കൈത്താക്കാലം

പൗരസ്ത്യ സുറിയാനി സഭാപഞ്ചാംഗത്തിൽ ശ്ലീഹാക്കാലത്തിനു ശേഷം വരുന്ന കാലഘട്ടമാണ് കൈത്താക്കാലം. ഈശോമിശിഹായുടെ രക്ഷണീയ കർമ്മത്തിലെ ഒരു പ്രത്യേകസംഭവത്തോട് ബന്ധപ്പെടാതെ നില്ക്കുന്ന കാലഘട്ടമാണിത്. ശ്ലീഹന്മാരുടെ സുവിശേഷപ്രഘോഷണ ഫലമായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സ്ഥാപിതമായ സഭ നൂറ്റാണ്ടുകളിലൂടെ വളർന്ന് ഫലം നൽകുന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രമേയം. സഭാംഗങ്ങളുടെ എണ്ണത്തിലുള്ള വളർച്ചയേക്കാൾ അവരുടെ ആത്മീയ വളർച്ചയാണ് ഈ കാലഘട്ടത്തിലെ അനുസ്മരണങ്ങളിലൂടെ സഭ അവതരിപ്പിക്കുന്നത്. സഭയുടെയും അവളുടെ സന്താനങ്ങളുടെയും മിശിഹായിലേയ്ക്കുള്ള വളർച്ചയാണ് ഈ കാലഘട്ട
ത്തിന്റെ ലക്ഷ്യം. കൈത്താ എന്ന സുറിയാനിപദത്തെ വേനൽക്കാലം എന്നാണ് പൊതുവെ തർജ്ജമ ചെയ്യാറുള്ളത്. സാധാരണയായി ഏഴ് ആഴ്ചകൾ ഉൾക്കൊള്ളുന്നതാണ് കൈത്താക്കാലം. എന്നിരുന്നാലും ഉയിർപ്പുതിരുനാൾ വളരെ താമസിച്ചു വരുന്ന വർഷങ്ങളിൽ സെപ്റ്റംബർ 14-ന് ആഘോഷിക്കുന്ന വി. സ്ലീവായുടെ തിരുനാളിനു മുമ്പ് ഏലിയാക്കാലം ഒന്നാം ഞായർ വരേണ്ടതുള്ളതുകൊണ്ട്, കൈത്താക്കാലത്തെ ആറും ഏഴും ഞായറാഴ്ചകൾ ഒന്നിച്ച് ആഘോഷിക്കുന്നു. അനുതാപത്തിന്റെ ചൈതന്യമാണ് ഈ കാലഘട്ടത്തിലെ പ്രാർത്ഥനകളിലൂടെ പ്രകടമാകുന്നത്. അന്ത്യവിധിയെപ്പറ്റിയുള്ള ചിന്തകളും ചില ഗീതങ്ങളിൽ കാണുവാൻ സാധിക്കും. കൈത്താക്കാലത്തിനു ശേഷം വരുന്ന ഏലിയാ-സ്ലീവാ-മൂശെക്കാലങ്ങളിൽ കർത്താവിന്റെ രണ്ടാമാഗമനവും അന്ത്യവിധിയുമാണ് അനുസ്മരിക്കപ്പെടുന്നത്. ഈ അനുസ്മരണത്തിനൊരുക്കമായി കൈത്താക്കാലത്ത് അനുതാപം പ്രകടമാകുന്ന ഗീതങ്ങളും പ്രാർത്ഥനകളും കാണാം.
