2018 മാർച്ച് 9-ന് സുപ്രീംകോടതി നിഷ്ക്രിയമായ, ആയാസരഹിതമായ വധത്തെ (Passive euthanasia) നിയമമാക്കിക്കൊണ്ട് നടത്തിയ വിധിയെ അനുകുലിച്ച് ഒരു പ്രമുഖ ആഴ്ചപ്പതിപ്പിൽ വന്ന ഒരു ലേഖനത്തിലാണ് മുകളിൽ പറഞ്ഞ പരാമർശം. വീട്ടിലെ പട്ടിക്കുട്ടിക്ക് ഒരു ദിവസം നിനച്ചിരിക്കാതെ ഒരസുഖം. ഭക്ഷണം കഴിക്കുന്നില്ല, ക്ഷീണം കാരണം എഴുന്നേല്ക്കുന്നില്ല. തലച്ചോറിലെ പഴുപ്പുകാരണം മരുന്നുകൊണ്ട് രക്ഷയില്ലെന്ന് പറഞ്ഞ് മൃഗഡോക്ടർ അതിനെ കൊന്നുകളഞ്ഞത്രേ. പട്ടി ചത്തതുകൊണ്ട് ആ സമയം വളരെ വേദന തോന്നിയെങ്കിലും, പിന്നീട് വേദന സഹിച്ചു. രോഗം മൂലം വേദന സഹിച്ച് അവശത അനുഭവിക്കുന്നതിനേക്കാൾ ആ പട്ടിയെ കൊന്നു കളഞ്ഞതിനെക്കുറിച്ച് ആശ്വസിച്ചു. 90 ഉം 88 ഉം വയസ്സായ രോഗികളും വൃദ്ധരുമായ ആളുകളുടെ ഏകാന്തതയെക്കുറിച്ചും മരണത്തെക്കുറിച്ചും ദയാവധം ആവശ്യപ്പെട്ടതിനെക്കുറിച്ചും ന്യായീകരിച്ചു പറഞ്ഞു കഴിഞ്ഞാണ് ലേഖികയുടെ വക പട്ടിക്കുട്ടിയുടെ ഉദാഹരണം.
അടുത്തനാളിൽ ദയാവധത്തെ അനുകൂലിച്ചും പ്രതികുലിച്ചുമുള്ള വാദങ്ങൾ കേൾക്കുമ്പോൾ ഒരു സാധാരണ മനുഷ്യന്റെ മനസ്സിലേക്കു പല ചോദ്യങ്ങളാണ് വരുന്നത്. രോഗവും, വേദനയും, വാർദ്ധക്യവും, ഏകാന്തതയും, മക്കൾ നോക്കാനില്ലാത്തതും, ചികിത്സിക്കാൻ പണമില്ലാത്തതും, ദാരിദ്ര്യം അനുഭവിക്കേണ്ടിവരുമ്പോഴും മനുഷ്യന്റെ അന്തസും ജീവിക്കാനുള്ള അവകാശവും ജീവന്റെ മൂല്യവും നഷ്ടപ്പെടുമോ? ജീവിതത്തിൽ ഒരാളുടെ ഉത്തരവാദിത്വങ്ങളും കടമകളും നിർവ്വഹിച്ചു കഴിഞ്ഞാൽ അയാൾ പിന്നെ മരിക്കണമോ? സ്വാഭാവികമായി വരുന്ന മരണത്തെ ലഭ്യമായ വില കൂടിയ എല്ലാ മാർഗ്ഗങ്ങളും ചികിത്സകളും ഉപയോഗിച്ചു തടഞ്ഞുനിർത്തണമോ?
ദയാവധത്തിന്റെ ചരിത്രവഴികൾ
ഭാര്യയുടെ മടിയിൽ കിടന്ന് ശാന്തമായി മരിച്ച അഗസ്റ്റസ് സീസറിന്റെ മരണത്തെ വിവരിക്കാനാണ് റോമൻ ചരിത്രകാരനായ Sventonio ‘നല്ല മരണം’ എന്നർത്ഥം മാത്രമുണ്ടായിരുന്ന ഗ്രീക്കു വാക്ക് ‘എവുത്തനാസ്യാ'(eu+thanatos = good death) ഉപയോഗിച്ചത്. പിന്നീട് ഇംഗ്ലീഷ് തത്ത്വശാസ്ത്രജ്ഞനായിരുന്ന Francis Bacon ഇതേ അർത്ഥത്തിൽ ഈ വാക്ക് 1605 ൽ എഴുതിയ ‘Advancement of Learning’ എന്ന തന്റെ പുസ്തകത്തിൽ ഉപയോഗിച്ചു. അതേസമയം അഗസ്റ്റസ് സീസറിന്റെ മരണത്തെ പരാമർശിച്ചിട്ട്, വേദന കുറയ്ക്കാൻ വേണ്ട ചികിത്സയും പരിചരണവും മരണാവസരത്തിൽ നല്കാതിരുന്ന വൈദ്യന്മാരെ വിമർശിക്കാനും Francis Bacon തന്റെ പുസ്തകത്തിൽ ശ്രമിച്ചിട്ടുണ്ട്. തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകളിലും പെട്ടെന്നുള്ളതും, നല്ലതും, എളുപ്പമുള്ളതുമായ സുഖമരണത്തെ സൂചിപ്പിക്കാനാണ് ”എവുത്തനാസ്യാ” എന്ന വാക്ക് ഉപയോഗിച്ചത്.
