ചോദ്യങ്ങൾക്കു മറുപടി ഇടവകപള്ളിയിൽ ഒരു രീതി; സന്ന്യാസ ദൈവാലയങ്ങളിൽ മറ്റൊരു രീതി!

അതിരൂപതയിൽ സ്ഥിരമായി സ്ഥാപിതമായതും ഒരു വികാരിയുടെ അജപാലനത്തിന് ഭരമേല്പിക്കപ്പെട്ടതുമായ വിശ്വാസികളുടെ ഒരു നിശ്ചിത സമൂഹമാണ് ഇടവക. എന്നാൽ, ചില സന്ന്യാസഭവനങ്ങളോട് അനുബന്ധിച്ചുള്ള ചാപ്പലുകളിൽ (ദൈവാലയങ്ങളിൽ) സാധാരണ വിശ്വാസികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് പരിശുദ്ധ കുർബാന അർപ്പിക്കുന്ന പതിവുണ്ട്. അതിന് നിയമപരമായ അനുവാദവും കാണാം. പലപ്പോഴും അത്തരം ചാപ്പലുകളിൽ പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ രൂപതാമെത്രാൻ നല്കിയിരിക്കുന്ന തിരുക്കർമ്മാനുഷ്ഠാനവിധികൾ കൃത്യമായി പാലിക്കപ്പെടുന്നില്ല. ഉദാഹരണത്തിന്, അതിരൂപതയിലെ ഇടവക ദൈവാലയങ്ങളിൽ ‘സകലത്തിന്റെയും നാഥാ’ മൂന്നു തവണ ആവർത്തിക്കുമ്പോൾ, അല്ലെങ്കിൽ ത്രൈശുദ്ധ കീർത്തനം മുന്നു തവണ ആലപിക്കുമ്പോൾ, ചില ചാപ്പലുകളിൽ അത് ഒന്നായി ചുരുക്കുന്നു. അതിരൂപതാദ്ധ്യക്ഷന്റെ ഇടയലേഖനങ്ങൾ, സർക്കുലറുകൾ, വികാരിമാരുടെ അറിയിപ്പുകൾ എന്നിവ മേൽ പറഞ്ഞ ചാപ്പലുകളിൽ ഒന്നിച്ചു കൂടുന്ന ദൈവജനത്തിന് ലഭ്യമാകുന്നില്ല. സീറോ മലബാർ സഭയിലെ മിക്കവാറും എല്ലാ രൂപതകളിലും നിലനില്ക്കുന്ന ഒരു പ്രതിസന്ധിയാണിത്. രൂപതയെന്ന സങ്കൽപ്പത്തിനു വന്ന വികലതയാണ് മേൽ വിവരിച്ച പ്രശ്‌നങ്ങൾക്കു മൂലകാരണം. രൂപതാ കുടുംബം ഒന്നാണ്. സാർവ്വത്രിക സഭയെ പൂർണ്ണമായ അർത്ഥത്തിൽ പ്രതിഫലിപ്പിക്കുന്നതാണ് രൂപത. സാർവ്വത്രിക സഭയുടെ ചെറിയ പതിപ്പ് എന്ന രീതിയിൽ രൂപതയെ കാണുന്നത് ശരിയല്ല. പിന്നെയോ, പരിശുദ്ധവും, കാതോലികവും, ശ്ലൈഹികവുമായ ഈശോമിശിഹായുടെ സഭയെ മൂർത്തമായ രീതിയിൽ രൂപതയിൽ അനുഭവവേദ്യമാകുന്നു: ”മെത്രാന്മാർക്ക് വൈദികരുടെ സഹകരണത്തോടെ മേയിക്കുവാൻ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൈവജന വിഭാഗമാണ് രൂപത. അവർ തങ്ങളുടെ അജപാലകനോടു ചേർന്നും സുവിശേഷവും ദിവ്യകാരുണ്യവും വഴി പരിശുദ്ധാത്മാവിൽ അദ്ദേഹത്താൽ വിളിച്ചുകൂട്ടപ്പെട്ടും പ്രാദേശിക സഭയായി രൂപം കൊള്ളുകയും അതിൽ സത്യമായും മിശിഹായുടെ ഏകപരിശുദ്ധ കത്തോലിക്കാ ശ്ലൈഹികസഭ സന്നിഹിതമാകുകയും പ്രവർത്തനനിരതമാകുകയും ചെയ്യുന്നു” (CD, 1). ഈ നിർവ്വചനത്തിലൂടെ മെത്രാനും,
വൈദികരും, സന്ന്യസ്തരും, അല്മായരും ചേർന്ന ദൈവജനത്തിന്റെ ഒരു പ്രത്യേക വിഭാഗമാണ് രൂപതയെന്ന സംജ്ഞകൊണ്ട് വിവക്ഷിക്കുന്നത് എന്നു മനസ്സിലാകും.
രൂപതയിൽ മെത്രാൻ, കർത്താവിന്റെ സ്ഥാനപതിയും വികാരിയുമാണ് (LG 27). തിരുക്കർമ്മങ്ങളുടെ, പ്രത്യേകിച്ച് പരിശുദ്ധ കുർബാനയുടെ ആഘോഷം
നിയന്ത്രിക്കേണ്ടത് മെത്രാനാണ്. കാരണം, ദൈവമഹത്ത്വത്തിനുള്ള ക്രൈസ്തവാരാധനയുടെ ഔദ്യോഗിക ചുമതല രൂപതാ മെത്രാനാണ് നല്കപ്പെട്ടിരുക്കുന്നതെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ പഠിപ്പിക്കുന്നു (cfr. LG 27). ആകയാൽ, രൂപതാമെത്രാന്റെ നിർദ്ദേശത്തിനു വിരുദ്ധമായി, വെട്ടിച്ചുരുക്കലുകൾ നടത്താനോ, കൂട്ടിച്ചേർക്കലുകൾ വരുത്താനോ, രൂപതയിലെ സമ്പ്രദായങ്ങൾക്ക് വിരുദ്ധമായ ഭക്താഭ്യാസങ്ങൾ നടത്തുവാനോ ആർക്കും ആവില്ല. അത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണ്. പരസ്യാരാധനയുടെ കാര്യത്തിൽ സ്ഥലത്തെ മെത്രാന്റെ അധികാരത്തിനു വിധേയമായി സന്ന്യാസ സഭകൾ പ്രവർത്തിക്കണമെന്ന് കൗൺസിൽ പഠിപ്പിക്കുന്നു (CD, 35). ആകയാൽ, രൂപതയിലെ ആരാധനാജീവിതത്തിന്റെ നിയന്താവും പ്രോത്സാഹകനും സംരക്ഷകനുമായ രൂപതാമെത്രാന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടണം (C.199). സഭയുടെ ഐക്യം വെളിവാക്കുന്ന കൂദാശകളുടെ പരികർമ്മത്തിലെ ഐക്യം പാലിക്കുവാൻ രൂപതാമെത്രാനോടു ചേർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതം അത് നടത്തുകയാണ് വേണ്ടത്.