വിശുദ്ധിയെ നാമാരും ഭയപ്പെടേണ്ടതില്ല
സുവിശേഷത്തിന്റെ സന്തോഷത്തിനും (Evangelii Gaudium) സ്‌നേഹത്തിന്റെ ആനന്ദത്തിനും (Amoris Laetitia) സത്യത്തിന്റെ സന്തോഷത്തിനും (Veritatis Gaudium) ശേഷം ഫ്രാൻസിസ് മാർപ്പാപ്പ നൽകിയിരിക്കുന്ന പുതിയ ശ്ലൈഹിക പ്രബോധനമാണ് ആനന്ദിച്ച് ആഹ്ലാദിക്കുവിൻ (Gaudete et Exultate). തന്റെ ആചാര്യശുശ്രൂഷയുടെ 5-ാം വാർഷികദിനമായ കഴിഞ്ഞ മാർച്ച് 19-ന് മാർപ്പാപ്പ ഒപ്പുവച്ച ഈ പ്രബോധനരേഖ ഏപ്രിൽ മാസം 9-ാം തീയതി വത്തിക്കാൻ പ്രസിദ്ധീകരിച്ചു. വിശുദ്ധിയിലേക്കുള്ള സാർവ്വത്രിക വിളിയാണിതിന്റെ പ്രമേയം. സുവിശേഷത്തിന്റെ വിരോധാഭാസം (Paradox) ജീവിക്കുവാൻ എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്യുന്ന സുവിശേഷ ഭാഗ്യങ്ങളിൽ അവസാനത്തേതാണ് ഈ പ്രബോധനരേഖയുടെ തലക്കെട്ടിന് ആധാരം. കർത്താവിനെപ്രതിയും സുവിശേഷത്തെ പ്രതിയും പീഡനങ്ങളേൽക്കുകയും അവഹേളിക്കപ്പെടുകയും വ്യാജാരോപിതരാകുകയും ചെയ്യുമ്പോൾ നിങ്ങൾ ”ആനന്ദിച്ച് ആഹ്ലാദിക്കുവിൻ”. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും (മത്തായി 5,12).
ആനന്ദം, സന്തോഷം: വിശുദ്ധിയുടെ പര്യായം
ഫ്രാൻസിസ് മാർപ്പാപ്പായെ സംബന്ധിച്ചിടത്തോളം ആനന്ദം, സന്തോഷം, അനുഗ്രഹിക്കപ്പെട്ടത് (Blessed) എന്നിവയെല്ലാം വളരെ പ്രിയപ്പെട്ട വാക്കുകളാണ്. നാം കണ്ടതുപോലെ ആദ്ദേഹത്തിന്റെ പ്രബോധനരേഖകളിലും പ്രസംഗങ്ങളിലും നിറഞ്ഞുനിൽക്കുന്ന വാക്കാണ് ആനന്ദിക്കുക, സന്തോഷിക്കുക എന്നിവയെല്ലാം. കാരണം ഈ വാക്കുകൾ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ”വിശുദ്ധി”യുടെ പര്യായമാണ് (64). വിശുദ്ധിലേക്കുള്ള വിളി ദൈവിക പദ്ധതിയുടെ ഭാഗമാണ്. ബൈബിളിന്റെ ചരിത്രം വിശുദ്ധിയിലേക്കുള്ള ദൈവത്തിന്റെ വിളിയുടെ ചരിത്രമാണ്. അതുകൊണ്ടുതന്നെ വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യപുറം മുതൽ അവസാന പുറം വരെ വിശുദ്ധ ജീവിതത്തിലേക്കുള്ള വിളിയും ക്ഷണവും വ്യക്തമാക്കുന്നതാണ്.
