ചങ്ങനാശ്ശേരി അതിരൂപതയിൽ ”മാർ സ്ലീവാ മല്പാനേറ്റ്”

മല്പാൻ മാത്യു വെള്ളാനിക്കലച്ചന്റെ കോട്ടയം സ്പിരിച്ച്വാലിറ്റി സെന്ററിലുള്ള വസതി അതിരൂപതയുടെ ഒരു മല്പാനേറ്റ് ആയി ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷൻ, മാർ ജോസഫ് പെരുന്തോട്ടം പിതാവ് പ്രഖ്യാപിച്ചിരിക്കുന്നു. ”മാർ സ്ലീവാ മല്പാനേറ്റ്”
എന്ന പേരിലാണ് ഈ മല്പാനേറ്റ് സ്ഥാപിതമായിരിക്കുന്നത് (Cf. Letter Prot. No. C/ GL 81, dated 10 May 2018). ”മാർ സ്ലീവാ” എന്നത് ഉത്ഥിതനായ മിശിഹാതന്നെയാണ്. സഭയുടെ ശ്ലൈഹികപ്രബോധനദൗത്യം ഉത്ഥിതനായ മിശിഹായുടെ ദൗത്യമാണ്. ഉത്ഥാനത്തിനുശേഷം നാല്പതുദിവസത്തേക്ക് അവിടുന്ന് ശ്ലീഹന്മാരുടെയിടയിൽ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു (ശ്ലീഹ 1,3). അതേത്തുടർന്ന് പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ശ്ലീഹന്മാരിലൂടെയും അവരുടെ പിൻഗാമികളിലൂടെയും അവിടുന്ന് സഭയിലുള്ള പ്രബോധനം തുടരുകയും ചെയ്യുന്നു (യോഹ 14,26). ഈ വസ്തുതയെ സൂചിപ്പിക്കുന്ന ഒന്നാണ് ”മാർ സ്ലീവാ മല്പാനേറ്റ്” എന്ന പേര്. മാർ സ്ലീവാ മല്പാനേറ്റിന്റെ ലക്ഷ്യം സീറോ മലബാർ സഭാംഗങ്ങളായ വൈദികർക്കും സമർപ്പിതർക്കും അൽമായർക്കും സഭാത്മകമായ തുടർപരിശീലനം നല്കുക എന്നതാണ്. അപ്രകാരം പരിശീലനം നേടുന്നവർക്ക് അതിരൂപതാദ്ധ്യക്ഷന്റെ കയ്യൊപ്പോടുകൂടിയ സർട്ടിഫിക്കറ്റ് നല്കുന്നതിനുള്ള അവകാശവും മല്പാനച്ചന് ഉണ്ടായിരിക്കും. മാർ തോമ്മാക്രിസ്ത്യാനികളുടെ പൈതൃകത്തിൽപ്പെട്ട ഒരു വൈദികപരിശീലന കേന്ദ്രമായിരുന്നു മല്പാനേറ്റ്. ഭാരതസംസ്‌കാരത്തിൽ വേരുറച്ച ഗുരുകുലശൈലിയായിരുന്നു മല്പാനേറ്റുകളിലെ പരിശീലനശൈലി. അത് ഫലപ്രദമാംവിധം സഭാത്മക പരിശീലനം നല്കുവാൻ ഏറ്റവും അനുയോജ്യവുമായിരുന്നു. ഈശോ തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്കു നല്കിയ പരിശീലന ശൈലിതന്നെയായിരുന്നു മല്പാനേറ്റുകളുടേത്. അവിടുന്ന് താൻ തിരഞ്ഞെടുത്ത പന്ത്രണ്ടുപേരെ തന്റെ സന്തതസഹചാരികളാക്കി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ജനങ്ങൾക്കു പരസ്യമായി പ്രബോധനം നല്കിയതിനുശേഷം തന്റെ ശിഷ്യന്മാരുടെ ചെറുഗണത്തിന് അവിടുന്ന് തന്റെ പ്രബോധനത്തിന്റെ പൊരുൾ വിശദീകരിച്ചു കൊടുത്തിരുന്നു (മത്താ 13,10-11). വ്യക്തിബന്ധം സ്ഥാപിച്ചും ചിന്തകളെ ഉദ്ദീപിപ്പിച്ചും പ്രായോഗികജീവിതവുമായി ബന്ധിപ്പിച്ചും വെല്ലുവിളികൾ നല്കിയും ജീവിതാനുഭവങ്ങളിലൂടെയും സർവോപരി
നല്ല മാതൃക നല്കിക്കൊണ്ടുമാണ് ഈശോ ശിഷ്യന്മാരെ പഠിപ്പിച്ചത്. മല്പാനേറ്റുകളിലെ പ്രബോധനശൈലിയും ഇതിനു സദൃശ്യമായ ഒന്നാണ്.
