വി. യോഹന്നാൻ എഴുതിയ സുവിശേഷം-14

ഈശോ: ലോകത്തിന്റെ പ്രകാശം
(യോഹ 9,1-41)
കൂടാരത്തിരുനാളിനോടനുബന്ധിച്ചുള്ള വെളിച്ചത്തിന്റെ കർമ്മത്തിന്റെ
പശ്ചാത്തലത്തിൽതന്നെയാണ് ഈ അദ്ധ്യായവും മെനയപ്പെട്ടിരിക്കുന്നത്. അന്ധനുകാഴ്ച കൊടുക്കുന്ന സന്ദർഭത്തിൽ താൻ ലോകത്തിന്റെ പ്രകാശമാണെന്ന് ഈശോ വീണ്ടും പ്രഖ്യാപിക്കുന്നു. ജന്മനാ അന്ധനായ ഒരുവനെ ഈശോ സുഖപ്പെടുത്തുന്ന സംഭവവും അതേത്തുടർന്നുള്ള സംഭാഷണവുമാണ് ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കം. ശാരീരികമായി അന്ധനായിരുന്ന ഒരു മനുഷ്യൻ ശാരീരികമായും ആത്മീയമായും കാഴ്ചയുള്ളവനായി മാറുന്നു (9,38). ആത്മീയമായി കാഴ്ചയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഫരിസേയർ ആത്മീയമായി അന്ധരായി മാറുകയും ചെയ്യുന്നു (9,41).
9,1-7 ലോകത്തിന്റെ പ്രകാശമായിരിക്കുക
അന്ധനു കാഴ്ച നല്കുന്ന അത്ഭുതം വിവരിക്കുന്നതോടൊപ്പം (9,6-7) താൻ ലോകത്തിന്റെ പ്രകാശമാണെന്നും നമ്മളെല്ലാവരും ലോകത്തിന്റെ പ്രകാശമാകണമെന്നും ഈശോ പറയുന്നു (9,4-5). രണ്ടു കാര്യങ്ങളാണ് ഈശോയെ ലോകത്തിന്റെ പ്രകാശമാക്കുന്നത്: തന്നെ അയച്ചവന്റെ ജോലി ചെയ്യുന്നതും അത് പകലായിരിക്കുവോളം ചെയ്യുന്നതും. താൻ ഒരിക്കലും സ്വന്തം ഹിതം പ്രവർത്തിക്കുന്നില്ല എന്ന് ഈശോ ആവർത്തിച്ചു പറയുന്നുണ്ട് (5,19). തന്റെ അത്ഭുതങ്ങളെപ്പോലും പിതാവിന്റെ ജോലിയായിട്ടാണ് ഈശോ വിശേഷിപ്പിക്കുന്നത്. നമ്മളും ഈ ലോകത്തിൽ ദൈവഹിതമനുസരിച്ച് ജീവിക്കുകയും അപ്രകാരം ലോകത്തിന്റെ പ്രകാശമായിത്തീരുകയും ചെയ്യണം.
9,8-34 വിശ്വാസത്തിലുള്ള വളർച്ചയും തളർച്ചയും
സൗഖ്യം ലഭിച്ചതിനുശേഷം സുഖം പ്രാപിച്ചവനും ചോദ്യം ചെയ്യുന്നവരും തമ്മിലുള്ള സംഭാഷണമാണ് ഈ ഭാഗം അവതരിപ്പിക്കുന്നത്. അയൽക്കാരും അവനെ മുമ്പ് യാചകനായി കണ്ടിട്ടുള്ളവരുമാണ് ആദ്യം അവനെ ചോദ്യം ചെയ്യുന്നത് (9,8-10.12). രണ്ടാമത്, ഫരിസേയർ അവനെ ചോദ്യം ചെയ്യുന്നു (9,15.17). അതിനുശേഷം യഹൂദർ അവന്റെ മാതാപിതാക്കളെയും (9,18-19) പിന്നീട് അവനെ രണ്ടാം പ്രാവശ്യവും
ചോദ്യം ചെയ്യുന്നു (9,24-34).
