ശത്രുക്കളുടെ പുളിമാവിനെ സൂക്ഷിക്കുക

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.

ഫരിസേയരുടെയും സദ്ദുക്കായരുടെയും പ്രബോധനങ്ങളാകുന്ന പുളിമാവിനെ സൂക്ഷിച്ചുകൊള്ളാൻ (മത്താ.16,6) ഈശോമിശിഹാ ശിഷ്യന്മാർക്ക് മുന്നറിയിപ്പു നൽകുന്നത് സുവിശേഷങ്ങളിൽ നാം വായിക്കുന്നുണ്ട്. അല്പം പുളിമാവ് മുഴവൻ മാവിനെയും പുളിപ്പിക്കുന്നതുപോലെ അവരുടെ തെറ്റായ പ്രബോധനങ്ങൾ സമൂഹത്തെ മുഴുവൻ ദുഷിപ്പിക്കുന്നുവെന്നും അതിനെതിരേ ജാഗരൂകരായിരിക്കണമെന്നും ഈശോ ശ്ലീഹന്മാരെ ഓർമ്മിപ്പിക്കുകയാണ്. സഭയിൽ നിന്നും മിശിഹായിൽ നിന്നും ദൈവജനത്തെ അകറ്റുന്നതിനായി ഇക്കാലത്തും സാത്താൻ പുളിമാവുമായി സജീവമാണ്. തിന്മയെ നന്മയായും നന്മയെ തിന്മയായും അവതരിപ്പിച്ചുകൊണ്ട് സാമൂഹ്യമണ്ഡലത്തിൽ തിന്മയുടെ പുളിപ്പ് പടർത്തുന്നു. യുക്തയുടെയും തെറ്റുതിരുത്തലിന്റെയും പേരിൽ സഭയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങൾക്കെതിരായുള്ള ആശയങ്ങൾ പോലും പ്രചരിപ്പിക്കുന്നു. വിശുദ്ധ കൂദാശകളെ അവഹേളിക്കാനും ജനങ്ങളെ അവയിൽനിന്നകറ്റാനും ശ്രമിക്കുന്നു. ചില വ്യക്തികൾക്കുണ്ടാകുന്ന വീഴ്ചകളെ പർവതീകരിച്ച് സഭയ്‌ക്കെതിരായ ആയുധമാക്കി മാറ്റാൻ ആസൂത്രിയമായി ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. ഓർത്തഡോക്‌സ് സഭയിലെ ചില വൈദികർ ഉൾപ്പെട്ട് അടുത്തിടയുണ്ടായ കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധ കുമ്പസാരത്തിനെതിരായ പ്രചാരണം സോഷ്യൽ മീഡിയായിൽ കൊടുമ്പിരി കൊള്ളുകയാണ്. കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ വൈദികൻ പീഡിപ്പിച്ചുവെന്നാണ് പ്രചാരണം. കുമ്പസാരമെന്ന കൂദാശയെ അവഹേളിക്കും വിധം പോസ്റ്ററുകളും ട്രോളുകളും പ്രചരിക്കുന്നു. സ്വതസിദ്ധമായ നിസംഗതയോടെ നമ്മുടെ ചെറുപ്പക്കാർ ഇതൊക്കെ ഷെയർ ചെയ്തും ആസ്വദിച്ചും പുരോഗമനവാദികളാകുന്നു.
