ആനന്ദിച്ച് ആഹ്ലാദിക്കുവിൻ2

വിശുദ്ധ ജീവിതം സഭാത്മകമാണ്
ഒരു വ്യക്തിയുടെ വിശുദ്ധമായ ജീവിതം അടിസ്ഥാനപരമായി സഭാത്മകമാണ്. കാരണം, സഭയുടെ ഏറ്റവും ആകർഷകമായ മുഖം വിശുദ്ധിയാണ് (ആനന്ദിച്ചാഹ്ലാദിക്കുവിൻ, GE 9). ഒരു ക്രിസ്ത്യാനി വിശുദ്ധിയുടെ ഈ ജീവിതം ആരംഭിക്കുന്നത് മാമ്മോദീസായോടെയുള്ള സഭാ പ്രവേശനത്തിലാണ്. അതുകൊണ്ടുതന്നെയാണ് പാപ്പാ പറയുന്നത് വിശുദ്ധിയുടെ വഴിയിലാണ് മാമ്മോദീസായുടെ ജീവിതം ഫലമണിയുന്നത്; ഇത് ആത്യന്തികമായി പരിശുദ്ധാത്മാവിലുള്ള ജീവിതത്തിന്റെ ഫലമാണ് (GE 15) എന്ന്. സഭയിലും സഭയോടൊപ്പവുമാണ് ഒരു വ്യക്തി തന്റെ ക്രിസ്തീയ ജീവിതം നയിക്കുന്നത്. കാരണം വിശുദ്ധമായ ജീവിതത്തിന് ആവശ്യമായതെല്ലാം സഭയിലുണ്ട്: മനുഷ്യജീവിതത്തിൽ വെളിച്ചത്തിന്റെ കവചമായ ദൈവവചനവും, കൂദാശകളും വിശുദ്ധ സ്ഥലങ്ങളും, വിശുദ്ധിയുടെ ജീവിക്കുന്ന സാക്ഷ്യങ്ങളും എല്ലാം സഭയിലുണ്ട്. എന്റെ ആത്മീയ തീർത്ഥാടനത്തിൽ തന്റെ അജപാലകരായ ഇടയന്മാരിലൂടെ സഭയാണ് എന്നെ അനുധാവനം ചെയ്യുന്നത്. ഓരോ വിശ്വാസിയും തന്റെ മാതൃസഭയോടു ചേർന്നാണ് ഈ ജീവിതം നയിക്കേണ്ടത്. വിശുദ്ധിയുടെ ജീവിതം സഭാത്മകമാണെന്ന് പറയുന്നതിന് മറ്റൊരു മാനംകൂടിയുണ്ട്. പാപ്പാ പറയുന്നു: ഒരു ജനതയുടെ ഭാഗമാകുന്നില്ലെങ്കിൽ നാമാരും പൂർണ്ണരാകുന്നില്ല, നമ്മുടെതന്നെ സ്വത്വം കണ്ടെത്തുന്നില്ല (GE 6). അതുകൊണ്ട് ഒറ്റപ്പെട്ട വ്യക്തികളെന്ന നിലയിലല്ല നാം രക്ഷിക്കപ്പെടുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം സഭയുടെ ഭാഗമായി/വിശ്വാസികളുടെ സമൂഹത്തോടു ചേർന്ന് നിൽക്കുമ്പോഴാണ് നാം
വിശുദ്ധിയുടെ വഴിയിൽ സഞ്ചരിക്കുന്നത്. കാരണം, ”തമ്മിൽ ഒരു ബന്ധവുമില്ലാത്ത വ്യക്തികളെന്ന നിലയിലല്ലാതെ, സത്യത്തിൽ ദൈവത്തെ അംഗീകരിക്കുകയും വിശുദ്ധിയിൽ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്ന ഒരു ജനതയെന്ന നിലയിൽ
അവരെ രക്ഷിക്കുന്നതിനും ദൈവം പ്രസാദിച്ചിട്ടുണ്ടെന്ന്” (LG 11, GE 6) സഭ നമ്മെ ഓർമ്മപ്പെടുത്തുന്നു. വചനത്താൽ വിളിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹവുമാണല്ലോ സഭ. സഭയെ മാതാവായി കാണാത്തവർക്കു ദൈവത്തെ പിതാവായി കാണുവാൻ സാധിക്കില്ലെന്ന വി. സിപ്രിയാന്റെ വാക്കുകളും ഇവിടെ സ്മരണീയമാണ്.