സുഖം പ്രാപിച്ചവൻ വിശ്വാസത്തിൽ വളരുന്നു:
ഇപ്രകാരമുള്ള ഇടപെടലുകളിലൂടെ കാഴ്ച പ്രാപിച്ചവൻ വിശ്വാസത്തിൽ വളർച്ച പ്രാപിക്കുന്നു. അവന്റെ മറുപടികൾ ഈ വളർച്ച വ്യക്തമാക്കുന്നുണ്ട്. ഓരോ ഘട്ടത്തിലും അവൻ ഈശോയെ കൂടുതൽ മനസ്സിലാക്കുന്നു. ഈശോയെ സംബോധന ചെയ്യാൻ അവൻ ഉപയോഗിക്കുന്ന വാക്കുകളിൽനിന്നും ഇതു മനസ്സിലാക്കാം: ”ഈശോ എന്നു പേരുള്ള മനുഷ്യൻ” (9,11), ”പ്രവാചകൻ” (9,17),
”ദൈവത്തിൽനിന്നുള്ളവൻ” (9,33), ”മനുഷ്യപുത്രൻ” (9,35-37), ”കർത്താവ്” (9,38) എന്നീ സംബോധനകളിലൂടെ അയാൾ ഈശോയെ തിരിച്ചറിയുകയും, ആ വിശ്വാസം അവസാനം ഏറ്റുപറയുകയും ചെയ്യുന്നു.
ഫരിസേയർ വിശ്വാസത്തിൽ തളരുന്നു:
ആദ്യം അയാൾക്കു കാഴ്ച ലഭിച്ചത് എങ്ങനെയാണെന്നറിയാൻ ആഗ്രഹിച്ച യഹൂദർ പിന്നീട് അവൻ അന്ധനായിരുന്നോ എന്നുപോലും സംശയിക്കുന്നു (9,18-19). ”ഈ മനുഷ്യൻ ദൈവത്തിൽ നിന്നുള്ളവനല്ല, എന്തെന്നാൽ അവൻ സാബത്താചരിക്കുന്നില്ല” (9,16), ”ആ മനുഷ്യൻ പാപിയാണെന്നു ഞങ്ങൾക്കറിയാം” (9,24) തുടങ്ങിയ പ്രസ്താവനകൾ അവരുടെ വിശ്വാസത്തിന്റെ തളർച്ചയെ സൂചിപ്പിക്കുന്നവയാണ്.
മനോഭാവത്തിന്റെ വ്യത്യാസം:
അന്ധനായിരുന്നവൻ വിനീതനും എളിമയുള്ളവനും സത്യസന്ധനും സത്യത്തോട് തുറവുള്ളവനും തന്റെ അജ്ഞതയെ അംഗീകരിക്കുന്നവനുമായിരുന്നു. അറിഞ്ഞു
കൂടാത്ത കാര്യങ്ങൾ അറിഞ്ഞുകൂടാ എന്ന് ഏറ്റുപറയുവാനുള്ള എളിമ അയാൾക്കുണ്ടായിരുന്നു (9,12.25). അയാളുടെ സൗഖ്യം പ്രാപിക്കലിനോടനുബന്ധിച്ച് നടന്ന സംഭവങ്ങൾ, നടന്നതുപോലെ, എവിടെയും തുറന്നുപറയുവാനുള്ള സത്യസന്ധത അയാൾ കാണിച്ചു (9,15.30-35). ”മനുഷ്യപുത്രനിൽ നീ വിശ്വസിക്കുന്നുവോ?” എന്ന ഈശോയുടെ ചോദ്യത്തിന്, ”കർത്താവേ, ഞാൻ അവനിൽ വിശ്വസിക്കേണ്ടതിന് അവൻ ആരാണ്?” എന്നു ചോദിച്ചുകൊണ്ട് സത്യം അറിയുവാനുള്ള തുറവും അയാൾ കാണിച്ചു.
ഈ മനോഭാവമാണ് അയാളെ പ്രകാശത്തിൽനിന്നും ഉപരി പ്രകാശത്തിലേക്ക്, വിശ്വാസത്തിൽനിന്നും ഉപരി വിശ്വാസത്തിലേക്ക് നടന്നടുക്കുവാൻ സഹായിച്ചത്.
എന്നാൽ ഫരിസേയരുടെ മനോഭാവം ഇതിന് കടകവിരുദ്ധമായിരുന്നു. അവർ അവരുടെ അറിവിൽ അമിതവിശ്വാസമുള്ളവരും സത്യത്തോടു തുറവില്ലാത്തവരും മുൻവിധി നടത്തുന്നവരും ആത്മാർത്ഥതയില്ലാത്തവരും അഹങ്കാരികളുമായിരുന്നു (9,34). ”തികച്ചും പാപത്തിൽ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നുവോ?” എന്ന ചോദ്യവും, സുഖം പ്രാപിച്ചവനെ സിനഗോഗിൽനിന്നു പുറത്താക്കുന്നതും (9,34) യഥാർത്ഥ വിശ്വാസത്തിലേക്കു കണ്ണു തുറക്കാൻ മടിക്കുന്ന അവരുടെ അഹന്തയും തുറവില്ലായ്മയുമാണ് വെളിപ്പെടുത്തുന്നത്. ഈ നിലപാടാണ് അവരുടെ വിശ്വാസത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കിയതും.
