2. എളിയ ആത്മാവ്
നുറുങ്ങിയ ഹൃദയത്തിന്റെ ഒരു വിധത്തിലുള്ള പര്യായം തന്നെയാണ് എളിയ ആത്മാവ് (റൂഹാ മക്കീക്ത്താ). മനുഷ്യരിലെ മൂന്നു ഘടകങ്ങളായ ശരീരം (പഗറാ), ആത്മാവ് (നവ്ശാ), ജീവൻ/ചേതന (റൂഹാ) എന്നിവയെക്കുറിച്ചുള്ള പരാമർശനങ്ങൾ നമ്മുടെ പ്രാർത്ഥനകളിൽ ധാരാളമായി കാണാം. ഉദാഹരണമായി പരി. കുർബ്ബാനയിൽ ഉത്ഥാനഗീതത്തിന് ശേഷം വരുന്ന സ്ലോസായിൽ നാം ഇപ്രകാരം പ്രാർത്ഥിക്കുന്നു:
”എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു.”
നാം മുകളിൽ കണ്ടതുപോലെ എളിയ ആത്മാവ് (റൂഹാ മക്കീക്ത്താ) ഗ്ഹാന്തായിൽ ഉൾച്ചേർക്കപ്പെട്ടതും പ്ശീത്താ സങ്കീർത്തനം 51,17-ൽ നിന്നാകണം. വി. ഗ്രന്ഥ പാരമ്പര്യത്തിന്റെ തുടർച്ചയായി സുറിയാനി പാരമ്പര്യത്തിലും ആദ്യനാളുകളിൽ മനുഷ്യൻ അവന്റെ സമഗ്രയിലാണ് പരിഗണിക്കപ്പെട്ടിരുന്നത്. ‘റൂഹാ മക്കീക്ത്താ’ യഥാർത്ഥത്തിൽ എളിമനിറഞ്ഞ മനുഷ്യൻ തന്നെയാണ്. ദൈവമായിരുന്നിട്ടും മനുഷ്യനോട് സമനായിത്തീരാൻ സ്വയം ശൂന്യനായ (ഫിലി 2,7) മിശിഹായുടെ അവസ്ഥ സ്വീകരിക്കുമ്പോഴാണ് ഒരുവൻ എളിയ ആത്മാവുള്ളവൻ അഥവാ റൂഹാ മക്കീക്ത്താ’ ഉള്ളവനായി മാറുക. ദൈവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ചുങ്കക്കാരന്റെ പ്രാർത്ഥനയും (ലൂക്കാ 18,13-14) പാപിനിയുടെ മിഴിനീരുമൊക്കെ (ലൂക്കാ 7,38-39) ദൈവതിരുമുമ്പിൽ സ്വീകാര്യമായത് അവരുടെ എളിമ മൂലമാണ്. ശാന്തശീലനും വിനീത ഹൃദയനുമായ തന്നിൽ നിന്ന് പഠിക്കാനാണ് ഈശോയും (മത്താ 11,29) ആവശ്യപ്പെടുന്നത്. ദൈവം മറിയത്തിന്റെ താഴ്മയെ/എളിമയെ തൃക്കൺ പാർത്തപ്പോഴാണ് (ലൂക്കാ 1,48) അവൾ ദൈവപുത്രന്റെ മാതാവായി ഉയർത്തപ്പെട്ടത്. ശൂന്യതയുടെ അതായത് എളിമയുടെ ഉച്ചസ്ഥായിയിൽ ദൈവപുത്രൻ അമ്മനുവേലായി നമ്മോടൊപ്പം വസിച്ചു. അവന്റെ കുർബ്ബാനയിൽ പൂർണ്ണമായി പങ്കുചേരാൻ എളിയ ആത്മാവ് കൂടിയേ തീരൂ.
