സാറൂഖിലെ മാർ യാക്കോബ് (ca. 451 – 521 AD)

‘റൂഹായുടെ കിന്നരം’ എന്ന അപരനാമത്താൽ കീർത്തിതനായ മാർ അപ്രേമിനുശേഷം സുറിയാനിസഭകൾ കണ്ട അനുഗൃഹീത കവിയായിരുന്നു സിറിയായിലെ സാറൂഖ് പ്രവിശ്യായിലെ ബത്‌നാൻ എന്ന സ്ഥലത്തെ മെത്രാനായിരുന്ന മാർ യാക്കോബ് (Mar Jacob of Serugh). ദൈവശാസ്ത്രജ്ഞർക്കിടയിലെ കവിയും, കവികൾക്കിടയിലെ ദൈവശാസ്ത്രജ്ഞനുമായിരുന്ന അദ്ദേഹം ഒരു ബഹുമുഖപ്രതിഭയായിരുന്നു. സുറിയാനിസഭകളിലെ പാട്ടുകാരനായി അറിയപ്പെട്ടിരുന്ന മാർ അപ്രേമിന്റെ ദൈവശാസ്ത്രചിന്തകളും, ഭാഷാരീതിയും, കാവ്യശൈലിയുമൊക്കെ പിൻതുടരാനാഗ്രഹിച്ച മാർ യാക്കോബിനെ’റൂഹായുടെ പുല്ലാങ്കുഴൽ’ എന്നു വിളിക്കാറുണ്ട്. വളരെ ചെറുപ്പത്തിൽ 22-ാം വയസ്സിൽ തന്നെ രചനാലോകത്തിലേക്ക് കടന്ന അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് അടർന്നുവീണ കൃതികൾ നിരവധിയാണ്. എദ്ദേസ്സായിലെ പ്രശസ്തമായ ദൈവശാസ്ത്രകലാലയത്തിൽനിന്നും പരിശീലനം നേടിയ അദ്ദേഹം വിശുദ്ധലിഖിതങ്ങളും വിശ്വാസസത്യങ്ങളുമൊക്കെ വിവിധ സാഹിത്യരൂപങ്ങളുപയോഗിച്ച് അനായാസം വിശദീകരിക്കുവാൻ കഴിവുണ്ടായിരുന്ന അസാധാരണ തൂലികയ്ക്കുടമയായിരുന്നു.
വിശുദ്ധലിഖിതങ്ങൾക്ക് അദ്ദേഹം മനോഹരങ്ങളായ വ്യാഖ്യാനങ്ങളെഴുതി.ഏകദ്ദേശം 763 മെമ്രാ(പ്രസംഗങ്ങൾ)കളും,ഒട്ടനവധി മദ്രാശ(കീർത്തനങ്ങൾ)കളും, തുർഗാമ (വ്യാഖ്യാനഗീതങ്ങൾ)കളും, സോഗീസാ (സംവാദഗീതങ്ങൾ)കളും, ജീവചരിത്രങ്ങളും, ലേഖനങ്ങളുമൊക്കെ അദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. പലതും ഇതുവരെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. മൂന്ന് അനാഫൊറകളും മാറോനീത്താക്കാരുടെ ഒരു മാമ്മോദീസാശുശ്രൂഷയും അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്നു. അദ്ദേഹത്തിൽ വിളങ്ങിയിരുന്ന നിരവധിയായ വരദാനങ്ങൾമൂലം ജനനത്തിൽതന്നെ യാക്കോബ് ഒരു അത്ഭുതശിശുവായിരുന്നുവെന്ന വിശ്വാസം പാരമ്പര്യങ്ങളിൽ കാണാം. അദ്ദേഹത്തിന്റെ വന്ധ്യയായ മാതാവിന്റെ നിരന്തരപ്രാർത്ഥനകൾക്കുത്തരമായി, അവൾക്കുവേണ്ടി കഠിനതാപസനായ ഒരു സന്ന്യാസി നടത്തിയ മാദ്ധ്യസ്ഥ്യപ്രാർത്ഥനയാൽ ദൈവത്തിൽനിന്ന് സമ്മാനമായി കിട്ടിയ ശിശുവായിരുന്നു യാക്കോബ് എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ ജനനതീയതി കൃത്യമായി അറിയില്ലെങ്കിലും ഏകദ്ദേശം 451-ൽ എദ്ദേസ്സായിലെ ‘കുർത്താമിലാണ്’ അദ്ദേഹം ജനിച്ചത്. മൂന്നുവയസ്സുള്ളപ്പോൾ ശിശുവായ യാക്കോബ് ദൈവാലയത്തിൽ പരിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടി
രുന്ന അമ്മയുടെ കരങ്ങളിൽനിന്ന് ഊർന്നിറങ്ങി റൂഹാക്ഷണപ്രാർത്ഥനയുടെ സമയത്ത് മദ്ബഹായിലേക്ക് ഓടികയറിയെന്നും അവിടെവച്ച് ഒരു മാലാഖാ ആ കുഞ്ഞിനെ സവിശേഷമായ ഒരു പാനീയം കുടിപ്പിച്ചുവെന്നുമൊക്കെയാണ് പറയപ്പെടുന്നത്. ചുരുക്കത്തിൽ മാർ യാക്കോബിന്റെ വ്യക്തിത്വവും ജീവിതവുമൊക്കെ അപൂർവങ്ങളിൽ അപൂർവവും ആരിലും വിസ്മയവുംആദരവും ജനിപ്പിക്കത്തക്കവിധം സവിശേഷതകൾ നിറഞ്ഞതുമാണ്.
ദൈവശാസ്ത്രജ്ഞനും, കവിയും, ഉജ്ജ്വലവാഗ്മിയും, ആദ്ധ്യാത്മിക ഉപദേഷ്ടാവുമൊക്കെയായിരുന്ന മാർ യാക്കോബ് പുരോഹിതനായും, കോർഎപ്പിസ്‌ക്കോപ്പായായും, മെത്രാനായും തനിക്ക് ഏല്പ്പിക്കപ്പെട്ടിരുന്ന ജനത്തിന് സ്‌നേഹവും, സംരഷണവും നല്കി നല്ല ഇടയനായി സഭയിൽ പ്രശോഭിച്ചു. മാർ അപ്രേമിനെപ്പോലെ തന്നെ വിശുദ്ധ ലിഖിതങ്ങൾക്ക് ചരിത്രപരമായ ബാഹ്യ അർത്ഥവും(Historical Sense) അതിലൊളിഞ്ഞിരിക്കുന്ന ആദ്ധ്യാത്മികാർത്ഥ (Spiritual Sense) വുമുണ്ടെന്ന് മാർ യാക്കോബ് പഠിപ്പിച്ചു. വിശുദ്ധ ഗ്രന്ഥ വ്യാഖ്യാതാക്കൾ ഈ ആന്തരികാർത്ഥം വിവേചിച്ചറിയാൻ കഴിവുള്ളവരാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു:
പുത്രന്റെ ലിഖിതങ്ങൾ ആഴിയാണ്. ആ ആഴിയിലേക്ക് ഒരു മുത്ത് എറിയപ്പെട്ടിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ വ്യാഖ്യാതാവ്മുത്തുതേടി ആഴക്കടലിൽ ഊളിയിടുന്ന ഒരു മുങ്ങൽ വിദഗ്ദ്ധനാണ്. അയാൾ അത് പുറത്തെടുത്ത് വ്യാപാരികൾക്കായി നൽകുന്നു. അത് സ്വന്തമാക്കുന്ന എല്ലാവരും അതിൽ നിന്ന് നന്മകൾ സ്വീകരിക്കുന്നു. മനസ്സ് ഒരു മുങ്ങൽ വിദഗ്ദ്ധനെപ്പോലെ ഈ വചനത്തിൽ ഊളിയിട്ട് ജീവന്റെ വചനമാകുന്ന മാണിക്യവുമായി പുറത്തുവരുന്നു. അല്ലയോ ശ്രോതാക്കളേ വ്യാപാരികളെപ്പോലെ ഈ വചനം സ്വീകരിക്കൂ. അതിൽ നിന്ന് ഫലമെടുക്കൂ. മാണിക്യം വാങ്ങിക്കുന്നവൻ അതിന്റെ വില നല്കണം. എന്നാൽ നിങ്ങൾ വരുവിൻ! സമ്പന്നമായ ജീവന്റെ വചനം, വില നല്കാതെ സ്വീകരിക്കുവിൻ.