വിശുദ്ധിയും വിശുദ്ധരും
വിശുദ്ധിയെന്നത് ഏതാനും പേരുടെ ആനുകൂല്യമല്ല, എല്ലാവർക്കും സാധ്യമായ കാര്യമാണെന്ന ബോധ്യമാണ് പാപ്പാ ഈ പ്രബോധനത്തിലൂടെ കൈമാറി തരുന്നത് (GE 14). നല്കപ്പെട്ടിരിക്കുന്ന ദൈവകൃപയുടെ വിശ്വസ്തരായ കാര്യസ്ഥരാണ് വിശുദ്ധർ (GE 18). തങ്ങളുടെ ജീവിതാന്തസ്സുകളേതായാലും നല്കപ്പെട്ടിരിക്കുന്ന വിളിയോട് വിശ്വസ്തരാകുക എന്നതാണ് പ്രധാനം. വിയറ്റ്‌നാമിലെ കർദ്ദിനാളും രണ്ട് ദശകങ്ങളോളം ഏകാന്ത തടവറ ജീവിതം നയിച്ച വ്യക്തിയുമായ വാൻ തുവാന്റെ (Van Thuan) ജീവിതമാതൃക ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറയുന്നു: ”വർത്തമാനകാലത്തെ സ്‌നേഹംകൊണ്ട് അതിന്റെ വക്കുവരെ നിറച്ച് ജീവിച്ചതും ഓരോ ദിവസവും ലഭിച്ച അവസരങ്ങൾ നഷ്ടമാക്കാതെ ജീവിച്ചതും സാധാരണ പ്രവൃത്തികൾ അസാധാരണ വിധത്തിൽ പൂർത്തിയാക്കിയതുമാണ് വാൻ തുവാന്റെ വിശുദ്ധിയുടെ അടിസ്ഥാനം” (GE 17). ഒരു ക്രിസ്ത്യാനിക്കു വിശുദ്ധി ഒഴിവാക്കിക്കൊണ്ട് ഈ ലോക ജീവിതത്തെക്കുറിച്ചു ചിന്തിക്കുവാൻ സാധ്യമല്ല, കാരണം നമ്മുടെ വിശുദ്ധീകരണമാണ് ദൈവത്തിന്റെ ഹിതം (1 തെസ്സ 4, 3; GE 19). ഓരോ വിശുദ്ധനും വിശുദ്ധയും ഓരോ ദൗത്യമാണ്. തന്റെ ജീവിതകാലഘട്ടത്തിൽ സുവിശേഷത്തിന്റെ ചൈതന്യം ജീവിക്കുവാൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവരാണവർ. നല്കപ്പെട്ട കൃപയോട് വിശ്വസ്തത പുലർത്തിക്കൊണ്ടാണ് ഓരോ വ്യക്തിയും ഇതു പൂർത്തിയാക്കുന്നത്. ഈ ബോധ്യത്തിൽ ജീവിച്ച പൗലോസ് ശ്ലീഹാ കൈമാറിതരുന്ന സന്ദേശവും ശ്രദ്ധേയമാണ്: കർത്താവ് എന്നിൽ നിക്ഷേപിച്ച ദൈവകൃപ നിഷ്ഫലമായി പോയിട്ടില്ല. ഈ ബോധ്യം എന്റെ അനുദിനവ്യാപാരങ്ങളിൽ വെളിച്ചമാകുമ്പോൾ ഞാൻ വിശുദ്ധിയുടെ
