ഭാരതകമാകെ അജപാലന – പ്രേഷിത പ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യം – 4 (തുടർച്ച)

നമ്മുടെ സ്വത്വബോധം വളരുകയും പൂർണ്ണമാവുകയും ചെയ്തതുകൊണ്ടോ മറ്റു സഭകളെല്ലാം അത് അംഗീകരിച്ചതുകൊണ്ടോ മാത്രമാണ് നമുക്ക് ഭാരതമാകെയുള്ള ശുശ്രൂഷയ്ക്ക് അവകാശം ലഭിച്ചതെന്നു പറയാനാവില്ല. സഭകളെ ഇന്നും ‘റീത്തുകളെന്ന നിലയിൽ കാണുന്ന രീതിയാണ് പലർക്കും – റോമിൽ പോലുമുള്ള പലർക്കുമുള്ളതെന്നു പറയാം. ഇന്നത്തെ പൗരസ്ത്യ കാനൻ നിയമം പുതിയ
പാത്രിയാർക്കേറ്റുകൾ സ്ഥാപിക്കാനുള്ള അവകാശം നൽകുന്നുണ്ട്. എന്നാൽ ഇന്നത്തെ നിയമാവലി സ്വയംഭരണ സഭകളുടെ വ്യക്തിത്വം പൂർണ്ണമായി കണക്കിലെടുക്കുന്നുവെന്ന് പറയനാവില്ല. അതുകൊണ്ടാണ് CCEO പ്രസിദ്ധീകരിച്ചപ്പോൾ സഭൈക്യം യാഥാർത്ഥ്യമാകുമ്പോൾ ഈ നിയമാവലി പരിഷ്‌കരിക്കേണ്ടി വരുമെന്ന് വി. ജോൺ പോൾ മാർപ്പാപ്പ പറയാനിടയായത്.
നമ്മുടെ സ്വത്വബോധം പൂർണ്ണമായതുകൊണ്ട് മറ്റുള്ളവർ അംഗീകരിച്ചു നൽകിയ സ്വാതന്ത്ര്യമാണ് ഇതെന്ന് പറഞ്ഞാലും ശരിയാവില്ല. സ്വത്വബോധത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ആരാധനക്രമം, ആദ്ധ്യാത്മികത, ദൈവശാസ്ത്രം ഇവയെല്ലാം ഇവിടെ തർക്ക വിഷയങ്ങളാണ്. തീർച്ചയായും അധികാരപരിധി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരാണ്. എന്തിനെന്ന കാര്യത്തിൽ ആഴമായ ഭിന്നതയാണുള്ളത്. സ്വത്വബോധമുള്ള ഒരു സമൂഹത്തിനാണ് എല്ലായിടങ്ങളിലും സ്വയംഭരണാവകാശമുണ്ടായിരിക്കേണ്ടത് എന്ന ചിന്തപോലും പലർക്കും ഇല്ലായെന്നതാണ് വസ്തുത. അതുകൊണ്ട് ഇങ്ങനെയൊരു പ്രഖ്യാപനത്തിനു പിന്നിൽ മറ്റു കാരണങ്ങളും നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.
റോമിന്റെ നിലപാടുകളും പ്രാദേശിക ഇടപെടലുകളും
ലിയോ പതിമൂന്നാമൻ മാർപ്പാപ്പ പൗരസ്ത്യ സഭകളുടെ പാരമ്പര്യത്തെ ആദരവോടെയാണ് കണ്ടത്. അദ്ദേഹത്തിന്റെ Orientalium Dignitas
എന്ന ചാക്രികലേഖനം (1884) പൗരസ്ത്യർക്ക് തന്നെ പ്രചോദനമായിരുന്നു. അതുപോലെതന്നെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനവും പൗരസ്ത്യ സഭകളുടെ തിരുസ്സംഘവും പൗരസ്ത്യ സഭാവിജ്ഞാനീയ പഠനത്തിനു പ്രോത്സാഹനം നൽകി. പൗരസ്ത്യ സഭകളെക്കുറിച്ച് പാശ്ചാത്യർക്ക് കൂടുതൽ അറിവു നൽകാൻ പുതിയ സംവിധാനങ്ങൾക്കു കഴിഞ്ഞു.
