ദുക്‌റാന വിശ്വാസത്തിന്റെ പ്രഘോഷണം

ശ്ലീഹന്മാരുടെ ഓർമ്മകൾകൊണ്ട് സമ്പന്നമായ ശ്ലീഹാക്കാലം ജീവിതംകൊണ്ട് ഈശോയെ പ്രഘോഷിക്കേണ്ട ചൈതന്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ
ശ്ലീഹാക്കാലത്ത് വാക്കുകൊണ്ടും കർമ്മം കൊണ്ടും മിശിഹായ്ക്കു സാക്ഷ്യം വഹിച്ച് രക്തസാക്ഷി മകുടമണിഞ്ഞ തോമ്മാശ്ലീഹായെ അനുസ്മരിക്കുന്നത് ഏറെ സമുചിതമാണ്. വിശ്വാസത്തിൽ നമ്മുടെ പിതാവായ തോമ്മാശ്ലീഹായുടെ ഓർമ്മ പുതുക്കലാണ് ദുക്‌റാന. ജൂലൈ 3-ന് ആചരിക്കുന്ന ഈ തിരുനാൾ പൗരസ്ത്യസുറിയാനി സഭാകുടുംബത്തിലെ സീറോമലബാർ അംഗങ്ങളായ നമുക്ക് അത്യന്തം പ്രധാനപ്പെട്ട ഒരു സുദിനമാണ്. ദുക്‌റാനത്തിരുനാൾ
മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും അതിന്റെ സമകാലീന പ്രസക്തിയെയുംപറ്റി ചിന്തിക്കാൻകൂടി നമ്മെ പ്രാപ്തരാക്കുന്നതാണ്. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വംപോലും സംശയിക്കപ്പെടുകയും തള്ളിപ്പറയപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ വിശ്വാത്തിന്റെ ഉറവിടമായി നിലകൊള്ളുന്ന തോമ്മാശ്ലീഹായുടെ മിശിഹാനുഭവം ഒരിക്കൽകൂടി നമ്മെ ശാക്തീകരിക്കണം. മിശിഹായുമായുള്ള ബന്ധം ആഴത്തിൽ സൂക്ഷിച്ച തോമ്മാശ്ലീഹായേയാണ് യോഹന്നാൻ സുവിശേഷം നമുക്ക് പരിചയപ്പെടുത്തുന്നത്. വി. യോഹന്നാന്റെ സുവിശേഷം 11-ാം അദ്ധ്യായത്തിൽ നാം കണ്ടെത്തുന്ന ”നമുക്കും അവനോടുകൂടി പോയി മരിക്കാം” എന്ന വചനം ആദർശധീരനായ തോമ്മാശ്ലീഹായുടെ ചിത്രമാണ് നമുക്കു മുന്നിൽ വയ്ക്കുന്നത്. മിശിഹായുടെ ദൈവീകതയേക്കുറിച്ച ആഴത്തിൽ ബോദ്ധ്യമുള്ള ദിദിമോസ് ഈയൊരു വചനത്തിലൂടെ സഹശിഷ്യരെയും അമർത്ത്യതയുടെ രക്ഷണീയഭാവങ്ങളിലേക്ക് ക്ഷണിക്കുന്നു, ‘മിശിഹായോടൊപ്പം മരിക്കുക’ എന്നതാണ് വിശ്വാസപ്രഘോഷണത്തന്റെ അന്തസത്തയെന്ന് തോമ്മാശ്ലീഹാ നമുക്ക് കാട്ടിത്തരുന്നു. യോഹന്നാന്റെ സുവിശേഷം 14-ാം അദ്ധ്യായത്തിൽ നാം കണ്ടെത്തുന്ന തോമ്മാശ്ലീഹാ ‘മാർഗ്ഗ’ത്തിന്റെ (വഴിയുടെ) ദൈവശാസ്ത്രത്തെ നമുക്കു മുമ്പിൽ അവതരിപ്പിക്കുന്ന വ്യക്തിയാണ്. ”കർത്താവേ നീ എവിടേയ്ക്ക് പോകുന്നെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ, പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും (യോഹ 14, 5) എന്ന തോമ്മാശ്ലീഹായുടെ ചോദ്യം വിശ്വാസത്തെ ബോദ്ധ്യങ്ങളിൽ അടിയുറച്ചു സ്വീകരിക്കേണ്ട യാഥാർത്ഥ്യമായി നമുക്കു കാട്ടിത്തരുന്നു. മിശിഹായുടെ ഈ ലോകത്തിലെ ദൗത്യത്തിന്റെ അന്തസത്തയെ വെളിവാക്കിക്കൊണ്ട് സത്യവും ജീവനുമായ വഴി താൻതന്നെയാണെന്ന് മിശിഹാ വെളിപ്പെടുത്തുമ്പോൾ ഈ ‘വഴിയെ’ സ്വീകരിക്കാനുള്ള ചങ്കുറപ്പ് തോമസ് ഏറ്റുവാങ്ങുന്നു. ദൈവത്തെ അറിയാനും ദൈവത്തിൽ വിലയം പ്രാപിക്കാനുമുള്ള ‘വഴി’ മിശിഹായാണെന്നുള്ള സത്യം സഭയുടെ ഈലോകപ്രവർത്തനങ്ങളുടെ അടിസ്ഥാനതത്ത്വമാണ്. അതുകൊണ്ടുതന്നെയാണ്
പുതിയനിയമത്തിൽ ‘സഭ’യെ സൂചിപ്പിക്കുന്ന പഴയ പ്രയോഗമായി വഴി (മാർഗ്ഗം) മാറുന്നത്. ഈ ‘വഴി’യുടെ സമസ്തഭാവങ്ങളെയും ഉൾക്കൊണ്ട തോമ്മാശ്ലീഹാ ഭാരതത്തിൽ നമുക്ക് പകർന്നുനൽകിയതും ഇതേ ‘വഴി’യാണ്. അങ്ങനെ മാർത്തോമ്മാമാർഗ്ഗം മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശുദ്ധ പാരമ്പര്യമായി മാറുന്നു. ”എന്റെ കർത്താവേ എന്റെ ദൈവമേ” എന്ന ഒറ്റവാചകംകൊണ്ട് മിശിഹാനുഭവം സ്വന്തമാക്കുകയും ഉച്ചത്തിൽ പ്രഘോഷിക്കുകയും ചെയ്ത തോമ്മാശ്ലീഹായെ കണ്ടെത്തുന്നത് യോഹന്നാന്റെ സുവിശേഷം 20-ാം അദ്ധ്യായത്തിലാണ്. ബോദ്ധ്യത്തിലുറച്ച വിശ്വാസാനുഭവത്തിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് തോമ്മാശ്ലീഹായുടെ ഈ വിശ്വാസപ്രഖ്യാപനം. അനുഭവിച്ചറിഞ്ഞ ഈശോയെ വാക്കുകൊണ്ടും തുടർന്ന് ജീവൻകൊണ്ടും പ്രഘോഷിക്കാൻ തോമ്മാശ്ലീഹായെ പ്രാപ്തനാക്കിയത് ഈ വിശ്വാസപ്രഖ്യാപനമാണ്. ഒരുവനെ രക്ഷയിലേക്ക് നയിക്കുന്ന ശക്തമായ ചോദ്യവും ഇതുതന്നെ. തോമ്മാശ്ലീഹായുടെ സുവിശേഷ പ്രേഷിതത്വത്തിന്റെ നെടുംതൂണും ചൈതന്യവുമായി നില്ക്കുന്നത് മുകളിൽ വിവരിച്ച മിശിഹാ സംഭവങ്ങളും ഏറ്റുപറച്ചിലുകളുമാണ്. അതുകൊണ്ടുതന്നെ ഈ ദൈവികബോദ്ധ്യങ്ങളെ ഒട്ടും ചൈതന്യം ചോരാതെ നമ്മുടെ ഈ നാട്ടിൽ പകർന്നു നൽകാൻ തോമ്മാശ്ലീഹായ്ക്ക് കഴിഞ്ഞു. അത് ഒരു സമൂഹത്തിന്റെ മുഴുവൻ ജീവിതശൈലിയും പ്രമാണവുമായിത്തീർന്നു.
