മാർ അപ്രേം (306-378) തിരുനാൾ: ജൂൺ-9  

പൗരസ്ത്യ സഭയിലെ ഒരു ഉജ്വല താരമാണ് വിശുദ്ധ എഫ്രേം (St.Ephrem). സുറിയാനി ഭാഷയിൽ അദ്ദേഹം മാർ അപ്രേം (Mar Aprem) എന്നാണറിയപ്പെടുന്നത്. അസാധാരണ വിശുദ്ധിയുടെ പരിവേഷം ജീവിതകാലത്തു തന്നെ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കിയിരുന്നു. ഈ ബഹുമുഖ പ്രതിഭാശാലി വാഗ്മിയും, കവിയും, ഗാനരചയിതാവും, ദൈവശാസ്ത്രജ്ഞനും, ചരിത്രകാരനുമായിരുന്നു.
സുറിയാനി സഭയിലെ ഏക വേദപാരംഗതനായ ഇദ്ദേഹം ഒരു ഡീക്കനും മല്പാനുമായി സഭയിൽ സേവനം അനുഷ്ഠിച്ചു. ”എദേസ്സായിലെ ഡീക്കൻ (Deacon of Edesa)”, ”സുറിയാനിക്കാരുടെ സൂര്യൻ (Sun of the Syrians)”, ”സഭയുടെ ഒരു സ്തംഭം (A pillar of the Church)” എന്നെല്ലാം വിളിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്ഥാനപ്പേര് ”പരിശുദ്ധാത്മാവിന്റെ വീണ (Harp of the Spirit)” എന്നാണ്.
ജീവചരിത്രത്തിലൂടെ
ജനനം, കുടുംബം
ഏ.ഡി. 306-ൽ അപ്രേം മെസപ്പൊട്ടേമിയായുടെ അതിർത്തിയിലുള്ള നിസിബിസ് (Nisibis) എന്ന നഗരത്തിൽ ജനിച്ചു. ഇന്ന് ഈ പ്രദേശം ടർക്കിയിലാണ്. അപ്രേമിന്റെ രചനകളിൽ നിന്നുള്ള തെളിവനുസരിച്ച് അദ്ദേഹത്തിന്റെ മാതാപിതാക്കൾ നിസിബിസിലെ വളർന്നുകൊണ്ടിരുന്ന ക്രൈസ്തവസമൂഹത്തിന്റെ ഭാഗമായിരുന്നു. ചില ചരിത്രകാരന്മാർ അദ്ദേഹത്തിന്റെ പിതാവ് ഒരു വിജാതീയ പുരോഹിതനായിരുന്നുവെന്ന് പ്രസ്താവിച്ചു കാണുന്നുണ്ട്. ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നതിനു മുമ്പ് പിതാവ് അങ്ങനെയായിരുന്നുവെന്നു കരുതിയാൽ പിന്നെ വിവാദത്തിനിടയില്ല.
നിസിബിസിൽ
അപ്രേമിന്റെ കാലത്തെ നിസിബിസിൽ ആളുകൾ പല ഭാഷകൾ സംസാരിച്ചിരുന്നു. അവയിൽ ഭൂരിഭാഗവും അരമായ ഭാഷയുടെ പ്രാദേശിക രൂപഭേദങ്ങൾ (dialects) ആയിരുന്നു. ക്രിസ്ത്യാനികൾ അവയിലൊന്നായ സുറിയാനിയാണ് ഉപയോഗിച്ചിരുന്നത്. യഹൂദമതവും, വിജാതീയ മതങ്ങളും, ആദിമ ക്രൈസ്തവ സെക്റ്റുകളും ചേർന്ന ഒരു സംസ്‌കാരമാണ് അവിടെ നിലവിലിരുന്നത്.