വിശുദ്ധഗ്രന്ഥത്തിലെ ലിഖിതങ്ങൾ കൂരിരുട്ടുനിറഞ്ഞ ഈ ലോകത്തിൽ പ്രകാശം പരത്തുന്ന ദീപങ്ങളാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്. പഴയനിയമവും പുതിയനിയമവും രണ്ടല്ല, ഒന്നാണന്ന് മാർ യാക്കോബ് ആവർത്തിച്ചു പഠിപ്പിക്കുന്നു. ഈ രണ്ടു ലിഖിതങ്ങളുടെയും കേന്ദ്രം മിശിഹായാണ്. ഇവയിലെ ഓരോ വരിയും ഓരോ താളും മിശിഹായുടെ ആഗമനത്തെപ്രഘോഷിക്കുന്നു. ഈ രണ്ടു നിയമങ്ങൾ മിശിഹായുടെ രണ്ടു കരങ്ങളാണ്. വിശുദ്ധഗ്രന്ഥത്തെ ഒരു ഭവനമായി കരുതാമെങ്കിൽ അതിന്റെ അടിസ്ഥാനം പഴയനിയമവും മേൽക്കൂര പുതിയനിയമവുമാണ്. വിശുദ്ധലിഖിതങ്ങൾക്ക് നല്കുന്ന സുന്ദരവ്യാഖ്യാനങ്ങൾക്കിടയിൽ അദ്ദേഹം ഉപയോഗിക്കുന്ന പ്രതീകാത്മകശൈലി ഏറെ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കർത്താവിന്റെ തിരുവിലാവിൽനിന്നൊഴുകിയ ജലവും, രക്തവും പറുദീസായിലെ നീരുറവാണ്; മാമ്മോദീസായുടെയും,വിശുദ്ധകുർബാനയുടെയും, സഭയുടെയും പ്രതീകം. അതുവഴി അതുവരെ പ്രവാസത്തിലായിരുന്ന ആദം പറുദീസായിലേക്ക് പുനഃപ്രവേശിച്ചു. ആദത്തിന് ജീവൻ (രക്ഷ) നൽകാൻ ആദം നടന്ന വഴിയിലൂടെ മിശിഹായും നടന്നു. ഈ യാത്രയിൽ ഈശോ മൂന്ന് ഉദരങ്ങളിൽ പ്രവേശിച്ചു; മറിയത്തിന്റെ ഉദരത്തിൽ; യോർദനാന്റെ ഉദരത്തിൽ; ശീയോലിന്റെ ഉദരത്തിൽ.
നിരവധി വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനങ്ങൾക്ക് പുറമേ കർത്താവിന്റെ സുപ്രധാന തിരുനാളുകളെക്കുറിച്ചുള്ള ദീർഘമായ പ്രസംഗങ്ങളും അദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. മിശിഹാ രഹസ്യങ്ങളുടെ ആഴവും അർത്ഥവും സഭാസമൂഹത്തിന് വിശദീകരിച്ചു നല്കുവാൻ അദ്ദേഹം ഈ പ്രസംഗങ്ങളിലൂടെ ശ്രമിക്കുന്നു. പ്രൗഢവും സുന്ദരങ്ങളുമായ ഈ മെമ്രാകളിലൂടെ നൂറ്റാണ്ടുകൾക്കുശേഷവും ഈ നല്ലിടയൻ തന്റെ അജഗണത്തെ പ്രബോധിപ്പിക്കുന്ന മല്പാനായി വിരാജിക്കുന്നു. പെന്തക്കുസ്താ തിരുനാളിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽനിന്നുള്ള ഒരു ഭാഗം ശ്രദ്ധിക്കൂ:
