ഭരണങ്ങാനത്തെ ക്ലാരമഠത്തിൽ ആരോരുമറിയാതെ അജ്ഞാത ജീവിതം നയിച്ച അൽഫോൻസാമ്മ ഇന്ന് വിശ്വവിഖ്യാതയാണ്. സഹനപുത്രിയെന്നും പീഡാനുഭവ
പുഷ്പമെന്നും (passion flower) അറിയപ്പെടുന്ന ഈ പുണ്യവതി ലിസ്യൂവിലെ ചെറുപുഷ്പത്തെപ്പോലെ ഇന്ന് സ്വർഗ്ഗത്തിൽ നിന്ന് അനുഗ്രഹങ്ങളുടെ പനിനീർപ്പൂക്കൾ വർഷിച്ചുകൊണ്ടിരിക്കുന്നു. ആ ധന്യ ജീവിതത്തിലേക്കുള്ള ഒരെത്തിനോട്ടം പോലും അനുഗ്രഹപ്രദമാണ.്
ജനനം, ബാല്യം, വിദ്യാഭ്യാസം
1910 ഓഗസ്റ്റ് 19-ാം തീയതി അന്നക്കുട്ടി (പിന്നീട് അൽഫോൻസ) കുടമാളൂർ ഇടവകയിലെ മുട്ടത്തുപാടം കുടുംബത്തിൽ ജോസഫ്-മറിയം ദമ്പതികളുടെ നാലാമത്തെ സന്താനമായി ജനിച്ചു. ഈ കർഷകദമ്പതികൾ ഉത്തമ കത്തോലിക്കാജീവിതം നയിച്ചിരുന്നവരാണ്. (അന്നക്കുട്ടിയുടെ അമ്മ മുട്ടുചിറ പുതുക്കരി കുടുംബാംഗമായിരുന്നു). 1910 ഓഗസ്റ്റ് 27-ന് കുടമാളൂർ
പള്ളിയിൽ വച്ച് ശിശുവിന് മാമ്മോദീസ നൽകപ്പെട്ടു.
അന്നക്കുട്ടി ജനിക്കുന്നതിനു മുമ്പ് അവളുടെ മാതാവിനെ ഒരു ചേരപ്പാമ്പ് ഭയപ്പെടുത്തിയതു മൂലം അവൾ രോഗിണിയായിത്തീർന്നു. തന്മൂലം മാസം തികയും മുമ്പ് എട്ടാം മാസത്തിൽ അന്നക്കുട്ടി ജനിക്കാനിടയായി. കുട്ടി ജനിച്ച് 27-ാം ദിവസം അമ്മ അന്തരിച്ചു. പേരമ്മയായ മുട്ടുചിറ മുരിക്കൻ അന്നമ്മ കുഞ്ഞിനെ മുട്ടുചിറയ്ക്കു കൊണ്ടുപോയി. കുറച്ചുനാൾ കഴിഞ്ഞ് പിതാവ് അന്നക്കുട്ടിയെ തിരിയെ ആർപ്പൂക്കരയിലേക്കു കൊണ്ടുപോന്നു. തുടർന്ന് വല്യമ്മ
(മുട്ടാർ പുളിക്കളം ത്രേസ്യാമ്മ) യാണ് ശിശുവിനെ വളർത്തിയത്. ഈ വല്യമ്മച്ചി അന്നക്കുട്ടിയുടെ സ്വഭാവരൂപവൽക്കരണത്തിൽ വലിയ പങ്കുവഹിച്ചു. വല്യമ്മയോടൊപ്പം അവൾ അനുദിനം ദിവ്യബലിയിൽ പങ്കെടുക്കുകയും പ്രാർത്ഥനാജീവിതത്തിൽ വളരുകയും ചെയ്തു. ശിശുപ്രായത്തിൽ തന്നെ സഹനം അന്നക്കുട്ടിയുടെ സന്തതസഹചാരിയായി. കരപ്പനും വ്രണവും അവളെ
പീഡിപ്പിച്ചു. മാസങ്ങളല്ല, വർഷങ്ങളോളം വേദന അനുഭവിച്ച പൈതൽ നിരന്തരമായ ചികിത്സയുടെ ഫലമായി രോഗവിമുക്തയായി.
