വി. യോഹന്നാൻ എഴുതിയ സുവിശേഷം-12 ഈശോ: ജീവജലത്തിന്റെ ഉറവിടം

 

(യോഹ 7,1-53)
യഹൂദരുടെ കൂടാരത്തിരുനാളിന്റെ പശ്ചാത്തലമാണ് യോഹ 7,8,9 അദ്ധ്യായങ്ങൾക്കുള്ളത്. ഒരാഴ്ച നീണ്ടുനില്ക്കുന്ന ഒരാഘോഷമായിരുന്നു കൂടാരത്തിരുനാൾ (ലേവാ 23,33-34). വിളവെടുപ്പുത്സവമായിട്ടാണ് ഇത് ആരംഭിച്ചത്. കാർഷിക വിളവെടുപ്പു നടക്കുമ്പോൾ വയലുകളിൽ കൂടാരമടിച്ച് അവിടെ തിരുനാൾ ആഘോഷിച്ചിരുന്നതു കൊണ്ടാണ് ഇത് കൂടാരത്തിരുനാൾ എന്നറിയപ്പെടാൻ ഇടയായത്. നല്ല വിളവു നല്കിയതിന് ദൈവത്തിനു നന്ദി പറയുകയും ഫലഭൂയിഷ്ഠമായ ഒരു വത്സരത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്ന അവസരമായിരുന്നു ഇത്. പിന്നീട് ഈ തിരുനാളാഘോഷം ദൈവാലയത്തിലേക്കു മാറ്റപ്പെടുകയും, കൂടാരങ്ങളിൽ വസിച്ചുകൊണ്ടുള്ള ഇസ്രായേലിന്റെ മരുഭൂമിയാത്രയെ അനുസ്മരിക്കുന്ന ഒരു തിരുനാളായിട്ടുകൂടി ഇത് ആചരിച്ചുപോരുകയും ചെയ്തു.

രണ്ടുകർമ്മങ്ങളാണ്ഈതിരുനാൾദിവസങ്ങളിലുണ്ടായിരുന്നത്: വെള്ളത്തിന്റെ കർമ്മവും വെളിച്ചത്തിന്റെ കർമ്മവും.
വെള്ളത്തിന്റെ കർമ്മത്തിന്റെ പശ്ചാത്തലത്തിൽ ഈശോയെ ജീവജലത്തിന്റെ ഉറവിടമായും (യോഹ 7), വെളിച്ചത്തിന്റെ കർമ്മപശ്ചാത്തലത്തിൽ ഈശോയെ ലോകത്തിന്റെ വെളിച്ചമായും (യോഹ 8,9) യോഹന്നാൻശ്ലീഹാ അവതരിപ്പിക്കുന്നു.
വിഭജനം
7,1-13 ആമുഖം
7,14-24 ഈശോയുടെ പ്രബോധനത്തിന്റെ ആധികാരികത
7,25-36 ഈശോയുടെ വ്യക്തിത്വത്തിന്റെ ആധികാരികത
7,37-39 ഈശോ: ജീവജലത്തിന്റെ ഉറവിടം
7,40-44 ജനത്തിന്റെ അനുകൂല പ്രതികരണം
7,45-53 യഹൂദനേതൃത്വത്തിന്റെ പ്രതികൂല പ്രതികരണം
7,1-13 ആമുഖം
ഈശോയുടെ സഹോദരന്മാർ ഈശോയെ സമീപിച്ച്, കൂടാരത്തിരുനാൾപ്രമാണിച്ചു ജറുസലേമിലേക്കു പോകാനും അവിടെ ജനക്കൂട്ടങ്ങളുടെ മദ്ധ്യേ അത്ഭുതം പ്രവർത്തിച്ച് പ്രസിദ്ധി നേടാനും ഉപദേശിക്കുന്നു. ഈശോയാകട്ടെ അതൊരു പ്രലോഭനമായി കണ്ട് അതിനെ അതിജീവിക്കുന്നു. സമാന്തരസുവിശേഷങ്ങളിൽ നാടകീയമായി അവതരിപ്പിക്കപ്പെടുന്ന ഈശോയുടെ പ്രലോഭനങ്ങളെ ജീവിതയാഥാർത്ഥ്യമായി അവതരിപ്പിക്കുന്നത് യോഹന്നാൻ സുവിശേഷകനാണ്. ദൈവാലയഗോപുരത്തിൽനിന്നും താഴോട്ടു ചാടി തന്റെ ദൈവികശക്തി വെളിപ്പെടുത്തുവാനുള്ള പ്രലോഭന (മത്താ 4,5-6) ത്തിന് സമാന്തരമായിട്ടുള്ള ജീവിതയാഥാർത്ഥ്യമാണ് ഇവിടെ ഈശോ നേരിടുന്നത്. അതായത്, ദൈവഹിതത്തിനു വിരുദ്ധമായി മാനുഷിക പരിഗണനയും അംഗീകാരവും ലക്ഷ്യമാക്കി അത്ഭുതം പ്രവർത്തിക്കാനുള്ള പ്രലോഭനം. എന്നാൽ ”എന്റെ സമയം ആയിട്ടില്ല” എന്നു പറഞ്ഞ് ഈശോ ആ പ്രലോഭനത്തെ അതിജീവിച്ചു. ”എന്റെ സമയം” എന്നു പറയുന്നത് ദൈവപിതാവ് നിശ്ചയിച്ചിരിക്കുന്ന സമയമാണ്. ഈശോ പിതാവിന്റെ ഹിതത്തിനനുസരിച്ചുമാത്രം പ്രവർത്തിക്കുന്ന വ്യക്തിയായി ഇവിടെ സ്വയം വെളിപ്പെടുത്തുന്നു. നമ്മുടെ നന്മ ആഗ്രഹിക്കുന്നവരുടെ പരിവേഷത്തിൽ നമുക്കു പ്രലോഭനങ്ങളുണ്ടാവാം. അവയെ തിരിച്ചറിഞ്ഞ്, അതിജീവിച്ച്, ദൈവത്തോടു വിശ്വസ്തത പുലർത്തുന്ന, ദൈവഹിതത്തിനനുസൃതമായ, ശുശ്രൂഷയാണ് നാം ചെയ്യേണ്ടത്.
7,14-24 ഈശോയുടെ പ്രബോധനത്തിന്റെ ആധികാരികത
കൂടാരത്തിരുനാൾ പകുതിയായപ്പോൾ ഈശോ ദൈവാലയത്തിൽച്ചെന്ന് പഠിപ്പിച്ചുവെന്നും അവന്റെ പ്രബോധനത്തിൽ യഹൂദർ വിസ്മയിച്ചുവെന്നും സുവിശേഷകൻ പറയുന്നു (7,14-15). പ്രസിദ്ധരായ ഗുരുക്കന്മാരുടെ ആധികാരികതയാണ് പാണ്ഡിത്യത്തിന്റെ മാനദണ്ഡമായി അക്കാലത്ത് യഹൂദർ കരുതിയിരുന്നത്. എന്നാൽ ഈശോ അങ്ങനെയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ കടക്കാതിരുന്നതുകൊണ്ടാണ് ഈശോയുടെ അറിവിൽ അവർ വിസ്മയിച്ചത്. തന്റെ പ്രബോധനത്തിൽ വിസ്മയിക്കുന്ന ജനങ്ങൾക്കുമുമ്പിൽ ഈശോ തന്റെ ആധികാരികത ദൈവികമാണെന്നു സ്ഥാപിക്കുകയാണ്. ദൈവമഹത്ത്വം ലക്ഷ്യം വയ്ക്കുന്നു എന്നതിലാണ് ഈശോയുടെ പ്രബോധനത്തിന്റെ ആധികാരികത അടങ്ങിയിരിക്കുന്നത് (7,18).
7,25-36 ഈശോയുടെ വ്യക്തിത്വത്തിന്റെ ആധികാരികത
ഈശോയുടെ പ്രബോധനം ശ്രവിച്ചപ്പോൾ അവിടുന്നുതന്നെയായിരിക്കും വരാനിരിക്കുന്ന മിശിഹാ എന്ന് ശ്രോതാക്കൾ വിചാരിച്ചു. എന്നാൽ ‘മിശിഹാ വരുന്നത് എവിടെനിന്നാണെന്ന് ആർക്കും അറിയില്ല’ എന്നുള്ള യഹൂദരുടെ പരമ്പരാഗത വിശ്വാസവും അവരോർമ്മിക്കുന്നു. ഈശോയുടെ ജന്മദേശവും വീട്ടുകാരുമൊക്കെ അവരുടെ അറിവിൽപ്പെട്ടിരുന്നതിനാൽ ഈശോ വരാനിരിക്കുന്ന മിശിഹായല്ല എന്ന നിഗമനത്തിൽ അവർ എത്തിച്ചേരുന്നു. എന്നാൽ, താൻ ദൈവത്തിൽനിന്നു വരുന്നതുകൊണ്ട്, ആ ദൈവത്തെ അവർ അറിയുന്നില്ല എന്ന യാഥാർത്ഥ്യം ഉയർത്തിക്കാണിച്ചുകൊണ്ട് താൻതന്നെയാണ് മിശിഹാ എന്ന സത്യത്തിലേക്ക് ഈശോ വിരൽചൂണ്ടുന്നു
(7,27-29).
