ഭാരതകമാകെ അജപാലന – പ്രേഷിതപ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യം – 5 (തുടർച്ച)

രണ്ടാം വത്തിക്കാൻ കൗൺസിൽ ഭാരതത്തിലെ പൗരസ്ത്യരിൽ പലരിലും സഭയ്ക്കു ലഭിക്കുന്ന അജപാലന ശുശ്രൂഷാ സ്വാതന്ത്ര്യത്തെക്കുറിച്ചും അഖിലേന്ത്യ അജപാലനാധികാരത്തെക്കുറിച്ചുമുള്ള അവബോധമുളവാക്കി. ഇവിടുത്തെ മെത്രാന്മാർ ‘ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്ത’ എന്നെഴുതി രേഖകളിൽ മുദ്ര ചാർത്തിയിരുന്ന കാലത്തിന്റെ സ്മരണകൾ മനസ്സിൽ മായാതെ നില്ക്കയാൽ അഖിലേന്ത്യാ ഭരണസീമയെന്ന ആവശ്യത്തോട് എല്ലാവർക്കും യോജിപ്പാണുണ്ടായിരുന്നത്. ഇത് അധികാരത്തിന്റെ കാര്യവുമായിരുന്നല്ലോ?
പക്ഷേ ലത്തീൻ സഭയിലെ പിതാക്കന്മാരാകട്ടെ ഭാരതം മൂന്നു സഭകളുടെ അധികാരപരിധിയിൽ വന്നാൽ അതു ഭിന്നതയ്ക്കിടയാക്കുമെന്ന അഭിപ്രായമത്രേ
പുലർത്തിയിരുന്നത്. എന്നാൽ ‘അങ്ങനെ സഭയിലെ വൈവിധ്യം ഐക്യം ഹനിക്കുകയല്ല, പ്രത്യുത അതിനെ കൂടുതൽ സ്പഷ്ടമാക്കുകയാൽ ഓരോ വ്യക്തിസഭയുടെയും അഥവാ റീത്തിന്റെയും പാരമ്പര്യങ്ങൾ ഭദ്രമായും അഭംഗുരമായും നിലനില്ക്കണമെന്നതാണ് കത്തോലിക്കാ സഭയുടെ ലക്ഷ്യം. (OE 2) എന്ന കൗൺസിൽ കാഴ്ചപ്പാടു വിസ്മൃതമാകുന്നിടത്താണ് ഇത്തരം നിലപാടുകൾ ആവിർഭവിക്കുന്നത്. ഈ നിലപാടുകളിലൂന്നിയാണ് ഇവിടെ ‘ഏകറീത്തുവാദം’ ഉയർന്നുവന്നത്. അതിന്റെപേരിലാണ് ഇവിടെ ‘വൈദികമിത്രം’ എന്ന ഒരു മാസിക തന്നെ പ്രസിദ്ധീകൃതമായതും. പൗരസ്ത്യ പാരമ്പര്യത്തിൽപ്പെട്ട ചിലരും ഭാരതവത്ക്കരണത്തിന്റെ പേരിൽ നടത്തിയ നീക്കങ്ങളും സ്വാഭാവികമായും ‘ഏകറീത്തു’ ചിന്തയിലേക്കു നമ്മെ നയിക്കുകയാണ് ചെയ്തത്. കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും എഴുപതുകളിലുമെല്ലാം CBCI യുടെ നേരിട്ടുള്ള അധികാരപരിധിയിലുമായിരുന്നു പൗരസ്ത്യസഭകൾ.
ഇങ്ങനെയൊരു പശ്ചാത്തലത്തിൽ CBCI യിലെ ചർച്ചകൾ പരസ്പരമുള്ള അംഗീകാരത്തിന് ഏറെ സഹായകമായി എന്നു വേണം പറയാൻ.