നിസിബിസിലെ രണ്ടാമത്തെ മെത്രാനായ യാക്കോബിന്റെ നിയമനം 308-ൽ നടന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ക്രൈസ്തവസമൂഹത്തിലാണ് അപ്രേം
വളർന്നത്. 325-ൽ നടന്ന ഒന്നാം നിഖ്യാസൂനഹദോസിൽ നിസിബിസിലെ യാക്കോബ് മെത്രാൻ ഒപ്പിട്ടതായി ചരിത്രരേഖയുണ്ട്. 18-ാമത്തെ വയസ്സിലാണ് അപ്രേം ജ്ഞാനസ്‌നാനം സ്വീകരിച്ചത്. ആ യുവാവിന്റെ വിശ്വാസതീക്ഷ്ണതയും കഴിവുകളും തിരിച്ചറിഞ്ഞ യാക്കോബ് മെത്രാൻ അദ്ദേഹത്തെ ഉപദേഷ്ടാവും മല്പാനുമായി (teacher) നിയമിച്ചു. ‘മല്പാൻ’ എന്ന സുറിയാനി പദം ഇന്നും സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ അങ്ങേയറ്റം ആദരിക്കപ്പെടുന്ന ഒരു സ്ഥാനപ്പേരാണ്.
അപ്രേമിന് മെത്രാൻ ഡീക്കൻ പട്ടം നൽകി. ആറാം പട്ടം വരെ സ്വീകരിച്ചെങ്കിലും പൗരോഹിത്യം സ്വീകരിക്കാൻ അദ്ദേഹത്തിന്റെ വിനയം സമ്മതിച്ചില്ല. പിന്നീട് മെത്രാൻ പദവി സ്വീകരിക്കാൻ ക്ഷണം വന്നപ്പോൾ ഭ്രാന്ത് അഭിനയിച്ചാണത്രേ അദ്ദേഹം ആ ബഹുമതിയിൽ നിന്ന് രക്ഷപെട്ടത്.
ഡീക്കനും മല്പാനും
ഡീക്കനും മല്പാനുമായിരുന്ന അപ്രേം തന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി ദൈവസ്തുതിഗീതങ്ങളും കവിതകളും (hymns and poems) രചിക്കാനും ബൈബിൽ ഭാഷ്യങ്ങൾ എഴുതാനും ആരംഭിച്ചു. താൻ രചിച്ച ഗാനങ്ങളിൽ അദ്ദേഹം തന്നെത്തന്നെ ഒരു കാലിനോട്ടക്കാരനും (herdsman), മെത്രാനെ ഇടയനായും (shepherd), തന്റെ സമൂഹത്തെ ആട്ടിൻപറ്റമായും (fold) പരാമർശിക്കുന്നുണ്ട്.
നിസിബിസിലെ പ്രസിദ്ധമായ സ്‌കൂൾ സ്ഥാപിച്ചത് അപ്രേമാണെന്നു വിശ്വസിക്കപ്പെടുന്നു. പിൽക്കാലത്ത് ഈ സ്‌കൂൾ സിറിയൻ ഓർത്തഡോക്‌സ് സഭയുടെ ഒരു പഠനകേന്ദ്രമായി വികസിച്ചു.