19-ാം നൂറ്റാണ്ട് മുതലാണ് നല്ല മരണത്തിന് വൈദ്യസഹായം ലഭ്യമാകുന്ന രീതിയെ സൂചിപ്പിക്കാൻ ‘എവുത്തനാസ്യാ’ (medical euthanasia or medical treatment in aid of an early death) എന്ന പദം ഉപയോഗിക്കാൻ തുടങ്ങിയത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് അനുകമ്പയും ദയയും മൂലം കൊല്ലാം, ദയാവധം (mercy killing) എന്നീ പ്രയോഗവും രീതിയും ഉണ്ടായത് (homicide for mercy, homicide with consent, എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഇക്കാലത്തെ സംഭാവനയാണ്). ചുരുക്കത്തിൽ നല്ല മരണം, മരണത്തിനായി സഹായം, നല്ല മരണത്തിനായി വധിക്കുക എന്നീ മുന്നർത്ഥങ്ങളും ചരിത്രവഴികളിൽ സംഭവിച്ച അർത്ഥമാറ്റവും മനുഷ്യന് ജീവനോടുള്ള സമീപനത്തിൽ സംഭവിച്ച മാറ്റവുമാണ്. ജീവനെ നിഷേധിക്കുന്നതോ നശിപ്പിക്കുന്നതോ ആയ എല്ലാ പ്രവണതകളേയും സംവിധാനങ്ങളേയും ശക്തിയുക്തം എതിർക്കുന്ന കത്തോലിക്കാസഭയുടെ പ്രബോധനത്തിലുള്ള ‘എവുത്തനാസ്യ’ യുടെ നിർവ്വചനമാണ് യഥാർത്ഥത്തിൽ ആ പ്രവൃത്തിയുടെ മുഴുവൻ അർത്ഥവും വ്യക്തമാക്കുന്നത്. വേദന ഇല്ലാതാക്കാൻ ഒരാളുടെ മരണത്തിനു പ്രവൃത്തിയാലോ, ഉപേക്ഷയാലോ കാരണമാകുകയാണ് എവുത്തനാസിയ (cfr. Iura et Bona II) ചുരുക്കത്തിൽ, ഒരാളുടെ വേദനയില്ലാതാക്കാൻ പ്രവൃത്തിയിലൂടെയോ ഉപേക്ഷയിലൂടെയോ അയാളെ കൊല്ലുക. ഇവിടെ വേദനയില്ലാതാക്കുക എന്ന ലക്ഷ്യം നല്ലതാണെങ്കിലും സ്വീകരിക്കുന്ന മാർഗ്ഗം മാരകമായ തെറ്റാണ്. കൊലപാതകം എന്ന തെറ്റ് എത്ര നല്ല ലക്ഷ്യത്തോടെ ചെയ്താലും ന്യായീകരിക്കാനാവില്ലല്ലോ. എത്ര ഭംഗിയുള്ള പേരിട്ടു വിളിച്ചാലും (സുഖമരണം, നല്ല മരണം, അന്തസുള്ള മരണം, കാരുണ്യവധം) ഇതൊരു ക്രൂരമായ കുറ്റകൃത്യമാണ്. മറ്റു കൊലപാതകത്തിൽ നിന്നും വ്യത്യസ്തമായി ഇവിടെ കൊലപാതകത്തിനു പ്രേരിപ്പിക്കുന്നത് പകയ്ക്കു പകരം ദയയാണെങ്കിലും, രോഗി ആവശ്യപ്പെട്ടിട്ടാണെങ്കിലും അല്ലെങ്കിലും ഒരാളുടെ ജീവൻ ഇല്ലാതാക്കാൻ ആർക്കും അവകാശമില്ല.
ഒഴിവാക്കേണ്ട തെറ്റിദ്ധാരണകൾ
നിഷ്‌ക്രിയവും ആയാസരഹിതവുമായ ദയാവധം അനുവദിച്ചുകൊണ്ടുള്ള സുപ്രീം
കോടതി വിധിയുടെ പശ്ചാത്തലത്തിൽ പലതരത്തിലുമുള്ള തെറ്റിദ്ധാരണകൾ പരക്കുന്നുണ്ട്.
