ചോദ്യങ്ങൾക്കു മറുപടി

മരണവീട്ടിൽ അല്മായർക്ക് ഒപ്പീസ് ചൊല്ലാൻ അനുവാദമില്ലാത്തത് എന്തുകൊാണ്?
മരണവീട്ടിൽ ഒപ്പീസുചൊല്ലി പ്രാർത്ഥിക്കുവാൻ അൽമായർക്ക് അനുവാദമില്ലാത്തത് അത് സഭയുടെ ഔദ്യോഗിക പ്രാർത്ഥനയായതുകൊണ്ടാണ്. മരിച്ചവിശ്വാസികൾക്കുവേണ്ടിയുള്ള സഭയുടെ ഔദ്യോഗികശുശ്രൂഷകളിലൊന്നാണ് മരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസ്. സഭയുടെ ഔദ്യോഗിക ആരാധനക്രമശുശ്രൂഷ നിർവഹിക്കുവാൻ പ്രത്യേകം നിയോഗിക്കപ്പെട്ടവർക്കുമാത്രമേ അതു ചൊല്ലി പ്രാർത്ഥിക്കുവാൻ അനുവാദമുള്ളു. അൽമായർക്ക് ചൊല്ലി പ്രാർത്ഥിക്കുവാൻ സഹായകരമായ മറ്റു പുസ്തകങ്ങൾ സഭതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരേ ദിവസംതന്നെ ഒന്നിലധികം പ്രാവശ്യം പരി. കുർബാനയിൽ പങ്കെടുത്താൽ ഓരോ കുർബാനയിലും വി. കുർബാന സ്വീകരിക്കുവാൻ സാധിക്കുമോ? അങ്ങനെ ചെയ്താൽ തെറ്റുാേ?
പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവർ പൂർണ്ണമായിത്തന്നെയാണ്
പങ്കെടുക്കേണ്ടത്. പൂർണ്ണമായി പങ്കെടുക്കുന്നതിന് പരിശുദ്ധ കുർബാനസ്വീകരണം ആവശ്യകവുമാണ്. അതുകൊണ്ട് ഒന്നിലധികം പ്രാവശ്യം പരിശുദ്ധ കുർബാനാഘോഷത്തിൽ പങ്കെടുത്താലും പരിശുദ്ധ കുർബാന സ്വീകരിക്കാം. അതിൽ യാതൊരു തെറ്റുമില്ല. എന്നാൽ പരിശുദ്ധ കുർബാനയോടുള്ള ആദരവും ബഹുമാനവും കുറയാതിരിക്കാൻ ഒരു ദിവസം പല പ്രാവശ്യം കുർബാനയിൽ സംബന്ധിക്കുന്നത് സഭ പൊതുവെ നിരുത്സാഹപ്പെടുത്തുന്നുണ്ട് എന്നതും ഓർത്തിരിക്കുന്നത് നല്ലതാണ്.
പൗരസ്ത്യ സഭയിൽ ആരാധനാവത്സരം അനുസരിച്ച് ദിവസം ആരംഭിക്കുന്നത് റംശായോടുകൂടിയാണല്ലോ. അങ്ങനെയെങ്കിൽ ശനിയാഴ്ചത്തെ റംശായ്ക്കു ശേഷം തുടർന്ന് പരി. കുർബാനയിൽ പങ്കെടുത്താൽ പിറ്റേദിവസത്തെ ഞായറാഴ്ചയാചരണത്തിനു പകരമാകുമോ?
പൗരസ്ത്യസഭയിൽ ആരാധനാവത്സരം അനുസരിച്ച് ദിവസം ആരംഭിക്കുന്നത് റംശായോടുകൂടിയാണ്. അതിന്റെ പേരിൽ ഞായറാഴ്ചയാചരണത്തിനു പകരം
ശനിയാഴ്ച റംശാക്കുശേഷം കുർബാനയിൽ പങ്കെടുക്കുന്നതു ശരിയല്ല. ഞായറാഴ്ചയാചരണം ഞായറാഴ്ചതന്നെയാണ് നടത്തേണ്ടത്. കാരണം, ഞായറാഴ്ചയാണ് കർത്താവിന്റെ ദിവസം. അതുകൊണ്ട് ഞായറാഴ്ചതന്നെ പരിശുദ്ധ കുർബാനയിൽ സംബന്ധിച്ച് ഞായറാഴ്ചയാചരണംനടത്തണമെന്നതാണ് സഭയുടെ നിർദ്ദേശവും കല്പനയും. അതേസമയം ലത്തീൻ സഭയിലുള്ളതുപോലെ ചില പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഞായറാഴ്ചയ്ക്കു പകരം ശനിയാഴ്ച വൈകുന്നേരം കുർബാനയിൽ പങ്കുചേർന്ന് കടമ നിർവഹിക്കാമെന്ന് ഏതെങ്കിലും വ്യക്തി
സഭാധികാരികൾ തീരുമാനമെടുത്താൽ, അപ്രകാരം ചെയ്യുകയും ചെയ്യാം. അതോടൊപ്പം, ഞായറാഴ്ചയാചരണം എന്നത് പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതു മാത്രമല്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
പരി. കുർബാന ‘കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകും’. എന്താണ് കടങ്ങളും പാപങ്ങളും? എന്താണ് അവ തമ്മിലുള്ള വ്യത്യാസം?
പരിശുദ്ധ കുർബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ എന്നത് പരിശുദ്ധ കുർബാനയുടെ പ്രാർത്ഥനകളിൽ പലപ്പോഴും ആവർത്തിച്ചുവരുന്നുണ്ട്. പാപമോചനത്തെ സൂചിപ്പിക്കുന്ന ഒരു സെമിറ്റിക് ശൈലിയാണത്. എങ്കിലും കടങ്ങളും പാപങ്ങളും നമുക്ക് ഇപ്രകാരം വിശദീകരിക്കാം: ചെയ്യരുതാത്തവ ചെയ്യുന്നത് പാപങ്ങളും, ചെയ്യേണ്ടവ ചെയ്യാതിരിക്കുന്നത് കടങ്ങളും. പ്രമാണങ്ങൾ പലപ്പോഴും ‘അരുതുകളും, ആകേണ്ടതുകളും’ ഉൾക്കൊള്ളുന്നവയാണ്.
അരുതുകൾ ചെയ്യുന്നവർ പാപങ്ങൾ ചെയ്യുന്നുവെങ്കിൽ, ആകേണ്ടതുകൾ ചെയ്യാതിരിക്കുന്നവർ കടങ്ങളുള്ളവരാകും.