കൂനൻകുരിശ് സത്യം (1653 ജനുവരി 3)

 

മാർത്തോമ്മാ നസ്രാണികളുടെ ആദ്യത്തെ ലത്തീൻ മെത്രാപ്പോലീത്ത ഫ്രാൻസിസ് റോസ് (1599-1624) ആയിരുന്നു.അദ്ദേഹത്തിന്റെ ഭരണകാലത്ത് അതിമെത്രാസനഭവനം അങ്കമാലിയിൽ നിന്നും കൊടുങ്ങല്ലൂരിലേയ്ക്കു മാറ്റി. ഈ മാറ്റം മുഖേന കൊച്ചി രൂപതയ്ക്ക് കൊടുങ്ങല്ലൂരും വേറെ ചില സ്ഥലങ്ങളും നഷ്ടപ്പെടുകയാൽ കൊച്ചിമെത്രാൻ ആൻഡ്രൂസ് മേരി അസ്വസ്ഥനാവുകയും ആദ്ദേഹവും റോസ് മെത്രാനും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തു. ഇതോടൊപ്പം ആർച്ചുഡീക്കനും റോസ് മെത്രാനും തമ്മിലും അഭിപ്രായ ഭിന്നത ഉണ്ടായി. ലത്തീൻ കാനൻ നിയമമനുസരിച്ചുള്ള ഭരണം പുരാതനമായി അർക്കദിയാക്കോൻ അഥവാ ആർച്ചുഡീക്കൻ നടത്തിയിരുന്ന അധികാരങ്ങൾക്ക് വിഘാതമായിരുന്നു. മാർത്തോമ്മാ നസ്രാണികളുടെ പുരാതന പാരമ്പര്യമനു
സരിച്ച് അർക്കദിയാക്കോൻ ആയിരുന്നു ഭൗതിക കാര്യങ്ങളുടെ മേൽനോട്ടക്കാരൻ. എന്നാൽ ലത്തീൻ ഭരണാധികാരികൾ അത് അംഗീകരിച്ചില്ല. ലത്തീൻ ഭരണാധി
കാരികൾ ഭൗതികകാര്യങ്ങളിലും ഉടപെട്ടു. തത്ഫലമായി ആർച്ചുഡീക്കന്മാരും ലത്തീൻ ഭരണാധികാരികളും തമ്മിലുള്ള സംഘർഷവും അകൽച്ചയും വർദ്ധിച്ചു. 1624-ൽ റോസ് മെത്രാപ്പോലീത്ത മരണം പ്രാപിച്ചു. അദ്ദേഹം കേരളത്തിനും സഭ
യ്ക്കും പല നന്മകളും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും അങ്കമാലിയിൽവച്ച് നടത്തിയ സൂനഹദോസിൽ കേരളസഭയുടെ അഭിവൃദ്ധിക്കായി
പല നല്ല നടപടികളും അദ്ദേഹം സ്വീകരിച്ചു.

