മാർത്തോമ്മാ നസ്രാണി സഭാചരിത്രം -16 ഉദയമ്പേരൂരിൽനിന്നും കൂനൻകുരിശിലേയ്ക്ക

1599 ഡിസംബർ 20-ന് ക്ലെമന്റ് എട്ടാമൻ മാർപ്പാപ്പ ഫ്രാൻസിസ് റോസ് എന്ന ഈശോസഭാ വൈദികനെ മാർത്തോമ്മാ നസ്രാണികളുടെ ആദ്യത്തെ ലത്തീൻ മെത്രാപ്പോലീത്തയായി നിയമിച്ചു. റോസ് മാർത്തോമ്മാ നസ്രാണികൾക്ക് പരിചിതനായിരുന്നു. നസ്രാണികളുടെ കാര്യങ്ങൾ അറിയുന്നയാളുമായിരുന്നു. 1601 ജനുവരി 8-ന് ഗോവയിൽ വച്ച് റോസ് മെത്രാൻ അഭിഷിക്തനായി. അതേ വർഷം മെയ് ഒന്നിന് അദ്ദേഹം അങ്കമാലിയിൽ എത്തിച്ചേരുകയും ഭരണം ഏറ്റെടുക്കുകയും ചെയ്തു. മാർത്തോമ്മാ നസ്രാണികളെ കൽദായ കത്തോലിക്കാ പാത്രിയാർക്കീസിന്റെ ഭരണാധികാരത്തിൽനിന്ന് വിടുവിച്ച് പദ്രവാദോ ലിത്തീൻ ഭരണത്തിൻ കീഴിൽ കൊണ്ടുവരാനുള്ള പോർട്ടുഗീസുകാരുടെ സംഘടിതശ്രമം ഉദയമ്പേരൂർ സൂനഹദോസോടുകൂടെ അങ്ങനെ യാഥാർത്ഥ്യമായിത്തീർന്നു. 1896 ജൂലൈ 28-ന് മൂന്നു വികാരിയാത്തുകൾ സ്ഥാപിക്കുകയും സ്വദേശികളായ അപ്പോസ്‌തോലിക വികാരിമാരെ നിയമിക്കുകയും ചെയ്തതുവരെ ലത്തീൻ ഭരണാധികാരം തുടർന്നു.
മാർത്തോമ്മാ നസ്രാണികളുടെ ആദ്യത്തെ ലത്തീൻ മെത്രാപ്പോലീത്തയായ ഫ്രാൻസിസ് റോസ് ട.ഖ. റോമൻ കൂദാശക്രമപുസ്തകത്തിന്റെ സുറിയാനി വിവർത്തനമനുസരിച്ച് കൂദാശകൾ പരികർമ്മം ചെയ്യുന്നതുൾപ്പെടെ ഉദയമ്പോരൂർ സൂനഹദോസിന്റെ ആരാധനക്രമപരമായ നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിൽ വരുത്തി. കൂദാശകളുടെ പരികർമ്മത്തിന് ലത്തീൻ ആരാധനക്രമ ഗ്രന്ഥങ്ങൾ സുറിയാനിയിൽ ഉപയോഗിക്കാൻ റോസ് വൈദികരെ നിർബ്ബന്ധിച്ചു. ഉദയമ്പേരൂർ സൂനഹദോസും മെനേസ്സിസ് മെത്രാപ്പോലീത്തായും വരുത്തിയ മാറ്റങ്ങൾക്ക് പുറമേ റോസ് മെത്രാൻ റോമൻ ആരാധനക്രമ ഗ്രന്ഥത്തിനനുസൃതമായി പല കാര്യങ്ങൾ കൂട്ടിച്ചേർച്ചു. വിവിധ പൗരസ്ത്യ സുറിയാനി ഘടകങ്ങൾ ഉപേക്ഷിച്ചു. കുർബ്ബാനക്രമം പുനഃക്രമീകരിച്ചു.