പതിനൊന്നാം പീയൂസ് മാർപ്പാപ്പായും മറ്റും ഈ നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് നമ്മുടെ പിതാക്കന്മാർ ലത്തീൻ പൊന്തിഫിക്കൽ സുറിയാനിയിലാക്കി തയ്യാറാക്കിയ ക്രമം അദ്ദേഹത്തിന്റെ അംഗീകാരത്തിന് സമർപ്പിച്ചപ്പോൾ മാർപ്പാപ്പായുടെ മറുപടി ശ്രദ്ധേയമായതും : ‘ we do not want to Latinise, we want to Catholicise ‘ ഇതിനുശേഷമാണ് നമ്മുടെ ആരാധനക്രമത്തിന്റെ പുനരുദ്ധാരണത്തിന് കമ്മറ്റിയെ വയ്ക്കുകയും മറ്റും ചെയ്തത്. നമ്മൾ പാശ്ചാത്യവത്കരണത്തിനു വളരെയേറെ വിധേയരാണെന്നു പരി. സിംഹാസനത്തിനു ബോധ്യമായിരുന്നു എന്നുവേണം പറയാൻ.
പിന്നീട് എടുത്തു പറയേണ്ട കാര്യം ടിസ്സറാങ് തിരുമേനിയുടെയും ബ.പ്ലാസിഡച്ചന്റെയും സാന്നിദ്ധ്യമാണ്. രണ്ടുപേരും നമ്മുടെ സ്വത്വബോധം വളർത്തുന്നതിനും അവകാശം നേടിയെടുക്കുന്നതിനും സഹായിച്ചിട്ടുള്ളവരാണ്. ടിസ്സറാങ് തിരുമേനി പൗരസ്ത്യ കാര്യാലയത്തിന്റെ ചുമതലക്കാരനെന്ന നിലയ്ക്കും നിർണ്ണായക തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 1953 ൽ അദ്ദേഹം ബ.പ്ലാസിഡച്ചനുമൊത്ത് കേരള സന്ദർശനം നടത്തിയ സന്ദർഭം ഓർമ്മയിലുണ്ട്. അക്കാലത്ത് സീറോ മലബാറുകാർ വളരെപ്പേർ മലബാറിൽ കുടിയേറ്റക്കാരായി മാറിയിരുന്നു. അവരുടെ ശരിയായ അജപാലന ശുശ്രൂഷ സജീവ പ്രശ്‌നമായിരുന്നു. ഭാരതപ്പുഴയ്ക്കു വടക്കോട്ട് സീറോ മലബാർസഭയ്ക്ക് അധികാരമില്ലായിരുന്നല്ലോ.
അക്കാര്യം പലരും കർദ്ദിനാൾ തിരുമേനിയുടെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം
പാറേൽ മൈനർ സെമിനാരിയും സന്ദർശിക്കുകയുണ്ടായി. ഞങ്ങളുടെ റെക്ടർ ബ.തോമസ് പോരൂക്കരയച്ചൻ നമ്മുടെ സഭയുടെ കാര്യങ്ങളിൽ ഏറെ താല്പരനായിരുന്നു. അദ്ദേഹം ടിസ്സറാങ് തിരുമേനിക്കു സമർപ്പിക്കാനായി ഒരു കൈയ്യെഴുത്തു ഗ്രന്ഥം (ഇംഗ്ലീഷിൽ) തയ്യാറാക്കി. അതിൽ അദ്ദേഹംതന്നെ നമ്മുടെ സഭയുടെ അധികാര പരിധി വികസിപ്പിക്കേണ്ടതിനെപ്പറ്റി ഒരു ലേഖനം തയ്യാറാക്കി ചേർത്തു. പാശ്ചാത്യവൽക്കരണത്തിന് വഴിയൊരുക്കിയ ഉദയംപേരൂർ സുനഹദോസിനെക്കുറിച്ച് ഒരു ലേഖനം എഴുതാൻ എന്നോടും ആവശ്യപ്പെട്ടു. അന്ന് ലഭ്യമായിരുന്ന ചില പുസ്തകങ്ങളെല്ലാം വായിച്ച് ഞാനും ഒരു ലേഖനം അതിൽ ചേർത്തു. ടിസ്സറാങ് തിരുമേനിയുടെ സന്ദർശനവേളയിൽ ആ പുസ്തകം ഞങ്ങൾ അദ്ദേഹത്തിന് സമർപ്പിച്ചു. ഏതായാലും അദ്ദേഹവും പ്ലാസിഡച്ചനും