18-ാം നൂറ്റാണ്ടിൽ കേരളത്തിൽ 20-ൽ പരം മല്പാനേറ്റുകൾ നിലനിന്നിരുന്നു. സെമിനാരി, ഫാക്കൽറ്റി, തലങ്ങളിൽ വൈദികപരിശീലനം ആരംഭിച്ചതോടെ മല്പാനേറ്റുകൾ അപ്രത്യക്ഷമായി. ഇന്നത്തെ സാഹചര്യത്തിൽ തുടർപരിശീലനതലത്തിൽ അവയെ പുനരുദ്ധരിക്കേണ്ടത് ആവശ്യകമാണെന്നുള്ള ചിന്തയാണ് ഈ മല്പാനേറ്റു സ്ഥാപനത്തിന്റെ പിന്നിലുള്ളത്. ”കാലങ്ങളുടെയും വ്യക്തികളുടെയും സാഹചര്യങ്ങളാൽ അനുചിതമായി (സഭാപാരമ്പര്യങ്ങളിൽനിന്നും) വ്യതിചലിച്ചിട്ടുണ്ടെങ്കിൽ പൂർവികപാരമ്പര്യങ്ങളിലേക്ക് തിരികെപ്പോകാൻ അവർ (എല്ലാ പൗരസ്ത്യരും) തീവ്രയത്‌നം ചെയ്യട്ടെ” എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നുണ്ടല്ലോ
(OE 6). സെമിനാരികളും ഫാക്കൽറ്റികളും കേന്ദ്രീകരിച്ച് വൈദികപരിശീലനം നടക്കുന്ന ഇക്കാലത്ത് അപ്രകാരമുള്ള വൈദികപരിശീലന മല്പാനേറ്റുകൾക്ക് പ്രസക്തിയില്ല. എന്നാൽ സീറോ മലബാർ സഭയെ സംബന്ധിച്ചിടത്തോളം തുടർ
പരിശീലനരംഗത്ത് ഇപ്രകാരമുള്ള മല്പാനേറ്റുകൾക്ക് ഇന്നു പ്രസക്തിയുണ്ട്. കാരണം സീറോ മലബാർ സഭാംഗങ്ങൾക്ക് പൊതുവെ തങ്ങളുടെ വിശ്വാസപൈതൃകത്തിന്റെ തനിമയെക്കുറിച്ചും അതിനു സാക്ഷ്യം വഹിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ശരിയായ അവബോധം ഇന്ന് ഉണ്ടാകേണ്ടതുണ്ട്. അപ്രകാരമുള്ള ബോധവൽക്കരണത്തിന് പല വെല്ലുവിളികളും ഇന്ന് അനുഭവപ്പെടുന്നുമുണ്ട്. അവയെ ഫലപ്രദമായി നേരിടുവാൻ, ദൈവജനത്തിന് (വൈദികർക്കും, സന്ന്യസ്തർക്കും അൽമായർക്കും) തുടർപരിശീലനം നല്കുന്ന മല്പാനേറ്റുകൾ ഉണ്ടാകേണ്ടത് ഇന്നത്തെ ഒരാവശ്യമാണ്. സീറോ മലബാർ സഭയ്ക്ക് സാർവത്രികമായി അജപാലനശുശ്രൂഷയ്ക്കും സുവിശേഷ പ്രഘോഷണത്തിനുമായി വിളി ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഇതിനേറെ പ്രസക്തിയുണ്ട്. സുവിശേഷപ്രഘോഷണം നടക്കേണ്ടത് സുവിശേഷത്തിൽ വിശ്വസിക്കുന്ന സമൂഹമായ സ0ഭാംഗങ്ങളുടെ സഭാത്മകമായ ജീവിതസാക്ഷ്യത്തിലൂടെയാണ്. അപ്രകാരം സാക്ഷ്യം നല്കുവാൻ തക്കവിധം സഭയുടെ വിശ്വാസപൈതൃകത്തിൽ അവരെ പരിശീലിപ്പിക്കുവാനുതകുന്ന അജപാലനസംവിധാനവും ഉണ്ടാകണം. ഇപ്രകാരമുള്ള ഒരു സാർവത്രികസാദ്ധ്യതയാണ് ഇപ്പോൾ സീറോ മലബാർ സഭയ്ക്ക് കൈവന്നിരിക്കുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ രൂപതകളും കാനഡയിൽ എക്‌സാർക്കേറ്റും യൂറോപ്പിൽ അപ്പസ്‌തോലിക് വിസിറ്റേറ്ററും ഇന്ത്യമുഴുവൻ അജപാലനശുശ്രൂഷയ്ക്കുള്ള സാദ്ധ്യതകളും സീറോ മലബാർ സഭയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. അതുകൊണ്ട് സഭാത്മകവിശ്വാസ തുടർപരിശീലനം നല്കുന്ന മല്പാനേറ്റുകൾക്ക് ഇന്ന് സീറോ മലബാർ സഭയിൽ ഏറെ
പ്രസക്തിയുണ്ടെന്നുള്ളതിന് സംശയമില്ല.