അങ്കമാലി അതിരൂപത തരംതാഴ്ത്തപ്പെടുന്നു
1599 ഡിസംബർ 20-ന് ക്ലെമന്റ് എട്ടാമൻ മാർപ്പാപ്പ അങ്കമാലി അതിരൂപതയുടെ അതിരൂപതാ പദവി ഇല്ലാതാക്കുകയും ലീത്തീൻ അതിരൂപതയായ ഗോവയുടെ ഒരു സാമന്ത രൂപതയായി അതിനെ തരം താഴ്ത്തുകയും ചെയ്തു. അതിനുശേഷം അങ്കമാലിരൂപത, ഗോവയുടെ മറ്റ് രണ്ടു സാമന്ത രൂപതകളായ കൊച്ചി, മൈലാപ്പൂർ എന്നിവയോടൊപ്പം ലത്തീൻ സഭയിലെ ഒരു പ്രവിശ്യയുടെ ഭാഗമായിത്തീർന്നു. തോമ്മാശ്ലീഹായുടെ കാലം മുതൽ ഇന്ത്യയിൽ നിലനിന്നിരുന്ന മാർത്തോമ്മാ നസ്രാണികളുടെ സഭാ സിംഹാസനത്തിന്റെ മെത്രാപ്പോലീത്തൻ പദവി ഇല്ലാതാക്കിയതും അതിനെ 1533 -ൽ സ്ഥാപിതമായ ഗോവയുടെ സാമന്ത രൂപതയായി തരംതാഴ്ത്തിയതും മാർത്തോമ്മാ നസ്രാണികൾക്കിടയിൽ വലിയ കോളിളക്കമുണ്ടാക്കി.
മാർത്തോമ്മാ നസ്രാണികളുടെമേൽ
പോർട്ടുഗീസ് രക്ഷാധികാരം അടിച്ചേല്പിക്കുന്നു
1600 ഓഗസ്റ്റ് 4-ന് ക്ലെമന്റ് എട്ടാമൻ മാർപ്പാപ്പ മാർത്തോമ്മാ നസ്രാണികളുടെ അങ്കമാലി അതിരൂപതയെ പോർട്ടുഗീസ് രാജാവിന്റെ സംരക്ഷണാധികാരത്തിന് ഏല്പിച്ചുകൊടുത്തു. ആദ്യമൊക്കെ, വിജാതീയ രാജ്യങ്ങളെയും പ്രദേശങ്ങളെയും വെട്ടിപ്പിടിക്കാനും അധീനതയിലാക്കാനും അവിടെയുള്ള ജനങ്ങളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിക്കാനും അവിടെയൊക്കെ രൂപതകളും പള്ളികളും സ്ഥാപിക്കുവാനുമായി മാർപ്പാപ്പാമാർ പോർട്ടുഗീസ് രാജാക്കന്മാർക്ക് നേരിട്ട് നൽകുന്നതായിരുന്നു സംരക്ഷണാധികാരാവകാശം (Padroado Right). എന്നാൽ മാർത്തോമ്മാനസ്രാണികളുടെ കാര്യത്തിൽ, മാർത്തോമ്മാ ശ്ലീഹായുടെ കാലം മുതൽ നില നിന്നിരുന്ന ഒരു പൗരസ്ത്യ വ്യക്തിസഭയെ കീഴടക്കുകയും അതിന്റെ സ്വയംഭരണാവകാശമുള്ള അതിരൂപതാ പദവിയും പൈതൃകവും വ്യക്തിത്വവും ഇല്ലാതാക്കുകയും അതിനെ, അടുത്തകാലത്തു മാത്രം സ്ഥാപിതമായ ഒരു മിഷൻ അതിരൂപതയുടെ സാമന്തരൂപതയാക്കി തരം താഴ്ത്തുകയും പോർട്ടുഗീസ് രാജാവിന്റെ നിയമപാലനാധികാരത്തിന് വിധേയമാക്കുകയും ചെയ്യുകയാണു ചെയ്തത്. അങ്ങനെ, അങ്കമാലി രൂപത എപ്പോഴൊക്കെ ഒഴിഞ്ഞു കിടക്കുന്നുവോ അപ്പോഴൊക്കെ അവിടെ നിയമിക്കേണ്ടതിന് മേലദ്ധ്യക്ഷനെ മാർപ്പാപ്പായ്ക്ക് സമർപ്പിക്കാനുള്ള പരമാധികാരം പോർട്ടുഗീസ് രാജാവിന് ലഭ്യമായി.