7,37-39 ഈശോ: ജീവജലദാതാവ്
കൂടാരത്തിരുനാളിന്റെ അവസാന ദിവസം ഈശോ എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി ആഹ്വാനംചെയ്തു: ”ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ” (7,37). എല്ലാ മനുഷ്യരിലും ഒരു ദാഹമുണ്ടെന്നും ആ ദാഹം ശമിപ്പിക്കുവാൻ കഴിവുള്ളവൻ ഈശോ മാത്രമാണെന്നുമാണ് ഇത് അർത്ഥമാക്കുന്നത്. ഈ ലോകത്തിൽ ഒന്നിനും ശമിപ്പിക്കുവാനാവാത്ത ഒരു അന്തർദാഹം ഓരോ മനുഷ്യരിലുമുണ്ട്. നിലനില്ക്കുന്നതും നിത്യവുമായ ഒന്നിനുവേണ്ടിയുള്ള ദാഹമാണത്. നിത്യജീവനുവേണ്ടിയുള്ള ദാഹം – ഈ ദാഹം ശമിപ്പിക്കാൻ കഴിവുള്ള ജലം ദൈവത്തിന്റെ അരൂപിയാണ്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമാളായ പരിശുദ്ധാത്മാവ്. സൃഷ്ടിയിൽ മനുഷ്യർക്ക് നല്കപ്പെട്ട ദൈവാത്മാവ് (ഉല്പ 2,7) പാപത്തിന്റെ ഫലമായി നഷ്ടപ്പെട്ടു. ഈശോമിശിഹായിലൂടെ പൂർത്തിയാക്കപ്പെട്ട ദൈവത്തിന്റെ രക്ഷാകരപ്രവൃത്തിയിലൂടെയാണ്, നഷ്ടപ്പെട്ട അരൂപിയെ മനുഷ്യനു വീണ്ടുകിട്ടിയത്. ഉത്ഥാനാനന്തരം ശ്ലീഹന്മാർക്കു പ്രത്യക്ഷപ്പെട്ട മിശിഹാ ”അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അരുളിച്ചെയ്തു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (20,22). അതുകൊണ്ട് ഇന്നു പരിശുദ്ധാത്മാവ് മനുഷ്യനു ജീവൻ നല്കുന്ന ആത്മാവായി പ്രവർത്തിക്കുന്നത് മിശിഹായുടെ ആത്മാവായിട്ടാണ്. അപ്രകാരം മിശിഹായുടെ ആത്മാവ് കൂദാശാപരമായി പ്രവർത്തിക്കുന്നത് സഭയിലുമാണ്: ”നമ്മളെല്ലാവരും ഒരേ ആത്മാവിൽ ഏകശരീരമാകാൻ ജ്ഞാനസ്‌നാനമേറ്റു” (1 കൊറി 12,13). പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ കൂദാശാജീവിതത്തിലൂടെയും സഭാജീവിതത്തിലൂടെയും മിശിഹായിൽനിന്നും അരൂപിയാകുന്ന ജീവജലം നാം നിരന്തരം പാനംചെയ്യുന്നു.
ജീവജലത്തിന്റെ ഉറവിടം മിശിഹാതന്നെ
മലയാളത്തിലുള്ള ബൈബിൾ വിവർത്തനങ്ങളിൽ, 7,37 ൽ ”എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന് … ജീവജലത്തിന്റെ അരുവികൾ ഒഴുകും” എന്ന് എഴുതിയിരിക്കുന്നത്, ഗ്രീക്കുമൂലത്തിൽ, ”എന്നിൽ വിശ്വസിക്കുന്നവൻ പാനം ചെയ്യട്ടെ. അവന്റെ ഹൃദയത്തിൽ നിന്ന് വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ ജീവജലത്തിന്റെ അരുവികൾ ഒഴുകും” എന്നു വായിക്കാവുന്ന കൈയെഴുത്തുപ്രതികളുണ്ട്. അതാണ് ശരിയായിട്ടുള്ളത്. അല്ലെങ്കിൽ വിശ്വസിക്കുന്നവനാണ് ജീവജലത്തിന്റെ ഉറവിടമെന്നുവരും. മിശിഹായിൽനിന്നും സഭാജീവിതത്തിലൂടെ നിരന്തരം അരൂപിയെ സ്വീകരിച്ചു ജീവിക്കുന്നവർ മറ്റുള്ളവർക്ക് അരൂപിയെ നല്കുന്ന ഉപചാനലുകളായി മാറാമെങ്കിലും, അരൂപിയുടെ യഥാർത്ഥ ഉറവിടം മിശിഹാതന്നെയാണ്.
