ശ്ലീഹാക്കാലം – ശ്ലൈഹിക നടപടികളുടെ ഓർമ്മയാചരണം

ഈശോമിശിഹായിലൂടെ പൂർത്തിയാക്കപ്പെട്ട പെസഹാരഹസ്യങ്ങളുടെ അനുസ്മരണമാണ് ആരാധനാവത്സരത്തിലൂടെ സഭ ആചരിക്കുന്നത്. ശ്ലീഹാക്കാലം വരെയുള്ള സമയങ്ങളിൽ ഈശോയുടെ ശാരീരികസാന്നിദ്ധ്യത്തിലുള്ള പ്രവർത്തനങ്ങളെ സഭ ചിന്താവിഷയമാക്കുന്നു. ഈശോയുടെ ഈ ലോകത്തിലെ ശാരീരിക സാന്നിദ്ധ്യം സ്വർഗ്ഗാരോഹണത്തോടെ പൂർത്തീകരിക്കപ്പെട്ടു. അവിടുത്തെ സ്വർഗ്ഗാരോഹണശേഷം പ്രാർത്ഥനാനിരതരായിരുന്ന ശിഷ്യന്മാരുടെമേൽ പരിശുദ്ധ റൂഹാ ആഗതനായതിന്റെ ഓർമ്മയാചരിക്കുന്ന പെന്തക്കുസ്ത തിരുനാളോടെ ശ്ലീഹാക്കാലം ആരംഭിക്കുന്നു. പരിശുദ്ധ റൂഹായുടെ ആവാസത്തോടെ ഈശോ ഭരമേൽപ്പിച്ച ദൗത്യം – സുവിശേഷ പ്രഘോഷണ ദൗത്യം – ആരംഭിക്കുന്നതിനുള്ള ശക്തി ശ്ലീഹന്മാർക്കു ലഭിച്ചു. അവർ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും യാത്രയായി, തങ്ങൾക്ക് നാഥനിൽ നിന്നും ലഭിച്ച ദൗത്യം പൂർത്തിയാക്കി. ശ്ലീഹന്മാർ ലോകത്തിൽ ചെയ്തു തീർത്ത സുവിശേഷ പ്രഘോഷണ നടപടികളെ സഭ കൊണ്ടാടുന്ന അവസരമാണ് ശ്ലീഹാക്കാലം.
അയയ്ക്കുക എന്നർത്ഥമുള്ള ശ്‌ലഹ് എന്ന സുറിയാനി ക്രിയാധാതുവിൽ നിന്നാണ് ശ്‌ലീഹാ എന്ന പദമുണ്ടായത്. അയയ്ക്കപ്പെട്ടവൻ എന്നാണ് ഈ വാക്കിന്റെ അർത്ഥം. കർത്താവ് തിരഞ്ഞെടുത്ത പന്ത്രണ്ട് ശ്ലീഹന്മാർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പോയി സുവിശേഷപ്രഘോഷണം നടത്തി സഭ സ്ഥാപിച്ചതാണ് ഈ ശ്ലീഹാക്കാലത്തിൽ അനുസ്മരിക്കുന്നത്. പന്തക്കുസ്താ തിരുനാളോടെയാണ് ഈ കാലഘട്ടം ആരംഭിക്കുന്നത്. പന്തക്കുസ്താ എന്ന പദമുണ്ടായത്, പെന്തക്കോസ്‌തോസ് എന്ന ഗ്രീക്കു പദത്തിൽ നിന്നുമാണ്. ഈ വാക്കിന്റെ അർത്ഥം അൻപതാമത്തേത് എന്നാണ്. യഹൂദന്മാരുടെ കൊയ്ത്തുത്സവമായിരുന്ന ഈ ദിവസം പരിശുദ്ധ റൂഹായുടെ വരവോടെ ക്രൈസ്തവ തിരുനാളായി സഭയിൽ രൂപാന്തരപ്പെട്ടു. പരിശുദ്ധ റൂഹാ തീനാവുകളുടെ രൂപത്തിൽ ശ്ലീഹന്മാരുടെമേൽ ഇറങ്ങി വസിച്ചത് പന്തക്കുസ്താ ദിവസമായിരുന്നു (ശ്ലീഹ. നടപടി 2,1-13). ആദിമസഭയിൽ ഇത് ഉയിർപ്പാഘോഷത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു. ഉയിർത്തെഴുന്നേറ്റ മിശിഹാ സ്വർഗ്ഗാരോഹണത്തിനു മുമ്പ്, ജറുസലേമിൽ നിന്ന് പുറത്തുപോകാതെ ഉന്നതത്തിൽ നിന്നുള്ള വാഗദാനം സ്വീകരിക്കുവാൻ കാത്തിരിക്കണം എന്ന് ശ്ലീഹന്മാരോട് ആഹ്വാനം ചെയ്തിരുന്നു. ഈശോ അവർക്കു നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമായിരുന്നു