‘ചർച്ച് ഇൻ ഇന്ത്യ’ സെമിനാറിനു ശേഷം
വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ച കാര്യങ്ങൾ എങ്ങനെ പ്രായോഗികമാക്കാമെന്നുള്ളതിനെക്കുറിച്ച് പല രൂപതകളും ചർച്ചകൾ നടത്തുകയുണ്ടായി. തദനന്തരം നടത്തപ്പെട്ട റീജിയണൽ സമ്മേളനങ്ങളുടെയും പരിസമാപ്തിയായാണ് ബാംഗ്ലൂരിൽ വച്ചു പൊതുസമ്മേളനം നടത്തപ്പെട്ടത്. അതിനെ വിലയിരുത്തി മുന്നോട്ടു പോകാനുള്ള ശ്രമങ്ങളാണു പിന്നീടുള്ള CBCI  സമ്മേളനങ്ങൾ പ്രകടമായത്. 1972-ൽ മദ്രാസിലെ സെയിന്റ് പീറ്റേഴ്‌സ് സെമിനാരിയിൽ വച്ചു നടത്തപ്പെട്ട CBCI  സമ്മേളനത്തിലാണ് എനിക്ക് ആദ്യമായി പങ്കെടുക്കാൻ അവസരമൊരുങ്ങിയത്. സമ്മേളനദിനങ്ങളിൽ എനിക്കു അസാധാരണമായി തോന്നിയതു സർവ്വതും ലത്തീൻ മയമായിരുന്നു എന്നുള്ളതാണ്. എല്ലാവർക്കും സംബന്ധിക്കുവാനായി ലത്തീൻ കുർബാനക്രമമാണ് സജ്ജീകരിച്ചിരുന്നത്. ഭൂരിപക്ഷം മെത്രാന്മാരും ലത്തീൻ സഭയിൽ നിന്നുള്ളവരാകയാൽ ഇതു സ്വഭാവികമായിരുന്നു താനും. പക്ഷേ സഭയിലെ വൈവിധ്യം അവിടെ അവഗണിക്കപ്പെടുകയാണല്ലോ എന്ന ചിന്തയാണ് എന്നിലുണർന്നത്.
ഏതായാലും സഭാന്തരബന്ധവും അവിടെ ചർച്ചാ വിഷയമായെന്നാണ് ഓർമ്മ. അതുകൊണ്ടാവണം CBCI യുടെ അടുത്ത സമ്മേളനത്തിൽ (കൽക്കട്ട-1974) സഭകളുടെ വൈവിധ്യത്തോടു ബന്ധപ്പെട്ട വാദഗതികൾ ഉന്നയിക്കാൻ അവസരമൊരുങ്ങിയത്. സിറോ മലബാർ സഭയുടെ പ്രതിനിധിയായി നമ്മുടെ സഭയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിക്കാൻ നിയോഗിക്കപ്പെട്ടത് ബ. മല്പാൻ വെള്ളാനിക്കലച്ചനായിരുന്നു. ലത്തീൻ സഭാ
പ്രതിനിധിയായി ബ. അലൻ ഡലാസ്റ്റിക്കും മലങ്കര സഭയിൽ നിന്നും അഭിവന്ദ്യ ഗ്രിഗോറിയോസ് പിതാവുമായിരുന്നെന്നാണ് ഓർമ്മ. ചർച്ചകൾ വിഷയങ്ങളെ വിശദമായി അപഗ്രഥന വിധേയമാക്കിയെങ്കിലും വ്യക്തമായ തീരുമാനങ്ങളൊന്നും ഉരുത്തിരിഞ്ഞില്ല. ചർച്ചകൾ വീണ്ടും തുടരേണ്ടി വന്നെങ്കിലും പ്രശ്‌നം എല്ലാ വേദികളിലും സജീവമായി. ചർച്ചകളിലൂടെ ഉദ്ദേശിച്ച ഫലം നേടാനായില്ലെങ്കിലും ചിലരിലെങ്കിലും സഭയുടെ വൈവിധ്യമെന്ന യാഥാർത്ഥ്യത്തെക്കുറിച്ചു ബോധ്യമുളവാക്കാൻ അതു സഹായകമായി. വത്തിക്കാൻ കൗൺസിൽ പറഞ്ഞുവച്ച പൗരസ്ത്യ സഭകളുടെ അജപാലന പ്രേഷിതരംഗത്തെ തുല്യാവകാശത്തോട് ഒട്ടും താത്പര്യമില്ലാത്തയാളായിരുന്നു ആഗ്രാ ആർച്ചുബിഷപ്പ് അഭിവന്ദ്യ അഥേയ്ഡ്
