ജാഗ്രതാ വേദി-126 ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കണം

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.

ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ ഭരണഘടന നൽകിയിരിക്കുന്ന അവകാശങ്ങൾ സമീപകാലത്ത് കവർന്നെടുക്കുന്നതിനോ നിഷേധിക്കുന്നതിനോ ഉള്ള പരിശ്രമങ്ങൾ സർക്കാർ’നടത്തുന്നുണ്ട്. നിർഭാഗ്യവശാൽ ക്രൈസ്തവസമൂഹം ഇക്കാര്യത്തിൽ വേണ്ട ജാഗ്രത പുലർത്തുന്നുണ്ടോ എന്നു സംശയവുമുണ്ട്. ഇത്തരം അവകാശ നിഷേധത്തിന് അവസാന ഉദാഹരണമാണ് വരുന്ന അക്കാഡമിക് വർഷത്തേക്കുള്ള ഹയർസെക്കണ്ടറി അഡ്മിഷന് അൺ എയ്ഡഡ് സ്‌കൂളുകളെയും ഏകജാലകത്തിൽ ഉൾപ്പെടുത്തിയത്. വാർത്താമാദ്ധ്യമങ്ങളിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ അൺ എയ്ഡഡ് സ്‌കൂളുകളെക്കൂടി ഏകജാലകത്തിൽ ഉൾപ്പെടുത്തും എന്ന സർക്കാർ തീരുമാനം അറിയിച്ചതല്ലാതെ പ്രസ്തുത സ്‌കൂളുകളുടെ മാനേജർമാരോടോ പ്രിൻസിപ്പൽമാരോടോ ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുകയോ അറിയിപ്പു നൽകുകയോ ചെയ്തിട്ടില്ലെന്ന് ഈയിടെ ഒരു അൺ എയ്ഡഡ് ഹയർ സെക്കണ്ടറി പ്രിൻസിപ്പലായ സിസ്റ്ററിൽനിന്നും അറിയാൻ കഴിഞ്ഞു. ഏകജാലകത്തിൽ ഓപ്ഷൻ നൽകാൻ തങ്ങളുടെ സ്‌കൂളും ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കുട്ടികൾ വിളിച്ചു പറയുമ്പോഴാണ് സിസ്റ്റർ വിവരം അറിയുന്നതത്രെ! സർക്കാർ യാതൊരു വിധത്തിലും പണം മുടക്കുന്നില്ലാത്ത ഒരു സ്ഥാപനത്തിലേയ്ക്ക് കുട്ടികളെ അയ്ക്കാൻ യാതൊരുവിധത്തിലുള്ള ആലോചനയും നടത്തുന്നില്ലായെന്നുതുതന്നെ ഗൗരവമായ കാര്യമാണ്. അതൊരു ന്യൂനപക്ഷ സ്ഥാപനം കൂടിയാകുമ്പോൾ ഗൗരവം വർദ്ധിക്കുന്നു.
അടുത്തിടെ ഭരണപക്ഷ അദ്ധ്യാപകസംഘടന വിദ്യാഭ്യാസ മന്ത്രിക്കു നൽകിയിരിക്കുന്ന നിവേദനം കൂടി ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. മാനേജർമാർക്ക് അദ്ധ്യാപകർക്കുമേൽ ശിക്ഷണനടപടി സ്വീകരിക്കാനുള്ള അധികാരം എടുത്തു കളയണമെന്നായിരുന്നു നിവേദത്തിലെ പ്രധാന ആവശ്യം. ഇക്കാര്യത്തിലുള്ള നിയമപരമായ തടസ്സം മന്ത്രി അദ്ധ്യാപക സംഘടനയെ അറിയിച്ചുവെന്നും ഇതുസംബന്ധിച്ചുള്ള വാർത്തകളിൽ ഉണ്ട്. നിർദിഷ്ട കെ.ഇ.ആർ പരിഷ്‌കരണത്തിൽ മാനേജർമാരുടെ അവകാശങ്ങൾ പരമാവധി വെട്ടിക്കുറയ്ക്കാൻ സർക്കാർ ശ്രമിക്കുമെന്നത് ഉറപ്പായ കാര്യമാണ്. ഈ വിഷയത്തിൽ ജാഗ്രതയോടെയുള്ള സമീപനം നാം സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലുള്ള നിയന്ത്രണം എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടുകയായിരിക്കും ഫലം. ചർച്ച് ആക്ട്, എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി വഴി ആക്കുക തുടങ്ങിയ ആവശ്യങ്ങളും വീണ്ടും തലപൊക്കി തുടങ്ങിയിട്ടുണ്ട്.