പാതയിലാണ്. പാപ്പായെ സംബന്ധിച്ചിടത്തോളം വിശുദ്ധിയെന്നത് സ്‌നേഹം അതിന്റെ പൂർണ്ണതയിൽ ജീവിക്കുന്നതാണ്. ദൈവിക പദ്ധതി മനുഷ്യരൂപം ധരിച്ചതാണ് ഈശോ മിശിഹാ. അതുകൊണ്ട് മനുഷ്യജീവിതം ധന്യമാകുന്നത് ഈശോയിലാണ്. ഇക്കാരണത്താൽ നമുക്കു പറയുവാൻ സാധിക്കും ആത്യന്തികമായി കർത്താവാണ് നമ്മിലൂടെ സ്‌നേഹിക്കുന്നത് (GE 21). അതുകൊണ്ട് ഒരു വ്യക്തി എത്രമാത്രം കർത്താവിന്റെ ജീവിതത്തോട് താദാത്മ്യപ്പെടുന്നു എന്നതാണ് അവന്റെ/അവളുടെ വിശുദ്ധിയുടെ മാനദണ്ഡം. ഓരോ വിശുദ്ധനും വിശുദ്ധയും
കർത്താവിന്റെ സമ്പന്നതയിൽനിന്നും പരിശുദ്ധാത്മാവ് ജനത്തിനു നല്കുന്ന ഒരു സന്ദേശമാണ്. അതുകൊണ്ട് കർത്താവ് എന്നോടു പറയുന്ന കാര്യം മനസ്സിലാക്കുന്നതിന് പ്രാർത്ഥനയിൽ ഞാനവിടുത്തെ ശ്രവിക്കുകയും അവിടുന്ന് നല്കുന്ന അടയാളങ്ങൾ മനസ്സിലാക്കുവാൻ പരിശ്രമിക്കുകയും വേണം (GE 22).
വിശുദ്ധി = മനുഷ്യജീവിതത്തിന്റെ തനിമ കണ്ടെത്തൽ
വിശുദ്ധിയുടെ ജീവിതം മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വന്തം തനിമ കണ്ടെത്തുന്നതും സ്വത്വം ജീവിക്കുന്നതുമാണ്. കാരണം നിത്യജീവിതവും ശാശ്വതമായ സന്തോഷവും സ്വന്തമാക്കുന്നതിനാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (GE1 ). അതുകൊണ്ട് പാപ്പാ പറയുന്നു: ”നമ്മൾ വിശുദ്ധരാകണമെന്നതാണവിടുത്തെ ആവശ്യം, അല്ലാതെ മൃദുവായതും ഇടത്തര
വുമായ ഒരസ്തിത്വത്തിൽ തൃപ്തിപ്പെടുകയല്ല” (GE 1). കാരണം വിശുദ്ധ ജീവിതം നയിക്കുന്നത് ഒരു വ്യക്തിയുടെ മാനുഷികതയെ ഇല്ലാതാക്കുകയോ ലഘൂകരിക്കുകയോ ഇല്ല. കാരണം വിശുദ്ധ ജീവിതം മനുഷ്യന്റെ ബലഹീനതകളും ദൈവകൃപയുടെ ശക്തിയും തമ്മിലുള്ള കണ്ടുമുട്ടലാണ്. അതുകൊണ്ട് ദൈവത്താൽ സ്‌നേഹിക്കപ്പെടുന്നതിനും മോചിപ്പിക്കപ്പെടുന്നതിനും നമ്മെത്തന്നെ അുവദിക്കുന്നതിനുവേണ്ടി നമ്മുടെ ദർശനങ്ങൾ ഉന്നതമാക്കുന്നതിനും ഉന്നതത്തിലുറപ്പിക്കുന്നതിനും നാം ഭയപ്പെടരുത് (GE 34). ഇക്കാരണത്താൽ തന്നെയാകാം വി. ആഗസ്തീനോസ് പറയുന്നത് ‘മനുഷ്യൻ നിത്യതയുടെ വിത്ത് ഉള്ളിൽ
