വി. യോഹന്നാൻ എഴുതിയ സുവിശേഷം-13

(യോഹ 8,1-59)
കൂടാരത്തിരുനാളിനോടനുബന്ധിച്ചുള്ള വെളിച്ചത്തിന്റെ കർമ്മത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അദ്ധ്യായം ഒരുക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകൾക്കായി വേർതിരിക്കപ്പെട്ടിരുന്ന ദൈവാലയത്തിനു മുകളിലായി
നാലു കൂറ്റൻ പന്തങ്ങൾ കത്തിച്ചുവച്ചിരുന്നു.
അതിന്റെ ഫലമായി ദൈവാലയപരിസരം മുഴുവൻ പ്രകാശമാനമായിരുന്നു. ഈ
പശ്ചാത്തലത്തിലാണ് ലോകത്തിന്റെ പ്രകാശമായി ഈശോ സ്വയം വെളിപ്പെടുത്തുന്നതും തന്നെ അനുഗമിക്കാൻ ആഹ്വാനം ചെയ്യുന്നതും.
ജീവജലദാതാവായും (7,37-39) ലോകത്തിന്റെ പ്രകാശമായും (8,12-20) ഈശോയെ അവതരിപ്പിക്കുന്നതിനിടയിൽ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു. ഇത് സുവിശേഷത്തിൽ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാകാൻ സാദ്ധ്യതയുണ്ട്. കാരണം,
പ്രധാനപ്പെട്ട പല കയ്യെഴുത്തുപ്രതികളിലും ഈ ഭാഗം കാണപ്പെടുന്നില്ല. യോഹ 7,8 അദ്ധ്യായങ്ങളിൽ പാപത്തെക്കുറിച്ചും
ന്യായവിധിയെക്കുറിച്ചുമുള്ള പരാമർശങ്ങളുള്ളതുകൊണ്ട്, ഈശോയുടെ നീതിവിധിയെ ഉദാഹരിക്കുന്നതിനുവേണ്ടിയാകണം ഈ ഭാഗം ഇവിടെ ചേർത്തത്.
ഈശോയുടെ (ദൈവത്തിന്റെ) വിധിനീതിയും കരുണയും നിറഞ്ഞതാണ്. പാപത്തോട് സഹിഷ്ണുത പുലർത്താത്തതിനാൽ അവിടുന്ന് നീതിമാനാണ്. എന്നാൽ അവിടുന്ന് പാപിയായ മനുഷ്യനോട് കരുണകാണിക്കുന്നവനുമാണ്. പാപത്തെ വെറുക്കുകയും പാപിയെ സ്‌നേഹിക്കുകയും ചെയ്യണമെന്ന് ഈ സംഭവത്തിലൂടെ ഈശോപഠിപ്പിക്കുന്നു.
നാലു പ്രഭാഷണങ്ങളാണ് ഈ ഭാഗത്തുള്ളത്.
1. 8,12-20 ഈശോ: ലോകത്തിന്റെ പ്രകാശവും വിധികർത്താവും
2. 8,21-30 ഈശോ: ‘ഞാനാകുന്നവൻ’
3. 8,31-47 ഈശോ: ദൈവപുത്രൻ
4. 8,48-59 ഈശോയും അബ്രാഹവും
കൂടാരതിരുനാളിന്റെ അവസരത്തിൽ വായിച്ചിരുന്ന വായനകളിലൊന്ന് പുറപ്പാട് 13,21-22 ആയിരുന്നു. കർത്താവ് പകൽ മേഘസ്തംഭത്തിലൂടെയും രാത്രി അഗ്നിസ്തംഭത്തിലൂടെയും ഇസ്രായേലിനെ വാഗ്ദാനനാട്ടിലേക്കു നയിച്ചതിനെപ്പറ്റിയാണ് ഈ വായനയിൽ പറയുന്നത്. കർത്താവ് അഗ്നിസ്തംഭത്തിലൂടെ ഇസ്രായേലിനെ വാഗ്ദാനനാട്ടിലേക്കു നയിച്ചതുപോലെ ലോകത്തിന്റെ പ്രകാശമായ മിശിഹാ
തന്നെ അനുഗമിക്കുന്നവരെ നിത്യജീവനിലേക്കു നയിക്കുന്നു. ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തുന്നവൻ എന്ന നിലയിലാണ് (1,18) ഈശോ ലോകത്തിന്റെ പ്രകാശമായിത്തീരുന്നത്. ഈശോയെ അനുഗമിക്കുന്നവൻ ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവപദ്ധതിയ്ക്കനുസൃതമായി ജീവിച്ച് ദൈവികജീവനിൽ പങ്കുചേരും.
ഈശോ ആരെയും വിധിക്കുന്നില്ല (8,15).