അഞ്ച് അദ്ധ്യായങ്ങളുള്ള ഈ പ്രബോധനരേഖക്കു 177 ഖണ്ഡികകളും 125 അടിക്കുറിപ്പുകളുമുണ്ട്. വിശുദ്ധ ഗ്രന്ഥവും സഭാ പ്രബോധനങ്ങളും രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനരേഖയും തന്റെ മുൻഗാമികളായ മാർപ്പാപ്പാമാരെയും ദൈവശാസ്ത്രജ്ഞരേയും സാഹിത്യകാരന്മാരെയും പറ്റി ഇതിൽ ധാരാളമായി ഉദ്ധരിക്കുന്നുണ്ട്. ഈ രേഖയുടെ ഒന്നാമദ്ധ്യായത്തിന്റെ പ്രമേയം വിശുദ്ധിയിലേക്കുള്ള സാർവ്വത്രികവിളിയാണ്. രണ്ടാമദ്ധ്യായം വിശുദ്ധിയുടെ ജീവിതം അഭിമുഖീകരിക്കുന്ന വ്യക്തിപരവും ദൈവശാസ്ത്രപരവുമായ വെല്ലുവിളികളുടെ വിശകലനമാണ്. പ്രധാനമായി രണ്ടു തെറ്റായ പ്രവണതകളാണ് മാർപ്പാപ്പ വിശകലനം ചെയ്യുന്നത്. സ്വന്തം ബുദ്ധിശക്തിയിലും
അറിവിന്റെ ബലത്തിലും വിശ്വാസം അർപ്പിക്കന്നവരും ദൈവികരക്ഷയും ദൈവത്തിന്റെ കരുണയും ആവശ്യമില്ലെന്നു കരുതുന്നതുമായ ആധുനിക ജ്ഞാനവാദക്കാരാണ് (Modern Gnostics) ഒന്നാമത്തെ കൂട്ടർ. സ്വന്തം ശക്തിയിലും പ്രവർത്തനങ്ങളിലും വിശ്വാസമർപ്പിക്കുന്ന ആധുനിക
പെലാജിയനിസമാണ് (New Pelagianism) രണ്ടാമത്തെ പ്രവണത. ദൈവികകൃപയും
ദൈവികരഹസ്യങ്ങളും അവഗണിച്ച് സ്വന്തം ഇച്ഛാശക്തിയിലും മേന്മകളിലും ആശ്രയം വയ്ക്കുന്നവരാണിവർ. സുവിശേഷത്തിന്റെ വിരോധാഭാസകരമായ ജീവിതത്തെ അതിന്റെ തനിമയിൽ അവതരിപ്പിക്കുന്ന സുവിശേഷഭാഗ്യങ്ങളുടെ വിശകലനമാണ് മൂന്നാമധ്യായത്തിന്റെ ഉള്ളടക്കം. ക്രിസ്തീയ ജീവിതത്തിന്റെ തിരിച്ചറിയൽ കാർഡ് അഥവാ ഐഡന്റിറ്റി കാർഡ് എന്നാണ് അഷ്ടഭാഗ്യങ്ങളെ മാർപ്പാപ്പ വിശേഷിപ്പിക്കുക.
നാലാമധ്യായം ആഗോളീകരണത്തിന്റെയും ഉപഭോഗത്തിന്റെയുമായ ഇന്നത്തെ സാംസ്‌കാരിക-സാമൂഹിക പശ്ചാത്തലങ്ങളിൽ വിശുദ്ധജീവിതം അഭിമൂഖീകരിക്കുന്ന വെല്ലുവിളികളും വിശുദ്ധ ജീവിതത്തിന്റെ അടയാളങ്ങളുടെയും വഴികളുടെയും ഇക്കാലഘട്ടത്തിലുമുള്ള അനിവാര്യതയേയും വിശദമാക്കുന്നു. പുണ്യജീവിതം കഴിക്കന്നവർ ശ്രദ്ധയും ജാഗ്രതയും വിവേചനാ
ശക്തിയുമുള്ളവരാകണം. അവർക്കുള്ള മുന്നറിയിപ്പുകളും അവർ അവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളുമാണ് അഞ്ചാമധ്യായം പഠനവിഷയമാക്കുന്നത്.