പിതാവ്. പക്ഷേ 1974 -ലെ CBCI മീറ്റിംഗിലെ ചർച്ചകളുടെ പരിണിതഫലമെന്നോണം തന്റെ ധാരണകളെ തിരുത്തുവാൻ അദ്ദേഹം തയ്യാറായി. അഭിവന്ദ്യ പടിയറ പിതാവിന്റെ സുഹൃത്തുകൂടിയായിരുന്ന അദ്ദേഹം ആഗ്രാ അതിരൂപതയിലെ ഏതാനും ജില്ലകളിൽ പ്രേഷിതപ്രവർത്തനത്തിനു ചങ്ങനാശ്ശേരി അതിരൂപതയെ ക്ഷണിക്കുകയും ചെയ്തു. അന്നു രൂപതാ ചാൻസലറായിരുന്ന ബ. വട്ടക്കുഴിയിലച്ചനും രണ്ടു മൂന്നു വൈദികരും സ്ഥലം സന്ദർശിക്കുകയും അനുകൂലമായ റിപ്പോർട്ടു നല്കുകയും ചെയ്തു. തദനുസൃതം കൈക്കൊണ്ട ഉചിതമായ നടപടികളാണു നമ്മുടെ ഇറ്റാവാ മിഷനു പ്രാരംഭം കുറിച്ചത്. ഇവയെല്ലാം ഒരർത്ഥത്തിൽ സഭകളുടെ യഥാർത്ഥ വൈവിധ്യം അംഗീകരിക്കപ്പെടുന്നതിലേയ്ക്കുള്ള ചുവടുവയ്പുകളായിരുന്നു.
ഇതിനിടയ്ക്കു പാറ്റ്‌നായിൽവച്ചു ബ. അമലോത്ഭവദാസ് അച്ചന്റെ നേതൃത്വത്തിൽ 1973-ൽ സുവിശേഷവത്ക്കരണത്തെക്കുറിച്ചു ഒരു അഖിലേന്ത്യാ സമ്മേളനം (National consultation on Evangelization) നടത്തപ്പെടുകയും അത് ഭാരതമെങ്ങും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അവിടെ വ്യക്തിസഭകളുടെ പ്രശ്‌നം കടന്നു വന്നു. ഇതിലേക്കു വിരൽ ചൂണ്ടുന്നതായിരുന്നു സമ്മേളനത്തിലെ മുഖ്യപ്രഭാഷണത്തിന്റെ ആരംഭത്തിൽ ബ. അമലോത്ഭവദാസച്ചൻ പറഞ്ഞു വച്ച വാക്കുകൾ. ‘The Church in India is a communion of 93 dioceses’ എന്ന അച്ചന്റെ പ്രസ്താവനയുടെ ഔചിത്യത്തെ ചോദ്യം ചെയ്ത് ഒരു മെത്രാൻ പ്രതികരിച്ചത് ‘You should also say that the Church is a communion of three Individual Churches’ എന്നായിരുന്നു. ഇതു പക്ഷേ അവിടെ സമ്മേളിച്ചിരുന്ന യൂറോപ്പ്, ഗോവ. ബോംബെ, മംഗലാപുരം തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള ബഹുഭൂരിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കി. വ്യക്തിസഭകളുടെ കൂട്ടായ്മയാണെന്നു പറഞ്ഞുവച്ച മെത്രാനെ ‘Jungle bishop’ എന്നുവരെ മുദ്ര ചാർത്തിയായിരുന്നു ചിലരുടെ പ്രതിഷേധം. ഈ സംഭവവും CBCI യുടെ 1974-ലെ സമ്മേളനത്തിനു കളമൊരുക്കിയിരിക്കണം.