ആസ്ഥാനമാറ്റവും മെത്രാപ്പോലീത്താ പദവിയുടെ പുനഃസ്ഥാപനവും
അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്താ പദവി ഇല്ലാതാക്കിയതും ഗോവയുടെ സാമന്തരൂപതയായി അതിനെ തരം താഴ്ത്തിയതും മാർത്തോമ്മാ
നസ്രാണികൾക്ക് വലിയ വേദന ഉളവാക്കി. സ്വയം ഭരണാവകാശമുള്ള അതിരൂപതാ പദവി പുനഃസ്ഥാപിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിരവധി നിവേദനങ്ങൾ മാർത്തോമ്മാ നസ്രാണികൾ റോമിലേയ്ക്കയച്ചു. മെത്രാപ്പോലീത്തായുടെ വസതി അങ്കമാലിയിൽ നിന്ന് പോർട്ടുഗീസുകാരെ ഭയന്ന് തങ്ങൾ മുമ്പ് ഉപേക്ഷിച്ചുപോന്ന കൊടുങ്ങല്ലൂരിലേക്ക് മാറ്റണമെന്നും റോസ് മെത്രാന്റെ നിർബ്ബന്ധത്താൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ മാർപ്പാപ്പായോട് അപേക്ഷിച്ചു.
കൊടുങ്ങല്ലൂർ ഈ സമയം കൊച്ചി മെത്രാന്റെ നിയമപാലനാധികാരത്തിൻ കീഴിലായിരുന്നു. ആസ്ഥാനമാറ്റം കൊച്ചിമെത്രാന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണമുളവാക്കി. അങ്ങനെ ഈശോസഭക്കാരനായ ഫ്രാൻസിസ് റോസ് മെത്രാനും ഫ്രാൻസിസ്‌കൻ സഭക്കാരനായ കൊച്ചിയിലെ ആൻഡ്രൂസ് മെത്രാനും (1588-1615), അവർ ഉൾപ്പെടുന്ന സന്ന്യാസ സമൂഹങ്ങൾ തമ്മിലും സംഘർഷം ഉണ്ടായി. മാർപ്പാപ്പ പ്രശ്‌നത്തിൽ ഇടപെടുകും ചെയ്തു.
ഇതിനിടയിൽ തങ്ങളുടെ സഭയുടെ മെത്രാപ്പോലീത്താ പദവി പുനഃസ്ഥാപിക്കണമെന്നുള്ള മാർത്തോമ്മാ നസ്രാണികളുടെ നിരന്തരമായ അപേക്ഷയ്ക്ക് ഫലമുണ്ടായി. പോൾ അഞ്ചാമൻ മാർപ്പാപ്പ 1608 ഡിസംബർ 22-ന് മാർത്തോമ്മാ ക്രിസ്ത്യാനികളെ ഗോവയുടെ അതിരൂപതാവകാശത്തിൽ നിന്നു മോചിപ്പിച്ച് അങ്കമാലിയുടെ അതിരൂപതാസ്ഥാനം തിരിച്ചു നൽകുകയും ചെയതു.
മാർത്തോമ്മാ നസ്രാണികളെ സംബന്ധിച്ചുള്ള പോർട്ടുഗീസുകാരുടെ ഏതാനും
പദ്ധതികൾ മുൻപ് വിവരിച്ചിട്ടുള്ളതാണല്ലോ.
ഉദയമ്പേരൂർ സൂനഹദോസ് കഴിഞ്ഞപ്പോൾ ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നതായിട്ടാണ് ചരിത്രം സാക്ഷിക്കുന്നത്.
റോസ് മെത്രാനെ നിയമിച്ചതോടുകൂടി പുരാതനകാലം മുതലേ നിലനിന്നുരുന്ന മാർത്തോമ്മാ നസ്രാണികളുടെ കൽദായ ബന്ധം വിഛേദിക്കപ്പെട്ടു. അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ പദവി ഇല്ലാതാക്കി. റോസ് മെത്രാൻ സുറിയാനി റീത്തിനു പകരം ലത്തീൻ റീത്ത് നടപ്പിൽ വരുത്താൻ ശ്രമിച്ചു. സുറിയാനി ഭാഷയിൽ
പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം ലത്തീൻ കൂദാശക്രമങ്ങൾ സുറിയാനിയിലേയ്ക്ക് തർജ്ജിമ ചെയ്ത് മാർത്തോമ്മാ നസ്രാണി സഭയിൽ നടപ്പിൽ വരുത്താൻ ശ്രമിച്ചു. ചുരുക്കത്തിൽ ഉദയമ്പേരൂർ സൂനഹദോസിനു ശേഷമുള്ള മാർത്തോമ്മാ
നസ്രാണി സഭയുടെ ചരിത്രം മാർത്തോമ്മാ നസ്രാണി സഭയുടെ പൈതൃകത്തിനും
പാരമ്പര്യത്തിനും മങ്ങലേൽപിക്കുന്നവയായിരുന്നു. (തുടരും)