അനുസ്മരണദിനങ്ങൾ
ഒന്നാം ഞായർ – പന്ത്രണ്ടു ശ്ലീഹന്മാർ:
കൈത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച കർത്താവിന്റെ പന്ത്രണ്ട് ശ്ലീഹന്മാരെയാണ് സഭ അനുസ്മരിക്കുന്നത്. ഈ തിരുനാളിന് ആരാധനക്രമപുസ്തകങ്ങൾ നൽകുന്ന നാമം ”ദൈവത്തിന്റെ തിരുനാളും പന്ത്രണ്ട് ശ്ലീഹന്മാരുടെ അനുസ്മരണവും” എന്നാണ്. സാധാരണയായി വെള്ളിയാഴ്ചയാണ് വിശുദ്ധരുടെ അനുസ്മരണങ്ങൾ നടത്തുന്നത്. ഈ തിരുനാളാകട്ടെ ഞായറാഴ്ചയാണ് നടത്തുന്നത്. ദൈവത്തിന്റെ അനുസ്മരണം സഭയിൽ ഉണ്ടാകുന്നത് ശ്ലീഹന്മാരുടെ ദൈവാനുഭവത്തിൽ നിന്നും അവരുടെ ജീവിതത്തിലൂടെയുമാണ്. ശ്ലീഹാക്കാലത്തിന്റെയും കൈത്താക്കാലത്തിന്റെയും മദ്ധ്യത്തിൽ വരുന്ന ദിവസമാണ് ഈ ഞായറാഴ്ച. ശ്ലീഹാക്കാലത്തിലൂടെ സഭയുടെ ഉദ്ഘാടനവും വളർച്ചയും കൈത്താക്കാലത്തിലൂടെ അതിന്റെ ഫലാഗമനവുമാണ് അനുസ്മരിക്കപ്പെടുന്നത്. ദൈവത്തിലുള്ള സഭാംഗങ്ങളുടെ വിശ്വാസവും അതിന്റെ ആഘോഷവും നടത്തുന്നിന് ഏറ്റവും യോജിച്ച ദിവസം ഇതു തന്നെയാണ്.
ഒന്നാം വെള്ളി:
സുറിയാനി സഭയിലെ താപസശ്രേഷ്ഠനായ നിസിബിസിലെ വിശുദ്ധ യാക്കോബിനെയാണ് കൈത്താക്കാലം ഒന്നാം വെള്ളി അനുസ്മരിക്കുന്നത്.
രണ്ടാം വെള്ളി:
മാർത്തോമ്മാശ്ലീഹായുടെ ശിഷ്യനായ മാർ അദ്ദായിയുടെ ശിഷ്യനായ, സിറിയയുടെയും പേർഷ്യയുടെയും ശ്ലീഹായായി കണക്കാക്കപ്പെടുന്ന മാർ മാറിയുടെ അനുസ്മരണ ദിവസമാണ് രണ്ടാം വെള്ളി.
അഞ്ചാം വെള്ളി:
പിതാക്കന്മാരിലൂടെ നൽകപ്പെട്ട നിയമങ്ങളുടെ പാലനത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വി. ശ്‌മോനിയെയും അവളുടെ ഏഴ് മക്കളെയും (2 മക്ക 7,1-42) ആണ് കൈത്താക്കാലം അഞ്ചാം വെള്ളിയിൽ അനുസ്മരിക്കുന്നത്.
ആറാം വെള്ളി:
മാർ ശിമയോൻ ബർ സബായെയും അദ്ദേഹത്തിന്റെ സഹരക്തസാക്ഷികളെയുമാണ് ആറാം വെള്ളിയാഴ്ച സഭ അനുസമരിക്കുന്നത്. സെലൂഷ്യ – സ്റ്റെസിഫോണിലെ കാതോലിക്കോസായിരുന്ന മാർ ശിമയോനും മെത്രന്മാരായ സഹപ്രവർത്തകരും പേർഷ്യൻ രാജാവായ സാപ്പോർ രണ്ടാമന്റെ ഭരണകാലത്ത് എ.ഡി. 341-ന് പീഡാനുഭവവെള്ളിയാഴ്ച രക്തസാക്ഷിത്വം വരിച്ചു. പീഡാനുഭവെള്ളി കർത്താവിന്റെ മരണത്തിന്റെ അനുസ്മരണ ദിവസമായതിനാൽ ഈ രക്തസാക്ഷികളുടെ അനുസ്മരണം കൈത്താക്കാലം ആറാം വെള്ളിയാഴ്ചയാണ് നടത്തുന്നത്.
ഏഴാം വെള്ളി:
പേർഷ്യൻ രാജാവായ സാപ്പോൽ രണ്ടാമന്റെ ഭരണ കാലത്ത് രക്തസാക്ഷിത്വം വരിച്ച വി. ക്വാർദാശ് ആണ് ഈ ദിവസം സഭയിൽ അനുസ്മരിക്കപ്പെടുന്നത്.