3. നിർമ്മല ഹൃദയം
നാലാം ഗ്ഹാന്തായിൽ തന്നെ പുരോഹിതൻ വീണ്ടും പ്രാർത്ഥിക്കുന്നു: ”നിർമ്മല ഹൃദയത്തോടും ഏക മനസ്സോടും പൂർണ്ണ സ്‌നേഹത്തോടും കൂടെ ഞങ്ങളെല്ലാവരും ഐക്യത്തിൽ ജീവിക്കുവാൻ ഇടയാക്കണമേ.” ഇവിടെ പരാമർശിക്കപ്പെടുന്ന നിർമ്മല ഹൃദയം (ലമ്പാ ദക്‌യാ) പരി. കുർബ്ബാനയർപ്പണത്തിന് അണയുന്ന ഒരുവനിൽ അവശ്യമുണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളുടെയും ആകെത്തുകയാണ്. സങ്കീർത്തനത്തിൽ നാം പ്രാർത്ഥിക്കുന്നു: ”ദൈവമേ നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ” (സങ്കീ. 51,10) എന്ന്. രണ്ടു പദങ്ങൾ മാത്രമുള്ള വളരെ ചെറിയ ഒരു പ്രയോഗമാണെങ്കിലും ”നിർമ്മലമായ ഹൃദയം” എന്ന ആശയം പ്രദാനം ചെയ്യുന്ന ആദ്ധ്യാത്മിക ചിന്തകൾക്ക് ആഴിയോളം പരപ്പും ആഴവും ഉണ്ട്.
വി. ഗ്രന്ഥ പാരമ്പര്യങ്ങളിൽ ”ഹൃദയം” നമ്മുടെ ശരീരത്തിലെ ഒരു അവയവം മാത്രമല്ല; മറിച്ച് മനുഷ്യവ്യക്തിയുടെ കേന്ദ്രമാണ് – അവന്റെ കാമ്പാണ് – അവനിലെ ബാഹ്യ മനുഷ്യന്റെയും ആന്തരിക മനുഷ്യന്റെയും കേന്ദ്രം – ഒരുവന്റെ വികാരങ്ങളുടെയും മനസ്സിന്റെയും ബുദ്ധിയുടെയും ഇരിപ്പിടം. അതിന്റെ സ്ഥാനം നിർണ്ണയിക്കാനാവില്ല. മനുഷ്യന് ദൈവവുമായുള്ള സമ്പർക്കം സാധ്യമാകുന്ന സ്ഥലമാണത്. സങ്കീ. 27,8-ൽ പറയുന്നതനുസരിച്ച് ഹൃദയമാണ് ദൈവത്തോട് സംസാരിക്കുക. മത്താ 6,6-ൽ ‘തന്റെ മുറിയിൽ കടന്ന് വാതിലടച്ച് രഹസ്യത്തിൽ പ്രാർത്ഥിക്കുക’ എന്ന് പറയുന്നത് ഹൃദയത്തെ ക്കുറിച്ചാണെന്നാണ് സുറിയാനി പിതാവായ അഫ്രഹാത്ത് വ്യാഖ്യാനിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മുറി ഹൃദയവും വാതിൽ ‘അധരങ്ങളു’മാണ്. ഹൃദയപരിശുദ്ധിയും മനഃശുദ്ധിയും ഒന്നല്ലായെന്നും പിതാക്കന്മാർ പഠിപ്പിക്കുന്നു. 7-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുറിയാനി പിതാവായ നിനിവേയിലെ ഇസഹാക്ക് പറയുക ”ഹൃദയശുദ്ധിയും മനഃശുദ്ധിയും തമ്മിലുള്ള വ്യത്യാസം ഒരു അവയവവും എല്ലാ അവയവങ്ങളും തമ്മിലുള്ള വ്യത്യാസമാണെന്നാണ്.
ഹൃദയ പ്രാർത്ഥന (Prayer of the Heart) എന്ന് നാം പലപ്പോഴും കേട്ടിട്ടുണ്ട്. പലആദ്ധ്യാത്മിക ഗ്രന്ഥങ്ങളും ഹൃദയപ്രാർത്ഥനയെ ‘ഈശോനാമജപം’ പോലെയുള്ള ചില അഭ്യസനങ്ങളും ചെറിയ പ്രാർത്ഥനകളുടെ ആവർത്തിച്ചുള്ള ഉരുവിടലുമൊക്കെയായി കരുതുന്നുണ്ട്. എന്നാൽ സുറിയാനി പിതാക്കന്മാർക്ക് ‘ഹൃദയപ്രാർത്ഥന’ എന്തെങ്കിലും അഭ്യസനമല്ല മറിച്ച് ‘നിർമ്മല ഹൃദയം’ തന്നെയാണ്; അതായത് പരിപൂർണ്ണനാക്കപ്പെട്ട വ്യക്തി തന്നെയാണ്.
