വിശുദ്ധ ഡൊമിനിക് സാവിയോ (1842-1857) തിരുനാൾ: മെയ്-5

പാപബോധം ഏതാണ്ട് പൂർണ്ണമായി നഷ്ടപ്പെട്ട ഒരു തലമുറയിൽ ജീവിക്കുന്ന ഇന്നത്തെ യുവതീയുവാക്കൾക്ക് നന്മയുടെയും വിശുദ്ധിയുടെയും നിദർശനമായ
വിശുദ്ധ ഡൊമിനിക് സാവിയോ (St. Dominic Savio) ഒരു വെല്ലുവിളിയും ഉത്തമ മാതൃകയുമാണ്. വിശ്വവിഖ്യാതനായ വിശുദ്ധ ഡോൺ ബോസ്‌കോയുടെ ഓററ്ററിയിൽ അദ്ദേഹത്തിന്റെ കണ്ണിലുണ്ണിയായി ജീവിച്ച ഈ പുണ്യവാൻ നന്നേ ചെറുപ്പത്തിലേ പുണ്യപൂർണ്ണതയുടെ പടികൾ ചവിട്ടിക്കയറി.
ആ ഹ്രസ്വജീവിതത്തിന്റെ ചരിത്രം ഒരു സ്‌നേഹഗാഥയാണ്. അത് വളരുന്ന തലമുറയ്ക്ക് എന്നും ഉത്തേജകമായിരിക്കും.
ജനനം, ബാല്യം, വിദ്യാഭ്യാസം
1842 ഏപ്രിൽ 2-ാം തീയതി ഇറ്റലിയിലെ റീവാ എന്ന പ്രദേശത്ത് ഒരു ദരിദ്രകുടുംബത്തിൽ ഡൊമിനിക് ജനിച്ചു. ചാൾസ്, ബ്രിജിത്ത എന്നിവരായിരുന്നു മാതാപിതാക്കൾ. അവർ ഭൗതികമായി ദരിദ്രരായിരുന്നെങ്കിലും ആത്മീയമായി സമ്പന്നരായിരുന്നു; വിശ്വാസത്തിലും ദൈവഭക്തിയിലും ആ കുടുംബം മുൻനിരയിൽ തന്നെയായിരുന്നു. കുഞ്ഞ് ജനിച്ച പ്രഭാതത്തിൽ അവൻ ദുർബ്ബലനായി കാണപ്പെട്ടതുകൊണ്ട് അന്നു വൈകിട്ടു തന്നെ അവനു മാമ്മോദീസ നൽകാൻ പിതാവ് ഇടവകദൈവാലയത്തിലേക്ക് ഓടി. ജ്ഞാനസ്‌നാനത്തിനു ശേഷം അവന്റെ അരോഗ്യനില മെച്ചപ്പെട്ടു. ബാല്യം മുതലേ പരിശുദ്ധ കുർബ്ബാനയിൽ ശുശ്രൂഷിക്കുന്നത് അവന് ഏറ്റം സന്തോഷകരമായിരുന്നു. ഏതാണ്ട് അഞ്ചു വയസ്സിലാണ് അവൻ അൾത്താരബാലനായി ശുശ്രൂഷ ആരംഭിച്ചത്. അന്നുമുതൽ എന്നും അവൻ പ്രഭാതത്തിൽ 5 മണിയാകുമ്പോൾ ഇടവകപ്പള്ളിയിലെത്തും. പള്ളി തുറന്നിട്ടില്ലെങ്കിൽ അവൻ മുറ്റത്ത് ദൈവാലയകവാടത്തിൽ മുട്ടുകുത്തി നിൽക്കും. മഴയിലും മഞ്ഞിലും ഇതായിരുന്നു അവന്റെ പെരുമാറ്റം. ദൈവാലയം തുറക്കുന്നതുവരെ പ്രാർത്ഥനയിൽ ലയിച്ച്, അവൻ അങ്ങിനെ നിലകൊള്ളും. അന്നു തുടങ്ങിയ അവന്റെ ദിവ്യകാരുണ്യ ഭക്തി വളരും തോറും വർദ്ധിച്ചു വന്നു.