ആരാധനാപ്രമേയങ്ങൾ
1. ശ്ലീഹന്മാരുടെ പ്രവർത്തനങ്ങൾ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഭയുടെ വളർച്ചയ്ക്കു കാരണമായ ശ്ലീഹന്മാരുടെ പ്രവർത്തനങ്ങളാണ് കൈത്താക്കാലത്തിന്റെ പ്രധാന പ്രമേയം. മിശിഹായുടെ സുവിശേഷം ശ്രവിച്ച ദൈവജനത്തിന്റെ ഹൃദയങ്ങളിൽ പരിശുദ്ധ റൂഹായുടെ വാസസ്ഥലങ്ങളൊരുക്കുക എന്നതായിരുന്നു ശ്ലീഹന്മാരുടെ പ്രവർത്തനങ്ങളുടെ ലക്ഷ്യം. ദൈവജനത്തന്റെ ഹൃദയവയലുകളിൽ വചനത്തിന്റെ വിത്തു വിതച്ചവരാണ് ശ്ലീഹന്മാർ. അവർ കർത്താവിന്റെ സുവിശേഷവും സ്ലീവായും കൂദാശകളും സഭയെ ഏൽപിച്ചു. ഈ അമൂല്യ നിധികളിലൂടെ സഭാവൃക്ഷം വളർന്ന് ഫലം ചൂടുന്നു.
2. സഭയുടെ വളർച്ച
കൈത്താക്കാലം സഭയുടെ വളർച്ചയുടെയും ഫലാഗമനത്തിന്റെയും അനുസ്മരണമാണ് ആഘോഷിക്കുന്നത്. രക്തസാക്ഷികളുടെ ചുടുനിണം വീണ് വളർന്ന സഭ അതിന്റെ പ്രവർത്തനങ്ങളുടെ ഫലം നേടുന്നതാണ് ഈ കാലഘട്ടത്തിലെ ചിന്താവിഷയം. സഭാമക്കളുടെ എണ്ണത്തിലുള്ള വളർച്ചയല്ല, ഗുണത്തിലുള്ള വളർച്ചയാണ് സഭ ആഗ്രഹിക്കുന്നത്. ലോകത്തിനു മുമ്പിൽ
കർത്താവിനു സാക്ഷികളായ ശ്ലീഹന്മാരെപ്പോലെ അവിടുത്തെ അനുയായികളെല്ലാ
വരും കർത്താവിന് സാക്ഷികളാവണമെന്നും അതിലൂടെ സഭ വളരണമെന്നും ഈ കാലത്തിലൂടെ അവൾ തന്റെ മക്കളെ ഉദ്‌ബോധിപ്പിക്കുന്നു.
3. അനുതാപം
അനുതാപവും പ്രായശ്ചിത്തവുമാണ് ഈ കാലഘട്ടത്തിലെ മറ്റ് പ്രധാന പ്രമേയങ്ങൾ. മനുഷ്യൻ തന്റെ ജീവിതത്തിൽ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം അനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയും ഈകാലം ഓർമ്മിപ്പിക്കുന്നു. ഒരുവന്റെ മരണശേഷം അനുതപിക്കാനോ പ്രായശ്ചിത്തപ്രവർത്തനങ്ങൾ നടത്തുവാനോ സാധിക്കുകയില്ലല്ലോ. അതിനാൽ ഈ ലോകജീവിതത്തിൽ നല്കപ്പെട്ടിരിക്കുന്ന പരിമിതമായ സമയത്ത് ജീവിതത്തിൽ വന്നുപോയ വീഴ്ചകളെപ്പറ്റി മനഃസ്ഥപിക്കുവാനും പരിഹാരപ്രവൃത്തികൾ അനുഷ്ഠിക്കുവാനും
സാധിക്കണം. അനുതാപത്തിന്റെ ചിന്ത വീണ്ടും പാപത്തിൽ വീഴാതിരിക്കാനുള്ള പ്രചോദനം നമുക്ക് നൽകും. അനുതപിക്കാതെ മരിക്കുന്ന പാപിക്ക് നിത്യശിക്ഷയായിരിക്കും പ്രതിഫലം എന്ന യാഥാർത്ഥ്യം ദൈവജനം വിസ്മരിച്ചുകൂടാ. ദൈവജനത്തിന്റെ അനുതാപത്തിലൂടെയും പരിഹാര പ്രവർത്തനങ്ങളിലൂടെയും സഭാതരു വളർന്ന് ലോകം മുഴുവൻ വ്യാപിക്കുന്നതിന് കാരണമായി തീരുകയും ചെയ്യും.