ഓർത്തഡോക്‌സ് സഭയിൽ നടന്ന പ്രശ്‌നത്തിന്റെ പേരിലും കൂടുതൽ വിമർശനം കത്തോലിക്കാ സഭയ്ക്കു നേരെയാണ്. സ്ത്രീകളെ കുമ്പസാരിപ്പിക്കാൻ കന്യാസ്ത്രീകളെ ചുമതലപ്പെടുത്തണം എന്ന പ്രത്യക്ഷത്തിൽ നിഷ്‌ക്കളങ്കമായി തോന്നുന്ന അഭിപ്രായം മുതൽ പാപം പേപ്പറിൽ എഴുതി ചുട്ടുകരിക്കുന്ന രീതി കുമ്പസാരത്തിനു പകരം ഏർപ്പെടുത്തണമെന്ന ‘സഭാ നവീകരണ’ ആവശ്യം വരെ അന്തരീക്ഷത്തിൽ തിളച്ചുമറിയുന്നു. വൈദികരുടെ പക്കൽ കുമ്പസാരിക്കേണ്ടതില്ലെന്നും എല്ലാം കർത്താവിനോടു നേരിട്ട് പറഞ്ഞാൽ മതിയെന്നുമുള്ള ആശയം ഒട്ടേറെ ചെറുപ്പക്കാർ പങ്കുവയ്ക്കുന്നു. മറ്റു മതസ്ഥർ ഒരിക്കൽ അസൂയയോടെ കണ്ടിരുന്ന കുമ്പസാരത്തെ ക്രിസ്ത്യാനികൾക്കിടയിലുള്ള ‘അനാചാരമായി’ കാണാൻ തുടങ്ങിയിരിക്കുന്നു. ഇതെല്ലാം കണ്ട് സാത്താൻ കൈകൊട്ടി ചിരിക്കുന്നു.
സഭയുടെ ശക്തി സ്രോതസ്സായ വിശുദ്ധ കുർബാനയെ നശിപ്പിക്കാനുള്ള ശ്രമം വളരെക്കാലങ്ങൾക്കു മുമ്പേ ആരംഭിച്ചതാണ്. ചക്രവർത്തിമാരും ഏകാധിപതികളും ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യം ആധുനിക കാലത്തെ ചില ‘ഫരിസേയരിലൂടെ’ നടപ്പാക്കാൻ തിന്മയുടെ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ‘കാലാനുസൃതമായ മാറ്റങ്ങൾ’ എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ‘സുന്ദരമായ’ ചില ആശയങ്ങൾ വിശുദ്ധ കുർബാനയുടെ അന്തസത്തയെ നശിപ്പിക്കുന്നതും കുർബാനയെ അവഹേളിക്കുന്നതുമാണ്. തിരുസ്സഭ വിലക്കിയിരിക്കുന്ന ഇന്ത്യൻ മാസും, ഇന്ത്യനൈസ്ഡ് മാസുമൊക്കെ ക്രൈസ്തവ കേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന ചിലയിടങ്ങളിൽ ഇപ്പോഴും നടക്കുന്നുവെന്നത് നിസ്സാരമായി തള്ളിക്കളയാവുന്ന കാര്യമല്ല. കുർബാനയുടെ ‘നീളം കുറയ്ക്കണം’ എന്ന് ആവശ്യപ്പെടുന്നവർ ആധുനികകാലത്ത് മനുഷ്യന് സമയമില്ല എന്ന ന്യായവാദമാണ് ഉയർത്തുന്നത്. സിനിമ കാണാനും, പാർട്ടികൾക്കു പോകാനും സമയവും പണവും ചെലവഴിക്കാൻ ഒരു മടിയുമില്ലാത്തവർക്ക് പരി. കുർബാനയുടെ ‘സമയദൈർഘ്യം’ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുവത്രേ. മറ്റൊരു കൂട്ടർ കുർബാനയെ
‘ആകർഷകമാക്കാൻ’ സംഘനൃത്തം മുതൽ തെരുവു നാടകം വരെ മദ്ബഹായിൽ അവതരിപ്പിക്കുന്നവരും അതിനായി വാദിക്കുന്നവരുമാണ്. പരി.കുർബാനയെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കുക എന്ന പ്രഥമവും പ്രധാനവുമായ ദൗത്യം നിർവ്വഹിക്കാതെ ‘ജനങ്ങളുടെ സൗകര്യത്തിന്’ എന്ന പേരിൽ ഇളവുകൾ അനുവദിക്കുകയും കുർബാന വെട്ടിമുറിക്കുകയും ചെയ്യുന്നവർ കട്ടിലിനൊപ്പിച്ച് കാലു മുറിക്കുകയോ, വലിച്ചുനീട്ടുകയോ ചെയ്യുന്ന ഗ്രീക്കു പുരാണ കഥാപാത്രത്തെപ്പോലെ വളരെ വലിയ ക്രൂരതയാണ് സഭയോടു ചെയ്തുകൊണ്ടിരിക്കുന്നത്.