ഈശോ ലോകത്തിലേക്കുവന്നത് ലോകത്തെ വിധിക്കാനല്ല, മറിച്ച്, രക്ഷിക്കാനാണ് (3,17; 12,47). എന്നാൽ 9,39 ലും 5,22 ലും ലോകത്തെ വിധിക്കാനാണ് താൻ വന്നിരിക്കുന്നതെന്നും, വിധിമുഴുവൻ പിതാവു പുത്രനെ ഏല്പിച്ചിരിക്കുകയാണെന്നും പറയുന്നുണ്ട്. അതായത് ഈശോയെ സ്വീകരിക്കാനും അവിടുന്നിൽ വിശ്വസിക്കാനും തയ്യാറാകാത്തവർ തങ്ങളെത്തന്നെ വിധിക്കുന്നു. അവിടുന്നിൽ വിശ്വസിക്കുന്നവർ ഈ വിധിയിൽ ഉൾപ്പെടുന്നില്ല. ഈശോയുടെ ഭൗതികജീവിതവേളയിൽ അവിടുന്നു വിധിയാളനല്ല. എന്നാൽ യുഗാന്ത്യത്തിൽ അവിടുന്നു വിധിയാളനായി വരും. അതുകൊണ്ടാണ് ”ഞാൻ വിധിക്കുന്നെങ്കിൽത്തന്നെ എന്റെ വിധി സത്യമാണ്” (8,16) എന്ന് ഈശോ പറഞ്ഞത്.
പ്രകാശമായി ലോകത്തിലേക്കു വന്ന ഈശോയുടെ മുമ്പിൽ മനുഷ്യൻ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. ഒന്നുകിൽ അനുകൂലം; അല്ലെങ്കിൽ പ്രതികൂലം. അനുകൂലമായ പ്രത്യുത്തരം ജീവൻ നല്കുമെങ്കിൽ പ്രതികൂലമായ പ്രത്യുത്തരം മരണത്തിനു കാരണമാകും. അതുകൊണ്ട് വിശ്വാസം ജീവനും വിശ്വാസരാഹിത്യം പാപവും മരണവുമാണ് (8,21). ”പുത്രനെ വിശ്വസിക്കുന്നവന് നിത്യജീവൻ ലഭിക്കുന്നു. എന്നാൽ പുത്രനെ അനുസരിക്കാത്തവൻ ജീവൻ ദർശിക്കുകയില്ല” (3,35).
”ഞാൻ ഞാൻതന്നെ (ഞാനാകുന്നവൻ) എന്നു വിശ്വസിക്കുന്നില്ലെങ്കിൽ
നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” (8,24). ”ഞാൻ ഞാൻതന്നെ” എന്ന പ്രയോഗം യോഹന്നാൻശ്ലീഹായുടെ സുവിശേഷത്തിൽ ദൈവനാമത്തെ സൂചിപ്പിക്കുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘ഏഗോ എയ്മി’
എന്ന ഗ്രീക്കു പദപ്രയോഗം ദൈവനാമമായി വെളിപ്പെടുത്തപ്പെട്ടതാണ് (പുറ 3,14). ഈശോ ദൈവത്തെ വെളിപ്പെടുത്തുന്നവനാണ്; ദൈവംതന്നെയാണ് എന്നാണിതിന്റെ അർത്ഥം. ഈ വെളിപ്പെടുത്തൽ അതിന്റെ പൂർണ്ണതയിൽ നടന്നത് ഈശോയുടെ കുരിശിലുള്ള ഉയർത്തപ്പെടലിലൂടെയാണ്, അഥവാ മഹത്ത്വീകരണത്തിലൂടെയാണ് (8,28). ദൈവം സ്‌നേഹംതന്നെയാണ് എന്നു വെളിപ്പെടുത്തപ്പെട്ടത് കുരിശിലാണ്. അതുകൊണ്ടാണ് ഈശോയിൽ വിശ്വസിക്കുന്നവർ സ്‌നേഹിക്കുന്നവരാകുകയും യഥാർത്ഥ ജീവന് അവകാശികളാകുകയും ചെയ്യുന്നത്.
ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളാണ് ആ വ്യക്തിയുടെ ഉത്ഭവത്തെയും സ്വഭാവത്തെയും വെളിപ്പെടുത്തുന്നത്. ഇവിടെ പുത്രത്വത്തിന്റെ തലത്തിൽ യഹൂദരും താനും തമ്മിലുള്ള വ്യത്യാസം ഈശോ ചൂണ്ടിക്കാട്ടുന്നു. താൻ ദൈവപുത്രനാണെന്നു വെളിപ്പെടുത്തുന്ന ഈശോ, യഹൂദർ
പിശാചിന്റെ സന്തതികളാണെന്നു കുറ്റപ്പെടുത്തുന്നു. ഒരാളുടെ പ്രവർത്തനം അയാളുടെ സ്വഭാവത്തിലേക്കും പുത്രത്വത്തിലേക്കും വിരൽചൂണ്ടുന്നു. സത്യത്തിനു സാക്ഷ്യം വഹിക്കുകയും സത്യത്തിലൂടെ യഥാർത്ഥ ജീവൻ നല്കുകയും ചെയ്യുന്നതിലൂടെ താൻ ദൈവപുത്രനാണെന്ന് ഈശോ തെളിയിക്കുന്നു. അതേസമയം, സത്യത്തിനു സാക്ഷ്യം വഹിക്കുന്ന തന്നെ തിരസ്‌കരിക്കുന്നതും കൊല്ലാൻ ശ്രമിക്കുന്നതും യഹൂദരുടെ പൈശാചികപുത്രത്വത്തിന്റെ അടയാളമായി എടുത്തുകാണിക്കുകയും ചെയ്യുന്നു. അവർ നുണയനും കൊലപാതകിയുമായ പിശാചിന്റെ സന്തതികളാണ് (8,44).