കൂടി മലബാർ സന്ദർശിച്ചു. അവർക്ക് കാര്യങ്ങൾ മനസ്സിലായി. റോമിൽ തിരിച്ചെത്തിയ കർദ്ദിനാൾ താമസിയാതെ തന്നെ റിപ്പോർട്ട് സമർപ്പിക്കുകയും പന്ത്രണ്ടാംപീയൂസ് മാർപ്പാപ്പാ തിരുമേനിയെക്കൊണ്ട് തീരുമാനമെടുപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ഭാരതപ്പുഴയുടെ വടക്കുള്ള കേരളംമുഴുവൻ ഉൾക്കൊള്ളുന്ന രീതിയിൽ സീറോമലബാർ സഭയുടെ അധികാരപരിധി വ്യാപിപ്പിക്കുകയും തലശ്ലേരിരൂപത സ്ഥാപിക്കുകയും ചെയ്തത്. പൗരസ്ത്യ സഭാംഗങ്ങൾക്ക് ആവശ്യമായ അജപാലന ശുശ്രൂഷ നല്കാനുള്ള സഭയുടെ അവകാശം അംഗീകരിച്ച ആദ്യത്തെ സംഭവങ്ങളിലൊന്നായിരുന്നു അത്. രണ്ടാം വത്തിക്കാൻ കൗൺസിലിനു മുൻപു നടന്ന ഒരു കാര്യമാണിത് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ചരിത്രപ്രസിദ്ധമായ ഈ തീരുമാനത്തിൽ അഭിവന്ദ്യ ടിസ്സറാങ് തിരുമേനിയോടും ബ. പ്ലാസിഡച്ചനോടും നമുക്കു കടപ്പാടുണ്ട്. ടിസ്സറാങ് തിരുമേനി നമ്മുടെ സഭയെ സ്‌നേഹിച്ചിരുന്നു. അവസാന നാളുകളിൽ പോലും അദ്ദേഹം പറയുമായിരുന്നു. ‘ I love your Church, because I know your history’ എന്ന്.
CBCI യിലെ ചർച്ചകളുടെ പശ്ചാത്തലവും ആരംഭവും
പണ്ടു നമ്മുടെ മെത്രാപ്പോലീത്താമാർ ‘ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്താ’ എന്നെഴുതി ഒപ്പിടുമായിരുന്നു. പിന്നീട് പോർച്ചുഗീസുകാർ ഏതാണ്ട് അഖിലേന്ത്യാ അധികാരികളായി എന്നു പറയാം. അതിനുശേഷം ഏകദേശം രണ്ടു മൂന്നു നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോഴാണ് 1886 ൽ രണ്ടു വികാരിയാത്തുകൾ സീറോ മലബാർ സഭയ്ക്കുവേണ്ടി രൂപപ്പെടുത്തിയത്. അങ്ങനെ ചെറിയൊരു ഭൂവിഭാഗത്തിൽ double jurisdiction സംജാതമായി. അന്ന് അതിന് വലിയ എതിർപ്പുണ്ടായതായി അറിവില്ല. വികാരിയാത്തുകൾ രൂപതകളായപ്പോഴും 1923 ൽ സീറോ മലബാർ ഹയരാർക്കി സ്ഥാപിതമായപ്പോഴും പ്രശ്‌നങ്ങളൊന്നും ഉണ്ടായെന്നു പറയാനാവില്ല.