പേർഷ്യൻ ആക്രമണം
റോമാസാമ്രാജ്യത്തിൽ ക്രിസ്തുമതത്തിന് സ്വാതന്ത്ര്യവും സംരക്ഷണവും നൽകിയ കോൺസ്റ്റന്റയിൻ ഒന്നാമൻ (Constantine I) ചക്രവർത്തി 337-ൽ അന്തരിച്ചു. ഈ അവസരത്തെ മുതലെടുത്തുകൊണ്ട് പേർഷ്യയിലെ ഷാപ്പുർ രണ്ടാമൻ (Shapur II) റോമിന്റെ ഭാഗമായ ഉത്തരമെസപ്പൊട്ടേമിയായിൽ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ അഴിച്ചുവിട്ടു. 338-ലും, 346-ലും, 350-ലും നിസിബിസ് ഉപരോധിക്കപ്പെട്ടു. ആദ്യത്തെ ഉപരോധത്തിൽ യാക്കോബ് മെത്രാൻ പ്രാർത്ഥനകൊണ്ട് നഗരത്തെ രക്ഷിച്ചുവെന്ന് അപ്രേം പറയുന്നുണ്ട്. മൂന്നാമത്തെ ഉപരോധത്തിൽ ഒരു നദിയുടെ ഗതി മാറ്റിവിട്ട് ഷാപ്പുർ നിസിബിസിന്റെ മതിലുകൾ തകർക്കാൻ ശ്രമിക്കുകയുണ്ടായി. നഗരവാസികൾ വേഗം തന്നെ മതിലുകളുടെ കേടുപോക്കി. ഈ സമയത്ത് പേർഷ്യാക്കാരുടെ ആനപ്പട (Elephant Cavalry) ചെളിയിൽ താണുപോയി. ജലപ്രളയത്തിൽ നോഹയുടെ പെട്ടകം സുരക്ഷിതത്വത്തിലേക്ക് ഒഴുകിയെത്തിയതുപോലെ നിസിബിസ് അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടതു കണ്ടറിഞ്ഞ അപ്രേം അക്കാര്യം ഒരു ഗീതത്തിൽ പ്രഘോഷിച്ചിട്ടുണ്ട്.
ഏ.ഡി. 359-ൽ ഷാപ്പുർ വീണ്ടും ആക്രമണം അഴിച്ചുവിട്ടു. റോമൻ ചക്രവർത്തിയായിരുന്ന ജോവിയാനസ് (Jovianas) തന്റെ സൈന്യത്തെ രക്ഷിക്കാനായി നിസിബിസ് നഗരത്തെ പൂർണ്ണമായും പേർഷ്യയ്ക്കു വിട്ടുകൊടുക്കാൻ നിർബന്ധിതനായി; അവിടുത്തെ ക്രൈസ്തവരെ മുഴുവൻ പുറംതള്ളാനും അയാൾ പേർഷ്യയെ അനുവദിച്ചു.
എദേസ്സായിൽ
നിസിബിസിൽനിന്നും മതപീഡനത്തെ ഭയന്ന് പലായനം ചെയ്ത ക്രിസ്ത്യാനികളോടൊപ്പം ആപ്രേം എദേസ്സായിലെത്തി അവിടെ താമസമുറപ്പിച്ചു. അവിടത്തെ പള്ളിയിൽ അദ്ദേഹം തന്റെ ശുശ്രൂഷകൾ തുടരുകയും, എദേസ്സാ സ്‌കൂളിൽ മല്പാനായി പഠിപ്പിക്കുകയും ചെയ്തു. വിവിധ മതങ്ങളുടെയും ദർശനങ്ങളുടെയും സംഗമവേദിയായിരുന്നു എദേസ്സാനഗരം. ആര്യനിസം, മനിക്കേയിസം, നോസ്റ്റിസിസം തുടങ്ങിയ പാഷണ്ഡതകളും പ്രാചാരത്തിലുണ്ടായി
രുന്നു. ഇവയുടെയെല്ലാം മധ്യത്തിൽ അപ്രേം തന്റെ നാവുകൊണ്ടും തൂലികകൊണ്ടും സത്യവിശ്വാസത്തെ സംരക്ഷിക്കാൻ അവിശ്രമം പരിശ്രമിച്ചു.
എദേസ്സായിൽ വിശുദ്ധൻ 10 വർഷം താമസിച്ചു. അവിടെയുണ്ടായ ഒരു പ്ലേഗ് ബാധയിൽ അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചു. ഒടുവിൽ ആ രോഗം ബാധിച്ച് അദ്ദേഹം 373 ജൂൺ 9-ാം തീയതി ദിവംഗതനായി.