എങ്കിലും തോമ്മാശ്ലീഹാ പകർന്നു നൽകിയ വിശ്വാസചൈതന്യങ്ങൾക്ക് ഇന്നത്തെ ഈ തലമുറയിൽ ശോഷണം സംഭവിക്കുന്നുണ്ടോ എന്ന് ആത്മപരിശോധനാപരമായി ചിന്തിക്കുന്നത് നല്ലതാണ്. വിശ്വാസവും വിശ്വാസജീവിതവുമെല്ലാം ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തോമ്മാശ്ലീഹായുടെ വ്യക്തിത്വവും ശ്ലീഹാ സ്വന്തമാക്കിയ മിശിഹാനുഭവവും ദുക്‌റാനയെ ഓർമ്മപുതുക്കലിനെക്കാളുപരി ഓർമ്മപ്പെടുത്തലിന്റെ തിരുനാളാക്കി മാറ്റുന്നു. ദുക്‌റാന ഒരു സീറോമലബാർ വിശ്വാസിയെ ഓർമ്മപ്പെടുത്തുന്ന ഒത്തിരിക്കാര്യങ്ങളുണ്ട്. എന്റെ വിശ്വാസത്തിന്റെ വളർച്ചയുടെ പാതയിൽ ‘തോമ്മാമാർഗ്ഗത്തെ’ പുൽകാനും പ്രഘോഷിക്കാനും ഞാൻ എത്രമാത്രം ബദ്ധശ്രദ്ധനാണ് എന്നത് ഏറെ പ്രസക്തമായൊരു ചോദ്യമാണ്. തോമ്മാശ്ലീഹാ കൈമാറിയ വിശ്വാസത്തിന്റെ ദീപം ഇന്നത്തെ തലമുറയിൽ കരിന്തിരിയായി കത്തുന്നെങ്കിൽ ‘എണ്ണ’ മാറേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. വിശ്വാസത്തിന്റെ താളങ്ങളെ കത്തിജ്വലിപ്പിക്കാൻ സഹായിക്കുന്ന ബോദ്ധ്യങ്ങളിൽ അടിയുറയ്ക്കാനും ആ ബോദ്ധ്യങ്ങളെ ധൈര്യപൂർവ്വം പ്രഘോഷിക്കാനും ദുക്‌റാന നമ്മെ ക്ഷണിക്കുന്നു. അങ്ങനെനോക്കുമ്പോൾ ദുക്‌റാന ഒരു ആഘോഷമല്ല; ഒരു പ്രഘോഷണമാണ്-ക്രൈസ്തവവിശ്വാസം 2000 ആണ്ടുകൾ ഭാരതത്തിൽ ജീവിച്ചതിന്റെയും
ഇനിയും ആത്മാർത്ഥമായി ജീവിക്കേണ്ടതിന്റെയും ആവശ്യകതയെ പ്രഘോഷിക്കുന്ന ഒരു യാഥാർത്ഥ്യം. അതുകൊണ്ട് ഈ വിശ്വാസസാക്ഷ്യത്തിന്റെ സുന്ദരഭാവങ്ങളെ നമുക്ക് സ്വന്തമാക്കി ‘തോമ്മാമാർഗ്ഗ’ത്തിന്റെ വക്താക്കളായി മാറാൻ തോമ്മാശ്ലീഹായുടെ ദുക്‌റാന നമ്മെ പ്രേരിപ്പിക്കുന്നു.