പക്ഷേ, സീറോ മലബാർ സഭയുടെ അധികാരാതിർത്തി വികസിപ്പിച്ചു തലശ്ശേരി രൂപത സ്ഥാപിച്ചപ്പോൾ ശക്തമായ എതിർപ്പുണ്ടായി. കർദ്ദിനാൾ ടിസ്സറാങിന് ധാരാളം പരാതികൾ ലഭിച്ചു, എന്നാൽ അദ്ദേഹം അതെല്ലാം പാടേ അവഗണിക്കുകയാണു ചെയ്തത്. പൗരസ്ത്യരുടെ അജപാലനാധികാരത്തെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പറഞ്ഞു വച്ച കാഴ്ചപ്പാടാണ് അതിനു മുൻപേ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നത്. പിന്നീട് 1955 ൽ
ചങ്ങനാശ്ശേരി രൂപതയുടെ അതിർത്തി വികസിപ്പിച്ച് കന്യാകുമാരി വരെ ആക്കുകയും ചെയ്തു. തമിഴ്‌നാട്ടുകാർക്ക് പെട്ടെന്ന് അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായി. 1930 മുതൽ തന്നെ മലങ്കര കത്തോലിക്കാ സഭയുടെ സാന്നിധ്യം തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നു. എങ്കിലും അത് വലിയ എതിർപ്പിന് കാരണമായില്ല. അതിന് ഒരു പ്രധാന കാരണം, അവർ അവരുടെ ആരാധനക്രമത്തോടും ആദ്ധ്യാത്മികതയോടുമെല്ലാം തികച്ചും പ്രതിബദ്ധതയുള്ളവരായതിനാൽ ലത്തീൻ ഇടവകകളിൽ പൂർണ്ണമായും ചേർന്നിരുന്നില്ല എന്നതാണ്. നേരെ മറിച്ച് സീറോമലബാറുകാർക്ക് സ്വത്വബോധം നഷ്ടമായിരുന്നതിനാൽ അവർ ലത്തീൻ ഇടവകകളിലെ സജീവ അംഗങ്ങളായി കഴിഞ്ഞിരുന്നു. സ്വത്വബോധം ഇല്ലാതിരുന്നതുകൊണ്ട് ലത്തീൻ ഇടവകകളിൽ അവർക്ക് അന്യതാബോധം ഉണ്ടായിരുന്നുവെന്ന് പറയാൻ കഴിയില്ല.
ഏതായാലും രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയിലെ വൈവിധ്യത്തെ
ക്കുറിച്ചും വ്യക്തി സഭകളുടെ തുല്യതയെക്കുറിച്ചും പൗരസ്ത്യർക്ക് എല്ലായിടങ്ങളിലും അർഹമായ അജപാലന ശുശ്രൂഷ ലഭ്യമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം പറഞ്ഞു വച്ചു. ആവശ്യമുള്ളിടങ്ങളിൽ ഇടവകകളും വേണമെങ്കിൽ രൂപതകൾ തന്നെ സ്ഥാപിക്കണമെന്നുമെല്ലാം നിർദ്ദേശങ്ങൾ നൽകി. അതൊന്നും ഉടനെ ഇന്ത്യയിൽ ചർച്ചയ്ക്കു വിഷയമായില്ല. എങ്കിലും പലയിടങ്ങളിലും കൗൺസിലിനെക്കുറിച്ച് നടന്ന ചർച്ചയുടെ ഫലമായി കൗൺസിൽ തീരുമാനങ്ങൾ എങ്ങനെ പ്രായോഗികമാക്കുമെന്ന വിഷയം ചർച്ചചെയ്യാൻ CBCI യുടെ ആഭിമുഖ്യത്തിൽ ഒരു സെമിനാർ ‘Church in India Seminar’ വിളിച്ചുകൂട്ടി. കർദ്ദിനാൾലൂർദ്ദ്‌സാമിയുടെ സഹോദരൻ ഫാ. അമലോർപവദാസ് ആയിരുന്നു സെമിനാറിന്റെ പ്രധാന സംഘാടകൻ. ആദ്യഘട്ടത്തിൽ ‘റീജിയനൽ സെമിനാറുകൾ’ നടത്തുകയുണ്ടായി. പ്രാദേശിക സെമിനാറുകളുടെ കണ്ടെത്തലുകൾ collate
ചെയ്യാൻ ഫാ. പാട്രിക്ക് ഡിസൂസയും ഫാ. വൈൻഹാർഡും ഞാനും മറ്റും ഉൾപ്പെട്ട ഒരു കമ്മറ്റിയെയാണ് ഏൽപ്പിച്ചത്. കേരളത്തിലെ റീജിയണൽ സെമിനാറിൽ എനിക്കും പങ്കെടുക്കാൻ കഴിഞ്ഞിരുന്നു. അവിടെയും ഏകറീത്തു പ്രശ്‌നം കടന്നു വന്നെങ്കിലും അതിന് കേരളത്തിൽ വച്ചുതന്നെ തടയിടാൻ സാധിച്ചു. ഏതായാലും ബാംഗ്ലൂരിൽ നടന്ന സമാപന സെമിനാറിലും ഈ പ്രശ്‌നം പൊങ്ങിവന്നെങ്കിലും ബ. ജോനാസ് തളിയത്ത് അച്ചന്റെ (പിന്നീട് ബിഷപ്പ്) നേതൃത്വത്തിൽ ഒരു അനുരഞ്ജനപ്രമേയം പാസാക്കി പിരിഞ്ഞു.