ചോദ്യങ്ങൾക്കു മറുപടി

പരി. കുർബാനയിൽ മുഴുവനായും പങ്കെടുത്തവർ മാത്രമേ ഈശോയെ സ്വീകരിക്കുവാൻ പാടുള്ളോ? പരി. കുർബാനയ്ക്കു താമസിച്ചു വന്നിട്ട് കുർബാന സ്വീകരിക്കുന്നത് തെറ്റാണോ?
പരിശുദ്ധ കുർബാനയിൽ മുഴുവനായും പങ്കെടുത്ത് കുർബാന സ്വീകരിക്കുന്നതാണ് ഉത്തമം. പരിശുദ്ധ കുർബാന സഭയാകുന്ന ദൈവമക്കളുടെ കുടുംബാഘോഷമാണ്. മാമ്മോദീസായിലൂടെ ഈശോമിശിഹായിലൂടെ ദൈവപുത്രത്വത്തിൽ പങ്കുചേർന്ന് ദൈവമക്കളായവരുടെ സമൂഹമാണല്ലോ സഭ. ദൈവമക്കൾക്കടുത്ത കുടുംബത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്ന്, ദൈവപുത്രനായ മിശിഹായുടെ ശരീരരക്തങ്ങളാകുന്ന കുടുംബവിരുന്ന് ആസ്വദിച്ച്, പുത്ര സ്വീകാര്യത്തിന്റെ അരൂപിയായ പരിശുദ്ധാരൂപിയിൽ നവീകരിക്കപ്പെടുമ്പോഴാണ് നാം സഭാകൂട്ടായ്മയിൽ നവീകരിക്കപ്പെടുന്നത്. അപ്രകാരമുള്ള നവീകരണംപൂർണതയിൽ നടക്കണമെങ്കിൽ നാം പരിശുദ്ധ കുർബാനയിൽ ആരംഭം മുതൽ അവസാനം വരെ സജീവമായി പങ്കുചേരണം. അപ്രകാരം സാധിക്കാതെ വരുമ്പോൾ സാധിക്കുന്നിടത്തോളം സജീവമായി പങ്കു ചേർന്ന് കുർബാന സ്വീകരിക്കുന്നതിൽ തെറ്റുണ്ടെന്നു പറയാനാവില്ല. അത് തീർച്ചയായും ഒരു കുറവാണ്. അതുകൊണ്ട്
പരിശുദ്ധ കുർബാനയിൽ മുഴുവനായും പങ്കെടുക്കുവാൻ നാം എപ്പോഴും പരിശ്രമിക്കണം.
സഭയിൽ ചില വിവാദങ്ങളിൽ പരസ്യമായി പ്രതികരിച്ച വൈദികർ മേലദ്ധ്യ
ക്ഷന്മാരോട് വിധേയത്വം പുലർത്തും എന്ന വാഗ്ദാനം തെറ്റിച്ചു എന്നും ആയതിനാൽ ഇനി അവർ പരികർമ്മം ചെയ്യുന്ന കൂദാശകൾ സാധുവല്ല എന്നും പറയുന്നത് ശരിയാണോ?
സഭയിൽ ചില വിവാദങ്ങളിൽ പരസ്യമായി പ്രതികരിച്ച വൈദികർ മേലദ്ധ്യക്ഷന്മാരോട് വിധേയത്വം പുലർത്തും എന്ന വാഗ്ദാനത്തിന് അനുയോജ്യമല്ലാത്തവിധമാണ് പ്രവർത്തിച്ചത്. അതുകൊണ്ട് അവർ പരികർമ്മം ചെയ്യുന്ന കൂദാശകൾ സാധുവല്ല എന്നു പറയുന്നത് ശരിയല്ല. കാരണം വൈദികർ പരികർമ്മം ചെയ്യുന്ന കൂദാശകളുടെ സാധുത്വം നിലകൊള്ളുന്നത് വൈദികർക്ക് മേലദ്ധ്യക്ഷന്മാരോടുള്ള വിധേയത്വത്തെ ആശ്രയിച്ചല്ല, പ്രത്യുത, അവർ സ്വീകരിച്ച പൗരോഹിത്യമെന്ന കൂദാശയുടെ സാധുത്വത്തെ ആശ്രയിച്ചാണ്
നിലകൊള്ളുന്നത്. ഒരു വൈദികൻ പാപം ചെയ്തതുകൊണ്ട്, അദ്ദേഹം പരികർമ്മം ചെയ്യുന്ന കൂദാശ അസാധുവാകുകയില്ല. അതേസമയം ഗൗരവമായ പാപാവസ്ഥയിൽ കൂദാശ പരികർമ്മം ചെയ്യുന്നത് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഗൗരവമായ പാപമായിരിക്കും.
പരി. കുർബ്ബാനയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഏതാണ്?
പൊതുവേ കുർബ്ബാനസ്ഥാപന വിവരണവേളയിൽ ആണ് ഭൂരിഭാഗം പേരും ഭക്തിയോടെ പങ്കെടുക്കുന്നത്?