രണ്ടു നാഴിക നടന്നാണ് ഡൊമിനിക് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്.
പത്താമത്തെ വയസ്സിൽ വീട്ടിൽ നിന്ന് ദിനംപ്രതി 14 കിലോമീറ്റർ നടന്ന് കാസ്റ്റൽ നോവോയിൽ പഠനം ആരംഭിച്ചു. 1852-ൽ സാവിയോക്കുടുംബം മൊണ്ടാനോയോയിലേക്കു താമസം മാറ്റി. സ്‌കൂളിൽ അദ്ധ്യാപകർക്കും സഹപാഠികൾക്കും സൽസ്വഭാവിയായ ഈ കുട്ടി പ്രിയംകരനായിരുന്നു.
ആദ്യകുർബ്ബാന സ്വീകരണവും ഒരു സുപ്രധാന തീരുമാനവും
ഏഴാമത്തെ വയസ്സിലായിരുന്നു ഡൊമിനിക്കിന്റെ പ്രഥമദിവ്യകാരുണ്യസ്വീകരണം. തലേദിവസം അവൻ തന്റെ പ്രിയപ്പെട്ട അമ്മയോട് തന്റെ തെറ്റുകളെല്ലാം ക്ഷമിക്കണമെന്നും, താൻ ഭാവിയിൽ നന്നായി പെരുമാറിക്കൊള്ളാമെന്നും പറഞ്ഞു. ക്ലാസ്സിൽ കൂടുതൽ ശ്രദ്ധയും അനുസരണവുമുള്ള കുട്ടിയായിരിക്കുമെന്നും അവൻ കൂട്ടിച്ചേർത്തു. അമ്മയുടെ സ്‌നേഹം സന്തോഷാശ്രുക്കളായി ബഹിർഗമിച്ചു.
ഈശോയുമായുള്ള പ്രഥമസമാഗമത്തിൽ ഡൊമിനിക് ആനന്ദഭരിതനായി; അവൻ ചില തീരുമാനങ്ങളും പ്രതിജ്ഞകളുമെടുത്തു. അടുക്കലടുക്കൽ കുമ്പസാരിക്കുവാനും, കുമ്പസാരക്കാരൻ അനുവദിക്കുന്ന ദിവസങ്ങളിലെല്ലാം വിശുദ്ധ കുർബ്ബാന സ്വീകരിക്കുവാനും അവൻനിശ്ചയിച്ചു. കടമുള്ള ദിവസങ്ങൾ വിശുദ്ധമായി ആചരിക്കാൻ അവൻ ഇനി കൂടുതൽ ശ്രാദ്ധാലുവായിരിക്കും. ഈശോയും അവിടുത്തെ മാതാവായ മറിയവും തന്റെ സ്‌നേഹിതരായിരിക്കുമെന്നും അവൻ മനസ്സിലുറപ്പിച്ചു.
ഇതിനു പുറമേ അവൻ സുപ്രധാനമായ ഒരു തീരുമാനമെടുത്തു: ഒരു വിശുദ്ധനായിത്തീരണമെന്ന തീരുമാനം. പാപത്തേക്കാൾ മരണം എന്നതായിരുന്നു കൊച്ചു ഡൊമിനിക്കിന്റെ മുദ്രാവാക്യം. ഈ തീരുമാനത്തിൽ നിന്ന് അന്ത്യനിമിഷം വരെ അവൻ വ്യതിചലിച്ചില്ല. ദിവ്യകാരുണ്യസ്വീകരണവും
നിരന്തരമായ പ്രാർത്ഥനയും പ്രസാദവരജീവിതത്തിൽ വളരാൻ അവനെ സഹായിച്ചു.