1. പ്രയോജനരഹിതമായ ചികിത്സ അവസാനിപ്പിച്ച് മരണം സുഗമമാക്കാനാണ് സുപ്രീംകോടതി അനുവദിക്കുന്നത് എന്നത് ഈ നാളുകളിൽ കേൾക്കുന്ന
പ്രധാന വാദമാണ്. പ്രയോജനമില്ലാത്ത ചികിത്സ വേണ്ടെന്നുവയ്ക്കാൻ സുപ്രീംകോടതിയുടെയോ മറ്റേതെങ്കിലും സ്ഥാപനങ്ങളുടെയോ അനുവാദം വേണമെന്ന് തോന്നുന്നില്ല. പ്രയോജനമില്ലാത്തതും, സാമ്പത്തിക ബാദ്ധ്യത വരുത്തുന്നതും, കൂടുതൽ വേദന ഉളവാക്കുന്നതുമായ ചികിത്സ നടത്താൻ ധാർമ്മികമായി ഒരാൾക്കും യാതൊരു ബാധ്യതയുമില്ല. ജീവനെ ബഹുമാനിക്കാനും
സംരക്ഷിക്കാനും എല്ലാവർക്കും ഉള്ള കടമ സ്വാഭാവികമായുള്ള മരണത്തെ സ്വീകരിക്കാനോ അതിനായി തയ്യാറാകാനോ ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല. പ്രയോജനരഹിതവും യുക്തിരഹിതവും ആനുപാതികമല്ലാത്തുതമായ (Extraordinary or Disproportionate treatments) ചികിത്സ വേണ്ടെന്നു വയ്ക്കുന്നത് ഒരിക്കലും ദയാവധമോ ആത്മഹത്യയോ ആകുന്നില്ല.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ചികിത്സയോ മറ്റു വൈദ്യസഹായമോ രോഗിയുടെ വേദന വർദ്ധിപ്പിക്കുകയും സ്വാഭാവിക മരണം കൃത്രിമമായി ദീർഘിപ്പിക്കുകയും മാത്രം ചെയ്യുന്ന സാഹചര്യത്തിൽ അത്തരം വൈദ്യസഹായമോ ചികിത്സയോ വേണ്ടെന്നു വയ്ക്കുന്നതോ അവസാനിപ്പിക്കുന്നതോ ധാർമ്മികമായി യാതൊരു അപാകതയുമില്ലെന്ന് പറയാം (Iura et Bona IV). അതേസമയം ജീവൻ ഏതവസ്ഥയിലും, പ്രത്യേകിച്ച് രോഗാവസ്ഥയിലോ മരണാസന്നമായിരിക്കുന്ന അവസ്ഥയിലോ, സംരക്ഷിക്കാനാവശ്യമായ സാധാരണ മാർഗ്ഗങ്ങൾ – ഭക്ഷണം, വെള്ളം, നഴ്‌സിംഗ് സഹായം, ശുചിത്വം, അടിസ്ഥാനപരമായ മരുന്നുകൾ – സ്വീകരിക്കുക എന്നത് എല്ലാവരുടെയും കടമയും അവകാശവുമാണ്.
2. അർത്ഥമില്ലാത്ത വേദന സഹിക്കാൻ നിർബന്ധിക്കുന്ന ക്രൂരന്മാരത്രേ ദയാവധത്തെ എതിർക്കുന്ന മതപുരോഹിതരും സഭയും.
ജീവനെ കൊല്ലരുതെന്നും സംരക്ഷിക്കണമെന്നും പറയുന്നവർ ക്രൂരന്മാരും ജീവനെ നശിപ്പിക്കണമെന്നു വാദിക്കുന്നവർ കാരുണ്യവാന്മാരും ആകുന്ന കലികാലം. സാമാന്യബോധമുള്ള ആരും അനാവശ്യമായി യാതൊരു അർത്ഥവും പ്രയോജനവുമില്ലാതെ വേദന സഹിക്കണമെന്നു വാദിക്കില്ല. വേദന സംഹാരികൾ ഒരാളുടെ ജീവന്റെ ദൈർഘ്യം കുറയ്ക്കുമെങ്കിൽപോലും മറ്റു പോംവഴികളില്ലെങ്കിൽ അത് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നാണ് സഭ പഠിപ്പിക്കുന്നത് (Iura et Bona III). ഇവിടെ വേദനയില്ലാതാക്കാൻ ദയാവധത്തിലെപ്പോലെ കൊല്ലുകയല്ല ലക്ഷ്യം മറിച്ച് പരമാവധി വേദനയില്ലാതെ ജീവിക്കുകയാണ്.