ആദ്യകുർബാന സ്വീകരണം
1917 നവംബർ 27-ന് അന്നക്കുട്ടി കുടമാളൂർ പള്ളിയിൽ വച്ച് ആദ്യകുർബാന സ്വീകരിച്ചു. അത് അവളുടെ ജീവിതത്തിലെ ഏറ്റം സന്തോഷകരമായ അനുഭവമായിരുന്നു. അവൾ ഈശോയ്ക്ക് തന്നെത്തന്നെ പൂർണ്ണമായി സമർപ്പിച്ചു. സഹനത്തിന്റെ പര്യായമായി വളർന്ന അവൾക്ക് പാവങ്ങളോട് വലിയ കരുണയായിരുന്നു. ദിവ്യകാരുണ്യ സ്വീകരണത്തോടെ ആ സ്‌നേഹവും കരുണയും ഒന്നുകൂടി ജ്വലിച്ചു. സ്‌കൂളിൽ ചേരുന്നു അന്നക്കുട്ടിയുടെ സ്‌കൂൾ ജീവിതം ആരംഭിക്കുന്നത് ഏഴാം വയസ്സിലാണ്. 1917 മുതൽ 1920 വരെ അവൾ ആർപ്പൂക്കര തൊണ്ണംകുഴി സർക്കാർ സ്‌കൂളിൽ പഠിച്ചു. സുന്ദരിയും സുശീലയുമായ അവൾ അദ്ധ്യാപകരുടെയും സഹപാഠികളുടെയും കണ്ണിലുണ്ണിയായിരുന്നു. 1920-ൽ മുട്ടുചിറ ഗവൺമെന്റ് സ്‌കൂളിൽ ചേർന്നു. പിന്നെ പേരമ്മയുടെ വളർത്തലിൽ കഴിഞ്ഞുകൂടി.
മുട്ടത്തുപാടത്തും മുരിക്കൻ കുടുംബത്തിലും ഒട്ടേറെ വൈദികരും സന്ന്യാസിനികളും ഉണ്ടായിരുന്നു. അവരുടെയൊക്കെ സ്‌നേഹവലയത്തിലാണ് അവൾ വളർന്നത്.
സ്വാഭാവികമായും ഈശോയെ തന്റെ മണവാളനായി അവൾ സ്വീകരിച്ചു. ഒരിക്കൽ വിശുദ്ധ കൊച്ചുത്രേസ്യ അവൾക്കു പ്രത്യക്ഷപ്പെട്ട് തന്നെപ്പോലെ ഒരു സന്ന്യാസിനിയാകണമെന്ന് അവളോടു പറഞ്ഞു. അന്നുമുതൽ ഒരു പൂർണ്ണ കന്യാസ്ത്രീയാകണം എന്നതായിരുന്നു അവളുടെ ജീവിതാഭിലാഷം.
സ്ഥൈര്യലേപനം (തൈലാഭിഷേകം)
1925 ജനുവരി 21-ാം തീയതി മുട്ടുചിറപ്പള്ളിയിൽ വച്ച് പുണ്യചരിതനായ മാർ തോമസ് കുര്യാളശേരിയിൽനിന്ന് അന്നക്കുട്ടി സ്ഥൈര്യലേപനം (തൈലാഭിഷേകം) സ്വീകരിച്ചു. പിൽക്കാല ജീവിതത്തിൽ പരിശുദ്ധാത്മാവ് അവളിൽ നിറഞ്ഞു നിന്നു.
