മൂന്നു സഭകളിൽ നിന്നുമുള്ള ദൈവശാസ്ത്രജ്ഞരും മെത്രാന്മാരും അംഗ
ങ്ങളായിരുന്ന Inter- Ritual Committee പലപ്രാവശ്യം കൂടുകയും ചർച്ചകൾ നടത്തുകയും വിവരങ്ങൾ CBCI Standing Committee യെ അറിയിക്കുകയും ചെയ്യുക പതിവായിരുന്നു. തത്ഫലമായി ചില കാര്യങ്ങളിലെങ്കിലും ധാരണയിലെത്താനായതു സഭയുടെ വികാസത്തിനു വഴി തെളിച്ചു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മെത്രാന്മാരെക്കുറിച്ചുള്ള ഡിക്രിയുടെ 23-ാം ഖണ്ഡികയിൽ ഇക്കാര്യം ഏതാണ്ടു കൃത്യമായി പരാമർശിച്ചിട്ടുണ്ടായിരുന്നല്ലോ. മറ്റു റീത്തുകളിൽപ്പെട്ടവർക്കു നല്കേണ്ട പരിഗണനയെക്കുറിച്ചു കൗൺസിൽ പറഞ്ഞതു ശ്രദ്ധേയമാണ്. ”മറ്റു റീത്തു കളിൽപ്പെട്ടവർ ഉള്ളിടത്ത് അവരുടെ
ആദ്ധ്യാത്മികാവശ്യങ്ങൾക്കു വേണ്ടി മെത്രാന്മാർ സംവിധാനങ്ങൾ സൃഷ്ടിക്കണം. അവരുടെ റീത്തിലെ തന്നെ വൈദികർ വഴിയോ ഇടവക സ്ഥാപിച്ചോ അഥവാ വേണ്ട അധികാരങ്ങളോടു കൂടിയ എപ്പിസ്‌ക്കോപ്പക്കൽ വികാരിമാർ വഴിയോ ഇതു ചെയ്യണം. ആവശ്യമുണ്ടെങ്കിൽ മെത്രാൻപദവി അവർക്കു നല്കിക്കൊണ്ടോ അല്ലെങ്കിൽ മെത്രാന്മാർ തന്നെ മറ്റു റീത്തിലെ മെത്രാനുള്ള ജോലികൾ നിർവ്വഹിച്ചുകൊണ്ടും ഇതിനു സാധിക്കും. ഇവയെല്ലാം പ്രത്യേകകാരണങ്ങളാൽ അസാധ്യമെന്നു ശ്ലൈഹികസിംഹാസനത്തിന്റെ തീരുമാനമനുസരിച്ച് വിധിക്കുന്നെങ്കിൽ റീത്തുകൾക്കുവേണ്ടി ഹയരാർക്കികൾ സ്ഥാപിക്കേണ്ടതാണ്” (C D 23.3). ഇങ്ങനെയൊക്കെയുള്ള കൗൺസിൽ നിർദ്ദേശങ്ങൾ തൂത്തു മായിച്ചു കളയാനാവില്ലെന്നതിനാൽ സിറോ മലബാറുകാർ ഏറെയുള്ള ബോംബെ, മദ്രാസ്, ഡൽഹി, കൽക്കട്ട, ബാംഗ്ലൂർ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ, പ്രത്യേകിച്ച് അവരുടേതായ ഇടവകകൾ, ഉണ്ടായി. ചിലയിടങ്ങളിൽ സന്ന്യാസ
സമൂഹങ്ങളും മറ്റിടങ്ങളിൽ രൂപതകളുമാണ് ഈ ചുമതലകൾ ഏറ്റെടുത്തത്. ഇത്തരത്തിൽ മദ്രാസിൽ ഇരിങ്ങാലക്കുട രൂപതയും ഡൽഹിയിൽ എറണാകുളം അതിരൂപതയും ബോംബെയിൽ എം. സി. ബി. എസ്. സമൂഹവും ബാംഗ്ലൂരിൽ സി. എം. ഐ. സന്ന്യാസസമൂഹവും അജപാലന പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തു.