ബാലനീതി നിയമം സഭയുടെ അനാഥാലയങ്ങളുടെയും ബാലഭവനങ്ങളുടെയും നിലനിൽപ്പുതന്നെ അസാധ്യമാക്കുന്നവിധത്തിലുള്ളതാണ്. തല ചായ്ക്കാൻ ഒരിടമില്ലാതെ കോടിക്കണക്കിനു ബാല്യങ്ങൾ അന്തിയുറങ്ങുന്ന രാജ്യത്ത് അവർക്ക് സുക്ഷിതമായി പാർക്കാനും, ഭക്ഷണം നൽകാനും, വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും നിസ്വാർത്ഥമായി ശ്രമിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അതിൽനിന്നും ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കുന്ന വിധത്തിലുള്ള വ്യവസ്ഥകളാണ് ബാലനീതി നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് നിഷ്ക്കർഷിക്കുമ്പോൾ അതിനുവേണ്ടി സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാകുന്നതുമില്ല. സർക്കാർ നടത്തുന്ന അനാഥായങ്ങളിലും ഷെൽട്ടർ ഹോമുകളിലും ഈ വിധത്തിലുള്ള സൗകര്യങ്ങൾ ഏതും ഇല്ലതാനും. സ്തുത്യർഹമായ വിധത്തിൽ സാമൂഹ്യസേവനം നടത്തിക്കൊണ്ടിരുന്ന ഒരു അനാഥാലയം ബാലനീതി നിയമത്തിന്റെ പൻബലത്തിൽ സർക്കാർ ഏറ്റെടുത്ത വാർത്തയുടെ പശ്ചാത്തലത്തിലാണ് ഇത് എഴുതുന്നത്. കോടിക്കണക്കിനു രൂപ വിലവരുന്ന കെട്ടിടങ്ങളും സ്ഥലവുമാണ് ഒരു സുപ്രഭാതത്തിൽ സർക്കാരിന്റേതായി മാറിയത്. അന്യസംസ്ഥാനക്കാരായ കുട്ടികൾ അനാഥാലയത്തിൽ ഉണ്ടെന്നും, കുട്ടികളുടെ ചിത്രങ്ങൾ ബ്രോഷറിൽ ഉപയോഗിച്ചെന്നതുമാണ് നടപടിക്കാധാരമായി സർക്കാർ പറയുന്നത്. എന്നാൽ ജില്ലാ ശിശുക്ഷേമസമിതിക്കെതിരേ തങ്ങൾ നൽകിയിരിക്കുന്ന കേസ് ഹൈക്കോടതിയിൽ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പ്രതികാരം തീർക്കുകയാണെന്നും അനാഥാലയ നടത്തിപ്പുകാരും പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെയും ഭരണമേലാളന്മാരുടെയും രാഷ്ട്രീയ വർഗ്ഗീയ അജണ്ടകൾക്ക് അനാഥക്കുട്ടികളും, സാമൂഹികസേവന സ്ഥാപനങ്ങളും ഇരയാക്കപ്പെടുന്ന അവസ്ഥ യാതൊരു കാരണവശാലും അംഗീകരിച്ചുകൊടുക്കാൻ പാടില്ല. പക്ഷേ,എന്തുകൊണ്ടോ ഇക്കാര്യങ്ങളിലൊന്നും ഒരു സമൂദായമെന്ന നിലയിൽ നമ്മുടെ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടില്ല. സഭയുടെ അഗതിസേവന രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിട്ടും സഭാസംഘടനകളൊന്നുംതന്നെ ഈ വിഷയത്തിൽ സഗൗരവം ഒരു പ്രസ്താവനപോലും ഇറക്കിക്കണ്ടില്ല. അവസാനം പുറത്തുവന്ന ജനസംഖ്യാ കണക്കുകൾ അനുസരിച്ച് ക്രൈസ്തവ ജനസംഖ്യയിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിൽ ജനസംഖ്യ കുറയുക എന്നാൽ ഭരണകൂടത്തിന്മേലുള്ള സ്വാധീനശക്തി കുറയുക എന്നാണ്. നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ സ്വാധീനശക്തിയില്ലാത്ത സമൂഹത്തെ ഏതു സർക്കാരും അവസാനം മാത്രമേ പരിഗണിക്കൂ. രാഷ്ട്രീയ പാർട്ടികളിൽ ക്രൈസ്തവരായ നേതാക്കൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നതും, സർക്കാർ സർവീസിൽ ക്രൈസ്തവ ഉദ്യോഗസ്ഥരുടെ എണ്ണം കുറയുന്നതും ന്യൂനപക്ഷസമൂദായമെന്ന നിലയിൽ നമ്മുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന കാര്യങ്ങളാണ്. അതിനാൽ ഒരു സമുദായമെന്ന നിലയിൽ കെട്ടുറപ്പോടെ കൂടുതൽ ശക്തി സംഭരിച്ച് ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാൻ നമുക്കു തയ്യാറാകാം.