രചനകൾ (Writings)
മാർ അപ്രേം രചിച്ച 400-ൽ അധികം സ്തുതിഗീതങ്ങൾ (ഗാനങ്ങൾ-hymns) ഇന്നു നിലവിലുണ്ട്. അദ്ദേഹത്തിന്റെ രചനകളിൽ ഒട്ടധികം നഷ്ടപ്പെട്ടുപോയി. സഭാചരിത്രകാരനായ സൊസോമെൻ (Sozomen) പറയുന്നു, അദ്ദേഹം 30 ലക്ഷത്തിലധികം വരികൾ എഴുതിയിട്ടുണ്ടെന്ന്. യഹൂദറബിമാരുടെ രീതികളും, ബൈബിൾ വിജ്ഞാനീയവും, ഗ്രീക്കുചിന്തയും, മെസപ്പൊട്ടേമിയൻ- പേർഷ്യൻ സിംബോളിക് പാരമ്പര്യങ്ങളും വിദഗ്ധമായി കലർത്തിയാണ് അദ്ദേഹം കവിതകളും ഗാനങ്ങളും രചിച്ചത്. കവിതകൾ വൃത്തനിബദ്ധങ്ങളും ബിംബകല്പനകൾകൊണ്ട് സമ്പന്നവുമാണ്. ഗാനങ്ങൾ അർത്ഥസമ്പുഷ്ടങ്ങളും ശ്രുതിമധുരങ്ങളുമത്രെ. തങ്ങൾ രചിച്ച പാട്ടുകളുമായി തെരുവുകളിൽ നിരന്ന പാഷണ്ഡികളെ നേരിടാനായിരുന്നു മാർ അപ്രേമിന്റെ ഗാനങ്ങൾ രൂപം കൊണ്ടത്. ഗായകസംഘങ്ങളെക്കൊണ്ട് അദ്ദേഹം അവ പാടിക്കാൻ ഏർപ്പാടു ചെയ്തിരുന്നു. പാഷണ്ഡികൾക്കു അവയെ ചെറുത്തു നിൽക്കാനായില്ല. മനുഷ്യാവതാരം, ഈശോയുടെ ദൈവത്വവും മനുഷ്യത്വവും, പുണ്യപൂർണ്ണത, മനുഷ്യരക്ഷ, സമാധാനം എന്നിങ്ങനെ നിരവധിയായ വിഷയങ്ങൾ അദ്ദേഹത്തിന്റെ കവിതകളിലും ഗാനങ്ങളിലും പ്രതിഫലിക്കുന്നു.
കവിതകളും ഗാനങ്ങളും കഴിഞ്ഞാൽ പിന്നെയുള്ളത് ഗദ്യരചനകളാണ്. ഇവയിൽ ബൈബിൽ ഭാഷ്യങ്ങളും, പാഷണ്ഡതാഖണ്ഡങ്ങളും, ചരിത്രരചനകളും ഉൾപ്പെടും. ഉല്പത്തി (Genesis), പുറപ്പാട് (Exodus), അപ്പസ്‌തോലപ്രവർത്തനങ്ങൾ (Acts of the Apostles), വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ (Pauline Epistles) എന്നിവയ്ക്ക് അദ്ദേഹം രചിച്ച വ്യാഖ്യാനങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്. മാനി, മാർസിയൻ തുടങ്ങയവരുടെ വാദമുഖങ്ങളുടെ മുനയൊടിക്കുന്ന ലേഖനങ്ങൾ ഉജ്വലങ്ങളാണ്. നാലാം നൂറ്റാണ്ടിൽ വിശ്വാസസംരക്ഷണത്തിനും പ്രചരണത്തിനുംവേണ്ടി ഇത്രയധികം അദ്ധ്വാനിച്ച മറ്റൊരാൾ സഭയിലുണ്ടായിരുന്നില്ല.