1925-ൽ 6-ാം ക്ലാസ് പാസായ അവൾ മുട്ടുചിറ ഗവൺമെന്റ് യു.പി. സ്‌കൂളിനോടു
വിട പറഞ്ഞു. പേരമ്മയെ സഹായിച്ച് കന്യകാലയ സ്വപ്നവുമായി അവൾ കഴിഞ്ഞുകൂടി. 12-ാം വയസ്സിലെത്തിയപ്പൊഴേ ആന്തരികവും ശാരീരകവുമായ സൗന്ദര്യം അവളിൽ നിറഞ്ഞു. അന്നൊക്കെ പെൺകുട്ടികളെ വിവാഹം കഴിച്ചുവിടുന്ന പ്രായമായിരുന്നു അത്. ആ ശാലീന സുന്ദരിയുടെ
കരം ഗ്രഹിക്കാൻ കൊതിച്ചവരിൽ നിന്നും കല്യാണാലോചനകൾ ഒന്നിനുപുറകേ ഒന്നായി വന്നുതുടങ്ങി. ഏറ്റം ഉത്തമനായ ഒരാൾക്ക് അന്നക്കുട്ടിയെ വിവാഹം കഴിച്ചു കൊടുക്കണമെന്ന പേരമ്മയുടെ മോഹം ഒരുവശത്ത്. ഒരു പൂർണ്ണ കന്യാസ്ത്രീയാകാനുള്ള അവളുടെ ദൃഢാഭിലാഷം മറുവശത്ത്. ഈ സാഹചര്യത്തിൽ അവളുടെ ആഗ്രഹത്തെ പേരപ്പൻ ഒടുവിൽ അനുകൂലിച്ചു.
പേരപ്പനെയും വശത്താക്കി പേരമ്മ ഒരു കല്യാണത്തിനു വാക്കുകൊടുത്തു. രക്ഷപെടാൻ ഒരു മാർഗ്ഗവും കാണാതെ വിഷമിച്ച അന്നക്കുട്ടി മനസ്സമ്മതത്തിനു പോകാതിരിക്കാൻവേണ്ടി കാൽ ഉമിത്തീയിൽ പൂഴ്ത്തി. രണ്ടു കാലിനും പൊള്ളലേറ്റു. വളരെ നാളത്തെ വിദഗ്ദ്ധ ചികിത്സയ്ക്കു ശേഷമാണ് അവൾ സുഖം പ്രാപിച്ചത്.
ക്ലാരസഭിൽ
അന്തരീക്ഷം ആകെ മാറി. പേരമ്മയുടെ മനക്കോട്ടകൾ തകർന്നു. ഇക്കാലമത്രയും തന്റെ ഹൃദയനാഥനുമായി പ്രാർത്ഥനയിലൂടെ ഐക്യപ്പെട്ടാണ് അന്നക്കുട്ടി ജീവിച്ചത്. അവൾക്ക് മഠത്തിൽ ചേരുന്നതിനുള്ള അനുവാദം ലഭിച്ചു. അങ്ങനെ അവൾ ഭരണങ്ങാനം ക്ലാരമഠത്തിൽ പ്രവേശിച്ചു. മഠംവക മലയാളം മിഡിൽ സ്‌കൂളിൽ 7-ാം ക്ലാസിൽ പഠനം തുടർന്നു. അവൾ സാഹിത്യസമാജം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പഠനം, പ്രസംഗം, ഉപന്യാസപാരായണം, കവിതാപാരായണം എന്നിവയിലെല്ലാം അവൾ മുന്നിൽതന്നെ. ഈ മികവും സൗന്ദര്യവും അസൂയാലുക്കളെ സൃഷ്ടിച്ചു. എങ്കിലും അവൾക്ക് ആരോടും പകയില്ല, പരിഭവമില്ല. ഈ മധുരശീലംകൊണ്ട് അവളുടെ പ്രവർത്തനങ്ങൾ വജയത്തിലെത്തി.
ശിരോവസ്ത്രസ്വീകരണം
1928 ഓഗസ്റ്റ് 2-ാം തീയതി അന്നക്കുട്ടി ഏതാനും കൂട്ടുകാരോടൊപ്പം ശിരോവസ്ത്രം സ്വീകരിച്ചു. അന്ന് വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാളായിരുന്നു. അതുകൊണ്ടാവാം അവൾ അൽഫോൻസ എന്ന പേരു സ്വീകരിച്ചത്. അങ്ങനെ അവൾ കന്യാസ്ത്രീയാകാനുള്ള ആദ്യത്തെ പടി കടന്നു.