സ്‌നേഹവും അനുസരണവും
പ്രഥമദിവ്യകാരുണ്യ സ്വീകരണത്തിനുശേഷം പ്രകൃത്യാ സ്‌നേഹശീലനായിരുന്ന അവന്റെ സ്‌നേഹം കൂടുതൽ ഊഷ്മളമായി. എല്ലാവരെയും അവൻ നിർവ്യാജമായി സ്‌നേഹിച്ചു. മാതാപിതാക്കളോടുള്ള സ്‌നേഹവും അനുസരണവും കൂടുതൽ തീക്ഷണമായി. ജോലിചെയ്ത് ക്ഷീണിച്ചു വരുന്ന പിതാവിനെ അവൻ ആശ്വസിപ്പിക്കുമായിരുന്നു. തനിക്കുവേണ്ടി കഠിനവേല ചെയ്യുന്ന അപ്പനേയും സ്‌നേഹനിധിയായ അമ്മയേയും അവൻ നന്ദിപൂർവ്വം ശുശ്രൂഷിച്ചു.
ഡൊമിനിക്കിന്റെ പ്രാർത്ഥനാജീവിതം അവനെ സ്വർഗ്ഗത്തോട് അടുപ്പിച്ചു. മനുഷ്യനല്ല, ഒരു മാലാഖയാണെന്നേ അവനെ കാണുന്നവർക്കു തോന്നൂ. നാലു വയസ്സു മുതൽ പ്രഭാതപ്രാർത്ഥന, രാത്രിജപം, ഭക്ഷത്തിനു മുമ്പുള്ള പ്രാർത്ഥന, ത്രികാലജപം എന്നിവയെല്ലാം അവൻ മുടങ്ങാതെ ചൊല്ലിയിരുന്നു. പ്രാർത്ഥിക്കുന്ന കാര്യം മാതാപിതാക്കൾ മറന്നാലും അവൻ മറന്നിരുന്നില്ല. അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണെന്നും, പ്രാർത്ഥനയാണ് സ്വർഗ്ഗം തുറക്കുന്ന താക്കോലെന്നും ഈ ബാലൻ തന്റെ വിശുദ്ധ ജീവിതം കൊണ്ടു തെളിയിച്ചു. ആത്മശരീരശുദ്ധത അവന്റെ ജീവിത നൈർമ്മല്യത്തിനു മാറ്റു കൂട്ടി.
ഓററ്ററിയിൽ
ഡൊമിനിക്കിന്റെ പുണ്യജീവിതം നിരീക്ഷിച്ചുകൊണ്ടിരുന്ന അവന്റെ ഇടവക വൈദികൻ അവനെ ഡോൺ ബോസ്‌കോയുടെ ഓററ്ററിയിലേക്കു വഴി കാട്ടി. 1854-ൽ അവൻ പൗരോഹിത്യത്തെ ലക്ഷ്യമാക്കി ഓററ്ററിയിൽ പ്രവേശിച്ചു. അവിടെ അവന്റെ മധുരശീലം അവനെ ഡോൺ ബോസ്‌കോയ്ക്ക് പ്രിയംകരനാക്കി. ട്യൂറിനിലെ ഈ ഓററ്ററി ഒരു സെമിനാരി മാത്രമായിരുന്നില്ല. അവിടെ വൈദികവിദ്യാർത്ഥികൾക്കു പുറമേ മറ്റു കുട്ടികളും ഉണ്ടായിരുന്നു. അവരുടെ സ്വഭാവരൂപവൽക്കരണമായിരുന്നു ഡോൺ ബോസ്‌കോയുടെ ലക്ഷ്യം. ചീത്തക്കുട്ടികൾ എന്നൊരു കൂട്ടരേ ഇല്ലെന്നായിരിന്നു അദ്ദേഹത്തിന്റെ വിശ്വാസം.
ഏതായാലും ഇങ്ങനെയൊരു സമൂഹത്തിൽ വഴക്കുകളും ഏറ്റുമുട്ടലുകളും അസാധാരണമായിരുന്നില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഡൊമിനിക് ഇടപെട്ട് സമാധാനം പുനഃസ്ഥാപിച്ചിരുന്നു. സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ!