ആ വലിയ തിരുനാളിൽ എല്ലാ ദേശങ്ങളും സമ്മേളിച്ചിരിക്കെ മാളികമുറിയിൽ നാവുകൾ പുതിയശബ്ദം പുറപ്പെടുവിക്കാനാരംഭിച്ചു. വിദൂരരാജ്യങ്ങളിൽ നിന്നെത്തിയ വിജാതീയർ അവിടെവച്ച് തദ്ദേശവാസികളുടെ പ്രസംഗം സ്വന്തം ഭാഷകളിൽ കേട്ടു. എന്നാൽ തങ്ങളുടെ പ്രവൃത്തികളാൽ സത്യത്തെ അമർച്ച ചെയ്യുന്നതിൽ വിരുതന്മാരായ യഹൂദരാകട്ടെ പരസ്യ
മായി സംഭവിച്ച ഈ വിസ്മയത്തെയും ഇപ്രകാരം പറഞ്ഞുകൊണ്ട് തെറ്റായി വ്യാഖ്യാനിച്ചു: ‘പുതുവീഞ്ഞ് കുടിച്ച് അവർക്ക് ലഹരി പിടിച്ചിരിക്കുന്നു’. എന്നാൽ മദ്യപാനിക്ക് മനഃസാന്നിദ്ധ്യം നഷ്ടപ്പെടില്ലേ? മദ്യം പുതിയഭാഷകൾ പഠിപ്പിക്കുമോ? ലഹരിയിലുള്ളവർ എങ്ങനെ വ്യക്തമായി സംസാരിക്കും? അവർ ലഹരിയിലായിരുന്നെങ്കിൽ മാതൃഭാഷ സംസാരിക്കുമ്പോൾപോലും അവരുടെ നാവ് കുഴയില്ലേ? എന്നാൽ എല്ലാ ഭാഷകളിലും അവർ വ്യക്തമായി അല്ലേ സംസാരിച്ചത്? ഏത് വീഞ്ഞിനാണ് ഇപ്രകാരം പഠിപ്പിക്കുവാൻ കഴിയുക? സ്ലീവായാണ് തന്റെ വീഞ്ഞിനാൽ ഇപ്രകാരം സംസാരിക്കുവാൻ അവരെ തീക്ഷ്ണമതികളാക്കിയത്. ആരും പഠിപ്പിക്കാതെ സ്ലീവായിൽ നിന്നവർ പുതിയ ഭാഷകൾ പഠിച്ചു. ഗാഗുൽത്തായിൽ ജനം ഞെക്കിപ്പിഴിഞ്ഞ ആ മുന്തിരി (ഈശോ)യുടെ ചാറ് അവർക്കുള്ളിൽ പുളിപ്പായി എല്ലാ ഭാഷകളും അവരെ പഠിപ്പിച്ചു.
പെന്തക്കുസ്താ തിരുനാളിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽനിന്നുള്ള ഈ ഭാഗം മാത്രംമതി അദ്ദേഹത്തിന്റെ ഭാഷണചാതുര്യം ഗ്രഹിക്കുവാൻ. തനിക്ക് ചുറ്റുമു
ണ്ടായിരുന്ന സഭാസമൂഹമായിരുന്നു അദ്ദേഹത്തിന്റെ ദൈവശാസ്ത്രശില്പശാല. വിശുദ്ധഗ്രന്ഥത്തിലും പ്രകൃതിയിലും മറഞ്ഞിരിക്കുന്ന ദൈവികസാന്നിധ്യം തന്റെ ഭാസുരനയനങ്ങൾ (luminous eyes)കൊണ്ട് ദർശിക്കുവാൻ കഴിഞ്ഞിരുന്ന ഈ ദൈവോപാസകൻ ആ രഹസ്യങ്ങളുടെ കലവറ തന്റെ സാഹിത്യകൃതികളിലൂടെ അനേകർക്കായി തുറന്നു. വിശുദ്ധഗ്രന്ഥത്തെ ‘പരിത്രാണത്തിന്റെ പ്രബോധനം (യുൽപ്പാനാ ദ്ഹയ്യേ)’ എന്നാണ് അദ്ദേഹം വിളിക്കുക.വിശുദ്ധലിഖിതങ്ങളാകുന്ന ആഴിയിൽ മറഞ്ഞിരിക്കുന്ന ദൈവികരഹസ്യമാകുന്നമാണിക്യം തേടി ഊഴിയിടാനറിയാവുന്നപ്രഗത്ഭനായ മുങ്ങൽവിദഗ്ദനാണ് താൻ എന്ന് അദ്ദേഹം തന്റെ വിശുദ്ധഗ്രന്ഥവ്യാഖ്യാനകൃതികളിലൂടെ വെളിവാക്കുന്നു.