‘ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും’ (മത്താ 5,8) എന്ന വി. ഗ്രന്ഥഭാഗവും ദൈവവുമായുള്ള സമാഗമത്തിന് ഹൃദയശുദ്ധി എത്രമാത്രം ആവശ്യമാണെന്ന് വെളിവാക്കുന്നുണ്ട്. പിതാക്കന്മാരുടെ ഭാഷ്യമനുസരിച്ച് കർത്താവ് നോക്കുന്നത് ആരാധകന്റെ അർപ്പണവസ്തുവിന്റെ ഗുണമേന്മയിലേയ്ക്കല്ല, പ്രത്യുത അവന്റെ ഹൃദയത്തിന്റെ നിർമ്മലതയിലേയ്ക്കാണ്. ആബേലർപ്പിച്ച ബലിവസ്തുവല്ല മറിച്ച് അവന്റെ നിർമ്മല ഹൃദയമായിരുന്നു ദൈവത്തിനുള്ള സ്വീകാര്യബലി. പഴയനിയമ വിവരണമനുസരിച്ച് ബലിപീഠത്തിൽ അർപ്പിക്കപ്പെടുന്ന ബലിവസ്തുക്കളിൽ ദൈവം സംപ്രീതനാകുന്നതിന്റെ അടയാളമായിരുന്നു സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരുന്ന അഗ്നി (1 രാജാ. 18,38). 7-ാം നൂറ്റാണ്ടിലെ സുറിയാനി എഴുത്തുകാരനായ സഹദോണ ഇപ്രകാരം പറയുന്നു: ”പ്രാർത്ഥിക്കുന്നവന്റെ ഹൃദയപരിശുദ്ധിയുടെ മാധുര്യമേറിയ രുചി അറിഞ്ഞ് ദൈവം തന്റെ റൂഹായാകുന്ന അഗ്നിയെ അയയ്ക്കുന്നു. ആ അഗ്നി നമ്മുടെ ബലികളെ ആഹരിക്കുകയും അവയോടൊപ്പം നമ്മുടെ മനസ്സിനെ സ്വർഗ്ഗത്തിലേക്കുയർത്തുകയും ചെയ്യുന്നു.”
‘ഹൃദയശുദ്ധി’ ദൈവദർശനത്തിന് കാരണമാകുന്നത് എങ്ങനെയെന്നാണ് ഇവിടെ വ്യാഖ്യാനിക്കപ്പെടുക. നിർമ്മല ഹൃദയമുള്ള ആരാധകനിൽ പ്രീതനായി അവനിലേയ്ക്ക് ദൈവമിറക്കുന്ന റൂഹായാകുന്ന അഗ്നി അവന്റെ ഹൃദയത്തെ സ്വർഗ്ഗത്തിലേയ്ക്കുയർത്തി അവന് ദൈവദർശനം സാധ്യമാക്കുന്നു. മറ്റു വാക്കുകളിൽ നിർമ്മലമായ ഹൃദയമുള്ള വ്യക്തിയിൽ ആന്തരിക നയനം രൂപപ്പെടുന്നു. അവന്, ദൃശ്യനയനങ്ങൾക്കു അദൃശ്യങ്ങളായ സ്വർഗ്ഗീയ യാഥാർത്ഥ്യങ്ങൾ കാണാനാകുന്നു. ഒപ്പം സദാ ദൈവത്തെ ദർശിച്ചുകൊണ്ടിരിക്കുന്ന അവൻ ഒരു നിർമ്മല ദർപ്പണംപോലെ ദൈവികയാഥാർത്ഥ്യങ്ങളെ സുന്ദരമായി പ്രതിഫലിപ്പിക്കാനുള്ള കൃപ നേടുന്നു. ഇക്കാരണത്താൽ നിർമ്മലഹൃദയം എന്താണെന്ന് പഠിപ്പിക്കാനായി സുറിയാനിപിതാക്കന്മാർ രണ്ട് പ്രൗഢമായ പ്രതിബിംബങ്ങൾ ഉപയോഗിക്കുന്നു. 1. ആന്തരിക നയനങ്ങൾ അഥവാ ഭാസുര നയനങ്ങൾ 2. നിർമ്മല ദർപ്പണം. പ്രതീകാത്മകമായി അവതരിപ്പക്കപ്പെടുന്ന ഈ പ്രതിബിംബങ്ങളും അർപ്പകനുണ്ടായിരിക്കേണ്ട അടിസ്ഥാന മനോഭാവങ്ങളിലേയ്ക്ക് തന്നെയാണ് നമ്മുടെ ശ്രദ്ധയെ തിരിക്കുക.
തുടരും……