സ്റ്റീഫൻ ബ്രിട്ടോ എസ്. ജെ (1624-1641)
ഫ്രാൻസിസ് റോസ് മെത്രാനുശേഷം മാർത്തോമ്മാ നസ്രാണിസഭയിൽ ഭരണം നടത്തിയ മെത്രാനായിരുന്നു ഈശോസഭക്കാരനായ സ്റ്റീഫൻ ബ്രിട്ടോ. അർക്കദിയാക്കോൻ ഗീവർഗ്ഗീസ് 1637 (?)ൽ ചരമം പ്രാപിച്ചു. അദ്ദേഹത്തിനു ശേഷം തോമസ് പറമ്പിൽ ആർച്ച്ഡീക്കൻ സ്ഥാനം ഏറ്റെടുത്തു. ഭരണപരമായ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായ ഭിന്നത വീണ്ടും സഭയിലുണ്ടായി. സ്റ്റീഫിൻ ബ്രിട്ടോ മെത്രാനുംഭൗതിക കാര്യങ്ങളിൽ ഉടപെടുകയും അർക്കദിയാക്കോനുമായുള്ള ഭിന്നത വർദ്ധിക്കുവാൻ അത് കാരണമാവുകയും ചെയ്തു. 1641-ൽ ബ്രിട്ടോ മെത്രാൻ ചരമമടഞ്ഞു.
ഫ്രാൻസിസ് ഗാർസ്യാ എസ്. ജെ
(1641-1659)
മാർത്തോമ്മാ നസ്രാണികളുടെ മൂന്നാമത്തെ ലത്തീൻ മെത്രാപ്പോലീത്തായായിരുന്നു ഈശോ സഭക്കാരനായ ഫ്രാൻസിസ് ഗാർസ്യാ. ആർച്ച്ഡീക്കൻ തോമസ് പറമ്പിലും ഗാർസ്യാ മെത്രാപ്പോലീത്തായും തമ്മിലും അധികാര വിനിയോഗത്തെച്ചൊല്ലി തർക്കമുണ്ടായി. ഈയവസരത്തിൽ ഒരു മെത്രാനെ അയച്ചുകൊടുക്കുന്നതി
നായി ആർച്ച്ഡിക്കൻ പൗരസ്ത്യ സഭകളിലെ പാത്രിയാർക്കീസുമാർക്ക് രഹസ്യ കത്തുകൾ അയച്ചു.
അഹത്തള്ളയുടെ ആഗമനം
1647-ൽ ആർച്ചുഡീക്കൻ തോമസ് പറമ്പിൽ മാർത്തോമ്മാ നസ്രാണി സഭയുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച് മാർപ്പാപ്പായ്ക്ക് കത്തുകളയച്ചു. മറുപടി ലഭിക്കാതെ വന്നപ്പോൾ 1648-49 കാലയളവിൽ മാർത്തോമ്മാ നസ്രാണികളുടെ സങ്കടങ്ങൾ വിവരിച്ചുകൊണ്ട് മെസപ്പൊട്ടേമിയായിലെ കൽദായ പാത്രിയാർക്കീസ്, അന്ത്യോക്യായിലെ സിറിയൻ പാത്രിയാർക്കീസ്, അലക്‌സാൺഡ്രിയായിലെ കോപിറ്റിക് പാത്രിയാർക്കീസ് എന്നീ പൗരസ്ത്യ പാത്രിയാർക്കീസുമാർക്കും കത്തുകളയച്ചു. തങ്ങളുടേതായ റീത്തിലും സഭാപൈതൃകത്തിലും പെട്ട മെത്രാന്മാരുടെ അഭാവമാണ് സഭയിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് കത്തിൽ സൂചിപ്പിക്കുകയും തങ്ങൾക്ക് പൗരസ്ത്യ മെത്രാന്മാരെ അയയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. 1649-ൽ അലക്‌സാൺഡ്രിയായിലെ കോപ്റ്റിക് പാത്രിയാർക്കീസ് അന്ത്യോക്യൻ സിറിയൻ സഭയിൽ പെട്ട സിറിൾ മാർ അഹത്തള്ള (ആദിയോദാത്തൂസ്) ഇബ്ൻഈസ്സാ എന്നയാളെ മാർത്തോമ്മാ നസ്രാണികളുടെ യടുത്തേയ്ക്ക് അയച്ചു. അഹത്തള്ളായെപറ്റിയുള്ള ചുരുങ്ങിയ ഒരു ചരിത്രം ഇപ്രകാരമാണ്: പാത്രിയാർക്കീസിന്റെ അധികാരം സംബന്ധിച്ച് അന്ത്യോക്യായിൽ ഒരു തർക്കമുണ്ടായി. ദമാസ്‌കസ് മെത്രാനായിരുന്ന അഹത്തള്ള ആയിരുന്നു ഒരു സ്ഥാനാർത്ഥി. അദ്ദേഹം തിരഞ്ഞെടുപ്പിൽ പരാജിതനായി. അദ്ദേഹത്തെ തൃപ്തി പ്പെടുത്തുന്നതിനായി ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള സുറിയാനി ക്രിസ്ത്യാനികളുടെമേൽ അധികാരമുള്ള പാത്രിയാർക്കീസ് എന്ന സംജ്ഞ അന്ത്യോ ക്യായിലെ ക്രിസ്ത്യാനികൾ അദ്ദേഹത്തിനു നൽകി. ഈ സ്ഥാനത്തോടുകൂടി കെയ്‌റോയിൽ ചെന്നപ്പോൾ അലക്‌സാൺഡ്രിയായിലെ കോപ്റ്റിക് പാത്രിയാർക്കീ സിന് ആർച്ച്ഡിക്കൻ അയച്ച കത്ത് അഹത്തള്ള കാണാനിടയായി. അലക്‌സാൺഡ്രിയായിലെ കോപ്റ്റിക് പാത്രിയാർക്കീസിന്റെ നിർദ്ദേശപ്രകാരം അഹത്തള്ള ഇന്ത്യയിലേയ്ക്കു പുറപ്പെട്ടു. ഇതിൽ എത്രമാത്രം വാസ്തവമുണ്ടെന്ന് നമുക്കറിഞ്ഞുകൂടാ. അഹത്തള്ള 1652 മാർച്ചിൽ ബോംബെയ്ക്ക് വടക്കുള്ള സൂററ്റിൽ എത്തിച്ചേർന്നു. 1652 ഓഗസ്റ്റിൽ മാർ അഹത്തള്ള മൈലാപ്പൂരിൽ എത്തിച്ചേരുകയും ഈശോസഭക്കാർ നൽകിയ വിവരമനുസരിച്ച് പ്രവർത്തിച്ച ഗോവയിലെ സഭാ വിചാരണ കോടതിയുടെ (ഇൻക്വിസിഷന്റെ) ഉത്തരവനുസരിച്ച് അഹത്തള്ളയെ ഈശോസഭക്കാരുടെ കോളേജിൽ തടഞ്ഞുവയ്ക്കുകയും ചെയ്തു.
തുടരും…