യഹൂദപെന്തക്കുസ്തായുടെ ദിവസം നിറവേറിയത്. പരിശുദ്ധ റൂഹായാൽ നിറഞ്ഞ ശ്ലീഹന്മാർ ലോകത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് ധൈര്യപൂർവ്വം യാത്രയാവുകയും തങ്ങൾ ചെന്നെത്തിയ സ്ഥലങ്ങളിലെല്ലാം ദൈവരാജ്യ സുവിശേഷം പ്രഘോഷിക്കുകയും ചെയ്തു. തത്ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ഥമായ സാംസ്‌ക്കാരിക പൈതൃകത്തിൽ സഭകൾ നിലവിൽ വന്നു. ഈ ശ്ലൈഹികനടപടികളാണ് ശ്ലീഹാക്കാലത്തിന്റെ ചിന്തനീയ വിഷയം.
ശ്ലീഹാക്കാലത്തിലെ ഒന്നാമത്തെയും ഏഴാമത്തെയും വെള്ളിയാഴ്ചകൾ പ്രത്യേക അനുസ്മരണ ദിനങ്ങളാണ്. ആദ്യവെള്ളിയാഴ്ച ”സ്വർണ്ണവെള്ളി” എന്ന പേരിലാണ് അറിയപ്പെടുന്നത്. വിശുദ്ധ പത്രോസ് ശ്ലീഹ ചെയ്ത ആദ്യ അത്ഭുതവുമായി ബന്ധപ്പെട്ടാണ് ഈ പേര് ഉത്ഭവിക്കുന്നത്. യോഹന്നാനുമൊത്ത് ദൈവാലയത്തിൽ പോയ പത്രോസ്, ദൈവാലയമുറ്റത്ത് ഭിക്ഷയാചിച്ചിരുന്ന മുടന്തനോട് പറഞ്ഞ വാക്കുകളാണ് ഈ പേരിന് കാരണഭൂതമായിത്തീർന്നത്. പത്രോസ് പറഞ്ഞു: ”സ്വർണ്ണവും വെള്ളിയും എനിക്കില്ല. എനിക്കുള്ളത് നിനക്കു തരുന്നു. നസ്രായനായ ഈശോമിശിഹായുടെ നാമത്തിൽ നീ എഴുന്നേറ്റ് നടക്കുക” (നടപടി 3,6). ഈ വചനം കേട്ട മുടന്തൻ സൗഖ്യം പ്രാപിച്ചു. സ്വർണ്ണം പോലെ അമൂല്യമായ, അല്ലെങ്കിൽ സ്വർണ്ണത്തേക്കാൾ അമൂല്യമായ സൗഖ്യം അവനു ലഭിച്ചു. അതുകൊണ്ട് ആ കാര്യങ്ങൾ അനുസ്മരിക്കുന്ന വെള്ളിയാഴ്ചയ്ക്ക് സ്വർണ്ണവെള്ളി എന്ന പേര് ലഭിച്ചു. സഭയുടെ ഈ ദിവസത്തെ യാമപ്രാർത്ഥനയിൽ ഇക്കാര്യങ്ങൾ വ്യക്തമായി അനുസ്മരിക്കുന്നുണ്ട്. ശ്ലീഹാക്കാലത്തിലെ അവസാനത്തെ വെള്ളിയാഴ്ച കർത്താവിന്റെ 70 ശിഷ്യന്മാരെ അനുസ്മരിക്കുന്ന ദിവസമാണ്. സുറിയാനി ഭാഷയിലുള്ള യാമപ്രാർത്ഥനയുടെ മൂലഗ്രന്ഥത്തിൽ ”നമ്മുടെ കർത്താവിന്റെ എഴുപത്തിരണ്ട് ശിഷ്യന്മാരുടെ ഓർമ്മ” എന്ന പേരിലാണ് ഈ അനുസ്മരണം കൊടുത്തിരിക്കുന്നത്. വേദപുസ്തകത്തിന്റെ പ്ശീത്ത വിവർത്തനത്തിൽ കർത്താവിന്റെ ശിഷ്യന്മാർ എഴുപത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് (ലൂക്ക 10,1). എന്നാൽ മറ്റ് ചില കൈയെഴുത്തു പ്രതികളിൽ എഴുപത്തിരണ്ട് എന്ന് കാണുന്നുമുണ്ട്. പ്ശീത്ത വിവർത്തനം പഴയനിയമത്തിലെ മൂശെയുടെ എഴുപത് ശിഷ്യന്മാരോട് കൂടുതൽ സാദൃശ്യം പുലർത്തുന്നതു കൊണ്ടാവാം ഈ വ്യത്യാസം ഉണ്ടായത്. ഈ അനുസ്മരണം സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തെ സഭാമക്കളുടെ മനസ്സിൽ ഓർമ്മപ്പെടുത്തുന്നു.