‘അഖിലേന്ത്യാ ശുശ്രൂഷാധികാരം’ (All India Jurisdiction) എന്നു കേൾക്കുന്നതു തന്നെ പലർക്കും അസഹ്യമായിരുന്നു. അതിനാൽത്തന്നെ പ്രത്യേക പ്രദേശങ്ങളിലെ ആവശ്യങ്ങൾക്കായിരുന്നു ചർച്ചകളിലും മറ്റും ഊന്നൽ നല്കപ്പെട്ടത്. എങ്കിലും ലോകമെമ്പാടും നമുക്ക് അജപാലന പ്രേഷിതസ്വാതന്ത്ര്യം വേണമെന്നതു തന്നെയായിരുന്നു നമ്മുടെ ആവശ്യവും നിലപാടുമെന്ന ബോധ്യം ലത്തീൻ
പിതാക്കന്മാർക്കുമുണ്ടായിരുന്നു. ഏതായാലും ചർച്ചകൾ സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നു നടന്നിരുന്നത്. കേരളത്തിനു പുറത്തു പലയിടങ്ങളിലും ഇടവകകളും മറ്റു സംവിധാനങ്ങളും രൂപം കൊണ്ടതു തീർച്ചയായും നേട്ടമായി.
കൂടുതൽ ഉന്നതതലനീക്കങ്ങൾ
ഇവിടുത്തെ ചർച്ചകൾ കൊണ്ടു കാര്യങ്ങൾ തീരില്ല എന്നറിയാമായിരുന്നതുകൊണ്ട് പരി. സിംഹാസനത്തിന് മുമ്പിൽ നമ്മുടെ ആവശ്യങ്ങൾ നിരന്തരം നാം
ഉന്നയിക്കുമായിരുന്നു. വ്യക്തികളും SMBC bpw യും ഇക്കാര്യത്തെക്കുറിച്ച് റോമുമായി ആശയവിനിമയം നടത്തി വന്നു. എന്നാൽ 1985-ലെ പൊതുസിനഡ് നിർണ്ണായകമായൊരു കാൽവയ്പായിരുന്നു. അവിടെ നമ്മുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചു പ്രസംഗിക്കുവാൻ അഭി. പടിയറപിതാവിനും എനിക്കും പത്തു മിനിട്ടു വീതം സമയം ലഭിച്ചു. ഭാരതത്തിലെ ലത്തീൻ സഭയ്ക്കും മലങ്കരസഭയ്ക്കും ഇത്തരത്തിൽ തങ്ങളുടെ നിലപാടുകളറിയിക്കാൻ അവസരമുണ്ടായിരുന്നു. അതേ സിനഡിൽത്തന്നെ (അന്ന്) കർദ്ദിനാളായിരുന്ന റാറ്റ്‌സിംഗർ പിതാവ് കൂട്ടായ്മയുടെ ദൈവശാസ്ത്രത്തിന്റെ (Communion Ecclesiology) ആവശ്യകത സ്ഥാപിച്ചുകൊണ്ടുള്ള ഒരു സുപ്രധാന പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. ഈ അഭിപ്രായങ്ങളെല്ലാം ശ്രദ്ധിച്ചു കേട്ട ശേഷം വി. ജോൺ പോൾ മാർപ്പാപ്പ ‘We should do something about it’ എന്ന് ഒരു സ്വകാര്യ സംഭാഷണത്തിൽ പറയാനിടയായി.
