മാനസികപ്രശ്‌നം അല്ലാതായതിന്റെ നാൾ വഴികൾ
അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന Diagnostic and Statistical Manual of Mental Disorders (DSM) മാനസികരോഗങ്ങളെ നിർണ്ണയിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും ആധികാരികമായി ലോകം മുഴുവൻ ഉപയോഗിക്കുന്ന സഹായഗ്രന്ഥമാണ്. കാലാകാലങ്ങളിൽ അസോസിയേഷൻ അത് നവീകരിച്ച് പ്രസിദ്ധീകരിക്കാറുമുണ്ട്. 1973 വരെ മാനസികരോഗത്തിന്റെ ഗണത്തിൽപ്പെടുത്തിയ സ്വവർഗ്ഗ പ്രേമത്തെ പലതരത്തിലുള്ള സമ്മർദ്ദങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായിട്ടാണ് ആ വർഷം മാനസികരോഗത്തിന്റെ പട്ടികയിൽ നിന്ന് മാറ്റിയത്. അതിനെത്തുടർന്ന് ധാരാളം മനഃശാസ്ത്രജ്ഞർ ഇതിന് അനുകൂലമായും പ്രതികൂലമായും രംഗത്തു വന്നു. എന്നാൽ പിന്നീട് 1980 -ൽ ഈ സഹായഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിലും (DSM III) സ്വവർഗ്ഗപ്രേമത്തെ ലക്ഷണം നോക്കി നിർണ്ണയിക്കപ്പെടേണ്ട രോഗങ്ങളുടെ പട്ടികയിൽ നിന്ന് പൂർണ്ണമായും നീക്കുകയുണ്ടായി.
പിന്നീട് ലോകാരോഗ്യസംഘടനയുടെ, രോഗങ്ങളെ തരംതിരിക്കുന്ന അന്താരാഷ്ട്ര പട്ടികയിൽ പത്താമത്തെ പതിപ്പിൽ International Classification of Diseases and Related Health Problems (ICD-10), ഒരു തരത്തിലുമുള്ള ലൈംഗികചായ്‌വുകളും (sexual orientation) ക്രമരഹിതമല്ല എന്നു സമർത്ഥിച്ചു. 1960-കൾ വരെ രോഗമെന്നും ക്രമരഹിതമെന്നും പരിഗണിച്ചിരുന്ന സ്വവർഗ്ഗപ്രേമത്തെ രോഗമല്ലായെന്ന് സമർത്ഥിക്കുന്നതിന് ശാസ്ത്രീയവും മനഃശാസത്രപരവുമായ ഗവേഷണങ്ങളുടെയോ തെളിവുകളുടെയോ പിൻബലമില്ല. ലൈംഗിക ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ള സാമൂഹികവും മാനുഷികവുമായ ശ്രമങ്ങളും സമ്മർദ്ദങ്ങളും മനസ്സിലാക്കാം. എന്നാൽ ശരിയായ പരീക്ഷണ നിരീക്ഷണ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായി പ്രസിദ്ധീകരിക്കേണ്ട സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും പോലും അങ്ങനെയല്ലാതെ പ്രവർത്തിക്കുന്നു എന്നത് ഗൗരവമായ കാര്യമാണ്. സത്യത്തെ ഭൂരിപക്ഷത്തിന്റെയോ രാഷ്ട്രീയസമ്മർദ്ദത്തിന്റെയോ ഓരോ കാലത്തെയും ട്രെൻഡ് അനുസരിച്ചോ നിർണ്ണയിക്കാനാവില്ലല്ലോ.