വിവാഹം എന്ന കദാശയുടെ പവിത്രതയെയും ദാമ്പത്യവിശുദ്ധിയെയുമൊക്കെ പുതതലമുറ എത്രമാത്രം ഗൗരവത്തോടെ കാണുന്നുവെന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും. വിശ്വാസികൾ അല്ലാത്തവരുമായുള്ള വിവാഹം പോലും പള്ളിയിൽ വെച്ചു നടത്താമെന്ന ‘സെലിബ്രിറ്റി മാതൃകകൾ’ കണ്ടു വളരുന്നവർ വിവാഹത്തെ ഒരു ആഘോഷം എന്നതിലുപരി കൂദാശയായി കാണുന്നുണ്ടോ എന്നു സംശയിക്കണം. ലിവിംഗ് ടുഗദർ റിലേഷൻഷിപ്പുകൾ അംഗീകരിക്കുന്ന ‘വിശാലമനസ്‌ക്കരായി’ ഒട്ടേറെ ആളുകൾ മാറിയിട്ടുണ്ട്. വിവാഹമോചനം
ഒരു മോശപ്പെട്ട കാര്യമേ അല്ലാതായിരിക്കുന്നു. വിവാഹബന്ധത്തിനു കൂദാശയുടെ പവിത്രത നഷ്ടപ്പെട്ട ഇടങ്ങളിൽ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും ഇല്ലാതായിരിക്കുന്നു. പൗരോഹിത്യത്തോടുള്ള ജനങ്ങളുടെ സമീപനത്തിനും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. പുരോഹിതരെ കോമാളികളായി ചിത്രീകരിക്കുന്ന സിനിമകളും ഹാസ്യപരിപാടികളും കണ്ടുവളർന്ന തലമുറയിലെ ഒരു വലിയ വിഭാഗത്തിന് പൗരോഹിത്യത്തോട് ആദരവ് നഷ്ടപ്പെട്ടിരിക്കുന്നു.
പൗരോഹിത്യത്തിലേയ്ക്ക് നമ്മുടെ കുട്ടികൾ ആകർഷിക്കപ്പെടുന്നില്ലെങ്കിൽ അവർക്കിടയിൽ ദൈവവിളികൾ ഉണ്ടാകുന്നില്ലെങ്കിൽ എത്രവലിയ അപകടത്തിലേക്കായിരിക്കും നാം കൂപ്പുകുത്തുക എന്നു ചിന്തിച്ചുനോക്കുക. സഭയെ തകർക്കാൻ ശ്രമിക്കുന്നവരുടെ പ്രധാനലക്ഷ്യം പൗരോഹിത്യത്തെ ഇല്ലാതാക്കുക എന്നതാണ്. ഈ വിളിയിലേക്ക് പുതുതായി കടന്നുവരാൻ
ആളുകൾ മടിക്കുംവിധം കുപ്രചരണങ്ങൾ നടത്തുന്നത് അതിനുവേണ്ടിയാണ്.
ഈശോമിശിഹായുടെ ശരീരമായ സഭയേയും, സഭയുടെ തുടിപ്പായ വിശുദ്ധ കൂദാശകളെയും നശിപ്പിക്കാൻ ശത്രുക്കൾ പലവിധത്തിലുള്ള പുളിപ്പുകൾ കടത്തിവിടാൻ ശ്രമിക്കുന്നുണ്ട്. ഇത്തരംപ്രവൃത്തികൾ തന്റെ സഭയ്ക്കുണ്ടാക്കുന്ന വലിയ തകർച്ചയെ ദീർഘദർശനം ചെയ്തായിരിക്കുമോ ‘മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ’ (ലൂക്കാ 18,8) എന്ന് മിശിഹാ ആകുലനായത്? ആകർഷകമായ സിദ്ധാന്തങ്ങളുടെയും ആയാസരഹിതമായ ജീവിതത്തിന്റെയും മറവിൽ നമ്മുടെ വിശ്വാസത്തെ ക്ഷയിപ്പിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശത്രുക്കൾക്കെതിരായി നമുക്ക് ജാഗരൂകരാകാം, സഭയോടുള്ള വിശ്വസ്തതയിൽ മാർത്താമ്മാശ്ലീഹാ കാട്ടിത്തന്ന മിശിഹായാകുന്ന മാർഗ്ഗത്തിലൂടെ മുന്നേറാം.