കൗൺസിലിന്റെ പാതയിൽ
മാർപ്പാപ്പായുടെ ഈ പ്രബോധനരേഖ നമ്മുടെ മനസ്സിൽ ആദ്യം കൊണ്ടുവരുന്ന ചിന്ത രാണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനമാണ്. തിരുസ്സഭയെക്കുറിച്ചുള്ള പ്രമാണരേഖയുടെ അഞ്ചാമധ്യായത്തിന്റെ പ്രമേയം വിശുദ്ധിയിലേയ്ക്കുള്ള ഈ സാർവ്വത്രിക വിളിയാണ്. മാമ്മോദീസാ സ്വീകരിക്കുന്ന ഏവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ‘ഞാൻ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ’ എന്നുള്ള കർത്താവിന്റെ ക്ഷണം ഓരോരുത്തർക്കും വ്യക്തിപരമായി നൽകുപ്പെടുന്ന ക്ഷണമാണ്. വിശുദ്ധിയുടെ ജീവിതം ദൈവിക പദ്ധതിയുടെ ഭാഗവുമാണ്. കാരണം ‘എന്റെ മുന്നിൽ കുറ്റമറ്റവനായി വർത്തിക്കുക’ എന്നു പറഞ്ഞ് ആബ്രാഹത്തെ ദൈവം ക്ഷണിക്കുന്നതും, ഇതാണു ദൈവഹിതം, നിങ്ങളുടെ വിശുദ്ധീകരണമെന്നു പറഞ്ഞു പൗലോസ്ശ്ലീഹാ നൽകുന്ന ക്ഷണവും ഒന്നുതന്നെയാണ് – വിശുദ്ധ ജീവിതത്തിനുള്ള ക്ഷണം. വിശുദ്ധിയിലേക്കു ഒരു വ്യക്തിയെ കർത്താവു ക്ഷണിക്കുന്നത് സൃഷ്ടിയുടെ ലക്ഷ്യം തന്നെ പൂർത്തിയാക്കാനാണ്. കാരണം നിത്യജീവിതത്തിലേക്കും ശാശ്വത സന്തോഷ
ത്തിലേക്കുമാണ് ഒരുവൻ ക്ഷണിക്കപ്പെടുന്നത്. ഏതാനും പേരുടെ ആനുകുല്യമല്ല വിശുദ്ധി പ്രാപിക്കുക എന്നത്, എല്ലാവർക്കും സാധ്യമാണിത്. ഇവിടെ ആവശ്യമായിരിക്കുന്നത് സ്‌നേഹവും എവിടെയും ഏതവസ്ഥയിലുമായിരുന്നാലും, അതു സമർപ്പിതരോ വൈദികരോ കുടുംബജീവിതം നയിക്കുന്നവരോ ആരുമാകട്ടെ കർത്താവിനു സാക്ഷ്യം നൽകുന്നതിലും സന്തോഷത്തോടും ആത്മസമർപ്പണത്തോടുംകൂടി സ്വന്തം ജീവിതം നയിക്കുന്നതിലുമാണ് കാര്യം. വിശുദ്ധിയുടെ വഴികൾ ഓരോരുത്തർക്കും വ്യത്യസ്തങ്ങളാണ്. അതുകൊണ്ടു മുമ്പേ നടന്നവരുടെ ”വഴികൾ” നമ്മെ ഭയപ്പെടുത്തേണണ്ടതില്ലായെന്നു കുരിശിന്റെ വി.യോഹന്നാനെ കൂട്ടുപിടിച്ച് മാർപ്പാപ്പ സമർത്ഥിക്കുന്നു (11).
പൊതു ചരിത്ര താളുകളിൽ ഇടം പിടിക്കാത്ത അനേകം വിശുദ്ധരുടെ ചലനാത്മകമായ ജീവിതമാണ് ലോകചരിത്രത്തിൽ മാറ്റത്തിന്റെ നാന്ദി കുറിച്ചിട്ടുള്ളത്. വിശുദ്ധിയുടെ വഴിയിലാണ് മാമ്മോദീസയുടെ ജീവിതം ഫലമണിയുന്നത്. വിശുദ്ധ ജീവിതം തേടി നാം യാത്രചെയ്യേണ്ടതില്ല, കാരണം നമ്മുടെ അടുത്ത മുറിയിൽതന്നെ താമസിക്കുന്നവർ വിശുദ്ധിയുടെ വലിയ സാക്ഷ്യമായിരിക്കും നൽകുക. ‘കർത്താവേ ഞാൻ പാപിയാണ്,’ എങ്കിലും എന്റെ ജീവിതത്തെ അല്പമെങ്കിലും മെച്ചപ്പെടുത്തികൊണ്ട് എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കുവാൻ നിനക്കു സാധിക്കുമെന്ന ഹൃദയപൂർവ്വമായ പ്രാർത്ഥന കർത്തൃസന്നിധിയിൽ തിരസ്‌കരിക്കപ്പെടുകയില്ലെന്ന് മാർപ്പാപ്പ അടിവരയിട്ടു സ്ഥാപിക്കുന്നു (15). അതുകൊണ്ട് വിശുദ്ധിയുടെ ജീവിതത്തെ ആരും ഭയപ്പെടേണ്ടതില്ല.
തുടരും…