പരിശുദ്ധ കുർബാനയിൽ പ്രധാനം അപ്രധാനം എന്നുള്ള വേർതിരിവ് ശരിയായ ഒന്നല്ല. കുർബാന ഒരൊറ്റ യാഥാർത്ഥ്യമാണ് – ഈശോമിശിഹായുടെ കൂദാശാപരമായ ബലിയർപ്പണത്തോടൊപ്പം നമ്മുടെ ജീവിതബലിയർപ്പണവും നടത്തേണ്ട സന്ദർഭം. ഈ ബലിയർപ്പണത്തിന്റെ അന്തഃസത്ത ഈശോയുടെ അനുസരണാജീവിതമാണ് (ഹെബ്രാ 10,5-10) – മനുഷ്യാവതാരംമുതൽ ഉത്ഥാനംവരെ ഈശോ നയിച്ച അനുസരണാജീവിതം. അതാണ് ഈശോയുടെ ‘ശരീരം’ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഈ കൂദാശാപരമായ അർപ്പണത്തിന് ഈശോയുടെ ജീവിതഘട്ടങ്ങൾക്കനുസൃതമായി ആമുഖശുശ്രൂഷ, വചനശുശ്രൂഷ, ഒരുക്കശുശ്രൂഷ,
കൂദാശാശുശ്രൂഷ, വിഭജനശുശ്രൂഷ, ഐക്യശുശ്രൂഷ, സമാപനശുശ്രൂഷ എന്നീ ഏഴു ഭാഗങ്ങളാണുള്ളത്. അതിൽ ഏറ്റം പ്രധാനപ്പെട്ടത് എന്നു വിശേഷിപ്പിക്കാവുന്ന ഒന്നുണ്ടെങ്കിൽ അത് ഈശോയുടെ പീഡാനുഭവവും മരണവും ഉത്ഥാനവും, അതായത് ഈശോയുടെ മഹത്ത്വീകരണം, അനുസ്മരിക്കുകയും അനുഷ്ഠിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കൂദാശാശുശ്രൂഷയാണ്. കുർബാനസ്ഥാപനവിവരണവും റൂഹാക്ഷണവുമാണ് കൂദാശാശുശ്രൂഷയിലെ ഹൃദയഭാഗമെന്നു വേണമെങ്കിൽ പറയാം.
വിശുദ്ധർ മദ്ധ്യസ്ഥരായിരിക്കണം. ദൈവതുല്യരായി കാണരുത് എന്ന് പറയാറു്. പ്രാർത്ഥനയിലും കാഴ്ചപ്പാടിലും എന്താണ് മാറ്റം വരുത്തേത്?
വിശുദ്ധരോടുള്ള പരിഗണനയും വണക്കവും സംബന്ധിച്ചുള്ള കാഴ്ചപ്പാടിൽ അടിസ്ഥാനപരമായ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. ഇപ്പോൾ അവരെ മദ്ധ്യസ്ഥരായിമാത്രം കാണുന്ന ഒരു നിലപാടാണ്  പൊതുവെയുള്ളത്. ‘വിശുദ്ധരുടെ ഐക്യം’ (Communion of Saints) ക്രിസ്തീയവിശ്വാസത്തിന്റെ വിഷയമാണ്. ഈ വിശ്വാസത്തിന്റെ വെളിച്ചത്തിലാണ് വിശുദ്ധരോടുള്ള വണക്കം പ്രായോഗികമാക്കേണ്ടത്. വിശുദ്ധരുടെ ഐക്യം എന്നു പറയുന്നത് സഭാകൂട്ടായ്മയാണ്. സഭ മാമ്മോദീസായിലൂടെ പരിശുദ്ധ ത്രിത്വകൂട്ടായ്മയിലേക്ക് പ്രവേശിച്ചവരുടെ കൂട്ടായ്മയാണ്. ത്രിയേകദൈവം പരിശുദ്ധനായതുകൊണ്ട് ദൈവത്തിന്റെ കൂട്ടായ്മയിലേക്ക് പ്രവേശിച്ചവരെല്ലാവരും പരിശുദ്ധരാണ്. ഈ കൂട്ടായ്മയിൽ മൂന്നു വിഭാഗങ്ങളുണ്ട്: 1. വിജയസഭ; 2. സഹനസഭ; 3. സമരസഭ. വിജയസഭയിൽപ്പെട്ടവരാണ് വിശുദ്ധർ. സഹനസഭയിൽപ്പെട്ടവരാണ് ശുദ്ധീകരാത്മാക്കൾ. സമരസഭയിൽപ്പെട്ടവരാണ് സഭാംഗങ്ങൾ. അവർ ഇപ്പോൾ പാപത്തോടു സമരംചെയ്ത് വിശുദ്ധിയുടെ വിജയത്തിലേക്കു യാത്ര ചെയ്യുന്നവരാണ്. ഈ യാത്രയിലുള്ളവർ വിജയസഭയിൽപ്പെട്ട വിശുദ്ധരുടെ നന്മയിൽ പങ്കുചേരുന്നവരും അവർ വിശുദ്ധിയിൽ നേടിയ വിജയത്തെ അംഗീകരിച്ച് അവരെ ബഹുമാനിക്കുന്നവരും അവരുടെ സഹായം തേടുന്നവരുമാണ്. ഈ വിശുദ്ധരുടെ കൂട്ടായ്മയുടെ പ്രകാശനമായിത്തീരത്തക്കവിധം വിശുദ്ധരോടുള്ള വണക്കവും മദ്ധ്യസ്ഥപ്രാർത്ഥനകളും ക്രമീകരിക്കപ്പെടണം. അതിനു ചേരാത്തവിധത്തിലുള്ള തിരുനാളാഘോഷങ്ങളിലും മദ്ധ്യസ്ഥപ്രാർത്ഥനകളിലും മാറ്റം വരേണ്ടതുണ്ട്.