ഏഴാം ക്ലാസ് പാസായ അൽഫോൻസയെ തുടർന്നു പഠിപ്പിച്ച് ഒരദ്ധ്യാപികയാക്കാൻ അധികാരികൾ തീരുമാനിച്ചു. ഭരണങ്ങാനത്ത് ഏഴാം ക്ലാസ് വരെ മാത്രമാണുണ്ടായിരുന്നത്. അതിനാൽ ചങ്ങനാശേരിയിലെ വാഴപ്പള്ളി ആരാധനമഠംവക സ്‌കൂളിൽ 8-ാം ക്ലാസിൽ ചേർന്ന് അവൾ പഠനം തുടർന്നു. താമസം ചങ്ങനാശേരി ക്ലാരമഠത്തിലെ ബോർഡിംഗിലായിരുന്നു.
സഭാവസ്ത്രസ്വീകരണം
1930 മെയ് 19-ാം തീയതി – 20 വയസ്സ് തികയും മുമ്പ് – മാർ ജയിംസ് കാളാശേരിയിൽ നിന്ന് അൽഫോൻസ വേറെ ഏഴുപേരോടൊപ്പം സഭാവസ്ത്രം സ്വീകരിച്ചു. ഈശോയെ മണവാളനായി സ്വീകരിച്ച് ദാരിദ്ര്യം, അനുസരണം, കന്യാത്വം എന്നീ സുവിശേഷപുണ്യങ്ങൾ പാലിച്ചുകൊണ്ട് ക്ലാരസഭാംഗമായി അവൾ തുടർന്നു.
പഠനം തുടരാൻ വേണ്ടി അവൾ വാഴപ്പള്ളിയിൽ തിരിച്ചെത്തി. എന്തുകൊണ്ടോ, 9-ാം ക്ലാസിലെ പബ്ലിക് പരീക്ഷയിൽ അവൾ വിജയിച്ചില്ല. ബുദ്ധിയോ, പരിശ്രമമോ
കുറഞ്ഞിട്ടല്ല ഇപ്രകാരം സംഭവിച്ചത്. അദ്ധ്യാപനത്തിലേക്കല്ല, സഹനത്തിലേക്ക് അവളെ തിരിച്ചു വിടാനുള്ള ദൈവികപദ്ധതിയുടെ ഭാഗമായിരുന്നു ഈ അനുഭവമെന്നുകരുതാം.
രക്തസ്രാവരോഗം
പരാജയത്തിന്റെ അനുഭവം പേറി അൽഫോൻസ ഭരണങ്ങാനത്തു തിരിച്ചെത്തി. യുവത്വത്തിന്റെ പ്രസരിപ്പോടെ ജോലി കാര്യങ്ങളിൽ മുഴുകി ജീവിക്കവേ,
21-ാം വയസ്സിൽ രക്തസ്രാവം എന്ന കഠിന രോഗത്താൽ അവൾ പീഡിപ്പിക്കപ്പെട്ടു.
പലവിധ ചികിത്സകൾ ചെയ്തിട്ടും ഫലമൊന്നും കണ്ടില്ല. ഒടുവിൽ എറണാകുളം ജനറലാശുപത്രിയിൽവച്ച് ശസ്ത്രക്രിയയ്ക്ക് അവളെ വിധേയയാക്കി. എന്നാൽ ഇതു
കൊണ്ടും താൽക്കാലിക ഫലം മാത്രമാണുണ്ടായത്.
അദ്ധ്യാപനം
1932-ൽ വാകക്കാട് ക്ലാരമഠം വക സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അവൾ നിയോഗിക്കപ്പെട്ടു. സ്‌നേഹത്തോടും അർപ്പണബോധത്തോടും
കൂടിയുള്ള അദ്ധ്യാപനത്തിന്റെ ഫലമായി അവൾ സഹാദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും, പ്രത്യേകിച്ച് കുട്ടികളുടെയും സ്‌നേഹാദരങ്ങൾക്കു പാത്രമായി. ഒരു കൊല്ലത്തേക്കു മാത്രമായിരുന്നു ഈ നിയോഗം. 1933 മാർച്ചിൽ വാകക്കാടിനോടും അദ്ധ്യാപകവൃത്തിയോടും യാത്ര പറഞ്ഞ് ഭരണങ്ങാനത്തു തിരിച്ചെത്തി. പിന്നീടുള്ള രണ്ടു വർഷക്കാലം അൽഫോൻസ രോഗിണിയായി ഭരണങ്ങാനത്തു തന്നെ കഴിഞ്ഞുകൂടി.
(തുടരും…)