3. ഭരണഘടനയുടെ മൃശേരഹല 21 ജീവിക്കാനുള്ള ഒരാളുടെ അവകാശത്തെ ഉറപ്പുവരുത്തുന്നതാണ്. പുതിയ വ്യാഖ്യാനങ്ങളിൽ ഒരാൾക്ക് ജീവിക്കാനുള്ള അവകാശം പോലെയാണ് മരിക്കാനുള്ള അവകാശവും. അങ്ങനെ അന്തസായി മരിക്കാനുള്ളഅവകാശത്തിന്റെ ഭാഗമത്രേ ദയാവധം.
അന്തസായി മരിക്കുക എന്നത് അടുത്തകാലത്തായി പലരും വിശദീകരിക്കുന്നതിൻ പ്രകാരം ആരും നോക്കാനില്ലാതെയും, ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗാവസ്ഥയിലും, അബോധാവസ്ഥയിൽ മരണാസന്നനായിരിക്കുമ്പോഴും, തീവ്രമായ വേദനയുള്ളപ്പോഴും അതൊന്നും അനുഭവിക്കാതെ സ്വാഭാവിക മരണത്തിനു കാത്തു നില്ക്കാതെ ദയാവധത്തിനു വിധേയമാകുന്നതോ ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യചെയ്യുന്നതോ (physicianassisted suicide) ആയിരിക്കുന്നു. രോഗത്തിന്റെയോ വേദനയുടെയോ പേരിൽ ഒരാൾ ആവശ്യപ്പെട്ടിട്ടാണെങ്കിലും കൊല്ലുന്നത് എങ്ങനെയാണ് അന്തസുള്ള മരണമാകുന്നത്. മനുഷ്യന്റെ അന്തസ് അയാൾ രോഗിയോ വേദനയുള്ളവനോ പ്രയോജനരഹിതനോ ആകുമ്പോൾ മാഞ്ഞുപോകുമോ? അങ്ങനെയുള്ളവരെ കൊന്നുകഴിഞ്ഞാൽ മനുഷ്യന്റെ
അന്തസ് വർദ്ധിക്കുമോ? രോഗാവസ്ഥയിൽ, വാർദ്ധക്യത്തിൽ മരണമല്ല മനുഷ്യനുവേണ്ടത് സ്‌നേഹവും പരിചരണവും കരുതലുമാണ്. ദയാവധത്തെ അന്തസുള്ള മരണമെന്നു വിളിക്കുന്നത് വഞ്ചനയാണ്. മനുഷ്യജീവനെ മനഃപൂർവ്വം ഏതു കാരണത്തിന്റെ പേരിലാണെങ്കിലും ഇല്ലാതാക്കുന്നതിൽ
ഒരന്തസുമില്ല. രോഗാവസ്ഥയിൽ നടത്തുന്ന തിരസ്‌ക്കരണവും കയ്യൊഴിയലും അന്തസല്ല, മുഖംമൂടി ധരിച്ചെത്തുന്ന മനുഷ്യന്റെ സ്വാർത്ഥതയും ഉപഭോഗസംസ്‌കാരവുമാണ്. ഭ്രൂണഹത്യ നടത്താനും, ആത്മഹത്യ
ചെയ്യാനും ദയാവധം നടത്താനും അനുവാദം നൽകുന്ന നിയമങ്ങളെല്ലാം ഇന്ന് ഇന്ത്യയിൽ പ്രാബല്യത്തിലായി. പല കാരണത്താൽ തന്റെ തന്നെയോ അപരന്റെയോ ജീവനെടുക്കാനുള്ള നിയമസംരക്ഷണമാണ് ഇതിലൂടെ ഭാരതത്തിലെ ജനത്തിനു കൈവന്നിരിക്കുന്നത്. ഒരു ജീവിയെപ്പോലും കൊല്ലരുതെന്ന് ‘മാനിഷാധ’ പറഞ്ഞ സംസ്കാരത്തിലും, ‘മാതാ പിതാ ഗുരു ദൈവം’ പറഞ്ഞ സംസ്‌കാരത്തിലുമാണ് ഉദരത്തിലുള്ള നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെയും രോഗകിടക്കയിലായ വൃദ്ധരായ മാതാപിതാക്കളുൾപ്പെടെയുള്ളവരെയും വധിക്കാനുള്ള നിയമപരിരക്ഷ ആഘോഷിക്കുന്നത്. മനുഷ്യന്റെ സ്വാർത്ഥസംസ്‌കാരത്തിന് ഇതിൽപ്പരം മറ്റെന്തു തെളിവാണു വേണ്ടത്.