ദൈവപുത്രർക്കടുത്ത സ്വാതന്ത്ര്യം (8,31-36): ശാരീരികമായി അബ്രാഹത്തിന്റെ സന്തതികളായതുകൊണ്ടുമാത്രം ദൈവമക്കൾക്കടുത്ത യഥാർത്ഥസ്വാതന്ത്ര്യം യഹൂദർക്ക് അനുഭവിക്കാൻ കഴിയുകയില്ല. മനുഷ്യനെ യഥാർത്ഥത്തിൽ അടിമത്തത്തിനു വിധേയമാക്കുന്നത് പാപമാണ് (8,34). പാപമാകുന്ന അടിമത്തത്തിൽനിന്നും ഒരുവനെ സ്വതന്ത്രനാക്കുന്നത് മിശിഹാമാത്രമാണ് (8,36). ദൈവത്തിന്റെ വചനമെന്ന നിലയിലാണ് മിശിഹാ നമ്മെ പാപത്തിന്റെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരാക്കുന്നത് (1,14). മിശിഹായിൽ
നാം വിശ്വസിച്ചാൽമാത്രം പോരാ; യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കണമെങ്കിൽ അവിടുത്തെ വചനത്തിൽ നാം നിലനില്ക്കണം (8,31-32).
”ആരെങ്കിലും എന്റെ വചനം പാലിച്ചാൽ അവൻ ഒരിക്കലും മരിക്കുകയില്ല” (8,51) എന്ന ഈശോയുടെ വാക്കുകളിൽ പ്രകോപിതരായ യഹൂദർ, അബ്രാഹവും പ്രവാചകന്മാരും മരണത്തിനു വിധേയരായ കാര്യം ഓർമ്മിപ്പിക്കുന്നു. ഇവിടെ ഈശോ
അബ്രാഹത്തെക്കുറിച്ചു പറയുന്നു:
”അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാൻ ഉണ്ട്” (8,58). ‘ഞാൻ ഉണ്ട്’ (ഞാൻ ആകുന്നു)
എന്നത് അവിടുത്തെ ദൈവത്വത്തെയാണ് പ്രഖ്യാപിക്കുന്നതെന്ന് നാം കാണുകയുണ്ടായി. ഈശോ ദൈവമെന്ന നിലയിൽ അനാദിയിലേ ഉള്ളവനാണ്. ഭൂതവർത്തമാന-ഭാവികാലങ്ങൾ ഈ ലോകത്തിന്റെ പ്രത്യേകതയാണ്; ദൈവത്തിന്റേതല്ല. ദൈവം നിത്യനാണ്.
അബ്രാഹം വിശ്വാസത്തിന്റെ മനുഷ്യനായിരുന്നു. വിശ്വാസം ഒരു ദർശനമാണ്. തന്റെ തലമുറയിൽ വന്നു പിറക്കാനിരിക്കുന്ന മിശിഹായിൽ അബ്രാഹം വിശ്വസിച്ചു.
”അവൻ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു” (8,56). താൻ ദൈവമാണെന്നുള്ള ഈശോയുടെ അവകാശവാദം ദൈവദൂഷണമായി കരുതിയ യഹൂദനേതാക്കൾ, ദൈവദൂഷണത്തിനു നിയമമനുശാസിച്ചിരുന്ന ശിക്ഷ (ലേവാ 24,16) നല്കാൻ – ഈശോയെ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിച്ചു. എന്നാൽ ഈശോ അവരിൽ നിന്നു മറഞ്ഞ് ദൈവാലയത്തിൽനിന്നു പുറത്തുപോയി.
ചോദ്യങ്ങൾ
1. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ സംഭവം, ദൈവത്തിന്റെ വിധിയും മനുഷ്യന്റെ വിധിയും തമ്മിലുള്ള വ്യത്യാസത്തെ എപ്രകാരം സൂചിപ്പിക്കുന്നു?
2. ഈശോ ലോകത്തിന്റെ പ്രകാശമാണെന്നു പറയുന്നത് നാം എങ്ങനെ മനസ്സി
ലാക്കണം?
3. ഈശോ ‘ഞാനാകുന്നവൻ’ എന്ന് സ്വയം വിശേഷിപ്പിക്കുന്നതിന്റെ അർത്ഥവും
പ്രത്യേകതകളും എന്തെല്ലാം?
4. തന്റെ ദൈവപുത്രത്വത്തെക്കുറിച്ചുള്ള ഈശോയുടെ പ്രബോധനത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ദൈവപുത്രത്വത്തെ
നാം എങ്ങനെ മനസ്സിലാക്കുകയും ജീവിക്കുകയും വേണം?