ഇതിനു ശേഷം അധികം വൈകാതെയാണു പരി. പിതാവ് കേരള സന്ദർശനത്തിനെത്തിയത്. അന്നു കോട്ടയത്തു വച്ചു നമ്മുടെ പരിഷ്‌ക്കരിച്ച റാസക്രമം ഉദ്ഘാടനം ചെയ്യുകയും കോട്ടയത്തെ ഓർത്തഡോക്‌സ് കാതോലിക്കാ ബാവായെ സന്ദർശിക്കുകയും ചെയ്തു. കേരള സന്ദർശനത്തിനിടെ മറ്റു പല അകത്തോലിക്കാ പിതാക്കന്മാരുമായും സംഭാഷണം നടത്തുകയും ചെയ്തു. അതിനുശേഷമാണ് 1987 മെയ് മാസത്തിൽ പരി. പിതാവ് ഭാരതത്തിലെ എല്ലാ മെത്രാന്മാർക്കുമായി അയച്ച കത്ത് പ്രസിദ്ധീകൃതമായത്. നിർണ്ണായകമായ ഒരു കത്തായിരുന്നു അത് (തീർച്ചയായും റാറ്റ്‌സിംഗർ പിതാവിന്റെ പിന്തുണയും അതിനുണ്ടായിരുന്നിരിക്കണം). ആ കത്തിലാണ് ഇന്ത്യയിൽ മൂന്നു
വ്യക്തിസഭകളുണ്ടെന്നും അവയോരോന്നിനും അതിന്റേതായ ഭരണസംവിധാനമുണ്ടായിരിക്കണമെന്നും അജപാലനശുശ്രൂഷയ്ക്കും പ്രേഷിതപ്രവർത്തനത്തിനും സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നും മാർപ്പാപ്പ വ്യക്തമാക്കിയത്. ഇതു അടിസ്ഥാനമാക്കി തത്ക്കാലം ബോംബെ- പൂന ദേശത്ത് ഒരു സിറോ മലബാർ രൂപത സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുവെന്നുമെല്ലാം പറഞ്ഞുവച്ച ആ കത്തു വന്നുകഴിഞ്ഞപ്പോൾ സഭകളുടെ വൈവിധ്യം ഐക്യത്തിനു വിഘാതമാകുമെന്നു വാദിച്ചിരുന്ന ആർച്ചുബിഷപ്പ് ഹെൻട്രി ഡിസൂസ തന്റെ നിലപാടിന് ഇനിയും പ്രസക്തിയില്ലെന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്.
ഒരു കാലഘട്ടത്തിൽ CBCI ഇന്ത്യയിലെ സഭകളെയെല്ലാം നിയന്ത്രിക്കുന്ന ഒരു സംവിധാനമായിരുന്നു. നമ്മുടെ സഭാവബോധം വളർന്നു വന്നപ്പോൾ CBCI നിയമാവലി തിരുത്തണമെന്ന നമ്മുടെ നിർദ്ദേശവും സജീവമായി. മാർപ്പാപ്പായുടെ ഈ കത്തോടുകൂടി ഭരണഘടനാ ഭേദഗതി ഒരു അനിവാര്യതയായിത്തീർന്നു. ഓരോ സഭയ്ക്കും അവരുടെ ഭരണസമിതികൾക്കും എല്ലാ അധികാരവുമുണ്ടെന്നും CBCI പൊതുകാര്യങ്ങളിൽ ഒരു സംയുക്തസമിതിയായി പ്രവർത്തിക്കണമെന്നും നിർദ്ദേശങ്ങളുണ്ടായി. അങ്ങനെ CBCI ഭരണഘടനയിൽ ആവശ്യമായ ഭേദഗതികൾ വരുത്തി. എല്ലാ സഭകളും മറ്റു സഭകളെക്കുറിച്ചു പഠിക്കുകയും വേണ്ട അവബോധം വളർത്തിയെടുക്കുകയും ചെയ്യണമെന്നും പരി. പിതാവു കത്തിൽ പറഞ്ഞിരുന്നുവെന്നതും ഓർക്കേണ്ടതുണ്ട്.
അനന്തരസംഭവവികാസങ്ങൾ
കല്യാൺ രൂപത സ്ഥാപിതമായശേഷം മറ്റു പല രൂപതകളും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിതമായി. സിറോ മലബാർ സഭാംഗങ്ങൾ ഏറെയുള്ള സ്ഥലങ്ങളിൽ അവരുടെ അജപാലനപ്രവർത്തനങ്ങൾക്കായി രൂപതകൾ സ്ഥാപിക്കുന്നതു കാലക്രമത്തിൽ ഒരു പതിവായി മാറി. ഇതിനിടെ വിവിധ രാജ്യങ്ങളിലെ സിറോ മലബാറുകാരുടെ അജപാലനസ്ഥിതിഗതികൾ വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി അപ്പസ്‌തോലിക്ക് വിസിറ്റർമാരെ നിയോഗിക്കാൻ റോം മനസ്സുകാട്ടി.