വഹിക്കുന്നു’യെന്ന്. വിശുദ്ധിയുടെ ജീവിതത്തെ നാമാരും ഭയപ്പെടേണ്ടതില്ല, കാരണം ഒരുവന്റെ ഊർജ്ജമോ, ഉന്മേഷമോ സന്തോഷമോ അത് എടുത്തുകളയുകയോ ഒഴിവാക്കുകയോ ചെയ്യുന്നില്ല. നേരെമറിച്ച് മനുഷ്യസൃഷ്ടിയിലൂടെ ദൈവം ആഗ്രഹിച്ച പദ്ധതി പൂർത്തീകരിക്കപ്പെടുകയാണ്. ഒരുവൻ തന്റെതന്നെ ആന്തരിക സത്തയോട് വിശ്വസ്തത പുലർത്തുകയാണ്. ദൈവത്തിലാശ്രയിക്കുന്നത് എല്ലാവിധത്തിലുമുള്ള അടിമത്തത്തിൽ നിന്ന് ഒരുവനെ സ്വതന്ത്രനാക്കുന്നു. മനുഷ്യനെന്ന നിലയിലുള്ള ഒരുവന്റെ വലിയ മഹത്വം തിരിച്ചറിയുന്നതിനു സഹായിക്കുകയും ചെയ്യുന്നു (GE 32). ഇക്കാരണത്താലാണ് പാപ്പാ ലിയോൺ ബ്ലോയിയെ ഉദ്ധരിക്കുന്നത്: മനുഷ്യനെ സംബന്ധിച്ചിടത്തോളം യഥാർത്ഥ ദുരന്തമെന്നു പറയുന്നത് വിശുദ്ധനോ വിശുദ്ധയോ ആകാത്തതാണ് (‘The only great tragedy in life is not to become a saint’ GE 34).
വിശ്വാസം ഒരുവന്റെ ജീവിതത്തിന് അർത്ഥവും ലക്ഷ്യവും തരുന്നു എന്ന് ബനഡിക്ട്പാപ്പാ പറയുന്നത് (ദൈവം സ്‌നേഹമാകുന്നു) ഇവിടെ കൂട്ടിവായിക്കാവുന്നതാണ്. കാരണം ഓരോരുത്തരുടെയും ജീവിത ദൗത്യം അതിന്റെ പൂർണ്ണ അർത്ഥം സ്വീകരിക്കുന്നത് ഈശോ മിശിഹായിലാണ്, അവിടുന്നിലൂടെ മാത്രമേ ഒരുവനു തന്നെതന്നെ മനസ്സിലാക്കാനും സാധിക്കൂ. ആ അർത്ഥത്തിൽ വിശുദ്ധിയെന്നു പറയുന്നതുതന്നെ കർത്താവിനോടൊത്ത് ജീവിതത്തിന്റെ രഹസ്യങ്ങൾ അനുഭവിക്കുവാൻ സാധിക്കുന്നതാണ്. അനുദിനം കർത്താവിന്റെ പെസഹാ രഹസ്യത്തിൽ ഒരുവനെത്തന്നെ ഉൾച്ചേർക്കാൻ സാധിക്കുമ്പോഴാണ് ഇത് ഒരുവന്റെ സ്വന്തമാകുന്നത് (GE 20). ഇതുകൊണ്ടുതന്നെയാകാം ഫ്രാൻസിസ് പാപ്പാ എഴുതിയത്: ‘കർത്താവിനെ കണ്ടുമുട്ടുന്നവരുടെ ജീവിതത്തിൽ, അവിടുത്തെ രക്ഷ സ്വന്തമാക്കുന്നവരുടെ ജീവിതത്തിൽ പാപം, ദുഃഖം, ഏകാന്തത, ആന്തരിക ശൂന്യത എന്നിവ’ ഇല്ലെന്ന് (സുവിശേഷത്തിന്റെ ആനന്ദം 1). കർത്താവിനെ കണ്ടുമുട്ടുന്നതും അവിടുന്നിൽ വിശ്വാസം അർപ്പിക്കുന്നതും സുവിശേഷാധിഷ്ഠിത ജീവിതം സഭയോടുചേർന്ന് നയിക്കുന്നതുമാണല്ലോ വിശുദ്ധ ജീവിതത്തിന്റെ ഒന്നാം പാഠം.
തുടരും…