1. വിശുദ്ധിയുടെ പ്രേഷിതകുടുംബാംഗങ്ങളുടെ പരിശീലനം: കോട്ടയം മാങ്ങാനത്തുള്ള സ്പിരിച്ച്വാലിറ്റി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ”വിശുദ്ധിയുടെ പ്രേഷിതകുടുംബ”ത്തിലെ അംഗങ്ങളാണ് അപ്പസ്‌തോലിക് സൊദാലെസും (വൈദികർ) അപ്പസ്‌തോലിക് ഒബ്ലേറ്റ്‌സും (സമർപ്പിതസഹോദരികൾ) സോഷ്യൽ ആനിമേറ്റേഴ്‌സും (അൽമായർ). വിശുദ്ധിയിലേക്കുള്ള സാർവത്രിക വിളികാരിസമായി സ്വീകരിച്ചിരിക്കുന്ന ഇൻസ്റ്റിറ്റിയൂട്ടുകളാണ് ഇവ മൂന്നും. ലത്തീൻ
സഭയിൽ ഉത്ഭവിച്ചവയെങ്കിലും, ഇന്ത്യൻ നേഷൻ സീറോ മലബാർ സെക്ടറായി
പ്രവർത്തിക്കുന്ന, ഇവരുടെ ആദ്ധ്യാത്മിക രൂപീകരണത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്നത് മല്പാൻ മാത്യു വെള്ളാനിക്കലച്ചനാണ്. അതുകൊണ്ട് അവരുടെ സഭാത്മകരൂപീകരണം ഈ മല്പാനേറ്റിലെ പ്രധാനപ്പെട്ട ഒരു പരിശീലനപരിപാടിയായിരിക്കും.
2. ബൈബിൾ പഠനക്കളരികൾ: വേദപുസ്തകപഠനത്തിന് മല്പാനേറ്റുകൾ പ്രത്യേക പ്രാധാന്യം നല്കിയിരുന്നു. അതുകൊണ്ട് സ്പിരിച്ച്വാലിറ്റി സെന്ററിൽ മല്പാനച്ചൻ വർഷങ്ങളായി നടത്തുന്ന സഭയുടെ വിശ്വാസത്തിനനുസൃതമായുളള, ബൈബിൾ പഠനക്കളരികൾ ഈ മല്പാനേറ്റിലെ ഒരു പ്രധാനപരിപാടിയായി തുടരുന്നതായിരിക്കും.
3. ആരാധനക്രമാധിഷ്ഠിതധ്യാനങ്ങൾ: മാർ തോമാശ്ലീഹായിൽനിന്നു ലഭിച്ച വിശ്വാസപൈതൃകത്തിന്റെയും ആദ്ധ്യാത്മികപരിശീലനത്തിന്റെയും മാർഗ്ഗരേഖ ആരാധനാപൈതൃകമായിരുന്നു. അതുകൊണ്ട് സീറോ മലബാർ ആരാധനക്രമാധിഷ്ഠിതധ്യാനങ്ങൾ ഈ മല്പാനേറ്റിലെ ഒരു പ്രത്യേക പരിപാടിയായിരിക്കും.
4. ആരാധനക്രമാഘോഷവും പ്രാർത്ഥനകളും: വേദഭാഷയായ സുറിയാനി അഭ്യസനം മല്പാനേറ്റുകളുടെ പ്രത്യേകതയായിരുന്നു. അതിനനുസൃതമായി സീറോ മലബാർ സഭയുടെ ആരാധനക്രമാഘോഷവും പ്രാർത്ഥനകളും സുറിയാനി ആരാധനക്രമാലാപനരീതിയിൽ നടത്തുവാനുള്ള ക്രമീകരണം ഈ മല്പാനേറ്റിലുണ്ടാകും.
5. നിയന്ത്രിതധ്യാനങ്ങൾ: മല്പാനച്ചന്റെ നേതൃത്വത്തിൽ തനിയെ ധ്യാനം നടത്തുവാൻ ആഗ്രഹിക്കുന്നർക്കും മല്പാനേറ്റിൽ അതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
6. ആത്മീയനിയന്ത്രണം: സഭാത്മകമായ അദ്ധ്യാത്മികജീവിതത്തിൽ വളരുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ആദ്ധ്യാത്മികനിയന്ത്രണം ആവശ്യമുള്ളവർക്ക് സഹായം നല്കുവാൻ ബഹു. മല്പാനച്ചന്റെ സാന്നിദ്ധ്യം മല്പാനേറ്റിലുണ്ടായിരിക്കും.
7. പ്രബന്ധരചനാസഹായം: സഭാത്മകവീക്ഷണത്തോടെ വേദപുസ്തകപരവും ദൈവശാസ്ത്രപരവുമായ വിഷയങ്ങൾ പഠിക്കുവാനും പ്രബന്ധങ്ങളെഴുതുവാനും സഹായകരമായ ആലോചനയ്ക്ക് മല്പാനച്ചനെ സമീപിക്കാവുന്നതാണ്.