പൂർവപിതാക്കന്മാരുടെയും രാജാക്കന്മാരുടെയും ജീവിതങ്ങളെ ആസ്പദമാക്കി എഴുതിയ ചരിത്രങ്ങളും വിജ്ഞാനപ്രദങ്ങളാണ്. വലിയ നോമ്പിന്റെ കാലത്ത്
പൗരസ്ത്യസഭയിൽ ഇന്നും പാടിവരുന്ന ”അപ്രേമിന്റെ പ്രാർത്ഥന” (Prayer of St. Ephrem)യാണ് അദ്ദേഹത്തിന്റെ രചനകളുടെ മകുടം.
വ്യക്തിത്വത്തിന്റെ ചില സവിശേഷതകൾ
അഗാധമായ എളിമയുള്ള ഒരു വ്യക്തിയായിരുന്നു മാർ അപ്രേം. ആരെങ്കിലും തന്നെ സ്തുതിച്ചു സംസാരിച്ചാൽ അദ്ദേഹം പെട്ടെന്ന് അസ്വസ്ഥനാകും. എളിമയുടെ ആധിക്യം കൊണ്ടാവാം താൻ സ്വർഗ്ഗപഥത്തിൽ നിന്നും വ്യതിചലിച്ച ഒരു മഹാപാപിയാണെന്ന് ഈ വിശുദ്ധൻ പറയുമായിരുന്നു. ഈദൃശ പാപബോധവും ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. മാർ അപ്രേം സഞ്ചാരപ്രിയനായിരുന്നു. വിശുദ്ധ ബേസിലിനെയും കപ്പദോച്ചിയൻ പിതാക്കന്മാരെയും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. ശുദ്ധമായ സുറിയാനി ഭാഷയിലാണ് അദ്ദേഹം രചനകൾ നടത്തിയിരുന്നത്. എന്നാൽ അവയുടെ വിവർത്തനങ്ങൾ അർമേനിയൻ, ഗ്രീക്ക്, കോപ്റ്റിക് എന്നീ ഭാഷകളിലും മറ്റു ഭാഷകളിലും ലഭ്യമാണ്.
വിശുദ്ധ പദവി
സഭയിൽ സന്ന്യാസജീവിതം ആരംഭിക്കുന്നതിനുമുമ്പുതന്നെ ഒരു സന്ന്യാസിയെപ്പോലെ സുവിശേഷത്തിന്റെ സവിശേഷ മൂല്യങ്ങൾ ഉൾക്കൊണ്ടു ജീവിക്കാൻ ശ്രമിച്ച ഈ മഹാമനീഷി ഒരു കർമ്മയോഗിയായിരുന്നു. വിശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ വിശ്രമം എന്തെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ല. കത്തോലിക്കാസഭയിലും ഓർത്തഡോക്‌സ് സഭയിലും അദ്ദേഹം ഒരു വലിയ വിശുദ്ധനായി വണങ്ങപ്പെടുന്നു. 1920 ഒക്‌ടോബർ 5-ാം തീയതി ബനഡിക്റ്റ് പതിനഞ്ചാമൻ മാർപ്പാപ്പ മാർ അപ്രേമിനെ വേദപാരംഗതനായി (Doctor of the Church) പ്രഖ്യാപിച്ചു.
തിരുനാൾ ദിനം
കത്തോലിക്കാസഭയിൽ ജൂൺ 9-ന് മാർ അപ്രമിന്റെ തിരുനാൾ ആചരിച്ചുവരുന്നു. ഇത് വിശുദ്ധന്റെ ചരമദിനമാണ്. പൗരസ്ത്യ ഓർത്തഡോക്‌സ് സഭയിൽ തിരുനാൾ ദിനം ജനുവരി 28-നാണ്. യു.എസ്.എയിൽ എപ്പിസ്‌കോപ്പൽ സഭയുടെ ലിറ്റർജിക്കൽ കലണ്ടറിൽ ജൂൺ 10-ാം തീയതിയാണ് തിരുനാൾ ദിനം.