8,35-41 ആത്മീയാന്ധത
കാഴ്ച പ്രാപിച്ച മനുഷ്യൻ സിനഗോഗിൽ നിന്നും പുറത്താക്കപ്പെട്ട വിവരമറിഞ്ഞപ്പോൾ ഈശോ അവനെ കണ്ടുമുട്ടുകയും അവന്റെ വിശ്വാസം ഏറ്റുപറയുവാൻ അവസരമൊരുക്കുകയും ചെയ്തു. ”കർത്താവേ, ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവൻ ഈശോയെ കർത്താവായി ഏറ്റുപറയുന്നു. വിശ്വാസത്തിന്റെ പൂർണ്ണതയിലേക്ക് അവൻ എത്തിനില്ക്കുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു. അതേസമയം, വിശ്വാസമുണ്ടെന്ന് അഭിമാനിച്ചിരുന്ന ഫരിസേയർ വിശ്വാസമില്ലാത്തവരായിത്തീരുന്നു. വി. യോഹന്നാന്റെ സുവിശേഷപ്രകാരം വിശ്വാസമില്ലായ്മയാണ് പാപം (8,21.24). വിശ്വാസം ജീവനും, പാപം മരണവുമായതുകൊണ്ട് ഈശോയുമായുള്ള കണ്ടുമുട്ടൽ ന്യായവിധിക്കു കാരണമാകുന്നു എന്നും ഈശോ ഇവിടെ പ്രഖ്യാപിക്കുന്നു (9,39).
മാമ്മോദീസായെ സൂചിപ്പിക്കുന്ന അടയാളം:
പൂശലിലൂടെയും കഴുകലിലൂടെയും വിശ്വാസവെളിച്ചത്തിലേക്കു നയിക്കുന്ന ഈ അത്ഭുതം മാമ്മോദീസായെ സൂചിപ്പിക്കുന്നു. സഭയുടെ മാമ്മോദീസാകർമ്മത്തിൽ ഈ സുവിശേഷവായന ഉൾപ്പെടുത്തിയിരുന്നു.
‘പൂശുക’ എന്നതിന് ‘ക്രിസ്മാ’ എന്ന ഗ്രീക്കുവാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മാമ്മോദീസാവേളയിലെ തൈലാഭിഷേകത്തെ സൂചിപ്പിക്കുന്ന പദമാണിത്. മാമ്മോദീസാനുഭവത്തെ ‘പ്രകാശിപ്പിക്കപ്പെടൽ’ എന്ന്
പുതിയനിയമത്തിൽ വിശേഷിപ്പിക്കുന്നുണ്ട് (2 കൊറി 4,4-6). ‘അയയ്ക്കപ്പെട്ടവൻ’ എന്നർത്ഥം വരുന്ന ‘സീലോഹാ’ കുളത്തിൽ പോയി കഴുകി
കാഴ്ച പ്രാപിക്കുന്നത് മിശിഹായുടെ പ്രകാശത്താൽ പ്രകാശിതരായിത്തീരുവാൻ മാമ്മോദീസായിലൂടെ നമുക്കു ലഭിക്കുന്ന വിളിയെയാണ് സൂചിപ്പിക്കുന്നത്.
ചോദ്യങ്ങൾ
1. ഈശോ ലോകത്തിന്റെ പ്രകാശമായതും നാം ലോകത്തിന്റെ പ്രകാശമായിത്തീരേണ്ടതും എപ്രകാരമാണ്?
2. ജന്മനാ അന്ധനായിരുന്ന മനുഷ്യൻ ആത്മീയമായ കാഴ്ച പ്രാപിച്ച് ഈശോയെ കർത്താവായി ഏറ്റുപറയുന്ന ഈ സംഭവം നമ്മെ എന്തു പഠിപ്പിക്കുന്നു?
3. ആത്മീയമായ അറിവുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഫരിസേയരുടെ ആത്മീയാന്ധതയുടെ കാരണമെന്താണ്?
4. അന്ധനെ സുഖപ്പെടുത്തുന്ന ഈ അത്ഭുതം മാമ്മോദീസാനുഭവത്തെ എപ്രകാരം സൂചിപ്പിക്കുന്നു?