ശരിയായ സമീപനം
പല സംസ്‌ക്കാരം, ജാതി, മതം, നിറം, വർഗ്ഗം, ലിംഗം, താല്പര്യങ്ങൾ, നിലപാടുകൾ, ആശയങ്ങൾ, കഴിവുകൾ എല്ലാം ഏതൊരു നാട്ടിലെയും മനുഷ്യ സമൂഹങ്ങളുടെ പ്രത്യേകതയാണ്. പൊതുസമൂഹത്തിന്റെ നന്മയ്ക്കും മനുഷ്യന്റെ നിലനില്പ്പിനും ദോഷകരമായി ബാധിക്കാത്ത എല്ലാ വ്യത്യസ്തതകളും സാധാരണയായി എല്ലാവരും അംഗീകരിക്കുന്നതാണ്. മാനസികവും ശാരീരികവുമായ ഭിന്നശേഷിയുടെ പേരിൽ ഏതെങ്കിലും തരത്തിലുള്ള വിവേചനമോ അവകാശധ്വംസനമോ സാധാരണയായി ആരും അംഗീകരിക്കില്ല. മനുഷ്യൻ പൗരൻ എന്ന നിലയിലുള്ള ഒരാളുടെ അവകാശം എന്തിന്റെയെങ്കിലും പേരിൽ ആർക്കും നിഷേധിക്കാനുമാവില്ല. അതേസമയം ഒരാൾ ഭിന്നശേഷിക്കാരൻ ആയതിന്റെ പേരിൽ അയാൾക്ക് പ്രാപ്തിയില്ലാത്ത, യോഗ്യതയില്ലാത്ത കാര്യങ്ങൾ ചെയ്യാൻ അനുവദിക്കാറുമില്ല. ഉദാഹരണമായി കാഴ്ചശക്തിയില്ലാത്ത ഒരാൾക്ക് വാഹനമോടിക്കാൻ അനുവദിക്കാത്തത് അവകാശനിഷേധമായി കാണാനാവില്ല. മെഡിസിൻ പഠിക്കാത്ത ഒരാൾക്ക് ഭിന്നശേഷിക്കാരൻ എന്ന ആനുകൂല്യത്തിൽ മാത്രം ആരും ചികിത്സിക്കാൻ അനുവദിക്കാറില്ല. അതുപോലെതന്നെയാണ് ക്രമരഹിതമായ ലൈംഗികാകർഷണവും പ്രവൃത്തികളും ഉള്ളവർക്ക് വിവാഹം, കുടുംബം, കുട്ടികളെ വളർത്തൽ എന്നിവ നിഷേധിക്കുന്നത് വിവേചനമായും അവകാശധ്വംസനമായും കാണാനാവാത്തത്. ചുരുക്കത്തിൽ ഒരാളുടെ നൈപുണ്യവും പ്രാപ്തിയുമനുസരിച്ചാണ് സമൂഹത്തിൽ വൈദഗ്ദ്ധ്യം ആവശ്യമുള്ള ജോലികൾ ചെയ്യുന്നത്. സമൂഹത്തിന്റെ പൊതുവായ സുരക്ഷയെ, നിലനിൽപ്പിനെ, നന്മയെ, അവകാശങ്ങളെ അപകടപ്പെടുത്തി എന്തിന്റെയെങ്കിലും പേരിൽ ചിലരുടെ മാത്രം അവകാശങ്ങൾക്ക് അമിതപ്രാധാന്യം നൽകി അവതരിപ്പിച്ചാൽ ശരിയാവില്ല.
ലോകത്തിൽ ഇതുവരെ ഇരുപത്തിനാലോളം രാജ്യങ്ങളിലാണ് സ്വവർഗ്ഗവിവാഹം നിയമാനുസൃതമാക്കിയിട്ടുള്ളത്. ഇങ്ങനെയുള്ള പല രാജ്യങ്ങളിലും കുഞ്ഞുങ്ങളെ ദത്തെടുക്കാനും കൃത്രിമമായി കുഞ്ഞുങ്ങളെ നിർമ്മിക്കാനും അനുവദിച്ചിട്ടുണ്ട്. സമൂഹത്തിന്റെ തലമുറകളിലൂടെയുള്ള നിലനില്പ്പിനും കുട്ടികളുടെ ശരിയായ വളർത്തലിനും സ്‌നേഹിക്കാനും ലൈംഗികമായുള്ള ഒരാളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനുമൊക്കെയാണ് വിവാഹവും കുടുംബവും ഉദ്ദേശിക്കുന്നത്. സ്വാഭാവികമായും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത്. സ്ത്രീയെന്നും പുരുഷനെന്നുമുള്ള മനുഷ്യന്റെ രണ്ടു പ്രകൃതികൾ, പ്രത്യേകതകൾ, വികാരങ്ങൾ, സ്‌നേഹപ്രകടനങ്ങൾ എന്നിവയെല്ലാം ഓരോ കുഞ്ഞിന്റെയും മാനസിക, വൈകാരിക വളർച്ചയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. അപ്പന്റെയും അമ്മയുടെയും സ്‌നേഹത്തിൽ നിന്നു