CBCI -യിലെ ചർച്ചകളുടെയും മറ്റു സമ്പർക്കങ്ങളുടെയുമെല്ലാം ഫലമെന്നോണം
ലത്തീൻ സഭയിലെ പിതാക്കന്മാരിൽ പലരും ഭാരതത്തിലെ സഭകളുടെ വൈവിധ്യം അംഗീകരിക്കാൻ ഇന്നു തയ്യാറാണ് (ഏതാനും പേർക്കുള്ള എതിർപ്പും ഇവിടെ വിസ്മരിക്കുന്നില്ല). പുതിയ സിറോ മലബാർ രൂപതകൾ രൂപമെടുത്തിടത്തൊന്നും വൈവിധ്യങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കില്ലെന്നും ചരിത്രം വ്യക്തമാക്കുന്നു. എത്രയോ കാലമായി ലത്തീൻ രൂപതകളുമായി സൗഹൃദത്തിൽ വർത്തിക്കുന്ന കല്യാൺ രൂപതതന്നെ ഇതിന് ഉത്തമോദാഹരണമാണ്.
ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം അറിവുണ്ടായിരുന്ന അഭി. ബനഡിക്ട് പിതാവു
നമുക്കു ഭാരതം മുഴുവൻ അജപാലനാധികാരം നല്കാനുള്ള തീരുമാനമെടുത്തു
കരടുരേഖ തയ്യാറാക്കിയിരുന്നുവെന്ന് ഫ്രാൻസിസ് മാർപ്പാപ്പായുടെ കത്തിൽത്തന്നെ പറയുന്നുണ്ടല്ലോ. തിരുസ്സംഘങ്ങൾ തമ്മിൽ നിലനിന്ന അഭിപ്രായവ്യത്യാസമാണു തീരുമാനം വൈകിപ്പിക്കാൻ കാരണമെന്നാണു കേൾവി. കഴിഞ്ഞ ജനുവരിയിലെ സിറോ മലബാർ സിനഡിൽ നമ്മുടെ മെത്രാന്മാരെല്ലാവരും ഒപ്പിട്ട ഒരു നിവേദനം റോമിലേക്ക് അയയ്ക്കുകയുണ്ടായി. നമ്മുടെ മേജർ ആർച്ചുബിഷപ്പും സിനഡു
പ്രതിനിധികളും റോമുമായി നിരന്തരം ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അവസാനം വരെയും ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. അതിനാൽ ‘അഖിലേന്ത്യാ ഭരണാധികാരം’ എന്ന വാക്കിനു രേഖയിൽ ഇടം നേടാനായില്ല. അഖിലേന്ത്യാതലത്തിൽ സിനഡിന്റെ മേജർ ആർച്ചുബിഷപ്പിന്റെ അധികാരങ്ങൾ എത്രയെന്നുള്ളതു ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.
അഖിലേന്ത്യ അജപാലനസ്വാതന്ത്ര്യം ആകസ്മികമായി കൈവന്ന ഒരു സംഭവമല്ല. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം അൻപതുവർഷത്തിലധികമായപ്പോഴാണ് പൗരസ്ത്യ സഭകളെക്കുറിച്ചുള്ള കൗൺസിൽ നിർദ്ദേശങ്ങൾ ഏകദേശമെങ്കിലും നടപ്പിലാക്കാൻ സാധിച്ചത്. ഈ നീക്കം ഒറ്റപ്പെട്ട മുന്നേറ്റങ്ങളുടെ ഫലമല്ല,
മറിച്ച് അനേകരുടെ കൂട്ടായ യത്‌നം ഇതിനു പിന്നിലുണ്ട്. പൗരസ്ത്യ തിരുസ്സംഘത്തിന്റെ ഉറച്ച നിലപാടുകളും ഈ യാത്രയിൽ നമ്മെ ഏറെ സഹായിച്ചിട്ടുണ്ട്.
(തുടരും…)