അമലോത്ഭവ സൊഡാലിറ്റി
ഡൊമിനിക് ഓററ്ററിയിൽ ചേർന്ന അതേ വർഷത്തിലാണ് (1854-ൽ) ദൈവമാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിക്കപ്പെട്ടത്. ഓററ്ററിയിൽ അന്നു നടന്ന ആഘോഷങ്ങൾക്കുശേഷം ഡൊമിനിക് തന്നെത്തന്നെ പൂർണ്ണമായി പരിശുദ്ധ മറിയത്തിനു സമർപ്പിച്ചു. ഈശോയേയും മറിയത്തെയും തന്റെ സ്‌നേഹിതരായി അവൻ സ്വീകരിച്ചു. അമലോത്ഭവസത്യപ്രഖ്യാപനത്തിനു ശേഷം ലൂർദ്ദിൽ വിശുദ്ധ ബർണർദീത്തയ്ക്കുണ്ടായ ദൈവമാതൃദർശനങ്ങൾ ആ സത്യത്തെ ഉറപ്പിച്ചു. അമലോത്ഭവഭക്തി പ്രചരിപ്പിക്കുന്നതിനായി ഓററ്ററിയിൽ അധികാരികളുടെ അനുവാദത്തോടെ ഡൊമിനിക് അമലോത്ഭവ
സൊഡാലിറ്റി (Immaculate Sodality) ആരംഭിച്ചു.
അന്തിമനാളുകൾ, മരണം, നാമകരണം
നിഷ്‌കളങ്കതയുടെയും നിർമ്മലതയുടെയും നിറകുടമായിരുന്ന ഈ ബാലൻ ഭൂമിയിൽ അധിക കാലം ജീവിക്കാൻ ദൈവം അനുവദിച്ചില്ല. ഓററ്ററിയിൽ പ്രവേശിച്ചപ്പോൾ തന്നെ ക്ഷീണിതഗാത്രനായിരുന്ന ഡൊമിനിക് അവിടുത്തെ മൂന്നു വർഷക്കാലത്തെ ജീവിതം കൊണ്ട് ഒന്നുകൂടി ക്ഷീണിതനായി. ഡോൺ ബോസ്‌കോയുടെ സ്‌നേഹിതനായ ഒരു ഡോക്ടർ കുട്ടിയെ പരിശോധിച്ചു. വീട്ടിൽ പോയി വിശ്രമിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതനുസിരച്ച് ഡൊമിനിക് സ്വഭവനത്തിലേക്കു മടങ്ങി. പിന്നെ മരണത്തിനുള്ള ഒരുക്കമായിരുന്നു അവന്റെ വിശ്രമം. 1857 മാർച്ച് 9-ാം തീയതി ആ പരിശുദ്ധ ബാലൻ സ്വർഗ്ഗീയഭവനത്തിലേക്കു യാത്രയായി. 1954 ജൂൺ 12-ാം തീയതി പന്ത്രണ്ടാം പീയസ് മാർപ്പാപ്പ ഈ പതിനഞ്ചുകാരനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഉപസംഹാരം
ഒരു സന്ന്യാസസമൂഹത്തിന്റെയും അംഗമല്ലാതിരുന്നിട്ടും സുവിശേഷപുണ്യങ്ങളായ ദാരിദ്ര്യവും അനുസരണവും ബ്രഹ്മചര്യവും വിശുദ്ധ ഡൊമിനിക്കിന്റെ ജീവിതത്തെ ശോഭനമാക്കി. പ്രാർത്ഥനാജീവിതവും സ്‌നേഹതീക്ഷ്ണതയും സഹനവും
അവന്റെ വിശുദ്ധിയെ മിഴിവുറ്റതാക്കി. ദിവ്യകാരുണ്യഭക്തിയും ദൈവമാതൃഭക്തിയും എളിമയും അവൻ അഭ്യസിച്ചു. പ്രലോഭനങ്ങളുടെ പ്രളയത്തിൽ പെട്ട് നട്ടംതിരിയുന്ന ഇന്നത്തെ യുവജനങ്ങൾക്ക് ഈ കൊച്ചു പുണ്യവാൻ വഴികാട്ടിയും മദ്ധ്യസ്ഥനുമാണ്.