ജനിക്കാനും ആ സ്‌നേഹത്തിന്റെ സംരക്ഷണയിൽ ഒരു കുടുംബത്തിൽ വളരാനും ഓരോ കുഞ്ഞിനും അവകാശമുണ്ട്. ഇതൊന്നും സ്വവർഗ്ഗത്തിൽപ്പെട്ട ദമ്പതികൾ ദത്തെടുക്കുന്ന കുഞ്ഞിന് ലഭിക്കില്ല. ദത്തെടുക്കലിലെ പൊതുനിയമം ദമ്പതികൾക്ക് ഒരു കുഞ്ഞ് എന്നതിനേക്കാൾ ആരോരുമില്ലാത്ത ഒരു കുഞ്ഞിന് മാതാപിതാക്കളെയും കുടുംബത്തെയും ലഭിക്കുക എന്നതാണ്. കുഞ്ഞുങ്ങൾ ദമ്പതികളുടെ അവകാശമല്ല ദൈവികദാനമാണെന്നാണ് മനസ്സിലാക്കുന്നത്. കുഞ്ഞുങ്ങൾ വ്യക്തികളാണ് വസ്തുക്കളല്ല. വസ്തുക്കളുടെ മേലാണ് അവകാശമുള്ളത്. വ്യക്തികളെ അവർ ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കുകയും അംഗീകരിക്കുകയുമാണ് വേണ്ടത്. സ്വവർഗ്ഗ ദമ്പതികളുടെ ഇല്ലാത്ത അവകാശങ്ങളെ മാനിക്കാൻ ശ്രമിക്കുമ്പോൾ നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളുടെ പല അവകാശങ്ങളും നിഷേധിക്കപ്പെടുകയാണെന്നും വിസ്മരിക്കപ്പെട്ടുകൂടാ.
അതേസമയം ലൈംഗികന്യൂനപക്ഷങ്ങൾക്ക് അവർ ഏതു വിഭാഗത്തിൽപ്പെട്ട
വരാണെങ്കിലും സാധാരണ മനുഷ്യരെപ്പോലെ എല്ലാ അവകാശങ്ങളും ആസ്വദിച്ച് യാതൊരു വിവേചനവും വേർതിരുവുമില്ലാതെ ജീവിക്കാൻ സാധിക്കണം. മനുഷ്യാവകാശങ്ങൾ ആരുടെയും ഔദാര്യമല്ല. അതിനെ നിഷേധിക്കാൻ ആർക്കും അവകാശവുമില്ല. മനുഷ്യവ്യക്തി എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ഒരാളുടെ ജീവിതത്തിന്റെ ഭാഗമാണ് മനുഷ്യാവകാശങ്ങൾ. അതാർക്കും നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണ്ടത് ഭരണകർത്താക്കളുടെ ചുമതലയാണ്.
ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള ശരിയായ സമീപനം അവരുടെ ബുദ്ധിമുട്ട് അല്ലെങ്കിൽ ക്രമഭംഗം അതങ്ങനെയാണെന്ന് അംഗീകരിച്ച് അതു പരിഹരിക്കാനുള്ള വൈദ്യശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും തെറാപ്പിയിലും ആത്മീയതയിലും സാധ്യമായ മാർഗ്ഗങ്ങളെല്ലാം സ്വീകരിക്കുക എന്നതാണ്. പരിഹരിക്കാൻ സാധിക്കാത്ത പക്ഷം അവർക്കു പ്രാവീണ്യവും യോഗ്യതയുമുള്ള സമൂഹത്തിലെ ജോലികൾ ചെയ്യാൻ അവരെ അനുവദിക്കുക.
യാതൊരു തരത്തിലുമുള്ള വിവേചനവും കാണിക്കാതെ സാധാരണ പൗരന്മാരെപ്പോലെ സമൂഹത്തിൽ ജീവിക്കാനുള്ള അന്തരീക്ഷം ഉറപ്പുവരുത്തുക. അവർക്കില്ലാത്ത അവകാശങ്ങൾക്കുവേണ്ടി വാദിച്ച് സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുന്ന സംഘടനകളിൽ നിന്ന് അവരെ രക്ഷിച്ച് അവരുടെ ന്യായമായ അവകാശങ്ങൾ മറ്റെല്ലാ ന്യൂനപക്ഷങ്ങളെയും ഭിന്നശേഷിക്കാരെയും പോലെ കണ്ട് അത് സംരക്ഷിക്കാൻ സമൂഹത്തെ മുഴുവൻ തയ്യാറാക്കാൻ സർക്കാരുകളും സന്നദ്ധസംഘടനകളും മതസമൂഹങ്ങളും മുൻകൈയെടുക്കുക.