7,40-44 ജനത്തിന്റെ അനുകൂലപ്രതികരണം
ജീവജലദാതാവായി ഈശോ സ്വയംവെളിപ്പെടുത്തിയപ്പോൾ ഈശോ യഥാർത്ഥത്തിൽ പ്രവാചകനും മിശിഹായുമാണെന്ന് ജനം പൊതുവെ പ്രതികരിച്ചു. പക്ഷേ, ഈശോയുടെ മാനുഷികമായ ഉത്ഭവത്തെക്കുറിച്ചുള്ള അജ്ഞത വീണ്ടും ഈശോയെ സ്വീകരിക്കുന്നതിനു തടസ്സമായി. ദാവീദുവംശജനെന്ന നിലയിൽ മിശിഹാ ബേത്‌ലെഹേമിൽനിന്നാണ് വരേണ്ടത് എന്നവർ വിശ്വസിച്ചിരുന്നു (മിക്കാ 5,1-2). എന്നാൽ അവരുടെ അറിവിൽ ഈശോ ഗലീലിയിൽനിന്നും വന്നവനാണ്. അതിന്റെ പേരിൽ ഈശോയെ മിശിഹായായി അംഗീകരിക്കാൻ അവർക്കു കഴിയാതെ പോയി.
7,45-53 യഹൂദനേതൃത്വത്തിന്റെ പ്രതികൂലപ്രതികരണം:
തങ്ങൾ അയച്ച സേവകന്മാർ ഈശോയെ പിടികൂടാതെ, അവിടുത്തെ പ്രബോധനത്തിൽ വിസ്മയിച്ചു തിരികെവന്നപ്പോൾ പുരോഹിതപ്രമുഖരും ഫരിസേയരും അവരെ കുറ്റപ്പെടുത്തി. അപ്പോൾ, ഒരിക്കൽ ഈശോയുടെ അടുത്ത് പോയവനായ നിക്കൊദേമോസ് ഈശോയ്ക്ക് അനുകൂലമായി സംസാരിക്കുന്നു (7,51). ഈശോയുമായുള്ള കണ്ടുമുട്ടലിന് നിക്കൊദേമോസിന്റെ ഭാഗത്തുനിന്നു ലഭിച്ച അനുകൂലമായ പ്രത്യുത്തരമാണിത്. എന്നാൽ നിക്കൊദേമോസിന്റെ വാക്കുകൾ സ്വീകരിക്കാതെ അധികാരികൾ തങ്ങളുടെ നില
പാടിൽ ഉറച്ചുനിന്നു. അതിന്റെ ഫലമായി ഒന്നും ചെയ്യാൻ കഴിയാതെ ഓരോരുത്തരും സ്വന്തം വീടുകളിലേക്കു പോയി. മിശിഹാ ദൈവത്തിന്റെ ‘രഹസ്യ’മാണ്. വിശ്വാസത്തിന്റെ വെളിച്ചത്തിൽമാത്രമേ മിശിഹാരഹസ്യത്തിന്റെ മുമ്പിൽ വേണ്ട വിധത്തിൽ നിലപാടുകൾ സ്വീകരിക്കുവാൻ മനുഷ്യനു കഴിയുകയുള്ളു.
ചോദ്യങ്ങൾ
1. കൂടാരത്തിരുനാളിന്റെ പശ്ചാത്തലത്തിൽ യോഹന്നാൻസുവിശേഷകൻ ഈശോയെ എപ്രകാരം അവതരിപ്പിക്കുന്നു?
2. തിരുനാളിനു ജറുസലേമിൽ പോകാ
നുള്ള സഹോദരന്മാരുടെ നിർദ്ദേശത്തോട് ഈശോ എങ്ങനെയാണു പ്രതി
കരിച്ചത്? എന്തുകൊണ്ട്?
3. ഈശോയുടെ പ്രബോധനത്തിന്റെയും വ്യക്തിത്വത്തിന്റെയും ആധികാരികത എങ്ങനെയുള്ളതാണ്?
5. ഈശോയെ ജീവജലദാതാവായി യോഹന്നാൻ സുവിശേഷകൻ അവതരിപ്പിക്കുന്നത് നാം എപ്രകാരം മനസ്സിലാക്കണം?