ഉയിർപ്പിന്റെ പൂർണ്ണതയാണ് പന്തക്കുസ്താ തിരുനാളിൽ അനുസ്മരിക്കുന്നത്. പരിശുദ്ധ റൂഹായെ നൽകുമെന്ന ഈശോയുടെ വാഗ്ദാനം നിറവേറുന്നത് ഈ ദിവസമാണ്. ദൈവികവെളിപാടിന്റെ പൂർത്തീകരണം സുവിശേഷപ്രഘോഷണത്തിൽ ഉണ്ടാകാവുന്ന എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുവാൻ ശ്ലീഹന്മാരെ സഹായിക്കുന്നു. പരിശുദ്ധ റൂഹായുടെ സഭയിലുള്ള പ്രവർത്തനത്തെ അനുസ്മരിക്കുന്ന കാലഘട്ടവുമാണ് ശ്ലീഹാക്കാലം. പരിശുദ്ധ റൂഹാ, ശ്ലീഹന്മാർക്ക് കൃപ നൽകി; സഭയുടെ അടിസ്ഥാനപ്രമാണങ്ങളായിരിക്കേണ്ടവയെ പറ്റി ബോധ്യം നൽകി; ഭാഷാവരവും പ്രവചനവരവും നൽകി. അവർ ദൈവരാജ്യത്തിന്റെ പ്രഘോഷകരും അദ്ധ്യാപകരും ആയി മാറ്റപ്പെട്ടു. ദൈവിക ദാനങ്ങളുടെ, പ്രത്യേകിച്ച് പൗരോഹിത്യത്തിന്റെ ദാതാക്കളും സ്വീകർത്താക്കളുമായി ദൈവം അവരെ ഉയർത്തി. ഇതിന്റെ പരിണതഫലമായി ലോകത്തിൽ എല്ലായിടത്തും പോയി കർത്താവിന്റെ സുവിശേഷം പ്രഘോഷിക്കുവാൻ ശ്ലീഹന്മാർക്കു സാധിച്ചു. അവർ വിവധ ദേശങ്ങളിൽ ദൈവരാജ്യ സുവിശേഷത്തിന്റെ വിത്തുകൾ വിതച്ചു. ജനത്തിന്റെ ഹൃദയങ്ങളിൽ പരിശുദ്ധ ത്രിത്വത്തെ പറ്റിയുള്ള ബോദ്ധ്യങ്ങൾ ജനിപ്പിച്ച്, പുതിയ സഭാസമൂഹങ്ങൾക്ക് രൂപം നൽകി. പന്തക്കുസ്താ ദിനത്തോടെ ആരംഭിക്കുന്ന പരിശുദ്ധ റൂഹായുടെ സഭയിലെ പ്രവർത്തനവും അത് ശ്ലീഹന്മാരിൽ ഉളവാക്കിയ പരിവർത്തനവും തത്ഫലമായുണ്ടായ സുവിശേഷപ്രഘോഷണവും സഭയുടെ ആരംഭവും ഈ കാലഘട്ടത്തിൽ സഭയുടെ ആരാധനക്രമത്തിൽ അനുസ്മരണ വിഷയമാക്കുന്നു.