CBCI യിലും കമ്മറ്റികളിലും ചർച്ച
പൗരസ്ത്യർ ലോകത്തെവിടെയായിരുന്നാലും അവരുടെ പാരമ്പര്യം പാലിക്കണമെന്നും ആവശ്യമായ സ്ഥലങ്ങളിൽ ഇടവകകളോ വേണമെങ്കിൽ രൂപതകളും സ്ഥാപിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടിരുന്നല്ലോ. ഭാരതത്തിന്റെ നാനാഭാഗങ്ങളിലായി ധാരാളം സീറോ മലബാർ വിശ്വാസികൾ പഠനത്തിനും ജോലിക്കും മറ്റുമായി താമസമാക്കിയിട്ടുണ്ട്. ഇവരുടെ അജപാലന ശുശ്രൂഷ അടിയന്തരമായി നിർവ്വഹിക്കേണ്ടതാണെന്ന ചിന്ത CBCI  യിലും സ്റ്റാൻഡിംഗ് കമ്മിറ്റിയിലും മറ്റും ചർച്ചയ്ക്കു വിധേയമായതാണ്. പക്ഷേ കൃത്യമായ വിവരങ്ങളെല്ലാം ലഭ്യമായിരുന്നില്ല. എന്നാൽ 1978 സെപ്റ്റംബർ 8-ന് വാഴ്ത്തപ്പെട്ട ജോൺ പോൾ ഒന്നാമൻ അഭിവന്ദ്യ പടിയറ പിതാവിനെ ഈ വിവരങ്ങൾ ശേഖരിച്ച് സമഗ്രമായ ഒരു പ്രായോഗിക റിപ്പോർട്ടു സമർപ്പിക്കുന്നതിനായി ഒരു ‘അപ്പസ്‌തോലിക്ക് വിസിറ്റേറ്ററാ’യി നിയമിച്ചു. ബ. സേവ്യർ കൂടപ്പുഴയച്ചൻ ഔദ്യോഗിക സെക്രട്ടറിയായും നിയമിക്കപ്പെട്ടു. അവർ വിശദമായ പഠനങ്ങൾക്കു ശേഷം തയ്യാറാക്കിയ സമഗ്രമായ റിപ്പോർട്ട്
റോമിനു സമർപ്പിച്ചുവെങ്കിലും അപ്പോഴേക്കും ജോൺ പോൾ ഒന്നാമൻ മാർപാപ്പാ കാലം ചെയ്തിരുന്നു.
ഈ റിപ്പോർട്ടും CBCI യിലെ ചർച്ചകൾക്ക് ആക്കം കൂട്ടാൻ സഹായകമായി. 1974 മുതൽ എനിക്ക് CBCI സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗത്വം ലഭിച്ചു. അതുകൊണ്ടു സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പലപ്പോഴും ഈ വിഷയം ഉന്നയിക്കാൻ കഴിഞ്ഞിട്ടുണ്ട്. എൺപതുകളുടെ ആരംഭത്തിൽ നടന്ന ഒരു സുപ്രധാന സംഭവം തൃശിനാപ്പള്ളിയിൽ നടത്തപ്പെട്ട CBCI സമ്മേളനമായിരുന്നു. ലത്തീൻ സഭയിൽ നിന്നും ആർച്ചുബിഷപ്പ് ഹെൻട്രി ഡിസൂസയും മലങ്കര കത്തോലിക്കാ സഭയിൽ നിന്നും അഭിവന്ദ്യ സിറിൾ പിതാവും സീറോ മലബാർ സഭയ്ക്കായി ഞാനുമാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. CBCI സമ്മേളനത്തിൽ വച്ച് വിശദമായ ചർച്ചകൾ നടന്നു. താമസിയാതെ സഭകൾ തമ്മിലുള്ള പ്രശ്‌നം ചർച്ച ചെയ്തു പ്രയോഗിക നിഗമനത്തിലെത്താൻ ഒരു Inter- Ritual Committee രൂപം കൊണ്ടു. പിന്നീട് ആ വേദിയിലായിരുന്നു കൂടുതൽ ചർച്ചകൾ നടന്നത്. റിപ്പോർട്ടുകൾ യഥാസമയം സ്റ്റാൻഡിംഗ് കമ്മിറ്റിക്കു നല്കുക പതിവായിരുന്നു. കുറെയേറെ തുടർചർച്ചകൾക്കുള്ള വേദിയായി സ്റ്റാൻഡിംഗ് കമ്മിറ്റി നിലകൊണ്ടു. ഇടയ്ക്ക് മിഷൻ പ്രദേശങ്ങളിലെ ദൗത്യ നിർവ്വഹണത്തെപ്പറ്റി ചർച്ച ചെയ്യാൻ പ്രത്യേകമായി ഒരു ‘Commission for Evangelization’ നും രൂപീകൃതമായി. പിന്നീട് ഇവ രണ്ടുംകൂടി ഒന്നാക്കിത്തീർത്തുവെന്നും കേട്ടു. ഈ ചർച്ചകൾകൊണ്ടൊന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഒരു പൊതു അവബോധം സൃഷ്ടിക്കുന്നതിനു ചർച്ചകൾ സഹായകമായി എന്നു പറയാതിരിക്കാനാവില്ല. (തുടരും…)