ഥിക്കുന്നവന്റെ ഹൃദയത്തിന്റെ നൈർമ്മല്യമാണ്; അതായത് ഒരുവൻ തന്റെ ജീവിതം തന്നെ പ്രാർത്ഥനയാക്കുമ്പോഴാണ്. ചുരുക്കത്തിൽ ജീവിതം പ്രാർത്ഥനയും പ്രാർത്ഥന ജീവിതവുമായി മാറുമ്പോഴാണ്. 5-ാം നൂറ്റാണ്ടിലെ സുറിയാനി പിതാവായ യോഹന്നാൻ ഈഹീദായ ഈ യാഥാർത്ഥ്യം വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്:
”നിങ്ങൾ പ്രാർത്ഥനകൾ ഉരുവിടുമ്പോൾ അത് ആവർത്തിക്കുക മാത്രം ചെയ്യാതിരിക്കുക. നിങ്ങളുടെ അസ്തിത്വം തന്നെ ആ വാക്കുകളായി തീരട്ടെ. അവ നിങ്ങളുടെ പ്രവൃത്തിയിലൂടെ പ്രകടമാകട്ടെ. നിങ്ങളിൽ നിങ്ങളുടെ പ്രവൃത്തികളായി രൂപപ്പെടാത്ത പ്രാർത്ഥനയിലെ വാക്കുകൾക്ക് യാതൊരു പ്രയോജനവും ഇല്ല. ആപ്രവർത്തനങ്ങൾ വഴി നിങ്ങൾ ദൈവമനുഷ്യരായി കാണപ്പെടണം.”
ചുരുക്കത്തിൽ തെയദോറിന്റെ കൂദാശയിൽ നിന്ന് അടർത്തിയെടുത്ത ഈ നാല്
പ്രാർത്ഥനാശകലങ്ങളും പരി. കുർബ്ബാനയർപ്പിക്കുന്ന വ്യക്തി കുർബ്ബാനയായി
മാറേണ്ട പ്രക്രിയയെക്കുറിച്ചുള്ള ആഴമേറിയ ആദ്ധ്യാത്മിക ദർശനങ്ങൾ കാച്ചിക്കുറുക്കി ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചിരിക്കുകയാണ്. ‘നുറുങ്ങിയ ഹൃദയവും’ ‘എളിയ ആത്മാവും’ ‘നിർമ്മല ഹൃദയവും’ ‘അധരങ്ങളുടെ സ്‌തോത്രബലിയും’ പള്ളിക്കുള്ളിൽ പള്ളികളായി നിലകൊള്ളേണ്ട സഭാതനയരുടെ ഗൗരവമേറിയ ഉത്തരവാദിത്വത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ഹൃദയ മദ്ബഹായിൽ ജീവിതമാകുന്ന പ്രാർത്ഥന ബലിയായി അർപ്പിക്കുന്ന വ്യക്തി റൂഹാലയമായി, പള്ളിയായി പരിണമിക്കേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമേ സഭയുടെ മദ്ബഹായിൽ അർപ്പിക്കപ്പെടുന്ന പരി.കുർബ്ബാന ആരാധനാസമൂഹത്തിലെ ഓരോ
അർപ്പകന്റെയും ജീവിതത്തിന് അർത്ഥം പകരൂ.